മോദിക്കുനേരെ വളയെറിഞ്ഞ് പ്രതിഷേധം; യുവതി പോലീസ് കസ്റ്റഡിയില്‍; ദൃശ്യങ്ങള്‍ വൈറല്‍

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തില്‍ വളയേറ്. മോദി നടത്തിയ റോഡ് ഷോക്കിടെയാണ് വള ഊരിയെറിഞ്ഞ് പ്രതിഷേധവുമായി ആശാവര്‍ക്കര്‍ ചന്ദ്രിക ബെന്‍ എന്ന യുവതി രംഗത്തെത്തിയത്. തുറന്ന വാഹനത്തില്‍ വഡോദരയില്‍ റോഡ് ഷോ നടത്തുകയായിരുന്ന മോദിയുടെ മുഖത്തേക്ക് വളകളൂരി വലിച്ചെറിയുകയായിരുന്നു ചന്ദ്രികാബെന്‍.

യുവതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മോദി പെട്ടെന്ന് തന്നെ വാഹനത്തിനകത്തേക്ക് കയറി. സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തിനെ വളയുകയും ചെയ്തു. നരേന്ദ്രമോദി മൂര്‍ദാബാദ് എന്നുവിളിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രതിഷേധം. ചന്ദ്രികാബെന്നിനെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. നേരത്തെ ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ചന്ദ്രികബെന്നിനോട് തന്റെ മുന്നില്‍ പ്രതിഷേധിക്കാതെ നരേന്ദ്രമോദിയുടെ മുന്നില്‍ പ്രതിഷേധിക്കാന്‍ എം.എല്‍.എ പറഞ്ഞിരുന്നു.

മോദിയുടെ റോഡ്‌ഷോക്ക് ജനപങ്കാളിത്തം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയത്തിനുശേഷം മോദി വാരാണസിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പ്രതിഷേധം ശക്തമാണ്. ഗുജറാത്തില്‍ കഴിഞ്ഞ 22വര്‍ഷമായി ബി.ജെ.പിയാണ് അധികാരത്തിലിരിക്കുന്നത്. ഡിസംബറിലാണ് നിയമസഭാതെരഞ്ഞെടുപ്പ്.