മുഖ്യമന്ത്രിയുടെ ഓഫീസ് ഏറ്റുവാങ്ങുന്നത് പാപത്തിന്റെ ശമ്പളം

ഹാരിസ് മടവൂര്‍

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെതിരെ ഉന്നയിച്ച പിത്യശൂന്യമായ ആരോപണത്തിന്റെ പാപഭാരമാണ് പിണറായിയുടെ ഓഫീസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങളായിരുന്നെങ്കില്‍ ഇന്ന് ഒന്നിനു പുറമെ ഒന്നായി വരുന്ന ആരോപണങ്ങളെല്ലാം കൂടുതല്‍ കൂടുതല്‍ കാമ്പും കുരുക്കുമുള്ളതാണ്. ഇന്നലെ പുറത്തു വന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി 30 കിലോ സ്വര്‍ണം കാത്തിയതുമായി ബന്ധപ്പെട്ടതാണ് പുതിയ സംഭവം.

ഈ കേസില്‍ അറസ്റ്റിലായ യു.എ.ഇ കോണ്‍സിലേറ്റിലെ മുന്‍ പി.ആര്‍.ഒ സരിത് കുമാറിനെ കസ്റ്റംസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തില്‍ പിണറായിയുടെ ഓഫീസിലേക്ക് വിരല്‍ ചൂണ്ടലുണ്ടാവുന്നത്. പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിന്റെ സംഭവത്തിലെ പങ്ക് വ്യക്തമായിരിക്കുകയാണ്. ഐ.ടി വകുപ്പിന് ഏറ്റവും പ്രധാനപ്പെട്ട സ്‌പേസ് പാര്‍ക്ക് പദ്ധതിയിലെ ഓപ്പറേഷന്‍ മാനേജരായിരുന്നു ഇവരെന്നതാണ് ആ വകുപ്പിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. ഐ.ടി വകുപ്പിന്റെ വിവിധ ചടങ്ങുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്തായി ഇവര്‍ സ്ഥാനം പിടിച്ചിട്ടുള്ള നിരവധി ചിത്രങ്ങള്‍ പുറത്തു വന്നതും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യു.എ.ഇ യാത്രകളിലെ ഇവരുടെ സ്ഥിരം സാന്നിധ്യവും സര്‍ക്കാറിനു മേല്‍ കുരുക്കു മുറുക്കുകയാണ്.

ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട ദുരൂഹതകളും സര്‍ക്കാറിനെ പ്രതിസ്ഥാനത്തു നിര്‍ത്തുകയാണ്. മുന്‍പ് എയര്‍ ഇന്ത്യ സാറ്റ് സില്‍ ആറു മാസത്തോളം ട്രെയിനര്‍ ആയിരുന്ന സമയത്ത് അവിടെ വ്യാജ രേഖ ചമച്ച കേസില്‍ അന്വേഷണം നടക്കുകുയുമാണ്. ഇങ്ങനെ ഒരു കേസ് നേരിടുന്ന ആള്‍ എങ്ങനെ സര്‍ക്കാറിന്റെ ഇത്രയും തന്ത്രപ്രധാനമായ ഒരു പോസ്റ്റില്‍ വന്നു എന്നതും ഏറെ ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയും പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ ശിവശങ്കര്‍ക്ക് ഇവരുമായുള്ള സൗഹൃദവും പുറത്തു വന്നിരിക്കുകയാണ്. സ്വപ്‌നയുടെ ഫ്‌ലാറ്റില്‍ ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് ഫഌറ്റിലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

സ്പ്രിങ്കഌ ഇടപാടില്‍ സംശയത്തിന്റെ നിഴലിലായിരുന്നിട്ട് പോലും ഐ.ടി സെക്രട്ടറിയെ സംരക്ഷിക്കാന്‍ തയ്യാറായ മുഖ്യമന്ത്രി ഇപ്പോള്‍ ഒട്ടും സമയം പാഴാക്കാതെ അദ്ദേഹത്തെ പുറത്താക്കിയത് അപകടം മണക്കുന്നത് കണ്ടു കൊണ്ടാണ്. കഴിഞ്ഞ ദിവസം സ്വപന സുരേഷിനെ ഇതേ രീതിയില്‍ പുറത്താക്കി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ശ്രമിച്ചു നോക്കിയെങ്കിലും രക്ഷപെടാനാവില്ലെന്ന് ബോധ്യം വന്നതിനാലാണ് ശിവശങ്കറിലേക്കും നടപടി നീണ്ടത്. സ്വപ്‌ന സുരേഷിനെ കുറിച്ചോ അവരുടെ നിയമനത്തെ കുറിച്ചോ ഞാനൊന്നുമറിയില്ലേ രാമനാരായണ നയം സ്വീകരിക്കുന്ന മുഖ്യന്‍ എങ്കില്‍ എന്തിന് അവരെ തിടുക്കപ്പെട്ട് പുറത്താക്കി എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയുന്നില്ല.

ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഐ.ടി വകുപ്പ് കേന്ദ്രീകരിച്ച് ദുരൂഹമായ ഇടപാടുകളാണ് നടന്ന് കൊണ്ടിരിക്കുന്നത് എന്നതാണ് സ്വര്‍ണക്കടത്ത് സംഭവവും വ്യക്തമാക്കുന്നത്. ഈ കോ വിഡ് കാലത്തുപോലും ഈ രീതിയിലാണ് കാര്യങ്ങളെങ്കില്‍ മുന്‍ കാലങ്ങളില്‍ ഈ ഓഫീസ് കേന്ദ്രീകരിച്ച് എന്തെല്ലാം നിയമവിരുദ്ധ ഇടപാടുകള്‍ നടന്നിട്ടുണ്ടാവും എന്ന് കേരളം സ്വാഭാവികമായി ചിന്തിച്ചു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത് പോലെ ഈ സംശയങ്ങളെല്ലാം ദൂരീകരിക്കപ്പെടാന്‍ ഒരു സി.ബി.ഐ അന്വേഷണം തന്നെ ആവശ്യമായി വന്നിരിക്കുകയാണ്. ഒരു സ്ത്രീ തന്റെ ഓഫീസില്‍ കയറിയിറങ്ങിയതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് അടിസ്ഥാനമില്ലാത്ത ആരോപണ ശരങ്ങള്‍ എയ്തു വിടുകയും സംസ്ഥാനത്തെ ക്രമസമാധാനമുള്‍പ്പെടെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇടതുപക്ഷവും പ്രത്യേകിച്ച് സി.പി.എമ്മും ഇക്കാര്യത്തില്‍ വെച്ച് പുലര്‍ത്തുന്നത് ക്രൂര മൗനമാണ്. ഇതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് സി.പി.എം നേതാക്കള്‍ വിട്ടു നില്‍ക്കുന്നതും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാത്തതും കണ്ണടച്ചു ഇരുട്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ രാഷ്ട്രീയ കേരളത്തിന്റെ നൂറായിരം ചോദ്യങ്ങള്‍ക്ക് മുന്നില്‍ വരും ദിവസങ്ങളില്‍ അവര്‍ക്ക് മൗനം ഭഞ്ജിക്കേണ്ടി വരും. തീര്‍ച്ച.

SHARE