ചന്ദ്രിക 85-ാം വാര്‍ഷികത്തിന് നാളെ തലശ്ശേരിയില്‍ തുടക്കം

കണ്ണൂര്‍: ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗത്തിന്റെ ശബ്ദമായ ‘ചന്ദ്രിക’യുടെ 85ാം വാര്‍ഷികാഘോഷത്തിന് നാളെ തലശ്ശേരിയില്‍ തുടക്കം. ഉച്ചയ്ക്ക് 2.30ന് തലശ്ശേരി ടൗണ്‍ ഹാളില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പികെ കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷത വഹിക്കും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകള്‍, ചന്ദ്രിക ഫെസ്റ്റ്, പ്രവാസി സംഗമം, റീഡേഴ്‌സ് ഫോറം, ഫുഡ് ഫെസ്റ്റ്, ചരിത്ര സംഗമം, ബുക്ക് ഫെസ്റ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായെത്തും. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുല്‍ വഹാബ് എംപി, പികെകെ ബാവ, സിടി അഹമ്മദലി, വികെ അബ്ദുല്‍ ഖാദര്‍ മൗലവി, എംഎല്‍എമാരായ വികെ ഇബ്രാഹിം കുഞ്ഞ്, ടിഎ അഹമ്മദ് കബീര്‍, കെഎം ഷാജി, എന്‍എ നെല്ലിക്കുന്ന്, മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് എംസി ഖമറുദ്ദീന്‍, പിഎ ഇബ്രാഹിം ഹാജി, കെ മുഹമ്മദുണ്ണി ഹാജി, മെട്രോ മുഹമ്മദ് ഹാജി, പിഎംഎ സമീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചന്ദ്രിക എഡിറ്റര്‍ സിപി സൈതലവി ആമുഖ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന സ്‌നേഹാദരം പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ ഉദ്ഘാടനം ചെയ്യും. എംപി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. എംസി വടകര, കെപി കുഞ്ഞിമൂസ, കെകെ മുഹമ്മദ് എന്നിവര്‍ പ്രഭാഷണം നടത്തും. അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്‍ കരിം ചേലേരി, എ അബ്ദുറഹിമാന്‍, വിപി വമ്പന്‍, പൊട്ടങ്കണ്ടി അബ്ദുല്ല, അഡ്വ.പിവി സൈനുദ്ദീന്‍, അഡ്വ. കെഎ ലത്തീഫ് പങ്കെടുക്കും.

SHARE