മെയ്ക് ഇന്‍ ഇന്ത്യയല്ല, ഫോര്‍ സെയില്‍ ഇന്ത്യ

രാഷ്ട്ര് കി ചൗകിദാര്‍ (രാഷ്ട്രത്തിന്റെ കാവലാള്‍) എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തരംകിട്ടുമ്പോഴൊക്കെ സ്വയം വിശേഷിപ്പിക്കാറ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിയും പ്രസ്ഥാനമായ ആര്‍.എസ്.എസ്സും രാജ്യത്തിന്റെ പാരമ്പര്യം കാക്കുന്നവരാണെന്ന് അതിന്റെ നേതാക്കള്‍ ആണയിടാറുമുണ്ട്. എന്നാല്‍ രാജ്യവും ലോകവും കണ്ട 1,30,000 കോടി രൂപയുടെ റഫാല്‍ കുംഭകോണത്തെക്കുറിച്ച് ജനങ്ങളും പ്രതിപക്ഷവും ഉയര്‍ത്തുന്ന ചോദ്യശരങ്ങളുടെ മുന്നില്‍ ഇക്കൂട്ടര്‍ വ്യക്തമായ മറുപടിയില്ലാതെ മിണ്ടാട്ടം മുട്ടിയിരിപ്പാണ്. ഇതാണ് രാജ്യത്തിന്റെ കാവല്‍ക്കാരുടെ അവസ്ഥയെങ്കില്‍ ഇന്ത്യാമഹാരാജ്യം അടുത്ത കാലത്തുതന്നെ ‘മെയ്ക് ഇന്‍ ഇന്ത്യ’യുടെ പേരില്‍ നക്കാപിച്ച വിലയ്ക്ക് വിറ്റു തുലക്കുന്നത് നാം നേരില്‍ കാണേണ്ടിവന്നേക്കും.

2012ല്‍ യു.പി.എ സര്‍ക്കാല്‍ മറ്റു രാജ്യങ്ങളെ അവഗണിച്ച് ചുരുങ്ങിയ വിലക്ക് ഫ്രാന്‍സില്‍നിന്ന് യുദ്ധ വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി തീരുമാനിച്ച ഘട്ടത്തില്‍ രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് യുദ്ധ വിമാനങ്ങളുടെ കുറവുണ്ടായിരുന്നു. പാക്കിസ്താനില്‍നിന്നും ചൈനയില്‍നിന്നും ഉണ്ടായേക്കാവുന്ന യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തിലും ആഗോള രംഗത്ത് ആ രാജ്യങ്ങള്‍ അമേരിക്കയില്‍നിന്നും മറ്റും പുത്തന്‍ സാങ്കേതിക വിദ്യകള്‍ അടങ്ങിയ യുദ്ധ വിമാനങ്ങള്‍ സ്വായത്തമാക്കിയതും പരിഗണിച്ചാണ് ഫ്രാന്‍സുമായി അത്യാധുനിക രീതിയിലുള്ള ഇരട്ട എഞ്ചിന്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ തീരുമാനം. 18 വിമാനങ്ങള്‍ നേരിട്ട് വാങ്ങുകയും അതിന്റെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് 108 വിമാനങ്ങള്‍ നിര്‍മിക്കുക എന്നുമായിരുന്നു ഉദ്ദേശ്യം. തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്വാഭാവികമായും കരാറിന്റെ ചര്‍ച്ചകള്‍ തുടരേണ്ടതായിരുന്നു. എന്നാല്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകം പഴയ ഇടപാട് സംബന്ധിച്ച രേഖകള്‍ പൊടിതട്ടിയെടുത്ത മോദി സര്‍ക്കാര്‍ ഇതുതന്നെ പണം കായ്ക്കുന്ന മരം എന്ന കണക്കിന് ഇടപാടില്‍ അഴിമതി താല്‍പര്യങ്ങള്‍ കുത്തിത്തിരുകി പുതിയ കരാറുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതിനായി മോദി ആദ്യം ചെയ്തത് 2015 മാര്‍ച്ച് 28നുതന്നെ അംബാനിയുടെ കീഴില്‍ റിലയന്‍സ് ഡിഫന്‍സ് ഫോറം എന്ന പേരിലൊരു കമ്പനി തട്ടിക്കൂട്ടിയിരുന്നു. 2015 ഏപ്രില്‍ 10ന് മോദി പാരിസില്‍ പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലോന്ദുമായി ചര്‍ച്ച നടത്തിയശേഷം റഫേല്‍ യുദ്ധവിമാന കരാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ സന്ദര്‍ശനത്തില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഇപ്പോഴത്തെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെയും മാധ്യമ പ്രവര്‍ത്തകരെയും കൂടെക്കൂട്ടാതിരുന്ന മോദി തന്റെ അടുത്തയാളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ അനില്‍ അംബാനിയെ കൂട്ടിയതെന്തിനായിരുന്നു?

ഈ വര്‍ഷം ആദ്യം പാര്‍ലമെന്റിലും പുറത്തും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ഇക്കാര്യങ്ങളെല്ലാം പുറത്തുവിട്ടത്. ഇതോടെ പരുങ്ങലിലായ മോദി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ ഉപയോഗിച്ച് പാര്‍ലമെന്റില്‍ പറഞ്ഞത്, ‘സുരക്ഷാകാരണങ്ങളാല്‍’ ഇടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു. ഇപ്പോള്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും പുറത്തിറക്കി ഉണ്ടയില്ലാപ്രതിരോധം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളല്ല, ഫ്രാന്‍സിലെ ഡാസോ കമ്പനിയാണ് ഇന്ത്യയിലെ ഉപകരാറിന് (ഓഫ്‌സെറ്റ് കരാര്‍) റിലയന്‍സിനെ ക്ഷണിച്ചതെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞതെങ്കില്‍, കഴിഞ്ഞ ദിവസം ഒലോന്ദ് നടത്തിയ വെളിപ്പെടുത്തല്‍ മോദിയുടെയും ബി.ജെ.പിയുടെയും വാദങ്ങളെ പൊളിച്ചടുക്കി. തങ്ങളല്ല, ഇന്ത്യാസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡാസോ കമ്പനി റിലയന്‍സിന് ഉപകരാര്‍ നല്‍കിയതെന്നാണ് ഒലോന്ദ് പറഞ്ഞത്. രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെ ഒലോന്ദിനെയും അവിശ്വസിക്കാന്‍ ഇന്ത്യന്‍ ജനതയോട് അഭ്യര്‍ത്ഥിക്കേണ്ട ഗതികേടിലാണിപ്പോള്‍. റിലയന്‍സിന് കരാര്‍ നല്‍കുകവഴി കോടികള്‍ വില കൂട്ടിയത് തങ്ങളുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒഴുക്കാനാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. വെറും 670 കോടിരൂപ വില നിശ്ചയിച്ചിരുന്ന റഫേല്‍ യുദ്ധവിമാനത്തിന് 1670 കോടി രൂപയാണ് മോദി കൂട്ടി നല്‍കിയത്. മാത്രമല്ല, 126 വിമാനങ്ങള്‍ എന്നിടത്ത് 36 ആക്കി വെട്ടിക്കുറക്കുകയും ചെയ്തു. സാധാരണനിലയില്‍ ഏതെങ്കിലും പൊതുമേഖലാസ്ഥാപനത്തില്‍ നടക്കുന്ന അഴിമതിയാണ് ഇവിടെ പ്രധാനമന്ത്രി നേരിട്ട് നടത്തിയിരിക്കുന്നത്. രാഷ്ട്രത്തിന്റെ താല്‍പര്യത്തിനല്ലാതെ എന്ത് താല്‍പര്യത്തിനായിരുന്നു ഈ വിലക്കൂടുതല്‍ അനുവദിച്ചതും എണ്ണം വെട്ടിക്കുറച്ചതുമെന്ന് ഭരണഘടനയെതൊട്ട് സത്യപ്രതിജ്ഞ ചെയ്ത മോദി മറുപടി പറയണം. ആരോപണങ്ങള്‍ കടുക്കുമ്പോള്‍ ആദ്യം പരിഹസിച്ചുനടന്ന പ്രധാനമന്ത്രി ഇപ്പോള്‍ മൗനം ഭൂഷണമായി കൊണ്ടുനടക്കുകയാണ്. 1,30000 കോടി രൂപയാണ് ഇതുവഴി പട്ടിണിപ്പാവങ്ങളടങ്ങുന്ന ഈ രാജ്യത്തിന്റെ ഖജനാവില്‍നിന്ന് മോദിയും കൂട്ടരും ചേര്‍ന്ന് പകല്‍കൊള്ളയടിച്ചിരിക്കുന്നത്. സംയുക്ത പാര്‍ലമെന്റി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരിക്കുന്നതിന് കാരണം മോദിയുടെ മടിയില്‍ കനമുണ്ടെന്നതിന്റെ തെളിവാണ്.

പ്രതിരോധമന്ത്രി, സേനാതലവന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരടങ്ങുന്ന സമിതി പരിശോധിച്ച് തീരുമാനമെടുക്കേണ്ട വിഷയത്തില്‍ എന്തിനാണ് പ്രധാനമന്ത്രിയും അംബാനിയും നേരിട്ട് തീരുമാനമെടുത്തതെന്ന ചോദ്യം രാജ്യത്തിന്റെ ഭാവിയെ തുറിച്ചുനോക്കുകയാണ്. അഴിമതിക്കാര്‍ക്കും കുത്തക വ്യവസായികള്‍ക്കും കള്ളപ്പണക്കാര്‍ക്കും തീവ്ര വര്‍ഗീയവാദികള്‍ക്കും കൂട്ടക്കൊലപാതകികള്‍ക്കും മാത്രമാണ് രാജ്യത്തിപ്പോള്‍ സുരക്ഷയുള്ളത്. അമിത്ഷായുടെ പുത്രന്റെ പേരിലുള്ള കമ്പനി ഒരു വര്‍ഷംകൊണ്ട് 15000 രൂപയില്‍നിന്ന് 80.5 കോടിയായി ആസ്തിയുണ്ടാക്കിയതും ലക്ഷക്കണക്കിനുകോടി രൂപ വ്യവസായികള്‍ക്കുവേണ്ടി കിട്ടാക്കടമെന്ന് പറഞ്ഞ് എഴുതിത്തള്ളിയതും നാഴികക്ക് നാല്‍പതുവട്ടം വിദേശ സഞ്ചാരം നടത്തുന്നതുമൊക്കെ നരേന്ദ്രമോദിയുടെ പുറംപൂച്ച് പുറന്തള്ളിക്കുന്നുണ്ടെങ്കിലും ഇതുവരെയും പിടിച്ചുനിര്‍ത്തിയ തീവ്രദേശീയതയും ഹൈന്ദവതയും കോടികളുടെ കുംഭകോണത്തോടെ ഭരണകക്ഷിയുടെ ശരീരത്തിലെ ഒരിഞ്ചിടം പോലും മറയ്ക്കാനാവാത്തവിധം ഇപ്പോള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നു. ഇതിന് ഈ സര്‍ക്കാരിലെ ഉന്നതസ്ഥാനീയരുടെ കരങ്ങളില്‍ നിയമത്തിന്റെ ആമം വീഴുന്ന നാളുകള്‍ ഇനിയൊട്ടും വൈകിക്കൂടാ.

SHARE