മാന്ദ്യത്തീയിലേക്ക് എണ്ണയൊഴിക്കല്‍

റേഷന്‍ വാങ്ങാന്‍പോകുന്നയാളെ പട്ടാപ്പകല്‍ പിടിച്ചുപറിക്കുന്ന പണിയാണിത്. കേന്ദ്രസര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മമൂലം രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ എരിതീയിലൂടെ കടന്നുപോകുമ്പോള്‍ അതിലല്‍പമെങ്കിലും വെള്ളമൊഴിക്കേണ്ടതിന് പകരം ബാരല്‍കണക്കിന് എണ്ണയൊഴിക്കുക! ഭരണാധികാരികളുടെ ധൂര്‍ത്തും കെടുകാര്യസ്ഥതതയും മൂലം പാപ്പരായിക്കൊണ്ടിരിക്കുന്ന കേരളീയസമ്പദ്‌വ്യവസ്ഥയെ മുച്ചൂടും അപായത്തിലേക്ക് തള്ളിവിടുന്ന നിര്‍ദേശങ്ങളാണ് ഇടതുസര്‍ക്കാരിലെ ധനമന്ത്രി ഡോ.തോമസ്‌ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച 20202021 വാര്‍ഷികബജറ്റിലടങ്ങിയിട്ടുള്ളത്. സാധാരണക്കാരന്റെ തലയില്‍ ഇടിത്തീവീഴ്ത്തുന്ന തരത്തിലുള്ള നികുതിഭാരമാണ് ബജറ്റിന്റെ മുഖ്യസവിശേഷത. കാര്‍വാങ്ങുന്നതടക്കമുള്ള സര്‍ക്കാരിന്റെ ആഢംബരച്ചെലവുകള്‍ കുറക്കുമെന്നുപറയുന്ന മന്ത്രി ജനങ്ങളുടെ തലയിലേക്ക് വലിയതോതിലുള്ള സാമ്പത്തികഭാരം കയറ്റിവെച്ചിരിക്കുന്നു. കുരുടന്മാര്‍ ആനയെകണ്ടതുപോലെയാണ് പിണറായിസര്‍ക്കാര്‍ മാന്ദ്യകാലത്തെ നേരിടുന്നതെന്നാണ് ബജറ്റ് ഒറ്റനോട്ടത്തില്‍ വ്യക്തമാക്കുന്നത്.

1,103 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാനസംവിധാനങ്ങളായ ഭൂമി, വീട്, വാഹനം, സാധനങ്ങള്‍, കെട്ടിടങ്ങള്‍, വില്ലേജ്ഓഫീസ് മുതലായസേവനങ്ങള്‍ തുടങ്ങിയവക്കെല്ലാം പത്തുശതമാനംവരെ നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഖജനാവിലേക്ക് ഏതുവിധേനയും പണമെത്തിക്കാനാണ് പരിശ്രമിക്കുന്നതെങ്കിലും തൊഴിലാളികളുടെ അട്ടിപ്പേറ് അവകാശപ്പെടുന്ന ഒരുസര്‍ക്കാരിനും മുന്നണിക്കും ഇവ ഭൂഷണമാണോ എന്നാണ് ജനംചോദിക്കുന്നത്. സഹകരണമില്ലായ്മക്കും കുതികാല്‍വെട്ടിനും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ യഥേഷ്ടം സമയവുംകടലാസും ചെലവഴിച്ച മന്ത്രി ഐസക് ധനകാര്യമാനേജ്‌മെന്റിലെ തന്റെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൗശലപൂര്‍വം മറച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വൃഥാവിലായി. സര്‍ക്കാര്‍അനുകൂലികള്‍ക്കുപോലും ബജറ്റിനെക്കുറിച്ച് അവകാശപ്പെടാനാകെയുള്ളത് ക്ഷേമപെന്‍ഷനിലെ പ്രതിമാസവിഹിതം നാമമാത്രമായി വര്‍ധിപ്പിച്ചതാണ്. 4.98 ലക്ഷം പെന്‍ഷന്‍കാരെ നിലവിലെ പട്ടികയില്‍നിന്ന് ഒഴിവാക്കിയാണ് പുതിയ ക്ഷേമപെന്‍ഷന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഇതിനായി മസ്റ്ററിങ് നടത്തിയപ്പോള്‍തന്നെ അത്രയുംപേര്‍ പുറത്തുപോയി. അതിനെ സ്വന്തംനേട്ടമായി സംസ്ഥാനത്തിന് ലാഭമുണ്ടാക്കി എന്നുപറഞ്ഞ ധനമന്ത്രി പക്ഷേ ഇതുവഴി കിട്ടിയ 700 കോടിയോളം രൂപ തിരിച്ച് എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്നില്ല. 100 രൂപ എന്ന വര്‍ധനമൂലം കേരളത്തിലെ 42 ലക്ഷം ക്ഷേമപെന്‍ഷന്‍കാരിലേക്ക് കൂടുതലായി എത്തുക പ്രതിമാസം വെറും 42 കോടി രൂപയാണെന്നത് സര്‍ക്കാരിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു. 1200ല്‍ നിന്ന് 1300 രൂപയാക്കുക എന്നാല്‍ വര്‍ധന ഒരുശതമാനത്തിലും താഴെയാണെന്നര്‍ത്ഥം. റിയല്‍എസ്‌റ്റേറ്റ് മേഖല തരിപ്പണമായിരിക്കവെ ഭൂമിയുടെ ന്യായവിലവര്‍ധന ഉള്ളവരുമാനവും നിലയ്ക്കാനേ ഉതകൂ. വിലക്കയറ്റത്തിനിടെ 25 രൂപയുടെ ഊണ്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായേക്കും. ഡാമുകളിലെ മണല്‍വാരല്‍ ഐസക്കിന്റെതന്നെ പാളിയപദ്ധതിയാണ്. കുട്ടനാട്, വയനാട് പാക്കേജുകള്‍ പുതിയ കുപ്പിയിലെ പഴയവീഞ്ഞാണ്.

വര്‍ധിച്ചുവരുന്ന റവന്യൂകമ്മി നേരിടുന്നതിനും സര്‍ക്കാരിന് ദീര്‍ഘദൃഷ്ടിയില്ല. റവന്യൂവരുമാനത്തിലെ 71.81 ശതമാനമാണ് ശമ്പളത്തിനും മറ്റുമുള്ള ചെലവ്. രണ്ടരലക്ഷം കോടിയോളംരൂപയുടെ പൊതുകടം അതേപടി നില്‍ക്കുന്നു. ഇത് പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് മന്ത്രി തുറന്നുസമ്മതിക്കുന്നത്. എന്നാല്‍ നികുതിയിലെ 14 ശതമാനത്തിന്റെ കുറവ്് എങ്ങനെയുണ്ടായി എന്നതിന് മന്ത്രി മറുപടിപറയുന്നില്ല. ചരക്കുസേവനനികുതിയില്‍ 1500 കോടിയോളം രൂപ കേന്ദ്രംതന്നില്ലെന്ന് പറയുന്ന സംസ്ഥാനസര്‍ക്കാരിന് എന്തുകൊണ്ട് ഉള്ളനികുതി പോലും കാര്യക്ഷമമായി പിരിച്ചെടുക്കാനായില്ല. ഉപഭോക്താക്കള്‍ കൃത്യമായി നല്‍കുന്ന ചരക്കുസേവനനികുതി ഖജനാവിലേക്ക് വാങ്ങിയെടുക്കേണ്ട ബാധ്യത സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണുള്ളത്. വരുംവര്‍ഷം 20ശതമാനത്തിലേക്ക് നികുതിപിരിവ് കൂട്ടണമെന്ന നിര്‍ദേശത്തെ സാധാരണക്കാരിലേക്ക് ഇറക്കിവെച്ച് തടിതപ്പിയിരിക്കുകയാണ് ധനമന്ത്രി.

വസ്തുനികുതിയുടെയും വാഹനരജിസ്‌ട്രേഷന്‍ നികുതിയുടെയും കുത്തനെയുള്ള വര്‍ധനവ് സാധാരണക്കാരന്റെ നടുവൊടിക്കും. തദ്ദേശസ്വയം’രണസ്ഥാപനങ്ങളുടെ വിഹിതത്തിന്റെ കാര്യത്തിലും കാര്യമായ വര്‍ധനവില്ല. പലരും ഇപ്പോള്‍ സര്‍ക്കാരിന്റെ കനിവ് കാത്തിരിക്കുകയാണ്. തദ്ദേശതിരഞ്ഞെടുപ്പിലേക്ക് പോകുന്ന കേരളത്തിന് ഇത് പാഠമാണ്. ചെറുകിടവ്യവസായത്തിന് പുതിയ നിക്ഷേകര്‍ക്ക് ആദ്യഘട്ടത്തില്‍ പലിശരഹിത വായ്പയെന്നത് നിലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നതാണ്. ടൂറിസം രംഗത്ത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണ് 360ല്‍ നിന്ന് 320 കോടിവകയിരുത്തിയിരിക്കുന്നത്. കേരളബാങ്ക് രൂപവല്‍കരിച്ചുവെന്നല്ലാതെ അതിനെ റിസര്‍വ്ബാങ്ക് ഞെരുക്കുന്നതിനെക്കുറിച്ച് ബജറ്റിന് യാതൊന്നും പറയാനില്ല.

കാര്‍ഷികമേഖലയിലുണ്ടായ തകര്‍ച്ചക്ക് പകരമായി നല്‍കിയിരിക്കുന്നത് 2000 കോടി രൂപമാത്രമാണ്. ഇതുകൊണ്ട് കാര്യമായി യാതൊന്നുംചെയ്യാന്‍ നിവൃത്തിയില്ല. പ്രധാനകാര്‍ഷികവിളയായ നെല്ലിനായി മാറ്റിവെച്ചിരിക്കുന്നതാകട്ടെ 40 കോടിരൂപ മാത്രവും. വ്യവസായത്തിന്റെ കാര്യത്തില്‍ കേരളം മുന്നേറിയെന്ന് പറയുമ്പോഴും കൊച്ചിയിലെയും പാലക്കാട്ടെയും വ്യവസായശാലകള്‍ പലതുംപൂട്ടിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസായഇടനാഴിക്കായി പാലക്കാട് മുതല്‍ തൃശൂര്‍വരെയുള്ള ‘ഭാഗത്തിന്റെ സ്ഥലമെടുപ്പിനെക്കുറിച്ച് ബജറ്റില്‍ മിണ്ടാട്ടമില്ല. ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിന് നിരവധി വാഗ്ദാനങ്ങളുണ്ടെങ്കിലും കഴിഞ്ഞവര്‍ഷത്തെ ബജറ്റ് ഓര്‍ക്കുമ്പോള്‍ അതെല്ലാം ജലരേഖയായി മാറുമെന്നാണ് ആശങ്ക. പ്രവാസികള്‍ക്കായി 90കോടി രൂപ മാറ്റിവെക്കുമെന്ന നിര്‍ദേശം എത്രകണ്ട് പര്യാപ്തമാകുമെന്ന് കണ്ടറിയണം.

പുതിയ പാതകളുടെയും പാലങ്ങളുടെയും കാര്യത്തില്‍ കിഫ്ബിയെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നതെങ്കിലും കഴിഞ്ഞവര്‍ഷങ്ങളിലെ 1000 മുതല്‍ 3000 കോടിവരെയുള്ള വിനിയോഗം കണക്കിലെടുക്കുമ്പോള്‍ 20,000 കോടി എന്ന മന്ത്രിയുടെ കണക്ക് ആളെ കബളിപ്പിക്കാനാണെന്നേ വിശ്വസിക്കാന്‍ തരമുള്ളൂ. സാമ്പത്തികമാന്ദ്യത്തിന്റെയും പ്രവാസിതിരിച്ചുവരവിന്റെയും കാര്‍ഷികമേഖലയുടെ തകര്‍ച്ചയുടെയുമൊക്കെ പിടിയിലമര്‍ന്നിരിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം പിണറായിസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവുമെങ്കിലും പിടിച്ചുനിര്‍ത്തുന്നതിനുമുള്ള ക്രിയാത്മകനടപടികളാണ്. പക്ഷേ അതുസംബന്ധിച്ച യാതൊരുപ്രതീക്ഷയും പുതിയ ബജറ്റ് മുന്നോട്ടുവെക്കുന്നില്ല.

SHARE