അഫ്ഗാനിലെ ചോരപ്പുഴ നിലയ്ക്കട്ടെ

ഒരു ലക്ഷത്തിലധികം പേരുടെ മരണത്തിനും അതിലുമെത്രയോ മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുന്നതിനും നിരവധി കുടുംബങ്ങളെ നിത്യദുരിതത്തിലേക്ക്് തള്ളിവിടുന്നതിനും കാരണഭൂതമായ അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍ (താലിബാന്‍) യുദ്ധം ഏതാണ്ട് പരിസമാപ്തിയിലേക്ക് നീങ്ങിയിരിക്കുന്നു. ശനിയാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ഗനി ബറദാറും ചേര്‍ന്ന് ഒപ്പുവെച്ച സമാധാന കരാര്‍ പ്രകാരം 14 മാസത്തിനകം അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍നിന്ന് ഒഴിഞ്ഞുപോകണം. എന്നാല്‍ കരാര്‍ താലിബാന്‍ അംഗീകരിച്ചിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും വാര്‍ത്തയുണ്ട്.

അങ്ങനെയെങ്കില്‍ ചോരപ്പുഴ അടുത്തൊന്നും നിലയ്ക്കില്ലെന്ന് ഭയപ്പെടേണ്ടതുണ്ട്. 1955 മുതല്‍ 1975വരെ നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധത്തിനുശേഷം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ യുദ്ധങ്ങളില്‍ രണ്ടാമത്തേതാണിത്. 2001 സെപ്തംബര്‍ 11ന് അമേരിക്കയുടെ വിഖ്യാതമായ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിനെതുടര്‍ന്ന് പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷ് ആരംഭിച്ച സൈനിക നടപടിയാണിന്ന് ഈ പരിണതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത.് എവിടെയെല്ലാം അമേരിക്ക അതിര്‍ത്തികടന്നുചെന്ന് യുദ്ധം ചെയ്തിട്ടുണ്ടോ അവിടെയൊന്നും ഒരു കാലത്തും ശാശ്വതമായ സമാധാനം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, പലയിടത്തുനിന്നും നാണംകെട്ട് പിന്തിരിഞ്ഞോടേണ്ടിവന്ന ചരിത്രവുംകൂടിയാണ് ആ രാജ്യത്തിനുള്ളത്. അതുപോലൊന്നാണ് അഫ്ഗാനിസ്ഥാനിലും യു.എസ് ഭരണകൂടത്തിനിന്ന് സംഭവിച്ചിരിക്കുന്നത്.

അമേരിക്കക്ക് അഫ്ഗാന്‍ യുദ്ധം വരുത്തിവെച്ച നഷ്ടം വെറും ഡോളര്‍ കണക്കില്‍മാത്രം ഒതുങ്ങുന്നതല്ല. ഒന്നും രണ്ടുമല്ല, അഹന്തയുടെയും വികാര വിക്ഷോഭത്തിന്റെയും ഇരകളായി 20 ലക്ഷം കോടി ഡോളറാണ് അവരിവിടെ കളഞ്ഞുകുളിച്ചത്. തങ്ങളുടെ കുടുംബാംഗങ്ങളെയും കുടുംബനാഥന്മാരെയും യുദ്ധത്തിനും ചോരക്കൊതിക്കും പാറ്റയെപോലെ എറിഞ്ഞുകൊടുക്കുന്നതിനെതിരെ ശക്തമായ വികാരമാണ് അമേരിക്കന്‍ ജനതക്കുള്ളത്. അവരുടെ 3500 ഓളം സൈനികരാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടത്തെ യുദ്ധത്തില്‍ അഫ്ഗാനില്‍ മരിച്ചുവീണത്. ഇതനുസരിച്ചാണ് മുന്‍ പ്രസിഡന്റ് ബറാക് ഹുസൈന്‍ ഒബാമ അഫ്ഗാനുമായി നല്ലബന്ധം സ്ഥാപിക്കുന്നതിന് ലക്ഷ്യമിട്ടത്.

എന്നാല്‍ താലിബാനുമായി യുദ്ധം തുടരേണ്ടിവരുന്നത് അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അടുപ്പിച്ചതുമില്ല. ഒളിപ്പോര്‍ യുദ്ധത്തില്‍ വിദഗ്ധരായ താലിബാനികളെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി ഏറ്റുമുട്ടുന്നത് വലിയ ബുദ്ധിമുട്ടൊന്നുമായിരുന്നില്ലതാനും. ആകെയുണ്ടായിരുന്നത്, സാധാരണ ജനങ്ങള്‍, കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ യുദ്ധത്തിനിരയാകുന്നുവെന്നതായിരുന്നു. മാര്‍ച്ച് പത്തിന് അഫ്ഗാന്‍ സര്‍ക്കാരും താലിബാനുമായി കരാറിനുള്ള ഒരുക്കവും നടന്നുവരുന്നതായാണ് റിപ്പോര്‍ട്ട്. തങ്ങളാണ് താലിബാനെ റഷ്യന്‍ അനുകൂലിയായ നജീബുല്ലയുടെ സര്‍ക്കാരിനെ അട്ടിമറിക്കാനായി രൂപവല്‍കരിച്ചതെന്ന് മുമ്പ് അമേരിക്കതന്നെ തുറന്നുസമ്മതിച്ചതാണ്.

എന്തു വീരവാദങ്ങള്‍ പറഞ്ഞാലും, അമേരിക്ക കൊലപ്പെടുത്തിയ അല്‍ഖ്വയ്ദയുടെ ഉസാമബിന്‍ ലാദന്റെയും ഐ.എസിന്റെ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെയും ഗതിയല്ല താലിബാന്റെ കാര്യത്തിലുണ്ടായിരിക്കുന്നത്. കരാര്‍ പ്രകാരം ഇരു സംഘടനകളുമായും താലിബാന് ഇനി ബന്ധം പാടില്ല. നീണ്ട 14 മാസം കരാര്‍ നടപ്പാക്കാന്‍ വേണ്ടിവരുന്നുവെന്നത് കരാറിന്റെ ഗതിയെപ്പറ്റി അല്‍പം ചില സംശയങ്ങള്‍ ജനിപ്പിക്കാതിരിക്കുന്നില്ല. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ച് അടുത്തു നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും അധികാരക്കസേര ഉറപ്പിക്കുന്നതിനായി തട്ടിക്കൂട്ടിയതാണ് കരാറെന്ന ആരോപണം വിദേശ വൃത്തങ്ങളില്‍ ശക്തമാണ്.

അമേരിക്കക്കും താലിബാനും പുറമെ ഇന്ത്യയുടെയും തുര്‍ക്കിയുടെയും താജിക്കിസ്താന്റെയും ഉസ്‌ബെക്കിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികള്‍ കരാറിന്റെ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കുകൊള്ളുകയുണ്ടായി. അഫ്ഗാനിലെ അഷ്‌റഫ് ഗനി സര്‍ക്കാരുമായി നല്ല ബന്ധത്തിലാണ് അമേരിക്കയെ പോലെതന്നെ ഇന്ത്യയും. പല വിധത്തിലുള്ള പദ്ധതികള്‍ നമുക്ക് അവരുമായുണ്ടുതാനും. ഇതാണ് നമ്മുടെ ഖത്തര്‍ പ്രതിനിധി പി.കുമാരനും കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ താലിബാനുമായി അമേരിക്കയെ പോലെതന്നെയുള്ള വിരോധമാണ് ഇന്ത്യക്കുണ്ടായിരുന്നത്. നമ്മുടെ വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയതുള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ ഇന്ത്യക്ക് മറക്കാനാകില്ല. അവിടുത്തെ സമാധാനം ഇന്ത്യക്കും നിര്‍ണായകമാകുന്നത് അതുകൊണ്ടാണ്.

താലിബാനെ അടിച്ചുനിരത്തുമെന്ന് പ്രഖ്യാപിച്ചശേഷമാണ് ട്രംപ് ഭരണകൂടത്തിന് ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ പിന്തിരിഞ്ഞോടേണ്ടിവരുന്നത്. ഇത് അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും വലിയ പരാജയം തന്നെയാണ്. അഫ്ഗാനിലെ മലനിരകളും കുന്നുകളുമാണ് ഇക്കാര്യത്തില്‍ വലിയ പരിചയമില്ലാത്ത അമേരിക്കന്‍ സൈനികരെ പ്രതിരോധത്തിലേക്ക് വലിയാന്‍ നിര്‍ബന്ധിതമാക്കിയത്. അമേരിക്കയുടേതിന് പുറമെ അതിലും കൂടുതല്‍ -17000- സൈനികര്‍കൂടി നാറ്റോ സഖ്യത്തിന്റേതായും അഫ്ഗാനിലുണ്ട്. കരാര്‍ പ്രകാരം അവരും പിന്‍വാങ്ങണം. അധികാരത്തിലേറുന്നതിനുമുമ്പ് അമേരിക്കന്‍ ജനതക്ക് നല്‍കിയ വാഗ്ദാനങ്ങളിലൊന്നാണ് ട്രംപ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്. അടുത്തിടെയാണ് സിറിയയില്‍നിന്നും തങ്ങള്‍ പിന്‍വാങ്ങുന്നതായി ട്രംപ് അറിയിച്ചത്.

ഇറാനുമായി ആരംഭിച്ചിരിക്കുന്ന ചെറിയ രീതിയിലുള്ള ആക്രമണങ്ങള്‍ വിപുലപ്പെടുത്താത്തതിനുകാരണവും തകര്‍ന്നുകൊണ്ടിരിക്കുന്ന യു.എസ് സമ്പദ് വ്യവസ്ഥയുടെമേല്‍ കൂടുതല്‍ ഭാരം കയറ്റിവെക്കരുതെന്ന ചിന്തയോടുകൂടിയാവണം. ചുരുക്കത്തില്‍ താലിബാനുവേണ്ടി കുഴിച്ച കുഴിയില്‍നിന്ന് രക്ഷപ്പെടാന്‍ വഴിതേടിയിരിക്കുകയാണ് കരാറിലൂടെ ട്രംപും അമേരിക്കയും. എന്തിനാണ് അമേരിക്ക ഇതുപോലുള്ള സ്വയം നഷ്ടവും ത്യാഗവും വരുത്തിക്കൊണ്ടുള്ള അതിസാഹസികതകളിലേക്ക് പോകുന്നതെന്നതിനെക്കുറിച്ച് ലോകം ഗൗരവമായി ചിന്തിക്കുകയാണിപ്പോള്‍. ഈ ചിന്ത അവരിലും ഉണ്ടായാല്‍ മാനവരാശിക്ക് തിന്നാനും കുടിക്കാനും പട്ടിണിപ്പാവങ്ങളെ ജീവിത പ്രയാസങ്ങളില്‍നിന്ന് കരകയറ്റാനും ഈ തുക കൊണ്ട് കഴിയും.

ഗാന്ധിജി പറഞ്ഞതുപോലെ, ഭൂമിയില്‍ മനുഷ്യര്‍ക്ക് അത്യാവശ്യത്തിനുള്ളത് ഇവിടെയുണ്ട്. മറിച്ച് ആര്‍ത്തിക്കുള്ളത് ഇല്ല. ഇതായിരിക്കട്ടെ യു.എസ് യുദ്ധനയത്തിനുമുന്നിലെ ആപ്തവാക്യം. അഫ്ഗാനിസ്ഥാനെപോലെ മിക്കവാറും കാര്‍ഷിക വൃത്തികൊണ്ടും കഠിനാധ്വാനംകൊണ്ടും ജീവിതം തള്ളിനീക്കുന്നൊരു ജനസഞ്ചയത്തിനുമേല്‍ മുന്‍കാലങ്ങളില്‍ കമ്യൂണിസ്റ്റുകള്‍ ചെയ്തതും ഇതൊക്കത്തന്നെ. ഇരുകൂട്ടര്‍ക്കുമുള്ള താക്കീതായി കരാര്‍ പര്യവസാനിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

SHARE