സ്വര്‍ണപ്പിണര്‍

കെ.ബി.എ. കരീം

ദൈവം ഉണ്ടെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയുന്നത് കറകളഞ്ഞ സഖാകളാണ്. സ്വന്തം നേതാവ് മിന്നല്‍പ്പിണറായിയില്‍ നിന്ന് സ്വര്‍ണപ്പിണറായിയായി മാറിയതില്‍ സഖാക്കള്‍ നിരാശരാണെങ്കില്‍ മുഖ്യമന്ത്രീ താങ്കള്‍ അറിയണം, കോടികള്‍ മുടക്കി പി.ആര്‍ വര്‍ക്കിലൂടെ നിങ്ങള്‍ പടുത്തുയര്‍ത്തിയ പ്രതിഛായയുടെ ചീട്ടുകൊട്ടാരം തകര്‍ന്ന് തരിപ്പണമായിരിക്കയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നേതാവിനെ സരിത എന്ന സ്വപ്‌നസുന്ദരിയുടെ സാരിത്തുമ്പില്‍ ബന്ധിപ്പിച്ച് സി.പി.എമ്മും പിണറായിയും നടത്തിയ പൈങ്കിളി നാടകങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി ലഭിച്ചിരിക്കുയാണ്. സരിതയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഒരേ ഒരു ഫോട്ടോഗ്രാഫ് ഉപയോഗിച്ച് സഖാക്കള്‍ തലങ്ങും വിലങ്ങും നടത്തിയ അവിശുദ്ധ ഇടപെടലുകള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് സ്വപ്‌ന സുരേഷിലൂടെ പിണറായിയും സി.പി.എമ്മും അനുഭവിക്കുന്നത്.

യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും ഇരട്ടച്ചങ്കന്റെ മര്‍മത്ത് കൊള്ളുമ്പോള്‍ കൊടിമൂത്ത സഖാക്കള്‍ പോലും വിളിച്ചു പോകുകയാണ് ദൈവമേ എന്ന്. ദൈവമുണ്ടെന്ന് മനസിലായെന്ന് രഹസ്യമായെങ്കിലും അവര്‍ സമ്മതിക്കുന്നത് സംഭവ വികാസങ്ങളുടെ സമാനത ഒന്നുകൊണ്ടുമാത്രമാണ്. നിനച്ചിരിക്കാതെ കിട്ടിയ തിരിച്ചടിയില്‍ സി.പി.എമ്മും പിണറായിയും വെട്ടിവിയര്‍ക്കുകയാണ്. സ്പ്രിങ്കഌ മുതല്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് വരെ പരിശോധിച്ചാല്‍ ഒരു സഖാവിന് ചേരാത്ത ആഡംബര പ്രമത്തയാണ് പിണറായി വഴി സി.പി.എമ്മിനെ പടികൂടിയിരിക്കുന്നതെന്ന് വ്യക്തമാണ്. സഖാവ് പിണറായയില്‍ നിന്ന് സ്വര്‍ണപ്പിണറായിയിലേക്കുള്ള രൂപമാറ്റം കണ്ട് പ്രബുദ്ധ കേരളജനത സ്തബ്ദ്ധരായി നില്‍ക്കുമ്പോള്‍ സകല വിമര്‍ശനങ്ങളേയും ധാര്‍ഷ്ട്യംകൊണ്ട് നേരിടുന്ന മുഖ്യമന്ത്രിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായിരിക്കയാണ്.

1957ല്‍ കേരളത്തില്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത് മുതല്‍ ഇതുവരെ നായനാരുടേയും അച്യുതാനന്ദന്റേയും നേതൃത്വത്തിലുള്‍പ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ സംസ്ഥാനത്ത് അധികാരമേറ്റിട്ടുണ്ട്. പശ്ചിമബംഗാളിലും ത്രിപുരയിലും പലതവണ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ അധികാരത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടുന്നത്. സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതുകൊണ്ട് തന്നെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

ഏതു കേസും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നെന്ന് പിണറായി വിജയന്‍ പറഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റേണ്ടിവന്നത്. കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കേണ്ടിവരുന്നത് സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമാണ്. പുതിയ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന്റെ തലയില്‍ വെച്ച് രക്ഷപ്പെടാനും മുഖ്യമന്ത്രിക്കാവില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയതുവഴി കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പകല്‍പോലെ വ്യക്തമായിരിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സരിതയുടെ ആരോപണത്തില്‍ രാജ്യം കണ്ടിട്ടില്ലാത്ത തരത്തിലുള്ള സമരമുറകള്‍ ആവിഷ്‌ക്കരിച്ച പിണറായി വിജയന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയായി തുടരാതിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാത്തത് രാഷ്ട്രീയ പാപ്പരത്തം മാത്രമാണ്.

ആരോപണങ്ങള്‍ക്ക് ഇതിന്റെ പത്തിലൊന്ന് പോലും ശക്തിയില്ലാത്ത സാഹചര്യത്തില്‍ പോലും ധാര്‍മികതയുടെ പേരില്‍ രാജിവെച്ച് മാതൃക കാട്ടിയ കമ്മ്യൂണിറ്റ് നേതാക്കളടക്കമുള്ളവരുടെ പാരമ്പര്യം പിണറായി മറക്കരുത്. കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് സി.പി.എം കേന്ദ്ര നേതാവ് എസ്.ആര്‍.പിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആണയിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കള്ളക്കടത്ത് കേസിലെ പങ്ക് ഇത്ര കൃത്യമായി പുറത്തുവന്നിട്ടും ധാര്‍മിക ഉത്തരവാദിത്തത്തെക്കുറിച്ച് ഇവര്‍ ചിന്തിക്കാത്തത് ആ പാര്‍ട്ടിയുടെ ഗതികേടാണ് വിളിച്ചോതുന്നത്.

അധികാരത്തിലേറിയത് മുതല്‍ നിരവധി ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായിയെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ലാവ്‌ലിന്റെ തുടര്‍ച്ച മുതല്‍ വിദേശബന്ധമുള്ള നിരവധി കേസുകള്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തി. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട കമ്പനിയുടെ വിദേശബന്ധവും ആ കമ്പനിക്ക് വഴിവിട്ട് സൗകര്യങ്ങള്‍ നല്‍കുന്നതും ചര്‍ച്ച ചെയ്യപ്പെട്ടു. ഈ സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്. സ്പ്രിങ്കഌ അഴിമതി, വെബ്‌കോ ആപ്പ്, ഇ മൊബിലിറ്റി തുടങ്ങി വിദേശബന്ധമുള്ള ആരോപണങ്ങള്‍ വേറെ. ആരോപണങ്ങളുടെ ചക്രവ്യൂഹത്തിലകപ്പെട്ട പിണറായി വിജയന് ഏറ്റവുമൊടുവിലത്തെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് അത്രവേഗം തലയൂരാനാകില്ല.

ഐ.ടി. സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസും എത്തിനില്‍ക്കുന്നത് രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതികളിലൊന്നിലാണ്. കോണ്‍സുലേറ്റിന്റെ ബാഗേജുകള്‍ക്ക് ലഭിക്കുന്ന സുരക്ഷയുടെ മറവിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നതിനാല്‍ ദേശദ്രോഹ കുറ്റത്തിന് കൂടി പ്രതികൂട്ടില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
സ്വപ്‌ന സുരേഷിന് എങ്ങനെ ഐ.ടി വകുപ്പില്‍ ജോലി കിട്ടി, സ്വര്‍ണക്കടത്ത് പിടിയിലാകുമെന്ന് അറിഞ്ഞ ഉടന്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്, ഐ.ടി സെക്രട്ടറിയും സ്വപ്‌ന സുന്ദരിയും തമ്മിലെ ബന്ധം സംബന്ധിച്ച് നാട്ടില്‍ പ്രചരിക്കുന്ന പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ്. സ്വപ്‌ന സുരേഷിന്റെ നിയമനം തന്റെ അറിവോടെയല്ല എന്ന ഒഴുക്കന്‍ മറുപടി കൊണ്ടോ സ്വപ്‌ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടത് കൊണ്ടോ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു സ്വപ്‌ന സുരേഷ് എന്ന ആരോപണം ശക്തമാണ്.

സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിക്കാന്‍ ഇൗ സ്വപ്‌ന സുന്ദരി കാണിച്ച ധൈര്യത്തിന് പിന്നില്‍ ഭരണവിഭാഗത്തിലെ ഉന്നതങ്ങളിലുള്ള പിടിയാണെന്ന് വ്യക്തമാണ്. സ്വപ്‌ന ഐ.ടി വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരിയാണെന്ന സര്‍ക്കാരിന്റെ അവകാശ വാദമാണ് ഇവിടെ പൊളിയുന്നത്.

മുഖ്യമന്ത്രിക്ക് ഒരുപാട് കാര്യങ്ങള്‍ മറച്ചുവെക്കാനുണ്ടെന്ന് തന്നെയാണ് സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ടും വിവിധ പ്രശ്‌നങ്ങളില്‍ ഐ.ടി സെക്രട്ടറിയെ അതിരു കവിഞ്ഞ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്നത്. ഐ.ടി സെക്രട്ടറിയെ സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വെച്ചുകൊണ്ടിരിക്കുന്ന നടപടി തുടക്കം മുതലേ സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഐ.ടി സെക്രട്ടറിക്കെതിരെ സ്പ്രിങ്ക്‌ലര്‍, ബെവ്‌കോ ആപ്പ്, ഇ മൊബിലിറ്റി തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ആരോപണമുന്നയിക്കുകയും പരാതി പറയുകയും ചെയ്തപ്പോഴെല്ലാം സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റ് പരിരക്ഷ ലഭിച്ചതിനേക്കാള്‍ ശക്തമായ പരിരക്ഷ ഐ.ടി സെക്രട്ടറിക്ക് നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

സ്പ്രിങ്കഌ ഇടപാടില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്നപ്പോള്‍ പോലും ഐ.ടി സെക്രട്ടറിക്ക് പിണറായി നല്ല പട്ടം നല്‍കിയതിന് പിന്നിലെ കാരണങ്ങളും ചര്‍ച്ചാവിഷയമായിരിക്കയാണ്. ഐ.ടി സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വ്യക്തിയുടെ അവിശുദ്ധ ഇടപെടലുകള്‍ മുളയിലെ അവസാനിപ്പിക്കുന്നതിന് പകരം അയാള്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തതിന്റെ പരിണിത ഫലമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നനുഭവിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ മുഖ്യപ്രതികളുമായി ഐ.ടി സെക്രട്ടറിക്കുള്ള ബന്ധം ഫോട്ടോയിലൂടെയും വീഡിയോകളിലൂടെയും ശബ്ദ സന്ദേശങ്ങളിലൂടെയും കേരളം മനസിലാക്കി കൊണ്ടിരിക്കുകയാണ്.

കള്ളക്കടത്ത് കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഒാഫീസിനും മുഖ്യമന്ത്രിക്ക് തന്നെയും ഒഴിഞ്ഞുമാറാനാവില്ല. കോവിഡിനെതിരെ ലോകമാതൃക തീര്‍ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തന്നെ കളങ്കം വരുത്തുന്ന കള്ളക്കടത്ത് കേസിലാണ് എത്തി നില്‍ക്കുന്നത്. കോവിഡ് കാലത്ത് ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ധാര്‍ഷ്ട്യം കാണിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ മെല്ലെ മെല്ലെ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ മാളത്തിലേക്ക് വലിയുകയാണ്. കോവിഡ് പ്രതിരോധമെന്ന പരിചക്ക് തടുക്കാവുന്നതിലപ്പുറത്തേക്ക് അത് വളര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി ഇനി നിങ്ങള്‍ നിവര്‍ന്ന് നിന്ന് മറുപടി പറഞ്ഞേ മതിയാകൂ.

SHARE