മതേതരത്വത്തിന് പാര പണിയരുത്

 

മെയ്പന്ത്രണ്ടിന് കര്‍ണാടകനിയമസഭയിലേക്ക് നടക്കുന്ന വോട്ടെടുപ്പ് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കുമുന്നിലെ നയപരമായ ഒരു തിരഞ്ഞെടുപ്പുകൂടിയാണ്. ഇക്കഴിഞ്ഞ നാലുവര്‍ഷക്കാലം രാജ്യം ചലിച്ച വഴികള്‍, നൂറ്റിമുപ്പതുകോടി ജനത നേരിട്ട ഇരുട്ടടികള്‍, വര്‍ഗീയലഹളകള്‍, ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, സാംസ്‌കാരികനേതാക്കളുടെയും സാധാരണക്കാരുടെയും ഗളച്ഛേദങ്ങള്‍, ഭരണഘടനാസ്ഥാപനങ്ങളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും നേര്‍ക്കുള്ള അക്രമങ്ങള്‍, അതിക്രമങ്ങള്‍, നോട്ടുനിരോധനവും ചരക്കുസേവനനികുതിയും രൂപയുടെ മൂല്യം കൂപ്പുകുത്തിയതുമടക്കമുള്ള സാമ്പത്തികതലതിരിച്ചിലുകള്‍. പീഡിപ്പിക്കപ്പെടുകയും അരുംകൊല ചെയ്യപ്പെടുകയും ചെയ്യുന്നവന്റെ കുടുംബമോ കൂട്ടുകാരോ സമുദായമോ മതമോ പാര്‍ട്ടിയോ മാത്രമല്ല, രാജ്യത്തെ സകലമാനദേശസ്‌നേഹികളും ഈയൊരു രാഷ്ട്രീയ-ഭരണനേതൃത്വത്തിന്റ കീഴില്‍നിന്ന് ഏതുവിധേനയും രക്ഷനേടണമെന്ന് ആഗ്രഹിക്കുകയും പ്രതിഷേധിക്കുകയും സംഘടിക്കുകയും ചെയ്യുന്ന കാഴ്ചയാണെങ്ങും. കര്‍ണാടകത്തിലും സംസ്ഥാനത്തിന്റെ വികസനത്തിനപ്പുറം ചര്‍ച്ച ചെയ്യപ്പെടുന്നത് ഇതൊക്കെതന്നെയാണ്.

2014ല്‍ മതേതരവോട്ടുകളുടെ ഭിന്നിപ്പിലായിരുന്നു മൂന്നിലൊന്നുമാത്രം വോട്ടുകൊണ്ട് കാവിരാഷ്ട്രീയക്കാര്‍ക്ക് ഇന്ദ്രപ്രസ്ഥത്തില്‍ ചെന്നിരിക്കാന്‍ കഴിഞ്ഞത്. അതിനൊരുകൊല്ലം മുമ്പത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം അങ്ങനെയായിരുന്നില്ല. 36.6 ശതമാനമാണ് അവരുടെ വിജയം. ബി.ജെ.പിയുടേത് 19.9. ജനതാദളിന് ലഭിച്ചത് 20.2ലും താഴെ. ആദ്യരണ്ടു കക്ഷികള്‍ക്കും ഓരോശതമാനത്തിലധികം വോട്ടുകൂടിയപ്പോള്‍ കാവിപ്പാര്‍ട്ടിക്ക് കുറഞ്ഞത് 13 ശതമാനത്തിലധികം വോട്ടായിരുന്നു. ജയിലറക്കുള്ളിലായ തങ്ങളുടെ നേതാവ് മുന്‍മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഴിമതിയുടെ കെട്ടുകണക്കിന് കേസുകളാല്‍ വേരറുക്കപ്പെട്ട ബി.ജെ.പിയുടെ കാവിരാഷ്ട്രീയത്തെ തിരിച്ചുകൊണ്ടുവരാനും തെക്കേഇന്ത്യയില്‍ അതുവഴി പുത്തന്‍കാവ്യോദയം തീര്‍ക്കാനുമാണ് പ്രധാനമന്ത്രിയുടെയും സംഘപരിവാറിന്റെയും ഒത്താശകളോടെ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ യെദിയൂരപ്പയെതന്നെ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് ആനയിച്ചാണ് ബി.ജെ.പി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. സംസ്ഥാനത്തെ 223 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് തന്നെയാണ് വിവിധ സര്‍വേകളില്‍ മുന്‍തൂക്കം. ഇതിനിടയില്‍ മതേതരവോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളെയും കാണാതിരുന്നൂകൂടാ.

കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തുന്ന ജനതാദള്‍ സത്യത്തില്‍ മതേതരവോട്ട് ബാങ്കുകളെ തളര്‍ത്തി ബി.ജെ.പിയുടെ സാധ്യത വര്‍ധിപ്പിക്കുകയണ്. പുറത്ത് ജനതാദള്‍ പറയുന്നത്, തങ്ങള്‍ക്ക് അധികാരത്തില്‍ തിരിച്ചുവരാനാണെന്നാണെങ്കിലും യാഥാര്‍ത്ഥ്യം അതല്ലെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. തൂക്കുസഭ വരികയും രാഷ്ട്രീയവിലപേശലില്‍ ചില്ലറ മന്ത്രിപദവികള്‍ നേടുകയും മാത്രമാണവരുടെ ലക്ഷ്യം. ഇവര്‍ക്ക് കഴിഞ്ഞതവണ കിട്ടിയത് വെറും 29 സീറ്റുകള്‍ മാത്രമാണ്. 42 സീറ്റുകൊണ്ട് 122 സീറ്റ് കിട്ടിയ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ തലങ്ങുംവിലങ്ങും ശ്രമിക്കുകയും സംസ്ഥാനത്ത് സാംസ്‌കാരികപ്രവര്‍ത്തകരും സാധാരണക്കാരുമെന്നുവേണ്ട സകലരുടെയും നേര്‍ക്ക് തോക്കുകളുമായി പാഞ്ഞടുക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ കൈകളെ ബലപ്പെടുത്തുകയാണ് മുന്‍പ്രധാനമന്ത്രി ദേവെഗൗഡയുടെ കക്ഷി ചെയ്തുകൊണ്ടിരുന്നത്. കുടക് ഉള്‍പെടുന്ന ദക്ഷിണകന്നടയില്‍ 2014ല്‍ ബി.ജെ.പിയുടെ വിജയത്തിന് സഹായിച്ചത് കോണ്‍ഗ്രസ്-എസ്.ഡി.പി.ഐ വോട്ടുഭിന്നതയായിരുന്നുവെന്നത് മറ്റൊരുദാഹരണം. ഗ്രാമീണരുടെ ദാരിദ്ര്യവും മതവികാരവും ചൂഷണംചെയ്യുന്നവരാണ് കോണ്‍ഗ്രസിനെതിരെ കാവിരാഷ്ട്രീയക്കാര്‍ക്ക് വളംനല്‍കുന്നത്. അമ്പതിടത്താണ് ബി.ജെ.പിക്ക് ഗുണംചെയ്യുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകവഴി തീവ്രരാഷ്ട്രീയക്കാരുടെ കാവിസേവ. ഇവര്‍ യു.പിയിലെ എസ്.പി-ബി.എസ്.പി കൂട്ടുകെട്ടുണ്ടാക്കിയ മതേതരവിജയം കണ്ടുപഠിക്കണം. പിന്‍വാതിലിലൂടെ ഭരണംപിടിച്ച ഗോവയും മണിപ്പൂരും മേഘാലയയുമാണ് മോദിയുടെ മനസ്സില്‍. കേട്ടാലറയ്ക്കുന്ന വാക്കസര്‍ത്തുകളാണ് ഗുജറാത്തിലേതുപോലെ ഇവിടെയും അദ്ദേഹം തട്ടിവിട്ടത്. കോണ്‍ഗ്രസ്അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും മാതാവ് സോണിയാഗാന്ധിയെയും വ്യക്തിപരമായി തേജോവധംചെയ്ത മോദിക്ക് സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് പറയാന്‍ ഒന്നുമില്ലായിരുന്നു. തന്റെ പാര്‍ട്ടിയുടെ കീഴിലെ റെഡ്ഡിസഹോദരന്മാരുടെ രാജ്യത്തെ കുപ്രസിദ്ധ ഖനിമാഫിയയെക്കുറിച്ച് ഒരക്ഷരം ഉരിയാടാനും അദ്ദേഹത്തിന് നാവ് പൊന്തിയില്ലെന്നതോ പോകട്ടെ, മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ജനപ്രിയതയുടെ നാലയലത്തുപോലും താനെത്തില്ലെന്ന് മോദി തന്റെ പ്രചാരണത്തിലുടനീളം തെളിയിക്കുകയും ചെയ്തു. ഒരു സര്‍വേയില്‍ മുഖ്യമന്ത്രിപദത്തിലേക്ക് ഏറ്റവും കൂടുതല്‍പേര്‍ പിന്തുച്ചത് സിദ്ധാരാമയ്യയെതന്നെയാണ്.

സംസ്ഥാനത്തെ പതിനാല് ശതമാനത്തോളംവരുന്ന മുസ്‌ലിംകളും പതിനേഴുശതമാനം ലിംഗായത്തുകളും 25 ശതമാനം പട്ടികജാതി -വര്‍ഗക്കാരും മറ്റുപിന്നാക്ക സമുദായങ്ങളും നേരെചൊവ്വെ ചിന്തിക്കുന്ന ഇതരനാനാജാതിമതസ്ഥരും തന്നെയാണ് മെയ് 15ലെ കന്നടഫലത്തില്‍ പ്രതിഫലിക്കുക. അതിലുള്ള വെപ്രാളമാണ് മോദിയുടെ വാക്കുകളില്‍ ഒളിഞ്ഞുകിടക്കുന്നത്. അദ്ദേഹത്തിന് താനിരിക്കുന്ന ഭരണഘടനാസ്ഥാപനത്തോടും ജുഡീഷ്യറിയോടും തെല്ലെങ്കിലും താല്‍പര്യമുണ്ടായിരുന്നെങ്കില്‍, സുപ്രീംകോടതി ആഴ്ചകള്‍ക്കുമുമ്പ് ഉത്തരവിട്ട കാവേരിനദീജലതര്‍ക്കപരിഹാരബോര്‍ഡ് രൂപീകരിക്കാതെ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് നടക്കില്ലായിരുന്നു. തമിഴ്‌നാട് കൂടിയാണ് മോദിയുടെ വരുംകാല ഉന്നം. അവിടംകൂടി പിടിച്ചാല്‍ ആന്ധ്രയില്‍ ഏതിടത്തേക്കും മാറാവുന്ന നായിഡുവും കൂടിച്ചേര്‍ന്ന് തെക്കേഇന്ത്യയില്‍ വേരുപടര്‍ത്താം. ഇതാണ് മോദി-അമിത് ഷാ ദ്വയത്തിന്റെ ലക്ഷ്യം. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പും പൗരന്റെ അവകാശത്തെ അട്ടിമറിക്കുന്ന ഫാസിസവും രാജ്യംഭരിച്ച ജനതാദള്‍പോലുള്ള പാര്‍ട്ടികള്‍ ഒരിക്കലും മറന്നുകൂടാത്തതാണ്. കോണ്‍ഗ്രസായിരിക്കണം തുടര്‍ന്നും കര്‍ണാടകവും രാജ്യവും ഭരിക്കേണ്ടതെന്ന ഉറച്ചവിശ്വാസത്തിലാണ് മതേതരചേരിയുടെ ശാക്തീകരണത്തിന് മുസ്‌ലിംലീഗ് അഹോരാത്രം പ്രവര്‍ത്തിക്കുന്നത്. ഇന്ന് പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോള്‍ മുമ്പൊരുതവണ സംഭവിച്ച കൈപ്പിഴ ആവര്‍ത്തിക്കപ്പെടരുതെന്ന ബോധ്യം എല്ലാവര്‍ക്കും വേണം. ആവോളം അത് വോട്ടര്‍മാരിലുണ്ട്. പക്ഷേ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മതേതരത്വത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നവരെ നിലംപരിശാക്കേണ്ട ഉത്തരവാദിത്തം കൂടി മതേതരവോട്ടര്‍മാരില്‍ ഭരമേല്‍പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ വിജയമാകട്ടെ കര്‍ണാകത്തിന്റെ വിജയം. അതാണ് ദക്ഷിണേന്ത്യയുടെയും രാഷ്ട്രത്തിന്റെയും പാരമ്പര്യവും.

SHARE