ഇത് തീക്കളിയാണ് കെടുത്തണം

രാജ്യം അപകട മുനമ്പിലാണ്. വിദ്വേഷത്തിന്റെയും വിഭജന രാഷ്ട്രീയത്തിന്റെയും കനല്‍ ഊതി കത്തിക്കാനുള്ള വലിയ ശ്രമമാണ് രാജ്യ തലസ്ഥാനത്ത് വ്യക്തമായ ആസൂത്രണത്തിലൂടെ നടക്കുന്നത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കായി തീ കൊണ്ട് തല ചെറിയുകയാണ് ചിലര്‍. ഭരണകൂടം ഈ തീക്കളിക്ക് കൂട്ടുനില്‍ക്കുന്നുവെന്നത് ഭയാശങ്കകളോടെയാണ് രാജ്യം നോക്കി കാണുന്നത്. ഭീതിയുടെ രാഷ്ട്രീയം കൊണ്ട് ജനാധിപത്യ പ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്താനാകുമോ എന്ന പരീക്ഷണമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്. ഇന്ദ്രപ്രസ്ഥത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ഭീതിദവും ആശങ്കാജനകവുമാണ്.

ജനാധിപത്യത്തിന് നേരെ ഫാസിസം വെടിയുതിര്‍ക്കുന്ന ഏറ്റവും ആപത്കരമായ നിമിഷങ്ങള്‍ക്കാണ് രാജ്യ തലസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഡല്‍ഹിയുടെ ഇതിഹാസ ചരിത്രങ്ങള്‍ക്ക്‌മേല്‍ ഇരുട്ടിന്റെ പുതപ്പിട്ട് മൂടുകയായിരുന്നു അക്രമികള്‍. വിമോചനത്തിന്റെയും മാനവിക മുന്നേറ്റത്തിന്റെയും അശ്വമേധങ്ങളെ തളയ്ക്കാനുള്ള കുടില ചിന്തകളുടെ ബഹിര്‍സ്ഫുരണമാണ് ആള്‍ക്കൂട്ട അട്ടഹാസങ്ങളായി ഡല്‍ഹി തെരുവുകളെ വരിഞ്ഞുമുറുക്കിയത്.
കല്ലുകളും വെടിയുണ്ടകളും കൊണ്ട് ജനാധിപത്യ സമരത്തെ തച്ചുതകര്‍ക്കാനുള്ള ഫാസിസ്റ്റ് അജണ്ട ഭരണകൂടം നിര്‍ലജ്ജം നടപ്പാക്കുകയായിരുന്നു ഡല്‍ഹിയിലെന്ന് വേണം കരുതാന്‍. ഞായറാഴ്ച തുടക്കമിട്ട കല്ലേറ് ഇന്നലെ വെടിയുതിര്‍ക്കുന്ന ഘട്ടത്തിലേക്ക് പുരോഗമിക്കണമെങ്കില്‍ കൃത്യമായ ആസൂത്രണവും മാര്‍ഗനിര്‍ദ്ദേശങ്ങളും ഉണ്ടായേ തീരൂ. ഭരണകൂടത്തിന് തുടക്കത്തില്‍ തന്നെ അക്രമങ്ങളെ നിയന്ത്രിക്കാമായിരുന്നു എന്നിരിക്കെ വടക്കന്‍ ഡല്‍ഹിയെ ആഴത്തില്‍ മുറിവേല്‍പിക്കും വിധം അക്രമികളെ അഴിഞ്ഞാടാന്‍ അനുവദിച്ചത് സംശയത്തെ ദൃഡീകരിക്കുന്നു. അക്രമത്തിന് അനുമതി പത്രം നല്‍കുകയാണ് ഡല്‍ഹി പൊലീസ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഫറാബാദില്‍ ആരംഭിച്ച പ്രതിഷേധത്തിനെതിരായ ബി.ജെ.പി നേതാവിന്റെ വിവാദ പ്രസ്താവനയാണ് അക്രമങ്ങളിലേക്ക് വാതില്‍ തുറന്നത്. പ്രസ്താവനക്ക് പിന്നാലെ ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ നേതൃത്യത്തില്‍ സി.എ.എ വിരുദ്ധ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ അക്രമവും അഴിച്ചുവിട്ടു. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ അക്രമത്തിന് തുടക്കത്തില്‍തന്നെ വിരാമമിടാന്‍ കഴിയുമായിരുന്നു. ജനാധിപത്യ സമരത്തെ കല്ലെറിഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിച്ച അക്രമികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ ഡല്‍ഹി വെടിയൊച്ചകളാല്‍ അശാന്തമാകുമായിരുന്നില്ല. അക്രമികളെ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, അക്രമത്തേയും കപില്‍ മിശ്രയുടെ വിവാദ പ്രസ്താവനയെയും അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ആരംഭിച്ച പ്രചാരണത്തെ അവഗണിക്കുകയും ചെയ്തു. ഇന്നലെ ബി.ജെ.പിയുടെ വിഷലിപ്ത കുപ്രചാരങ്ങള്‍ തീമഴയായി പെയ്തിറങ്ങാന്‍ തുടക്കം മുതല്‍ സന്നാഹങ്ങളൊരുക്കി നല്‍കുകയായിരുന്നു ഡല്‍ഹി പൊലീസെന്ന് ചുരുക്കം.

ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ രണ്ടാം തവണയും അക്രമമുണ്ടായപ്പോഴാണ് ഡല്‍ഹി പൊലീസിലെ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടത്. ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു പൊലീസുകാരനുള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. വിവാദമായ പൗരത്വ നിയമത്തെ അനുകൂലിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ ആസൂത്രിതമായ കല്ലേറും ആക്രമണവുമാണ് നടന്നത്. വാഹനങ്ങളും കടകളും കത്തിച്ച് യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് ഡല്‍ഹിയെ മാറ്റിമറിച്ചു അക്രമികള്‍. രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഡല്‍ഹിയെ യുദ്ധ സമാന സാഹചര്യത്തിലേക്ക് അക്രമികള്‍ നയിച്ചത്.

രാത്രി മുതല്‍ ആയിരത്തിലധികം സ്ത്രീകള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായ പ്രതിഷേധത്തില്‍ ഒത്തുകൂടിയിരുന്നു. സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വിമര്‍ശിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ ബി.ജെ.പി നേതാവ് കപില്‍ മിശ്ര ഞായറാഴ്ച മേഖലയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി നടത്തിയിരുന്നു. കപില്‍ മിശ്ര പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിന് അന്ത്യശാസനം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി മനപ്പൂര്‍വം ഉണ്ടാക്കിയ കലാപമാണ് ഇന്നലത്തേതെന്ന സംശയം ബലപ്പെടുകയാണ്. പ്രക്ഷോഭത്തിനിടെ സി.എ.എ അനുകൂല പ്രതിഷേധക്കാരിലൊരാള്‍ പൊലീസിനു നേരെ തോക്കു ചൂണ്ടുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത് വളരെ ഗൗരവമായി കാണേണ്ടതുണ്ട്.

വളരെ ആസൂത്രിതമായി നടപ്പാക്കപ്പെട്ടതാണ് ഇന്നലെ ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങള്‍. ലോക രാഷ്ട്രങ്ങള്‍ക്ക് സംഘ്പരിവാറിന്റെ സന്ദേശം കൈമാറുകയെന്ന ലക്ഷ്യം ഡല്‍ഹി അക്രമങ്ങള്‍ക്ക് പിന്നിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ലോക മാധ്യമങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് സംഘ്പരിവാര്‍ മുഖവില പോലും നല്‍കുന്നില്ലെന്ന പരസ്യ പ്രസ്താവനയായി അക്രമങ്ങളെ വായിച്ചെടുക്കേണ്ടതുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം പിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മാധ്യമങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്കാണെന്നറിഞ്ഞുകൊണ്ട് ആസൂത്രണം ചെയ്യപ്പെട്ട അക്രമങ്ങള്‍ ഫാസിസത്തിന്റെ മുഴുവന്‍ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു.

ഇന്ത്യയിലെത്തുന്ന ട്രംപ് സി.എ.എക്കെതിരെ അമേരിക്കയുടെ പ്രതിഷേധം പ്രധാനമന്ത്രി മോദിയെ അറിയിക്കാനിടയുണ്ടെന്ന സൂചനകള്‍ ചില മാധ്യമങ്ങള്‍ നല്‍കിയിരുന്നു. സ്വേച്ഛാധിപത്യ മനസ്സുള്ള രണ്ട് നേതാക്കള്‍ പരസ്പരം കാണുമ്പോള്‍ ജനാധിപത്യ ചിന്തകള്‍ക്ക് ഇടമില്ലെന്ന് അറിയാത്തവരല്ല മാധ്യമങ്ങള്‍. എങ്കിലും ജനാധിപത്യ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന ഒരു രാജ്യത്തിന്റെ തലവനെന്ന നിലക്ക് പൗരത്വത്തിന് മതം പ്രമാണമാക്കുന്ന ജനാധിപത്യ വിരുദ്ധതക്കെതിരായ പരാമര്‍ശം നടത്തുമെന്ന പ്രതീക്ഷയാണ് മാധ്യമങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ ജനാധിപത്യത്തിന് ഇന്ത്യയില്‍ ഇടം ഇനി ഏറെനാള്‍ ഉണ്ടാകില്ലെന്ന മറുപടിയാണ് സംഘ്പരിവാര്‍ ഡല്‍ഹിയില്‍ നല്‍കിയിരിക്കുന്നത്. ഭരണഘടന സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തെ ചോരയില്‍ മുക്കി കൊല്ലുമെന്ന സന്ദേശം അത്യോപത്കരമാണ്. ഇത് തീക്കളിയാണ്. ഇന്ത്യ എന്ന മഹത്തായ രാജ്യം നിലനില്‍ക്കാന്‍ ഇത്തരം തീക്കളി അവസാനിപ്പിച്ചേ മതിയാകൂ.

SHARE