സമാധാനപരമായ പോരാട്ടം രാജ്യരക്ഷക്ക്

പി. മുഹമ്മദ് കുട്ടശ്ശേരി
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌വേണ്ടി ജാതി മത ഭേദമന്യേ ജനങ്ങള്‍ നടത്തിയ സമരത്തിന്റെ മുന്‍പന്തിയില്‍ മുസ്‌ലിം വിശ്വാസി സമൂഹം ഉണ്ടായിരുന്നുവെന്ന ചരിത്ര സത്യം അനിഷേധ്യമാണ്. ഈ സമരത്തെ അവര്‍ മതപരമായ ബാധ്യതയും പുണ്യകര്‍മവുമായി കണ്ടതുകൊണ്ടാണ് അതിനെ ‘ജിഹാദ്’ എന്ന് വിളിച്ചത്. വിദേശാധിപത്യത്തിനെതിരിലുള്ള ഈ ജിഹാദിനെ വര്‍ണിക്കുന്നതും അതിന് ആഹ്വാനം നല്‍കുന്നതുമായ എത്ര അറബി കവിതകളാണ് അന്ന് പുറത്തുവന്നത്. ചിലതെല്ലാം വിദേശ ഭരണാധികാരികള്‍ കണ്ടുകെട്ടുകയും ചെയ്തു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ സ്വാതന്ത്ര്യം ലഭിച്ചു ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടശേഷം സ്വദേശികളായ ഭരണാധികാരികളുടെ നീതിരഹിതമായ നടപടികള്‍ക്കും നിയമങ്ങള്‍ക്കുമെതിരില്‍ ഇന്ത്യന്‍ ജനതക്കൊപ്പം വിശ്വാസികള്‍ ജിഹാദ് നടത്തുകയാണ്. എന്നാല്‍ നമസ്‌ക്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ മതപരമായ കടമകളെപ്പോലുള്ള ഒരു പുണ്യകര്‍മമാണ് ജിഹാദെങ്കിലും അത് തെറ്റിദ്ധാരണകളുടെയും ദുര്‍വ്യാഖ്യാനത്തിന്റെയും ദൂഷിത വലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. മുസ്‌ലിം സമുദായത്തിന്റെ മേല്‍വിലാസമുള്ള ചിലര്‍ നടത്തുന്ന തീവ്രവാദ – ഭീകര പ്രവര്‍ത്തനങ്ങളെ ജിഹാദ് എന്ന പേരില്‍ ന്യായീകരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരേ സമുദായത്തില്‍പെട്ടവരും വ്യത്യസ്ത സമുദായങ്ങളിലുള്ളവര്‍ തമ്മിലും പ്രണയങ്ങളും പ്രണയ വിവാഹങ്ങളും പണ്ടു മുതല്‍ക്കേ നടക്കാറുണ്ടെങ്കിലും ഇന്ന് മുസ്‌ലിം സമുദായത്തില്‍ പെട്ട പുരുഷനും മറ്റേതെങ്കിലും സമുദായത്തില്‍പെട്ട സ്ത്രീയും തമ്മില്‍ പ്രണയബദ്ധരാവുകയും വിവാഹത്തിന്മുമ്പോ ശേഷമോ അവള്‍ മതം മാറുകയുമാണെങ്കില്‍ അതിനെ ‘ലൗ ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിത്രീകരിക്കുകയാണ്.

എന്നാല്‍ എന്താണ് ജിഹാദ്. പ്രയാസം, കഴിവ് എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ജഹ്ദ്’ ‘ജുഹ്ദ്’ എന്നീ വാക്കുകളില്‍നിന്നാണ് ജിഹാദ് ഉടലെടുത്തത്. പ്രയാസങ്ങള്‍ സഹിച്ചും എതിര്‍പ്പുകള്‍ നേരിട്ടും നല്ല കാര്യം സാധിക്കുന്നതിന്‌വേണ്ടി കഠിന യത്‌നം നടത്തുക എന്ന അര്‍ത്ഥത്തിനാണ് ഈ പദം ഉപയോഗിക്കുക. വിശ്വാസത്തിന്റെ പേരില്‍ മുസ്‌ലിംകളുടെനേരെ സായുധാക്രമണമുണ്ടായപ്പോള്‍ അവര്‍ സായുധ പ്രതിരോധം നടത്തിയതിനും ജിഹാദ് എന്നാണ് പ്രയോഗിച്ചത്. അതിനാലാണ് യുദ്ധാഹ്വാനം എന്ന അര്‍ത്ഥത്തിന് ജിഹാദ് വിളി എന്ന് പ്രയോഗം വന്നത്. പ്രവാചകന്റെ മക്കാജീവിത കാലത്ത് വിശ്വാസികളുടെ നേരെ ശത്രുക്കള്‍ ആക്രമണം നടത്തിയിരുന്നുവെങ്കിലും അന്ന് സായുധ പ്രതിരോധമുണ്ടായിരുന്നില്ല. അപ്പോള്‍ അന്ന് മക്കയില്‍ അവതരിച്ച ഖുര്‍ആന്‍ വാക്യത്തില്‍ ‘നിങ്ങള്‍ അവരോട് ഖുര്‍ആന്‍ കൊണ്ട് ജിഹാദ് നടത്തുക’ എന്ന കല്‍പ്പനയുടെ പൊരുള്‍ ആശയ സമരം നടത്തുക എന്നാണ്. ഒരു യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ സൈനികരോട് പ്രവാചകന്‍ പറഞ്ഞു: ‘ചെറിയ യുദ്ധം കഴിഞ്ഞു. ഇനി നിങ്ങള്‍ വലിയ യുദ്ധത്തില്‍ ഏര്‍പ്പെടുക. ഇവിടെ ഉദ്ദേശ്യം മനുഷ്യന്‍ സ്വന്തത്തോട് നടത്തേണ്ട ജിഹാദാണ്. അതായത് ദേഹേച്ഛകള്‍, ദുര്‍വികാരങ്ങള്‍, ദുഷ്ചിന്തകള്‍, ആലസ്യം, ഭീരുത്വം തുടങ്ങിയ മാനസിക ദൗര്‍ബല്യങ്ങള്‍ക്കെതിരിലുള്ള പോരാട്ടം. ഈ ജിഹാദ് എല്ലാ കാലഘട്ടത്തിലും ഏത് നാട്ടിലും വിശ്വാസികള്‍ നിര്‍വഹിക്കേണ്ട ജിഹാദാണ്. ഇതിന്റെ അഭാവമാണ് ഇന്ന് പ്രകടമാകുന്ന ധര്‍മച്യുതി. സൈനിക സേവനത്തിന് അനുമതി ചോദിച്ച യുവാവിനോട് വൃദ്ധരായ മാതാപിതാക്കളുടെ കാര്യത്തിലായിരിക്കട്ടെ നിന്റെ ജിഹാദ് എന്നാണ് നബി പ്രസ്താവിച്ചത്.

ദൈവപ്രീതിക്കും അന്തിമ വിജയത്തിനും മനുഷ്യന്‍ അര്‍ഹനാകാന്‍ സത്യവിശ്വാസവും ധനവും ശരീരവും കൊണ്ടുള്ള ജിഹാദും വേണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. നന്മകള്‍ സ്ഥാപിക്കാനും തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യാനുമുള്ള തീവ്ര ശ്രമം ജിഹാദാണ്. വിശ്വാസികള്‍ക്ക് നേരെ ശത്രുക്കള്‍ സായുധാക്രമണം നടത്തിയപ്പോഴാണ് അവരുടെനേരെ സായുധ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നബി ആജ്ഞാപിക്കപ്പെട്ടത്. ഏത് കാലഘട്ടത്തിലും പരിതസ്ഥിതിയും ദൈവത്തിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. നീതിക്കും സ്വാതന്ത്ര്യത്തിനും സത്യത്തിനും നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനും നടത്തുന്ന ഏത് പോരാട്ടവും ദൈവ മാര്‍ഗത്തിലുള്ള സമരമാണ്. അനീതി കാണിക്കുന്ന ഭരണാധികാരിയുടെമുമ്പില്‍ സത്യത്തിന്റെ ശബ്ദമുയര്‍ത്തുന്നതിനെ ശ്രേഷ്ഠമായി ജിഹാദ് എന്നാണ് പ്രവാചകന്‍ വിശേഷിപ്പിച്ചത്.

ഈ രാജ്യത്ത് ജനിച്ചുവളര്‍ന്നവരോ വളരെ കാലമായി ഇവിടെ ജീവിക്കുന്നവരോ ആയ വിശ്വാസികള്‍ക്ക് പൗരത്വം ലഭിക്കേണ്ടത് നീതിയാണ്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുകയും മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കുകയും ചെയ്യുന്നത് തികച്ചും വിവേചനപരമായ നടപടിയാണ്. ഈ അനീതിക്കെതിരിലുള്ള സമരം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജിഹാദ് തന്നെയാണ്. സ്വാതന്ത്ര്യ സമരത്തിലെന്നപോലെ സമുദായ ഭേദമന്യെ എല്ലാവരും കൂട്ടായ സമരം നടത്തുന്നതുകൊണ്ട് അത് ജിഹാദ് അല്ലാതാവുന്നില്ല. സൗഹൃദത്തില്‍ കഴിയുന്ന ഇതര സമുദായങ്ങളുമായി കൂട്ടുചേര്‍ന്ന് നന്മയും നീതിയും സ്ഥാപിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നത് ഖുര്‍ആന്റെ നിര്‍ദേശമാണ്. മുസ്‌ലിംകളുമായി ഉള്ളില്‍ വിരോധം വെച്ച് പുലര്‍ത്തുന്നവരെയും അടുപ്പിക്കാനല്ലാതെ കൂടുതല്‍ അകല്‍ച്ച സൃഷ്ടിക്കുന്ന സമീപനരീതി പാടില്ല. മുസ്‌ലിംകളെ പ്രകോപിതരാക്കാന്‍ ഗൂഢശ്രമം നടത്തുന്ന ചിലരുണ്ട്. തിരിച്ചടിക്കാന്‍ കാരണം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ കുതന്ത്രത്തില്‍ വീഴാതിരിക്കാന്‍ ക്ഷമയും സൂക്ഷ്മതയും വിവേകവും വേണം.

‘ദൈവം നിങ്ങളെ ഭൂമിയില്‍നിന്ന് സൃഷ്ടിച്ച് അതില്‍ അധിവസിക്കുന്നവരാക്കിയിരിക്കുകയാണ്’ ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ഈ ഭൂമിയോട്, ജീവിക്കുന്ന നാടിനോട് വിശ്വാസികള്‍ക്ക് ചില കടമകളുണ്ട്. ജീവിക്കുന്ന നാടിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുംവേണ്ടി ശ്രമിക്കേണ്ടത് ധാര്‍മികബാധ്യതയാണ്. ദേശസ്‌നേഹവും ദേശീയ ബോധവും മതപരമായ ആശയങ്ങള്‍ തന്നെയാണ്. അത് സാര്‍വ ലൗകികത എന്ന ഇസ്‌ലാമിക വീക്ഷണവുമായി ഏറ്റുമുട്ടുന്നില്ല. ജന്മനാട്ടില്‍ നിന്ന് ശത്രുക്കള്‍ പുറത്താക്കിയ കാരണം സ്വദേശംവിടാന്‍ നിര്‍ബ്ബന്ധിതനായ പ്രവാചകന്‍ മക്കയുടെനേരെ മുഖം തിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ദൈവം തന്നെ സത്യം, നീ ആണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാട്. നീ ആണ് ദൈവത്തിന്റെ നാടുകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. മക്കാ, നിന്റെ ആളുകള്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും ഇവിടം വിടുമായിരുന്നില്ല.’ ദേശത്തിന്റെ ഐക്യവും സവിശേഷതയും തകര്‍ത്ത് ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച് സത്യവിശ്വാസികളായ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ നിവാസികളായ മറ്റുള്ളവരുമായി കൂട്ടുചേര്‍ന്ന് വിഫലമാക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. പക്ഷേ, അത് സമാധാനപരമായും മറ്റുള്ളവര്‍ക്ക് ഉപദ്രവമേല്‍പ്പിക്കാതെയും കുഴപ്പങ്ങള്‍ക്ക് ഇടവരുത്താതെയുമായിരിക്കണം. അപ്പോഴേ അത് ദൈവപ്രീതി നേടിത്തരുന്ന പുണ്യ ജിഹാദായി മാറുകയുള്ളൂ.