നാലു ദിവസത്തിലധികം നിന്നുകത്തിയ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 57 പേര് അതിദാരുണമായി കൊല ചെയ്യപ്പെട്ട് ഏതാണ്ട് മൂന്നാഴ്ചക്കുശേഷം രാജ്യത്തെ ആഭ്യന്തരമന്ത്രി ജനങ്ങള്‍ക്കുമുമ്പില്‍ തിരുവാ തുറന്നിരിക്കുന്നു. സംഭവത്തിന്റെ നിജസ്ഥിതി വിശദീകരിക്കമെന്നാവശ്യപ്പെട്ടും, സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ഇരകളുടെ കുടുംബത്തിന് നീതിയും സഹായവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കരുതെന്ന ദേശസ്നേഹത്തിലൂന്നിയ താല്പര്യത്താലും പ്രതിപക്ഷം പാര്‍ലമെന്റില്‍ തുടര്‍ച്ചയായി ഉന്നയിച്ച വിഷയത്തില്‍ മറുപടി പറയാന്‍ പ്രധാനമന്ത്രിക്ക് ഇതുവരെയും സമയം കിട്ടിയില്ലെന്ന് മാത്രമല്ല, നീണ്ട ഇടവേളക്കുശേഷം പാര്‍ലമെന്റിലെത്തിയ ആഭ്യന്തര വകുപ്പുമന്ത്രി അമിത്ഷാ തങ്ങളുടെ ഭാഗം അതിശക്തിയായി ന്യായീകരിക്കുകയും കുറ്റമെല്ലാം ക്രിമിനലുകള്ക്കുമേല് ചാരി തടിരക്ഷപ്പെടുത്താന്‍ പാഴ്ശ്രമം നടത്തുകയുമാണ് ചെയ്തിരിക്കുന്നത്. ലോക്സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിച്ച കോണ്‍ഗ്രസ്, മുസ്്ലിംലീഗ് തുടങ്ങിയ കക്ഷികളുടെ പ്രതിനിധികള്‍ക്കുനേരെ ഭരണപക്ഷം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ആക്രോശവും പരിഹാസവും ചൊരിയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും എന്തിന് ലോക്സഭാസ്പീക്കറെപോലും ഈ സമയത്ത് പാര്‍ലമെന്റില്‍ കാണാനായില്ല. ചോദ്യം ഉന്നയിച്ചതിന് കോണ്‍ഗ്രസ് എം.പി രമ്യാഹരിദാസിനു ഭരണപക്ഷ ബി.ജെ.പി അംഗത്തിന്റെ മര്ദനമേല്ക്കേണ്ടിവരികവരെയുണ്ടായി. കൊറോണയുടെ പേരില്‍ സോണിയാഗാന്ധിയെയും രാഹുലിനെയും അവഹേളിച്ച് ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചതിന് ഏഴ് എം.പിമാരെ പുറത്താക്കി. ഈ സമയത്തെല്ലാം രാജ്യത്തെ സുപ്രധാനമായ ഒരു വിഷയത്തില്‍ കമാന്നൊരക്ഷരം ഉരിയാടാതിരുന്ന ആഭ്യന്തരമന്ത്രി അമിത്ഷാ ബുധനാഴ്ച ഹോളി ആഘോഷത്തിനുശേഷമാണ് മറുപടിയുമായി രംഗത്തെത്തിയത്. ലോക്സഭാസ്പീക്കര്‍ ഹോളിക്കുശേഷം വിഷയം ഉന്നയിക്കാമെന്ന് പറഞ്ഞതുവെച്ചുനോക്കുമ്പോള്‍ സ്പീക്കറുടെ പങ്കും വ്യക്തമായിരിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന്റെ കീഴില്‍ ഇത്തരത്തിലൊരു കലാപം ഉണ്ടായിട്ടും അതിനെതിരെ ആഭ്യന്തരമന്ത്രി പ്രതികരിച്ചത് ലാഘവത്തോടെയായിരുന്നു. പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും മന്ത്രിയെ കാണാനില്ലെന്ന് പരാതിപ്പെട്ടപ്പോള്പോലും കലാപ ബാധിത പ്രദേശത്ത് ഒന്നുതിരിഞ്ഞുനോക്കാന്പോലും ബി.ജെ.പിയുടെ നേതാവ് കൂടിയായ മന്ത്രി ഷാ തയ്യാറായിരുന്നില്ല. ഊഹാപോഹങ്ങളില്‍ വീഴരുതെന്ന ഒറ്റ പ്രസ്താവന മാത്രമാണ് ഡല്‍ഹികലാപ നാളുകളില്‍ ഉത്തരവാദപ്പെട്ട ആഭ്യന്തര വകുപ്പുമന്ത്രിയില്നിന്നുണ്ടായത്. അതേസമയം അദ്ദേഹം കൊല്‍ക്കത്തയില്‍ ബി.ജെ.പി റാലിയില്‍ പങ്കെടുക്കുന്നതിന് സമയം കണ്ടെത്തുകയും ചെയ്തു. മന്ത്രി അമിത്ഷാ കലാപ സമയങ്ങളില്‍ മിനുറ്റുകള്വെച്ച് സംഭവങ്ങള്‍ വിലയിരുത്തുകയായിരുന്നുവെന്ന ആഭ്യന്തര വകുപ്പില്നിന്നുവന്ന വിശദീകരണം കേട്ട് ജനത പുച്ഛിച്ചുചിരിക്കുകയായിരുന്നു. സ്വന്തം പാര്‍ട്ടിക്കാരായ കലാപകാരികള്‍ യു.പിയില്‍നിന്നും മറ്റും അതിക്രമിച്ചെത്തി മുസ്ലിംകള്ക്കെതിരെ കാടന്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ആ സമയം പൊലീസ് കയ്യുംകെട്ടി നോക്കുക മാത്രമല്ല, പലയിടത്തും സ്വന്തമായി കലാപത്തിന് മുതിരുകയും ചെയ്തതായാണ് വിവിധ ദൃശ്യങ്ങളും സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണവും വ്യക്തമാക്കിയിട്ടുള്ളത്.
ബുധനാഴ്ച ലോക്സഭയില്‍ പ്രതിപക്ഷ പ്രമേയത്തിന് മറുപടി പറഞ്ഞ അമിത്ഷാ,തന്റെ സര്‍ക്കാരും പൊലീസും ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്ന വിതണ്ഡവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്. അക്രമികളുടെ മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ നടപടിയെടുക്കുമെന്നും അക്രമികളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ഷാ പറയുകയുണ്ടായി. കലാപം തികച്ചും ആസൂത്രിതമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചെകുത്താന്റെ വേദമോതലാണിത്. എന്നാല്‍ വലിയ ബിസിനസുകാരനാണ് കലാപത്തിന് പിന്നിലെന്നവാദമാണ് ചര്‍ച്ചയില്‍പങ്കെടുത്ത ബി.ജെ.പി അംഗം മീനാക്ഷി ലേഖി ഉന്നയിച്ചത്. യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടവരും കലാപബാധിതരും ഏറെയും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലുള്ളവരാണെന്നത് നിസ്തര്‍ക്കമായ വസ്തുത മാത്രമാണ്. പെട്രോള്‍ ബോംബെറിയുകയും വെടിവെക്കുകയും ചെയ്തത് ബി.ജെ.പിക്കാരായ കാവി ചുറ്റിയവരാണെന്ന് പകല്‍പോലെ വ്യക്തമാണ്. അക്രമികളുടെ കൂടെ മുസ്്ലിം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കല്ലെറിയുകയും വെടിവെക്കുകയും മുസ്ലിം യുവാക്കളെകൊണ്ട് ജയ്ശ്രീരാം വിളിപ്പിക്കുകയും ചെയ്തവര്‍ ആംബുലന്സുകളെപോലും കടത്തിവിടാതെ നിരപരാധികളെ ഇഞ്ചിഞ്ചായി കൊലക്ക് കൊടുക്കുകയായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പരോക്ഷമായി ന്യായീകരിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. മുമ്പ് ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് മന്ത്രി ഷായും ചെയ്തിരിക്കുന്നതെന്നര്ത്ഥം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ പേരു പറയാതെ കലാപത്തിന് കാരണം അവരുടെ പ്രസ്താവനയാണെന്നുവരെ അമിത്ഷാ കുറ്റപ്പെടുത്തുകയുണ്ടായി.
സത്യത്തില്‍ കലാപത്തിന് കാരണമായത് കപില്‍ മിശ്രയെയും അനുരാഗ് താക്കൂറിനെയും യോഗി ആദിത്യനാഥിനെപോലുള്ള ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിലും പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രക്ഷോഭത്തിലും പ്രതികരിച്ച മനുഷ്യത്വഹീനമായ പ്രകോപനപ്രസംഗങ്ങളായിരുന്നുവെന്ന് കോടതികള്‍പോലും കണ്ടെത്തിയതാണ്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധര്‍ നിര്‍ദേശിച്ചിട്ടുപോലും അത് ചെവിക്കൊള്ളാന്‍ കേന്ദ്രം സന്നദ്ധമാകാതെ അദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. എന്നിട്ടാണ് കലാപം ആസൂത്രിതമാണെന്ന വെടി ഷാ സ്വയം പുറത്തെടുത്തിരിക്കുന്നത്. സ്വന്തം നെഞ്ചിനുനേര്ക്കുതന്നെയുള്ള വെടിയാണിത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം എന്തുകൊണ്ട് സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല? അന്വേഷണം സത്യസന്ധമായാല്‍ ആഭ്യന്തര മന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പൊലീസിന്റെയുംമേല് കുറ്റം ചുമത്തപ്പെടുമെന്ന ബോധ്യം കേന്ദ്രത്തിലെയും ബി.ജെ.പിയിലെയും ഉന്നതര്ക്കുണ്ടാകും.
മതേതരത്വത്തെയും സ്വതന്ത്ര ചിന്തകളെയും ജുഡീഷ്യറിയെയും ജനാധിപത്യത്തെപോലും എങ്ങനെ തകര്‍ത്ത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാമെന്ന് ഗവേഷണം നടത്തുന്ന മോദി-അമിത്ഷാദികള്ക്ക് നാട്ടിലെത്ര പേര് കൊല്ലപ്പെട്ടാലും പ്രതിപക്ഷവും ജനവും മുറവിളി കൂട്ടിയാലും എങ്ങനെ അനങ്ങാന്കഴിയും. ഇവരുടെയൊക്കെ പിന്നാമ്പുറങ്ങളില്‍ പരന്നുകിടക്കുന്നത് ഗുജറാത്തിലെയുള്പ്പെടെ ആയിരക്കണക്കിന് നിരപരാധികളുടെയും സത്യസന്ധരായ ജഡ്ജിമാരുടെയടക്കം ചോരക്കറകളാണെന്നതിനാല് പ്രതിപക്ഷത്തിന്റെ ഈ ആവശ്യവും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുമെന്നേ ന്യായമായും ധരിക്കേണ്ടതുള്ളൂ. ചരിത്രത്തിലെ എല്ലാ കിരാത ഭരണകൂടങ്ങളെയും അധികാര കിങ്കരന്മാരെയും പക്ഷേ അതേ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞിട്ട ചരിത്രമാണ് ലോക രാഷ്ട്രീയത്തില്‍ രേഖപ്പെട്ടുകിടക്കുന്നതെന്നത് തിരിച്ചറിയാന്‍ വൈകിയാല്‍ അത് ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തിന്റെയും ലോകജനാധിപത്യത്തിന്റെയും മരണമണിയായിരിക്കും.