ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഹുങ്കില്‍ രാജ്യത്താകമാനം പ്രതിമകള്‍ തകര്‍ത്ത് ആനന്ദനൃത്തം ചവിട്ടുന്ന സംഘ്പരിവാര്‍ ഭീകരത അങ്ങേയറ്റം അപലപനീയവും ആപത്കരവുമാണ്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ പതിവ് പ്രകടനങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രതിമകളിലേക്ക് പ്രതിഷേധത്തിന്റെ വാള്‍മുന കുത്തിയത് യാദൃച്ഛികമായി കാണാനാവില്ല. വരും നാളുകളില്‍ രാജ്യത്തെയും ജനതയെയും ബി.ജെ.പി വരുതിയില്‍ നിര്‍ത്തുന്നതിന്റെ വ്യക്തമായ സൂചനകളാണ് നിലംപൊത്തിയ പ്രതിമകള്‍ വിളിച്ചുപറയുന്നത്. ഇടതു സര്‍ക്കാറിനെ മലര്‍ത്തിയടിച്ച് ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന്റെ ആവേശം ഇത്രമേല്‍ അതിരുവിട്ടത് അപകടകരമായിപ്പോയി. ത്രിപുരയില്‍ റഷ്യന്‍ വിപ്ലവ നായകനും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ വഌദിമിര്‍ ലെനിന്റെയും തമിഴ്‌നാട്ടില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെയും ഉത്തര്‍പ്രദേശില്‍ ദലിത് നേതാവും ഭരണഘടനാ ശില്‍പിയുമായ ഡോ. ബി.ആര്‍. അംബേദ്കറുടെയും പ്രതിമകള്‍ തകര്‍ത്തതോടെ സംഘ്പരിവാറിന്റെ സംഹാര മുഖം വീണ്ടും വെളിപ്പെട്ടിരിക്കുകയാണ്.
പ്രത്യയശാസ്ത്രപരമായി തങ്ങളെ എതിര്‍ക്കുന്നവരോടെല്ലാം അസഹിഷ്ണുത പ്രകടിപ്പിക്കുകയും പിന്നീട് അവരെ അരിഞ്ഞുവീഴുത്തുകയും ചെയ്യുന്നവര്‍ നിശ്ചല വ്യക്തിപ്രഭാവ രൂപങ്ങളെ ഉന്മൂലനം ചെയ്യുന്നതിന്റെ പിന്നിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഒരു തെരഞ്ഞെടുപ്പ് വിജയത്തെ അക്രമാസക്തിയുടെയും അസഹിഷ്ണുതയുടെയും പ്രത്യയശാസ്ത്രമായി വികസിപ്പിക്കുകയും അതുവഴി ആയിരം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് അസ്തിവാരമിടുകയുമാണ് ബി.ജെ.പിയുടെ ‘ഗെയിം’. ത്രിപുരയില്‍ നിന്ന് തുടങ്ങി ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ‘തെരഞ്ഞുപിടിച്ച’ സ്ഥലങ്ങളില്‍ തന്നെയാണ് ബി.ജെ.പി ഈ ‘പ്രതിമാ വിപ്ലവം’ യാഥാര്‍ത്ഥ്യമാക്കിയത്. പക്ഷെ, ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത് വിപരീത ഫലമാണുണ്ടാക്കുക എന്നതിന് ചരിത്രം സാക്ഷിയാണ്. ഇത് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇതുമൂലം പാര്‍ട്ടിക്കേറ്റ പരിക്ക് മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉടന്‍ രംഗത്തെത്തിയത് എന്ന് മനസിലാക്കാം. ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഒരുസംഘം കൊല്‍ക്കത്തയില്‍ ജനസംഘം സ്ഥാപകനും ആര്‍.എസ്.എസ് നേതാവുമായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ അലങ്കോലമാക്കിയതോടെയാണ് നരേന്ദ്ര മോദി ഇടപെട്ടതെന്ന് വ്യക്തം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ വിളിച്ച പ്രധാനമന്ത്രി, പ്രതിമ തകര്‍ക്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപയെടുക്കുമെന്നും ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും അക്രമങ്ങളിലെ കുറ്റക്കാരെ പിടികൂടണമെന്നും രാജ്‌നാഥ് സിങ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെയും ത്രിപുരയിലെയും പാര്‍ട്ടി ഘടകങ്ങളോട് സംസാരിച്ചുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്. അക്രമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും വാക്കുകളാണെന്ന് വിചാരിക്കുകയല്ലാതെ നിര്‍വാഹമില്ല. ആള്‍ക്കൂട്ട അക്രമങ്ങളില്‍ നൂറുകണക്കിനാളുകള്‍ രാജ്യത്തിന്റെ തെരുവീഥികളില്‍ അറുകൊല ചെയ്യപ്പെട്ടപ്പോഴും അസഹിഷ്ണുതയുടെ ഇരകളായി ഗോവിന്ദ പന്‍സാരെയും എം.എം കല്‍ബുര്‍ഗിയും രോഹിത് വെമുലയും ഗൗരി ലങ്കേഷും ജുനൈദുമെല്ലാം പിടഞ്ഞുവീണ് മരിച്ചപ്പോഴും പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളും വൈകിപ്പറഞ്ഞ വാക്കുകളിലെ വിശ്വാസ്യത ജനത്തിന് നന്നേ ബോധ്യമാണ്. പ്രതിഷേധങ്ങള്‍ ഭയന്നുള്ള പൊള്ളയായ വര്‍ത്തമാനങ്ങളേക്കാള്‍ മഹത്തരമല്ല ഇവരുടെ വാക്കുകളൊന്നും.
ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നല്ല പിള്ള ചമയേണ്ടതില്ല. അധികാര ദൃംഷ്ടങ്ങള്‍ അന്യന്റെ സ്വാസ്ഥ്യം കെടുത്തുന്നതില്‍ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് മാക്‌സിസവും ഫാസിസവും. ഷുഹൈബിന്റെയും സഫീറിന്റെയും കൊലപാതകങ്ങള്‍ ഇതിലെ അവസാന അടയാളങ്ങള്‍ മാത്രം. തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും ത്രിപുരയില്‍ ലെനിന്റെയും പ്രതിമകള്‍ തകര്‍ത്തതിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചുറ്റികയും പെയിന്റുമായി വന്ന ഏതാനും വിദ്യാര്‍ഥികള്‍ തെക്കന്‍ കൊല്‍ക്കത്തയിലെ ശ്മശാനത്തിലെത്തി ശ്യാമപ്രസാദ് മുഖര്‍ജിയുടെ അര്‍ധകായ പ്രതിമ അലങ്കോലമാക്കിയതും ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു സംഘം ഡോ. ബി.ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമങ്ങള്‍ക്ക് വീര്യം പകരാന്‍ ബി.ജെ.പി നേതാക്കളും ത്രിപുര ഗവര്‍ണറും നടത്തിയ പ്രസ്താവനകള്‍ നീതീകരിക്കാനാവില്ല. പിന്നീട് പലരും ഖേദം പ്രകടിപ്പിച്ചെങ്കിലും എരിതീയില്‍ ആവശ്യത്തിന് എണ്ണ പകര്‍ന്നതിനു ശേഷമായിപ്പോയി എന്നു മാത്രം. അഗര്‍ത്തലക്കടുത്തുള്ള ബെലോണിയയില്‍ ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ കൊണ്ട് വലിച്ചു താഴെയിട്ടു തകര്‍ത്തതിനെ ന്യായീകരിച്ച് ത്രിപുര ഗവര്‍ണര്‍ തതാഗത റോയ് ട്വിറ്ററില്‍ എഴുതിയത് ‘ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്ത കാര്യം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാറിന് ഇല്ലാതാക്കാം’ എന്നായിരുന്നു. കണ്ണില്‍ക്കണ്ട പ്രതിമകളെയെല്ലാം തച്ചുതകര്‍ക്കാന്‍ കച്ചകെട്ടിറങ്ങിയ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്ക് ഊര്‍ജം പകരാനാണ് ഗവര്‍ണര്‍ ഇവ്വിധം വിഷലിപ്തമായ വാചകങ്ങള്‍ ട്വീറ്റ് ചെയ്തത്. ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധാകാരമേറ്റ ശേഷമുള്ള ഭരണകൂട നടപടിയെ ന്യായീകരിച്ച് പറഞ്ഞതാണെങ്കില്‍ പൊറുക്കാമായിരുന്നു. എന്നാല്‍ ത്രിപുരയില്‍ മാത്രമല്ല, അധികാരത്തില്‍ നിന്ന് അന്യം നില്‍ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തങ്ങളുടെ ഇംഗിതത്തിനൊത്ത് തുള്ളുന്ന ഗവര്‍ണര്‍മാരെ കൊണ്ട് ബി.ജെ.പി ചുടു ചോറ് വാരിപ്പിക്കുന്ന വിധമാണിത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര വിജയം സുനിശ്ചിമാക്കുകയാണ് ഈ കുട്ടിക്കുരങ്ങന്മാരുടെ യജ്ഞം. ഇതിനെതിരെ ശക്തിപ്പെട്ടുവരുന്ന മതേതര കൂട്ടായ്്മയെ ദുര്‍ബലപ്പെടുത്തുന്ന സി.പി.എമ്മിന്റെ ഈ നിലവിളി ആരു കേള്‍ക്കാന്‍?