കോവിഡിന്റെ മറവില്‍ രാജ്യത്തെ നിര്‍ണായകവും അമൂല്യവുമായ പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യമേഖലക്ക് തീറെഴുതാന്‍ തയ്യാറെടുത്തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പിന് ആധാരമായ പ്രകൃതി സമ്പത്തിനെകൂടി സ്വകാര്യ കുത്തകലാഭക്കൊതിയന്മാര്‍ക്ക് യാതൊരുളുപ്പുമില്ലാതെ വില്‍ക്കാനൊരുങ്ങുകയാണ്. സര്‍ക്കാരിന്റെ പുതിയ പരിസ്ഥിതി ആഘാത നിര്‍ണയത്തിന്റെ (ഇ.ഐ.എ) കരടിലാണ് ഇതിനുള്ള അത്യന്തം ഗൗരവതരമായ നിര്‍ദേശങ്ങള്‍ അടങ്ങിയിരിക്കുന്നത്. ഇന്ന് നിര്‍ദേശങ്ങള്‍ അവസാനിക്കുന്ന രീതിയിലാണ് ഇ.ഐ.എ കരടിന്റെ നിര്‍ദേശങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ സമീപിച്ചിരിക്കുന്നത്. മാര്‍ച്ച് 12ന് വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച് ജൂണ്‍ 30നകം ജനങ്ങള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് തീരുമാനമായിരുന്നതെങ്കിലും പരിസ്ഥിതി പ്രേമികള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ആഗസ്ത് 11ലേക്ക് കരടു നിര്‍ദേശങ്ങളുടെ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കിയത്.
കരടിലെ നിര്‍ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍തന്നെ നാടിന്റെ നട്ടെല്ല് തകര്‍ക്കുന്നതും ഭാവിജീവിതം ദുസ്സഹമാക്കുന്നതുമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. കോണ്‍ഗ്രസ് മുതലായ രാഷ്ട്രീയ കക്ഷികളും നേതാക്കളും മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശിനെപോലുള്ളവരും ജാഗ്രതപ്പെടുത്തിയതിനെതുടര്‍ന്നാണ് ബഹുഭൂരിപക്ഷം പൊതുജനങ്ങളും കര്‍ഷകരും വിഷയത്തെക്കുറിച്ച് ഏറെക്കുറെ ബോധവാരായിരിക്കുന്നത്. ഇന്നത്തോടെ നിര്‍ദേശങ്ങള്‍ ഏറ്റുവാങ്ങിയശേഷം വൈകാതെ ഓര്‍ഡിനന്‍സിലൂടെയോ പാര്‍ലമെന്റില്‍ അവതരിപ്പിച്ചോ പരിസ്ഥിതി ഭേദഗതി നിയമം ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. കണ്ണടച്ച് പാലുകുടിക്കുന്നതുപോലെ മോദി സര്‍ക്കാരും ബി.ജെ.പിയും കുത്തകകളും ചേര്‍ന്ന് നടത്തുന്ന ഈ കൊടും ജനവഞ്ചനക്കെതിരെ നാടൊട്ടാകെ ഉണര്‍ന്നെണീല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നിലവില്‍ പരിസ്ഥിതികാനുമതി അനിവാര്യമായ ഖനികള്‍, ക്വാറികള്‍, വ്യവസായ ശാലകള്‍, വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് അതിന്റെ ആവശ്യം ഇനിയില്ലെന്നതാണ് കരടു നിയമത്തിന്റെ പ്രധാന സവിശേഷതയും വെല്ലുവിളിയും. സമീപത്ത് വസിച്ചുവരുന്ന ജനങ്ങളുടെ അനുവാദമില്ലാതെ തന്നെ ഇനി ഏത് വ്യവസായ സ്ഥാപനം തുടങ്ങാനും വിപുലീകരിക്കാനും ഭേദഗതിയിലൂടെ കഴിയും. 2006ലെ യു.പി.എ സര്‍ക്കാരിന്റെ നിയമത്തിന്റെ കാതലായ നിര്‍ദേശങ്ങളാണ് ഇതിലൂടെ വ്യതിയാനപ്പെടുത്തിയിരിക്കുന്നത്. 1986ല്‍ അന്നത്തെ രാജീവ്ഗാന്ധി സര്‍ക്കാരാണ് ഒട്ടേറെ നവീന നിര്‍ദേശങ്ങളടങ്ങുന്ന പരിസ്ഥിതി നിയമം പാസാക്കിയത്. 1984ലെ ഭോപ്പാല്‍ വാതകദുരന്തത്തെതുടര്‍ന്ന് രാജ്യത്താകെ ഉയര്‍ന്നുവന്ന കടുത്ത പ്രതിഷേധങ്ങളും സര്‍ക്കാരിന്റെ പ്രായോഗികമായ നിര്‍ദേശങ്ങളും കണക്കിലെടുത്തായിരുന്നു ഇച്ഛാശക്തിയുള്ള പുതിയ നിയമം.
രാജ്യത്തെ ഏതൊരു വ്യവസായ സ്ഥാപനവും മുന്‍കൂറായി പാരിസ്ഥികാനുമതി നേടിയിരിക്കണമെന്ന നിര്‍ബന്ധവ്യവസ്ഥയായിരുന്നു അതിലെ ശ്രദ്ധേയമായ ഘടകം. ഏതൊരാള്‍ക്കും മുമ്പത്തെപോലെ ഏതിടത്തും തോന്നിയപോലെ വ്യവസായം തുടങ്ങി പരിസ്ഥിതിയെയും സാധാരണ ജനങ്ങളെയും ദ്രോഹിക്കാമെന്ന നിലയില്ലാതായി. ഇതിന്റെ നേര്‍വിപരീതമാണ് ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്. 2017 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജ്ഞാപനപ്രകാരം പരിസ്ഥിതികാനുമതിയില്ലാതെ ആര്‍ക്കും വ്യവസായം തുടങ്ങാനാകും. വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ഉതകുന്ന നിര്‍ദേശമാണിതെന്നാണ് മോദി സര്‍ക്കാരും പരിസ്ഥിതി വനം മന്ത്രി പ്രകാശ് ജാവദേക്കറുമെല്ലാം അവകാശപ്പെടുന്നതെങ്കിലും കരടുനിയമം നടപ്പിലായാല്‍ പരിസ്ഥിതിയും അന്ത്യമായിരിക്കും സംഭവിക്കുക എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് രണ്ടഭിപ്രായമില്ല.
കരടുപ്രകാരം ഏത് സ്ഥാപനത്തിനും മുന്‍കൂട്ടി പരിസ്ഥിതി അനുമതി വാങ്ങേണ്ടതില്ല. ഏതെങ്കിലും സ്ഥാപനം പാരിസ്ഥിതിക മാനേജ്‌മെന്റ്പ്ലാന്‍ (ഇ.എം.പി) ലംഘിച്ചാല്‍ പിഴ ചുമത്തി രക്ഷപ്പെടാം. നാശനഷ്ടത്തിന്റെ ഒന്നര മുതല്‍ രണ്ടിരട്ടി സര്‍ക്കാരിന് ഈടാക്കാം. നിയമലംഘനം സ്ഥാപനത്തിന് സ്വമേധയാലോ സര്‍ക്കാരിനോ അല്ലാതെ പൗരന് ചൂണ്ടിക്കാട്ടാനാവില്ലെന്നതും ആശങ്കയുളവാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഇവിടെ ഉദിക്കുന്നേയില്ല. ജനാധിപത്യവിരുദ്ധമായ ഈ നടപടിയെ നിയമ വിരുദ്ധമെന്നാണ് സുപ്രീംകോടതി ഏപ്രില്‍ ഒന്നിലെ വിധിയില്‍ വിശേഷിപ്പിച്ചത്. സര്‍ക്കാരിന് ‘തന്ത്രപരം’ (സ്ട്രാറ്റജിക്) എന്ന പേരില്‍ 40 തരം വ്യവസായ സ്ഥാപനങ്ങളെ പാരിസ്ഥികാനുമതിയില്‍ നിന്നൊഴിവാക്കാമെന്നും കരട് പറയുന്നു. പാതകളും കുഴലുകളും ഇതില്‍ വരും. ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വരുന്ന വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കും അനുമതി ബാധകമല്ല.
ചുരുക്കത്തില്‍ നിലവില്‍ ഏതൊരു നിയമം കൊണ്ടാണോ പരിസ്ഥിതിയും ജനങ്ങളും ഇപ്പോള്‍ നിലനിന്നുപോരുന്നത് അതിനെയാകെ അപകടപ്പെടുത്തുന്നതാണ് കരട് നിര്‍ദേശങ്ങള്‍. ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തായിരിക്കും അന്തിമ നിയമം എന്ന് പറയുന്നുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ ഇദംപ്രഥമമായ സ്വകാര്യ മൂലധന വിധേയത്വവും ചങ്ങാത്ത മുതലാളിത്തവും ഈ വിഷയത്തിലും നമ്മെ തുറിച്ചുനോക്കുകയാണ്. ഇതിലൂടെ ജനങ്ങളേക്കാള്‍ തങ്ങളെ തീറ്റിപ്പോറ്റുന്ന സമ്പന്നരുടെ ഇംഗിതമാണ് നടപ്പിലാക്കപ്പെടാന്‍ പോകുന്നത്. കേന്ദ്രാനുമതിയില്ലാതെ രണ്ട് ഏക്കര്‍ വരെ വരുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാമെന്ന വ്യവസ്ഥ നിലവില്‍ തന്നെ പരിസ്ഥിതിയാഘാതം കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തില്‍ പാറമടകളുടെയും റിസോര്‍ട്ടുകളുടെയും മലവെള്ളപ്പാച്ചിലായിരിക്കും സംഭവിക്കുക. നാലു മാസത്തിലധികം സമയം ലഭിച്ചിട്ടും ഇടതു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തെ അഭിപ്രായം അറിയിച്ചില്ലെന്നത് തൊഴിലാളി വര്‍ഗമെന്ന് പറയുന്ന സി.പി.എമ്മിന്റെ പോലും കൂറ് ആരോടാണെന്നതിലേക്ക് വെളിച്ചംവീശുന്നു.
പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ആവാസ വ്യവസ്ഥിതി മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന സംഭാവനകളെക്കുറിച്ചും ഇന്നത്തെ ലോകം ഏതാണ്ടൊക്കെ ബോധവാന്മാരാണ്. ഓരോ മണിക്കൂറിലും മുളച്ചുപൊന്തുന്ന വ്യവസായശാലകളും പരിസ്ഥിതിനാശത്തിന് കാരണമാകുന്ന വന ചൂഷണവും ജീവിത സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നുവെങ്കിലും അടിസ്ഥാനപരമായി ജന്തു ജീവജാലങ്ങളുടെ നിലനില്‍പിനെയാണ് ചോദ്യംചെയ്തുകൊണ്ടിരിക്കുന്നത്. പശ്ചിമഘട്ടം പോലുള്ള മേഖലകളില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന തുടര്‍ പ്രളയവും ഉരുള്‍പൊട്ടലും വരള്‍ച്ചയുമെല്ലാം ജൈവ കാര്‍ഷിക സമ്പദ്ഘടനയെയും മനുഷ്യജീവിതത്തെയും വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കച്ചവടച്ചരക്കാകുന്ന കാലത്ത് പ്രകൃതി സമ്പത്തിനെയാകെ എന്നെന്നേക്കുമായി സ്വകാര്യതാല്‍പര്യങ്ങള്‍ക്ക് കൈമാറുക എന്നതിനര്‍ത്ഥം ഭൗമ ജീവിതം തന്നെ അപ്രത്യക്ഷമാകുമെന്നാണ്. ഇതാണ് കരടു പരിസ്ഥിതി നിയമം ഉയര്‍ത്തിവിടുന്ന വലിയ ചോദ്യശരങ്ങള്‍.