അമേരിക്കന്‍ കമ്പനിയുടെ ‘കമ്മ്യൂണിസ്റ്റ് തള്ളും’ തെറ്റുതിരുത്തിയ വാഷിംഗ്ടണ്‍ പോസ്റ്റും

ആരോഗ്യ രംഗത്തെ കേരള മോഡലിനെ കുറിച്ചുള്ള പരമ്പര (ചന്ദ്രിക എഡിറ്റോറിയല്‍ പേജ്)

ലുഖ്മാന്‍ മമ്പാട്

”കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളായിരുന്ന പി കൃഷ്ണപിള്ളയും എ.കെ ഗോപാലനും കോണ്‍ഗ്രസ്സുകാരെന്ന നിലയില്‍ ജാതീയമായ അനീതിക്ക് എതിരായ വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും പങ്കെടുത്തവരായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് നീങ്ങിയ ശേഷം അവര്‍ അത്തരത്തിലുള്ള ഒരു സമരത്തിലും പങ്കെടുത്തതേയില്ല. നമ്പൂതിരി സമുദായത്തിലെ യുവ നേതാവായി പൊതു ജീവിതം ആരംഭിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് കോണ്‍ഗ്രസ്സിലായിരുന്ന കാലത്തും ജാത്യധിഷ്ടിതമായ അനീതിക്ക് എതിരായ ഒരു സമരത്തിലും പങ്കെടുത്തിരുന്നില്ല” ബി.ആര്‍.പി ഭാസ്‌കര്‍.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ഭൗദ്ധിക വികസനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള പങ്കെന്താണ്. പുത്തരിയില്‍ കല്ലുകടിച്ചതോടെ ഒരു പതിറ്റാണ്ടോളം മാറ്റിനിര്‍ത്തപ്പെട്ട് പിന്നെ ഒന്നിടവിട്ട് അധികാരം കയ്യാളിയ മാര്‍ക്സിസ്റ്റുകള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്ന കേരളത്തിലെ കാല്‍നൂറ്റാണ്ടോളമുള്ള ഭരണം നേട്ടമാണോ കോട്ടമാണോ സൃഷ്ടിച്ചത്. സി.പി.എം ഇടതടവില്ലാതെ മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളും കാല്‍ നൂറ്റാണ്ട് എതിരില്ലാതെ ഭരണം നടത്തിയ തൃപുരയും ഏഴയലത്ത് വരാത്ത ഖ്യാതി കേരളം നേടിയതെങ്ങിനെ. ബംഗാളും തൃപുരയും എല്ലാ മേഖലയിലും രാജ്യത്തിന്റെ ശരാശരിയിലും പിന്നോക്കം പോയപ്പോള്‍ കേരളം മുന്നേറിയതെങ്ങിനെ. വിദ്യാഭ്യാസആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ ആയതെപ്പോള്‍.

ആദ്യത്തെ കേരള സര്‍ക്കാര്‍ മുതല്‍ ഇപ്പോഴത്തെ ഗവണ്‍മെന്റിന് വരെ നേതൃത്വം നല്‍കാന്‍ അവസമുണ്ടായ പാര്‍ട്ടി, പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ എത്രമാത്രം പിന്തിരിപ്പന്‍ സമീപനമാണ് സ്വീകരിച്ചത്. (പിളര്‍പ്പാനന്തരം) സി.പി.ഐ നേതാവായ സി അച്യുതമേനോന്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെ അട്ടിപ്പേറവകാശവാദത്തിനപ്പുറം സി.പി.എം നേട്ടം വട്ടപ്പൂജ്യമായതിനെ പ്രത്യയശാസ്ത്ര പാപ്പരത്തമെന്ന് വിലയിരുത്തുമ്പോള്‍ സംവാദത്തിന് പോലും ത്രാണിയില്ലാതെ പ്രകോപിതരാവുന്നത് എന്തുകൊണ്ട്. പിണറായി വിജയനാണ് കേരളം കെട്ടിപ്പടുത്തതെന്ന് ആഗോള തലത്തില്‍ പ്രചാരവേല നടത്തുമ്പോള്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നു എന്നു ലളിതവല്‍ക്കാനാവുമോ. ഇതിനു പിന്നിലെ തിരക്കഥ അമേരിക്കയോളം ചെന്നെത്തുന്നത് ആകസ്മികമാണോ.
‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന മലയാള സിനിമയുടെ പ്രധാന നിര്‍മ്മാതാവാണ് രാരാജി തോമസ്; അേമരിക്കന്‍ പി.ആര്‍ കമ്പനിയായ സ്പ്രിങ്ഗ്ലറിന്റെ സി.ഇ.ഒ. രഹസ്യ വിവരങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വന്‍ തുകക്ക് വില്‍ക്കുകയാണ് ഏര്‍പ്പാട്. കോര്‍പ്പറേറ്റ് കമ്പനികളുടെയും സംഘടനകളുടെയും തന്ത്രങ്ങള്‍ മെനയുകയും പ്രചാരണം നടത്തുകയും ചെയ്യുകയാണ് മുഖ്യം. തട്ടിപ്പ് കേസില്‍ രണ്ടു വര്‍ഷമായി അമേരിക്കയില്‍ നിയമനടപടി നേരിടുന്ന ഈ കമ്പനിക്ക് കേരളത്തിലെ 87 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെ വിവരങ്ങളും ചോര്‍ത്തി നല്‍കിയിട്ടുണ്ടത്രെ.

കണ്ണൂരിലെ എം.വി ജയരാജന്‍ കോറന്റെയിനിലുള്ളവര്‍ക്ക് മെസേജയച്ചതൊക്കെ കാണുമ്പോള്‍ വിവര ശേഖരണവും ചോര്‍ത്തലുമൊക്കെ ഏതൊക്കെ വഴിക്ക് പോയെന്ന് ആര്‍ക്കറിയാം. കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിന് രഹസ്യ വിവരങ്ങള്‍ കൈമാറുകയും പ്രചാരണം സംഘടിപ്പിക്കുകയും ചെയ്ത ഗ്രൂപ്പില്‍ ഉള്‍പ്പെട്ട സ്പ്രിങ്ഗ്ലര്‍ സാമ്രാജ്യത്വത്തിന്റെ ദല്ലാളാണോ എന്നു ചോദിക്കുന്നത് പോലും അശ്ലീലമാണ്.
പുതിയ ഇടപാടുകള്‍ എസ്.എന്‍.സി ലാവ്ലിനെക്കാള്‍ വലുതായതുകൊണ്ടാണോ മുഖ്യനും കൂട്ടരും മോദിയുടെ കൊറോണ ലൈറ്റ്ഓഫാക്കല്‍ ടാസ്‌കിലൊക്കെ വിജയിച്ചതെന്ന് കാത്തിരുന്ന് കാണാം.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും കോവിഡ് രോഗികളുടേതുമായ ലക്ഷക്കണക്കിന് വിവരങ്ങളാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ഗ്ലറിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വിവരം പുറത്തുവിട്ട പ്രതിപക്ഷ നേതാവിനെ വ്യക്തിഹത്യ ചെയ്യാന്‍ സോഷ്യല്‍ മീഡിയ അപ്പാടെ ദുരുപയോഗപ്പെടുത്തുന്നു. പൗരന്മാരുടെ അനുമതി കൂടാതെ അവരുടെ വിവരങ്ങള്‍ ആര്‍ക്കും കൈമാറ്റം ചെയ്യാനാവില്ലെന്നും സ്വകാര്യത മൗലികാവകാശമാണെന്നുമാണ്് 2017ലെ ലെ ജസ്റ്റിസ് പുട്ടുസ്വാമി വേഴ്സസ് കേന്ദ്ര സര്‍ക്കാര്‍ കേസില്‍ സുപ്രീം കോടതി അസന്നിഗ്ദമായി പ്രഖ്യാപിച്ചത്. വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ കൈമാറാന്‍ ഐ.സി.എം.ആറിന്റെ അനുമതി വേണമെന്നുമാണ് നിയമം.

സ്പ്രിങ്ഗ്ലറിനെ കുറിച്ചുള്ള ചോദ്യത്തിന്, ‘അതിന്റെ പേരില്‍ സര്‍ക്കാറിന് പണമൊന്നും ചെലവായിട്ടില്ലെ’ന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോടികള്‍ വിലമതിക്കുന്ന രഹസ്യ വിവരങ്ങള്‍ കൈമാറിയ രഹസ്യ ഇടപാടിന് എത്ര പ്രതിഫലം കിട്ടിയെന്നതാണ് യഥാര്‍ത്ഥത്തില്‍ പിണറായി പറയേണ്ടിയിരുന്നത്. അമേരിക്കയിലെ സ്പ്രിങ്ഗ്ലറിന്റെ ആസ്ഥാനത്തു നിന്ന് അതിന്റെ പ്രതിഫലം പണമായിട്ട് മാത്രം വരണമെന്നൊന്നുമില്ല. അതിന്റെ ഒരു ഘട്ടമാണ്, പിണറായിയെ രണ്ടാം പരശുരാമനായി അവതരിപ്പിക്കുന്ന ആഗോള പ്രചാരണ കോലാഹലം. വാഷിംഗ്ടണ്‍ പോസ്റ്റിലും ബി.ബി.സിയിലും എന്തിനേറെ, സംഘപരിവാര്‍ ‘റിപ്പബ്ലിന്റെ’ മാധ്യമ അധിപന്‍ അര്‍ണാബ് ഗോസ്വാമി പോലും പിണറായി വിജയനെ പുകഴ്ത്തി സംസാരിക്കുന്നു. (അര്‍ണാബിന്റെ തൊലിയുരിച്ച് വിമാനത്തില്‍ വീഡിയോ ചിത്രീകരിച്ചതിന് ഹാസ്യ കലാകാരന്‍ കുനാല്‍ കമ്രക്ക് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്പൈസ്ജെറ്റ് തുടങ്ങിയവരെല്ലാം ചടപെടേന്ന് യാത്രാനുമതി നിഷേധിച്ചതൊക്കെ നമ്മുടെ മുമ്പിലുണ്ടല്ലോ.) സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആത്മമിത്രമായ സര്‍ദിപ് ദേശായിയോട് ‘ഇന്ത്യാ ടുഡേയില്‍’ പിണറായി ഇംഗ്ലീഷില്‍ സംസാരിച്ചെന്ന് കൊട്ടിഘോഷിക്കുന്നവര്‍ മോദിയുടെ മെഗാഫോണായ അര്‍ണാബിനെ വരെ അണിനിരത്തുമ്പോള്‍ അതിന്റെ പിന്നിലെ ചരടുവലിക്കാര്‍ ചെറിയ മീനല്ലെന്ന് ഉറപ്പായിരുന്നു.

എന്നാല്‍, ശ്രീലങ്കന്‍ സര്‍ക്കാര്‍ പിണറായിയുടെ പേരില്‍ സ്റ്റാമ്പിറക്കി എന്ന് വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നത് പോലെ, അത്ര ലളിതമല്ല വാഷിംഗ്ടണ്‍ പോസ്റ്റിലൂടെയൊക്കെ ലോകത്തെ കബളിപ്പിക്കുന്നത്. ‘കേരളം കൊറോണയെ ഏതുവിധത്തില്‍ പ്രതിരോധിക്കുന്നു’ എന്ന വാര്‍ത്തയുടെ തല ‘കമ്മ്യൂണിസ്റ്റ് ഭരണമാണ് കേരള മോഡലിന്റെ’ പിതാക്കളെന്നാണെങ്കില്‍ വംഗ്യമായി വാല് പോകുന്നത് ഫെബ്രുവരി ആദ്യവാരത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ കേരളത്തെ കോവിഡ് മുക്തമായി പ്രഖ്യാപിച്ച ‘ധൈര്യത്തി’ലേക്കായിരുന്നു.
പക്ഷെ, വിവാദമായതോടെ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രതിനിധി നേരിട്ട് വിവരങ്ങള്‍ ശേഖരിച്ച്, ‘കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാറുകളാണ് ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടത്തിന് കാരണമെന്ന്’ തിരുത്തിയതോടെ അണ്ടിപോയ അണ്ണാന്റെ അവസ്ഥയിലായി തള്ളുകാര്‍. കൊറോണയെ അതിജീവിക്കാനുള്ള മാനസികബലവും അടിസ്ഥാന സൗകര്യങ്ങളുമുള്ള നാടാണ് കേരളം എന്നതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷെ, അതു ഇന്നോ ഇന്നലെയോ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമോ ആര്‍ജ്ജിച്ചതാണോ.

വാഷിംഗ്ടണ്‍ പോസ്റ്റില്‍ സി.പി.എം സഹയാത്രികയായ കെ.കെ ഷാഹിനയെ അവലംബമാക്കി പറയുന്നത് മൂന്നു പതിറ്റാണ്ട് കേരളം കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചപ്പോഴാണ് കേരളത്തിന് നേട്ടമുണ്ടായതെന്നാണ്. യഥാര്‍ത്ഥത്തില്‍ ഇ.എം.എസ് മുതല്‍ പിണറായിവരെയുള്ള കേരളത്തിന്റെ ഭരണ കാലയളവില്‍ കോണ്‍ഗ്രസ്സിന് പങ്കാളിത്തമില്ലാത്ത ഭരണം 24 വര്‍ഷവും ഏഴുമാസവുമാണ്. പിണറായി കാലം മാറ്റി നിര്‍ത്തിയാല്‍ 21 വര്‍ഷത്തിനപ്പുറം പോവില്ല. ഐക്യ കേരളം രൂപപ്പെടും മുമ്പ് തൊട്ടു തുടങ്ങിയാല്‍ തിരുകൊച്ചിയിലെ രാജവാഴ്ചയോളവും മലബാറിലെ ബ്രിട്ടീഷ് ഭരണക്കോളവും അതിന്റെ വേരുകള്‍ നീളും. യഥാര്‍ത്ഥത്തില്‍ ഇന്നു കാണുന്ന കേരള മോഡല്‍ രൂപപ്പെടുന്നത് എഴുപതുകളിലാണെന്ന് രേഖകള്‍ സംസാരിക്കും. കഥ തുടങ്ങുന്നത് 1969ലാണ്. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് സി.പി.ഐ നേതാവ് സി അച്യുതമേനോനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി പദം പച്ചതളികയില്‍ വെച്ചു നല്‍കുന്നു. കേരള മോഡലിന്റെ അസ്ഥിവാരമിട്ടതിനെ കുറിച്ച് നാളെ. (തുടരും)
(ചന്ദ്രിക എഡിറ്റ് പേജ് 2020 ഏപ്രില്‍ 18)