മഞ്ഞലോഹത്തില്‍ ഒളിപ്പിക്കാനാവുമോ രാജ്യദ്രോഹം

അഹമ്മദ് ഷരീഫ് പി.വി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തെറിച്ചതോടെ ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ്. സോളാര്‍ കേസില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് നടത്തിയ അപസര്‍പ്പക കഥകളെ പോലെ ലളിതമായ ഒരു കേസല്ല സ്വര്‍ണക്കടത്തെന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നതാണ്. വിമാനത്താവളത്തിനകത്ത് ഒരു വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റിന് ലഭിക്കുന്ന പ്രത്യേക നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്തു നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നത് അതീവ ഗൗരവതരമായ വിഷയമാണ്.

ഇതോടൊപ്പം മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനുമായുള്ള വ്യക്തി ബന്ധവും കേസിനെ ഗൗരവമുള്ളതാക്കുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധത്തെ പോലും ബാധിക്കുന്ന വിഷയമാണിത്. മറ്റൊരു രാജ്യത്തിന്റെ കോണ്‍സുലേറ്റിനെ ഇത്തരത്തില്‍ കള്ളക്കടത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ പ്രതികള്‍ക്ക് ധൈര്യവും പിന്തുണയും ലഭിക്കുന്നുണ്ടെങ്കില്‍ അത് ആര്?, എവിടെ നിന്ന് ? തുടങ്ങിയ കാര്യങ്ങളിലേക്ക് അന്വേഷണം വ്യാപിക്കേണ്ടതുണ്ട്. ചെറിയ ഇടങ്ങളില്‍ നിന്നായിരിക്കില്ല ഇതിനുള്ള പിന്തുണയെന്നത് വ്യക്തം. കൊമ്പന്‍ സ്രാവുകള്‍ തന്നെ ഇതിനു പിന്നില്‍ ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആദ്യമായല്ല കോണ്‍സുലേറ്റിന്റെ രാജപാതയെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതെന്നത് ഉറപ്പാണ്. എങ്കില്‍ എന്നുമുതല്‍?, ആര്‍ക്കു വേണ്ടി? എന്നതും പുറത്തു വരേണ്ടതാണ്. പിടിക്കപ്പെട്ടവരുടെ ബന്ധങ്ങള്‍ ചെറുതല്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

സ്വര്‍ണക്കടത്തും നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്യുന്നതും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന തരത്തിലുള്ള രാജ്യദ്രോഹ കുറ്റമാണ്. ഈ കേസിനെ അത്തരത്തില്‍ തന്നെ സമീപിക്കേണ്ടതുമാണ്. കേവലം ലഘു ലേഖകളും പുസ്തകങ്ങളും കൈവശം വെച്ചുവെന്നതിന്റെ പേരില്‍ ഒരു വിഭാഗത്തിന് മാത്രം യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചാര്‍ത്തി രാജ്യദ്രോഹ കുറ്റത്തിന്റെ ചാപ്പ ചുമത്തുമ്പോഴാണ് സ്വര്‍ണക്കള്ളക്കടത്തടക്കമുള്ള അതീവ ഗൗരവ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ അധികാരത്തിന്റെ ഉന്നത ഇടനാഴികളില്‍ സസുഖം വാഴുന്നത്. ഇത്തരക്കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു വിചാരണ നടത്തണം.

സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന സുരേഷെന്ന മുഖ്യപ്രതിയെ ചേര്‍ത്ത് അപസര്‍പ്പക കഥകള്‍ നെയ്ത് രക്ഷപ്പെടാന്‍ പഴുതു നല്‍കേണ്ട നിസാര കുറ്റമല്ല. ഇത്തരത്തിലുള്ള കഥകള്‍ക്കു പിന്നാലെ പോകുമ്പോള്‍ അത് രക്ഷപ്പെടാന്‍ കാത്തിരിക്കുന്ന അതീവ കൗശലക്കാരായ പ്രതികള്‍ക്ക് വഴി തുറന്നുകൊടുക്കലുമാകും. തിരുവന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേവലമൊരു രാഷ്ട്രീയ വിവാദം മാത്രമായി എരിഞ്ഞടങ്ങേണ്ടതുമല്ല. അതു കൊണ്ട് തന്നെ കേസ് അടിയന്തരമായി സിബിഐയെ ഏല്‍പിക്കേണ്ടതുണ്ട്.

അഴിമതി വിരുദ്ധമുദ്രാവാക്യവുമായി ഭരണത്തിലേറിയ സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി നേരിടേണ്ടി വരുന്ന ഞെട്ടലിലാണ് ഇടതുകേന്ദ്രങ്ങള്‍. സ്വര്‍ണക്കടത്തുകേസ് പ്രതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി തെറിച്ചത് സര്‍ക്കാരിനുണ്ടാക്കിയ പ്രതിച്ഛായ നഷ്ടം ചെറുതല്ല. ബവ്‌കോ, ഇമൊബിലിറ്റി, പമ്പയിലെ മണല്‍ കടത്ത് സ്പ്രിക്ലര്‍, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്, ഇ മൊബിലിറ്റി തുടങ്ങി അഴിമതിക്കഥകള്‍ പുറത്തു വരുമ്പോഴെല്ലാം പി.ആര്‍ ഏജന്‍സികളുടെ സഹായത്തോടെ തുടര്‍ ഭരണമെന്ന മിഥ്യാബോധം ഉണ്ടാക്കി പോകുന്ന സര്‍ക്കാരിനും ഇടതുമുന്നണിക്കും മുന്നോട്ടുള്ള മാര്‍ഗം ഇനി എളുപ്പമാവില്ല.

ബന്ധുനിയമനവിവാദം, ഫോണ്‍കെണി, നിലംനികത്തല്‍ തുടങ്ങിയ കേസുകളില്‍ പെട്ട് നേരത്തെ തന്നെ ഈ മന്ത്രിസഭയിലെ പല വിക്കറ്റുകളും വീണതാണെങ്കിലും നിനച്ചിരിക്കാത്ത സമയത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറി പുറത്താവുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം വലുതാണ്. കേവലമൊരു സെക്രട്ടറി എന്നതിലുപരിയായി അധികാരത്തിലെത്തിയത് മുതല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു എം ശിവശങ്കര്‍. സ്പ്രിംക്ലറിലടക്കം പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലൊന്നും ശിവശങ്കറിനെ തള്ളിപ്പറയാന്‍ ഒരിക്കല്‍ പോലും മുഖ്യമന്ത്രി മുതിര്‍ന്നിട്ടില്ല . പക്ഷെ സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റ മുന സ്വന്തം ഓഫീസിന് നേരെ തിരിഞ്ഞതോടെ മുഖ്യമന്ത്രി ഇപ്പോള്‍ നടത്തിയത് വെറും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.

കേവലമൊരു കോണ്‍ട്രാക്റ്റ് ജീവനക്കാരി എന്ന നിലക്കാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആരോപണ വിധേയയായ സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇവരുടെ നിയമനം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വെറുമൊരു കോണ്‍ട്രാക്റ്റ് ജീവനക്കാരി അല്ല താനെന്നു അവരുടെ വിസിറ്റിങ് കാര്‍ഡ് മാത്രം പരിശോധിച്ചാല്‍ വ്യക്തമാകും. കേരള സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് മുഖാന്തരം ഓപ്പറേഷന്‍സ് തസ്തികയില്‍ ഇന്റര്‍വ്യൂ ഇല്ലാതെ ഉന്നത ശമ്പളത്തില്‍ നിയമിച്ച വ്യക്തിയുടെ വിസിറ്റിങ് കാര്‍ഡിലുള്ളത് സര്‍ക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫിഷ്യല്‍ ഇമെയില്‍ ഐഡി, ഒഫിഷ്യല്‍ ഫോണ്‍, സെക്രട്ടറിയേറ്റിനു എതിര്‍വശം കിഫ്ബി ബില്‍ഡിങ്ങില്‍ വിശാലമായ ഓഫിസ് തുടങ്ങിയ കാര്യങ്ങളാണ്.

ആറ് മാസം മുന്‍പ് യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്‌ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന ഐടി വകുപ്പിലെ സ്‌പെയ്‌സ് പാര്‍ക്കില്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റായി കരാര്‍ നിയമനം നേടിയത് ഇമൊബിലിറ്റി പദ്ധതിയില്‍ ആരോപണം നേരിടുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ശുപാര്‍ശയിലാണ്. ഇക്കാര്യത്തെ കുറിച്ചും അന്വേഷണം ഉയരേണ്ടതുണ്ട്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് മാത്രമല്ല അന്വേഷണം നടക്കേണ്ടത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഐ.എ.എസിന്റെ പ്രവര്‍ത്തനം, സ്വപ്‌ന സുരേഷ് സര്‍ക്കാരിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം അന്വേഷണ വിധേയമാക്കണം. സ്പ്രിങ്ങഌറും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറുമെല്ലാം അന്വേഷിക്കണം. സ്വര്‍ണ്ണ കടത്ത് നടത്തിയ സ്വപ്‌ന സര്‍ക്കാര്‍ ഓഫീസില്‍ ഇരുന്ന് എന്തെല്ലാം ഇടപാടുകള്‍ നടത്തിയിട്ടുണ്ടാകും. അങ്ങനെയൊരു വ്യക്തിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഉദ്ദ്യോഗസ്ഥന്റെ ബന്ധങ്ങളും സംശയ നിഴയിലായിട്ടുണ്ട്. സ്പ്രിന്‍ക്ലര്‍ തൊട്ട് പ്രൈസ് വാട്ടറും സ്‌പേസ് പാര്‍ക്കും വരെയുള്ള സ്ഥാപനങ്ങള്‍ വിവാദ വലക്കണ്ണികള്‍ മുറുക്കുമ്പോള്‍ ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിക്കും പരിശോധിക്കേണ്ടി വരും.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെക്കുറിച്ച് സോളാര്‍കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവര്‍മ്മ ദേശാഭിമാനിയില്‍ എഴുതിയ ‘തെളിവുകളുടെ പത്മവ്യൂഹം’ എന്ന വാര്‍ത്താ പരമ്പരയില്‍ 2013 ജൂണ്‍ 22ന് ‘സൂചിമുന മുഖ്യമന്ത്രിയിലേക്ക്’ എന്നൊരു ലേഖനം ഉണ്ടായിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നായിരുന്നു സി.പി.എമ്മിന്റെയും ദേശാഭിമാനിയുടെയും പ്രഭാവര്‍മ്മയുടെയും അന്നത്തെ കണ്ടുപിടുത്തവും നിലപാടും. ആ ന്യായമാണ് ഇവര്‍ ഇപ്പോഴും പിന്തുടരുന്നതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിക്ക് അല്ലേ എന്ന പ്രസക്തമായ ചോദ്യവും ഇവിടെ ഉയരുന്നു.

കോടികളുടെ കള്ളക്കടത്തില്‍ കണ്ണിയായ പ്ലസ് ടു യോഗ്യത മാത്രമുള്ള, വ്യാജ രേഖാ കേസിലെ കുറ്റാരോപിതയെ ഐ.ടി വകുപ്പില്‍ ഉന്നത പദവിയില്‍ നിയമിച്ചു എന്നാണ് ശിവശങ്കറിനെ മാറ്റി നിര്‍ത്താന്‍ കാരണമായി സര്‍ക്കാര്‍ ഇപ്പോള്‍ ആരോപിച്ച കുറ്റം. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന കാര്യത്തില്‍ സംശയമില്ല. സെക്രട്ടറി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താല്‍ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. സ്പ്രിങ്കഌ അടക്കമുള്ള വിഷയങ്ങളില്‍ സുതാര്യമല്ലാത്ത നടപടികള്‍ക്ക് പ്രതിക്കുട്ടിലായ ഒരു വകുപ്പ് സെക്രട്ടറി വീണ്ടും സുതാര്യമല്ലാത്ത പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നത് കണ്ടിട്ടും അദ്ദേഹത്തെ അതേ വകുപ്പില്‍ ഇത്രയും കാലം സംരക്ഷിച്ചു നിര്‍ത്താന്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രിയേയും പ്രേരിപ്പിച്ചത്് എന്തെന്നത് ഉത്തരം തേടേണ്ട ചോദ്യം തന്നെയാണ്.

SHARE