ഭൂമിക്ക് കുടചൂടാന്‍ ഒരുകോടി മരങ്ങള്‍

പിണറായി വിജയന്‍
(മുഖ്യമന്ത്രി)

ജൈവ വൈവിദ്ധ്യമാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്തത്. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന്റെ അനിവാര്യതയാണ്. മനുഷ്യന്റെ ഇടപെടലില്‍ ജൈവവൈവിധ്യങ്ങള്‍ക്ക് നാശനഷ്ടം വരുന്നു എന്നത് വസ്തുതയാണ്. അതിവര്‍ഷം, ആഗോളതാപനം, സമുദ്രങ്ങളുടെ മലിനീകരണം, മരുഭൂമിവല്‍ക്കരണം, കൊടും വരള്‍ച്ച- ഇങ്ങനെ അനേകം പ്രതിസന്ധികളെ ലോകം ഇന്ന് അഭിമുഖീകരിക്കുന്നു. ഇവ ബാധിക്കുന്നതിന് രാജ്യാതിര്‍ത്തികള്‍ തടസ്സമാകുന്നില്ല.

ഇത്തരമൊരു അവസ്ഥയില്‍ നമ്മുടെ പച്ചപ്പും ജൈവ വൈവിധ്യവും എങ്ങനെ സംരക്ഷിക്കാം എന്നതാണ് മുന്നിലുള്ള പ്രധാന പ്രശ്‌നം. ഈ പരിസ്ഥിതി ദിനത്തില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടുന്ന ഒന്നല്ല അത്. പ്രകടനപത്രികയില്‍ പരിസ്ഥിതിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ചിരുന്നു. സമഗ്രമായ പാരിസ്ഥിതിക പുനഃസ്ഥാപനത്തിനായുള്ള സമീപനമാണ് അത്.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള സുസ്ഥിര വികസന മാതൃകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ ഇടപെടുന്നത്. പ്രളയാനന്തര നവകേരള നിര്‍മാണത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയുടെ സ്വാഭാവിക നിലനില്‍പ്പുകളെ മാനിച്ചുകൊണ്ടുമുള്ള ഒരു വികസന സമീപനത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണം കേവലം യാന്ത്രികമായി നടക്കേണ്ടതല്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലെ ഇണക്കം ക്രിയാത്മകമാക്കുന്ന പ്രക്രിയയാണത്. വരും തലമുറകള്‍ക്കു വേണ്ടി കൂടിയുള്ളതാണ് ഭൂമി. ശ്വസിക്കാന്‍ ശുദ്ധവായുവും കുടിക്കാന്‍ തെളിനീരും കഴിക്കാന്‍ പോഷകസമൃദ്ധിയുള്ള ഭക്ഷണവും ഉറപ്പാക്കുന്നതിനു കൂടിയാവണം നമ്മുടെ ശ്രമങ്ങള്‍.

ജൈവവൈവിധ്യ സംരക്ഷണത്തിന്റ അനിവാര്യത ഉദ്‌ഘോഷിക്കുന്നതിനൊപ്പം പ്രകൃതിയെ തകര്‍ക്കുന്ന പ്രവണതകള്‍ക്കെതിരായ അവബോധമുണര്‍ത്തുന്നതു കൂടിയാണ് പരിസ്ഥിതി ദിനാചരണം. കേരളത്തിന്റെ ഹരിതകേരളം മിഷന്‍ അത്തരമൊരു മുന്‍കൈയാണ്. സര്‍ക്കാര്‍ പാരിസ്ഥിതിക മേഖലയില്‍ മുന്നോട്ടുവെയ്ക്കുന്ന വികസന ബദലിന്റെ ആഴവും ദീര്‍ഘവീക്ഷണവും ഉയര്‍ത്തിപ്പിടിക്കുന്ന ദൗത്യമാണ് മിഷന്റേത്. കേരളത്തിന്റെ സവിശേഷതകളായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജല സമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നിവയാണ് ഹരിത കേരളം മിഷന്റെ മുഖ്യ ലക്ഷ്യങ്ങള്‍. ഭൂമിയും മണ്ണും വായുവും ജലവും മലിനമാക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്ന സുസ്ഥിര വികസന പരിപ്രേക്ഷ്യം കേരളത്തിന്റെ പാരിസ്ഥിതിക സമനില വീണ്ടെടുക്കുന്നതില്‍ ഏറ്റവും പ്രധാനമാണ്.

പരിസ്ഥിതിയും ജീവജാലങ്ങളും തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ ചൈതന്യവത്താക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും ഫലവൃക്ഷങ്ങള്‍, വിവിധോദ്ദേശ്യ വൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ വെച്ചുപിടിപ്പിക്കുന്നതും ഹരിത കേരളം മിഷന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു. ഇതിന്റെ ഭാഗമായി കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനവല്‍ക്കരണ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പ്രധാനമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. 2016-17ല്‍ 86 ലക്ഷം വൃക്ഷത്തൈകള്‍ ഇങ്ങനെ കേരളത്തില്‍ നട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നടുന്ന പദ്ധതി നടപ്പാക്കി.

തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലെ പ്രളയം തൈകളുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ നേതൃത്വത്തില്‍ ഭൂമി കണ്ടെത്തി, തദ്ദേശീയമായ ജൈവ വൈവിദ്ധ്യം സംരക്ഷിക്കാന്‍ ഉതകുന്ന വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുകയും ജൈവ വേലിയടക്കം സ്ഥാപിച്ച് പരിപാലിക്കുകയും ചെയ്യുന്നതാണ് പച്ചത്തുരുത്ത്.

കാവുകളുടെയും കണ്ടല്‍കാടുകളുടെയും സംരക്ഷണവും പച്ചത്തുരുത്ത് പദ്ധതിയില്‍ ഉള്‍പ്പെടും. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, കോട്ടയം ജില്ലയിലെ എലിക്കുളം എന്നിവ എല്ലാ വാര്‍ഡിലും പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച് സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് പഞ്ചായത്തുകളായി മാറി. ഈ മാസം തിരുവനന്തപുരം ജില്ല എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്ത് സ്ഥാപിക്കുന്ന ആദ്യത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്തു ജില്ലയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്. 370 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 536 ഏക്കര്‍ ഭൂമിയില്‍ 627 പച്ചത്തുരുത്തുകള്‍ നിലവില്‍ വന്നുകഴിഞ്ഞു. ഈ മാസം കൊണ്ട് അത് ആയിരമായി മാറും. ഫലവൃക്ഷങ്ങള്‍, ഔഷധ വൃക്ഷങ്ങള്‍ തുടങ്ങി ഓരോ പ്രദേശത്തെയും ജൈവ വൈവിദ്ധ്യം സംരക്ഷിച്ചു കൊണ്ടുള്ള വൃക്ഷങ്ങളാണ് പച്ചത്തുരുത്തുകളില്‍ വളരുക.
പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കേരളത്തിന്റെ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സമഗ്രവും കാര്യക്ഷമവും ആകേണ്ടതുണ്ട്. ഇതിനായി ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചെറിയ കാലയളവിനുള്ളില്‍ നാലുദുരന്തങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത ജനതയാണ് നമ്മുടേത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സംഭവിച്ച രണ്ടു പ്രളയങ്ങള്‍, ഒരു ചുഴലിക്കാറ്റ്, നിപ്പ വൈറസ് ബാധ എന്നിവയാണ് കേരളത്തെ പിടിച്ചുലച്ചത്. അസൂയാവഹമായ ഒരുമയോടെയാണ് അതിനെയൊക്കെ നാം നേരിട്ടത്. ഇവയില്‍ ഏറ്റവും വലിയ ആഘാതം നമുക്കുണ്ടായത് 2018ല്‍ സംഭവിച്ച നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയത്തെ തുടര്‍ന്നാണ്. അതില്‍ നിന്നും വളരെ പെട്ടന്ന് നാം കരകയറിയെങ്കിലും പ്രളയത്തില്‍ തകര്‍ന്നുപോയ കേരളത്തെ പുനര്‍നിര്‍മിക്കുക എന്ന വലിയ ദൗത്യം നമുക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

അതിനിടയിലാണ് കോവിഡ് 19 മഹാമാരി വന്നത്. ലോകത്തിന്റെയാകെ ഗതിയെ മാറ്റിമറിക്കുന്ന കോവിഡിനെതിരായ പോരാട്ടത്തിലാണ് ഇന്ന് നാം. മനുഷ്യന്റെ അവശ്യ സര്‍വീസുകള്‍ ഒഴിച്ച് വ്യാവസായിക, വാണിജ്യ, ഗതാഗത പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെട്ടിരിക്കുന്നു. കാര്‍ഷികമേഖലയില്‍ സ്തംഭനമുണ്ടായി. ജനങ്ങളുടെ വരുമാനം നിലച്ചു. ലോകമഹായുദ്ധങ്ങളുടേതിന് താരതമ്യം ചെയ്യാവുന്ന ആഘാതമാണ് കൊറോണ വൈറസ് മനുഷ്യരാശിക്കുമേല്‍ ഏല്‍പിച്ചത്. ഇനിയുള്ള നമ്മുടെ പരിസ്ഥിതി ഇടപെടലുകള്‍ അതിനനുസൃതമായതു കൂടിയാവണം.

ഈ വര്‍ഷം ഒരുകോടി 9 ലക്ഷം വൃക്ഷത്തൈകള്‍ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഇന്ന് 81 ലക്ഷം തൈകള്‍ നടും. ജൂലൈ ഒന്നുമുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ 28 ലക്ഷം തൈകള്‍ നടും. കൃഷിവകുപ്പും വനംവകുപ്പും ചേര്‍ന്നാണ് തൈകള്‍ തയ്യാറാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ 12 ലക്ഷം തൈകള്‍ ഒരുക്കി. പ്ലാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, ഓറഞ്ച് തുടങ്ങിയവയുടെ തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. ‘ഭൂമിക്ക് കുടചൂടാന്‍ ഒരുകോടി മരങ്ങള്‍’ എന്ന ശീര്‍ഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കോവിഡാനന്തര കേരളം ഭക്ഷ്യസുരക്ഷയില്‍ പിന്നാക്കം പോകരുത് എന്ന കാഴ്ചപ്പാടാണ് സുഭിക്ഷ കേരളം പദ്ധതിയിലേക്ക് സര്‍ക്കാരിനെ നയിച്ചത്. തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക, ഉല്‍പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന-മത്സ്യബന്ധന മേഖലകള്‍ അഭിവൃദ്ധിപ്പെടുത്തുക എന്നിവയാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ലക്ഷ്യം. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിക്കായി അടുത്ത ഒരുവര്‍ഷം 3680 കോടി രൂപയാണ് ചെലവിടുക. തീര്‍ച്ചയായും കേരളത്തിന്റെ പാരിസ്ഥിതിക സംരക്ഷണത്തിന് പ്രധാന സംഭാവന ഈ പദ്ധതിക്ക് നല്‍കാനാവും.

പ്രകൃതി വിഭവങ്ങള്‍ ആവശ്യത്തിനുമാത്രം വിനിയോഗിച്ചും അവയുടെ തുല്യവിതരണം ഉറപ്പാക്കിയുമാണ് നാം മുന്നോട്ടുപോകുന്നത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ജൈവവൈവിധ്യത്തിന്മേലുള്ള ആഘാതം കുറച്ചുകൊണ്ടുവരാനും നമുക്ക് കഴിയുന്നു. ഖരമാലിന്യങ്ങളുടെ ശേഖരണവും അതിന്റെ സംസ്‌കരണവും നമുക്ക് പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മാലിന്യനിര്‍മാര്‍ജനം പ്രധാന ലക്ഷ്യങ്ങളിലൊന്നായി നാം കാണുന്നു. വെല്ലുവിളികള്‍ക്കു മുന്നില്‍ പതറിനില്‍ക്കുകയല്ല നാം. അവ മറികടന്ന് മുന്നേറാന്‍ സര്‍വ കരുത്തും സമാഹരിക്കുകയാണ്. ഈ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിന്റെ മണ്ണിലേക്ക് ഇറങ്ങുന്ന ഒരുകോടി വൃക്ഷവേരുകള്‍ നമ്മുടെ നല്ല നാളേക്കുള്ള ഉറപ്പാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള കേരളത്തിന്റെ ഈടുമാണ്.

SHARE