കോവിഡ് പ്രഖ്യാപനം വികേന്ദ്രീകരിക്കണം

ഇതെഴുതുമ്പോള്‍ കേരളത്തിലേതുള്‍പ്പെടെ ലോകത്താകെ ആറരലക്ഷത്തിലധികം മനുഷ്യജീവനുകളാണ് കോവിഡ്-19 മഹാമാരിമൂലം പൊലിഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ 28,000ഉം കേരളത്തില്‍ 45ഉം ആയിരിക്കുന്നു മരണസംഖ്യ. സര്‍ക്കാര്‍ ആരോഗ്യഏജന്‍സികള്‍ മാത്രം വെളിപ്പെടുത്തുന്ന കണക്കുകളാണിത്. ഇതിലുമെത്രയോപേര്‍ കോവിഡ്മൂലം മരണത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് ഇതരസ്രോതസ്സുകളില്‍നിന്നുള്ള അനൗദ്യോഗികവിവരം. ദരിദ്രര്‍, ചേരിനിവാസികള്‍, അസംഘടിതതൊഴിലാളികള്‍, സാമൂഹികവും മതപരവുമായ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരുടെ മരണം ഇപ്പോഴും കാര്യമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നില്ലെന്ന് പരക്കെ ആരോപണമുണ്ട്. പ്രത്യേകിച്ചും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളില്‍. കേരളത്തെപ്പോലെ സാക്ഷരതയിലും ആരോഗ്യബോധത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പുരോഗമന സമൂഹത്തില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന അവകാശവാദവും ചോദ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ കോവിഡ്ബാധിച്ച് മരണപ്പെട്ട പാലക്കാട് സ്വദേശിയുടെ വിവരം തമിഴ്‌നാടിന്റെ കണക്കില്‍ ഉള്‍പെടുത്തിയതും അതേസമയംതന്നെ കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ച കേന്ദ്രഭരണപ്രദേശമായ മാഹിസ്വദേശിയുടേത് നാം ഉള്‍പെടുത്താതിരുന്നതും കോവിഡ്കണക്കുകളിലെ വൈരുധ്യം വ്യക്തമാക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ 44 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പനിയും ഇതരലക്ഷണങ്ങളുമായി ആസ്പത്രികളില്‍ പ്രവേശിക്കപ്പെടുന്ന വയോധികരും നിര്‍ധനരുമായ രോഗികളുടെകാര്യത്തില്‍ കോവിഡ് പരിശോധന ഇപ്പോഴും വെല്ലുവിളിയാണ്. ഇവര്‍ക്ക് സ്വകാര്യലാബുകള്‍ വന്‍തുകയാണ് പരിശോധനക്കായി ഈടാക്കുന്നത്. അത്യാവശ്യ ചികില്‍സ ആവശ്യമുള്ള രോഗികളുടെകാര്യത്തില്‍ പ്രത്യേകിച്ചും ശസ്ത്രക്രിയ ആവശ്യമുള്ള നിര്‍ധനര്‍ കോവിഡ് പരിശോധന നടത്താനുള്ള തുക എങ്ങനെയാണ് കണ്ടെത്തുക എന്ന പ്രശ്‌നം നിലനില്‍ക്കുന്നു.
കോവിഡ് പരിശോധനാഫലങ്ങള്‍ പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ അനാവശ്യമായ പിടിവാശി കാണിക്കുന്നതായി വ്യാപകമായ പരാതിയുയരുന്നു. മുഖ്യമന്ത്രിയാണ് നേരിട്ട് വാര്‍ത്താസമ്മേളനത്തിലൂടെ മിക്കദിവസവും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ വിവരം പുറത്തുവിടുന്നത്. സ്വകാര്യ ആസ്പത്രികളില്‍ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം ഇതില്‍ ഉള്‍പെടുന്നുണ്ടോ എന്ന് ഇനിയുംവ്യക്തമല്ല. മരണപ്പെട്ടതിനുശേഷം കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ വിവരവും കണക്കില്‍പൂര്‍ണമായും പെടുന്നില്ല. സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട്, എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം ശക്തമാണ്. ആള്‍ക്കൂട്ടമുണ്ടാകുന്ന ക്ലസ്റ്ററുകള്‍ മാത്രമല്ല, അതിലൂടെ സമൂഹത്തില്‍ പൊതുവായും രോഗംവ്യാപിച്ചതായാണ് പട്ടാമ്പി, പുല്ലുവിള, പൂന്തുറ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള വിവരം. പട്ടാമ്പിയില്‍ സാധാരണ രോഗലക്ഷണമുള്ളവര്‍ക്ക് പുറമെ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകപരിശോധന നടത്തിയപ്പോള്‍ മൂന്നുദിവസത്തിനകം 142 രോഗികളെയാണ് കണ്ടെത്താനായിരിക്കുന്നത്. ആദ്യദിവസംമാത്രം 67 പേര്‍ക്ക് രോഗം കണ്ടെത്തി. പട്ടാമ്പി നഗരസഭയുടെ മീന്‍ചന്തയില്‍ ഒരു തൊഴിലാളിക്കുണ്ടായ രോഗമാണ് മറ്റാളുകളിലേക്ക് പടര്‍ന്നത്. ഇതരതൊഴിലാളികള്‍ക്കും വാഹനങ്ങളില്‍ മീന്‍വില്‍ക്കാന്‍ചെന്ന കച്ചവടക്കാര്‍ക്കും നിരവധി വീട്ടുകാര്‍ക്കും കോവിഡ് കണ്ടെത്തുകയുണ്ടായി. പട്ടാമ്പി നഗരസഭയെയും നെല്ലായഗ്രാമപഞ്ചായത്തിനെയും ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം രണ്ടാഴ്ചത്തേക്ക് ലോക്ഡൗണിലാക്കിയിരിക്കുകയാണ്. എന്നാല്‍ 142 പേരുടെ വിവരം ഇതുവരെയും സര്‍ക്കാര്‍ കണക്കില്‍ വിവരം ഔദ്യോഗികമായി പൂര്‍ണമായുംപുറത്തുവിട്ടിട്ടില്ല. ഉദാഹരണത്തിന് തിങ്കളാഴ്ച 36 പേര്‍ക്ക് രോഗം കണ്ടെത്തിയെങ്കിലും ഇന്നലെ മാത്രമാണ് മുഖ്യമന്ത്രി ഈ വിവരം പ്രഖ്യാപിച്ചത്. ആന്റിജന്‍ പരിശോധനയില്‍ അതാത് ദിവസം പൊസിറ്റീവ് കണ്ടെത്തുന്നവരെ മുഖ്യമന്ത്രിയുടെ ഒരുമിച്ചുള്ള പിറ്റേന്നത്തെ പ്രഖ്യാപനത്തിനായി നീട്ടിവെക്കുകയാണ്. ജില്ലാഭരണകൂടത്തിന് സ്വന്തമായി കോവിഡ് സ്ഥിരീകരണം പ്രഖ്യാപിക്കാന്‍ അധികാരമില്ലാത്തതാണ് കാരണം. ഇതുമൂലം കോവിഡ് രോഗികള്‍ വീട്ടിലും നാട്ടിലും കഴിയേണ്ടിവരുന്നതുമൂലമുണ്ടാകാവുന്ന വ്യാപനമാണ്. ആദ്യദിവസം തന്നെ തൊഴിലാളിക്ക് രോഗം കണ്ടെത്തിയ വിവരം മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നെങ്കില്‍ ഇത്രയുംസമ്പര്‍ക്കവ്യാപനം ഉണ്ടാകില്ലായിരുന്നു. ഇതേക്കുറിച്ച് നേരത്തെതന്നെ പ്രതിപക്ഷവും മാധ്യമങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധക്ഷണിച്ചെങ്കിലും അതൊക്കെ നിസ്സാരമെന്ന നിലക്കാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ന്യായീകരിച്ചത്. മന്ത്രി കെ.കെ ശൈലജ പറയുന്നത്, രാവിലെ രോഗംസ്ഥിരീകരിക്കപ്പെട്ടവരെ നേരിട്ട് ഫോണില്‍വിളിച്ച് രോഗിയോട് രോഗവിവരം സൂചിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനംകഴിഞ്ഞയുടന്‍ രോഗികളെ ആംബുലന്‍സില്‍ ആസ്പത്രികളിലെത്തിക്കുമെന്നുമാണ്. രോഗികളുടെഎണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന ഈ ഘട്ടത്തിലും സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രിയും എന്തുകൊണ്ട് ഇക്കാര്യത്തില്‍ കുറച്ചുകൂടി സുതാര്യമായും വികേന്ദ്രീകൃതമായും വിവരങ്ങള്‍ കൈമാറുന്നില്ല. എന്തിനാണ് ഭരണമുഖ്യന്‍തന്നെ കോവിഡ്‌രോഗികളുടെ വിവരം അറിയിക്കണമെന്ന് വാശിപിടിക്കുന്നത്? സ്വന്തമായി ആരോഗ്യവകുപ്പും ഐ.എ.എസ് തലപ്പത്തെ ഉദ്യോഗസ്ഥരും മന്ത്രിയുമൊക്കെ ഉണ്ടായിരിക്കെ മുഖ്യമന്ത്രി കാര്യങ്ങളെല്ലാം പ്രഖ്യാപിക്കുന്ന രീതിയെന്തിനാണ്. കേന്ദ്രത്തിലേതുപോലെ ഉദ്യോഗസ്ഥരിലേക്ക് ഈ ചുമതല കൈമാറുന്നതിലെന്താണ് തടസ്സം?
രോഗികളെ കൂട്ട ആന്റിജന്‍ പരിശോധനയിലൂടെ കണ്ടെത്തിയാലുടന്‍ അവരെ ആസ്പത്രികളിലേക്ക് കൊണ്ടുപോകുന്നതിന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തടസ്സമാകുകയാണ്. ഇക്കാര്യത്തില്‍ അതാത്ജില്ലകള്‍ കേന്ദ്രീകരിച്ച് കോവിഡ് സ്ഥിരീകരണം നടത്താനുള്ള സംവിധാനം ഉടന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. മുഖ്യമന്ത്രിയുടെ അപ്രമാദിത്വത്തിന് കോവിഡ്കാലത്ത് സമൂഹം ബലിയാടാകരുത്. പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തില്‍ രണ്ടു മന്ത്രിമാരും ചീഫ്‌സെക്രട്ടറിയും അപ്പുറവും ഇപ്പുറവും ഇരുന്നിട്ടും അവര്‍ക്ക് വായ തുറക്കാന്‍പോലും അവസരം ലഭിക്കാത്തത് ജനാധിപത്യകേരളത്തിന് അപമാനമാണ്. മന്ത്രിമാര്‍ക്കുപോലും തങ്ങളുടെ മുഖ്യമന്ത്രിയോട് സംസാരിക്കാനോ അദ്ദേഹത്തിനുമുന്നില്‍ മാധ്യമങ്ങളോട് വിവരംകൈമാറാനോ കഴിയാത്ത അവസ്ഥ വലിയ നാണക്കേടാണെന്നേ പറയേണ്ടൂ. പ്രവാസികളും ഇതരസംസ്ഥാനതൊഴിലാളികളും കേരളത്തിലേക്ക് വരുന്നതാണ് കോവിഡ് കൂടാന്‍ കാരണമെന്ന് പറഞ്ഞ ഭരണകക്ഷിക്കാര്‍ ഇപ്പോള്‍ നാള്‍ക്കുനാള്‍ സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് മിണ്ടാത്തതെന്തുകൊണ്ടാണ്. വാളയാറില്‍ കുടുങ്ങിയ സഹോദരങ്ങളെ നാട്ടിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതിന് ‘മരണത്തിന്റെ വ്യാപാരികളെന്ന’് യു.ഡി.എഫിനെ ആക്ഷേപിച്ചവരുടെ ആസ്ഥാനത്താണ് ഇപ്പോള്‍ കോവിഡ് പടര്‍ന്നെത്തിയിരിക്കുന്നത്. എന്നിട്ടും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരുന്നവര്‍ ഏപ്രിലിലെയും മെയ് ആദ്യവാരത്തെയും സ്വന്തം മേനിനടിപ്പിനെക്കുറിച്ച് ഒരാവര്‍ത്തിയെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും.

SHARE