ന്യായീകരിച്ചു തേയുന്ന ജന്മങ്ങള്‍

ശാരി പി.വി

എല്ലാം ശരിയാക്കുമെന്നും പറഞ്ഞ് അധികാരത്തിലേറിയെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഏറെക്കുറെ സംസ്ഥാനം ഒരു വഴിക്കാക്കിക്കഴിഞ്ഞു. ഇനി ആര്‍ക്കെങ്കിലും ഇത് ശരിയാക്കാനാവുമോ എന്നത് ഉടയ തമ്പുരാന് മാത്രം അറിയാവുന്ന അവസ്ഥയാണിപ്പോള്‍. കാര്യങ്ങള്‍ ഇവ്വിതമായെങ്കിലും സര്‍ക്കാറിനെ ഓരോ ദിവസവും ന്യായീകരിക്കുക എന്ന ഹിമാലയന്‍ ദൗത്യമാണ് സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും ചില നേതാക്കള്‍ക്ക് ഇപ്പോഴുള്ളത്. സ്ഥിരമായി ഏതാനും ചര്‍ച്ച തൊഴിലാളികളുമായി മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കൊണ്ട് ആര്‍ക്ക് എന്ത് ഗുണം എന്നത് വേറെ കാര്യം. ഇക്കാര്യത്തെ കുറിച്ച് ഇനി അക്കാദമിക് പഠനം വന്നാലും അല്‍ഭുതമില്ല. മാധ്യമങ്ങളില്‍, ന്യൂസ് ചാനലുകള്‍ക്ക് പ്രത്യേകിച്ചും ഏറ്റവും കൂടുതല്‍ എന്റര്‍ടെയ്ന്‍മെന്റ് മൂല്യം കിട്ടുന്ന കാലമാണിപ്പോള്‍. പ്രത്യേകിച്ചും തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസ് ചര്‍ച്ച ചെയ്യുമ്പോള്‍. ചാനലായ ചാനലുകളിലൊക്കെയും രാവിലെ മുതല്‍ മുതുപാതിര വരെ സര്‍ക്കാര്‍ വിലാസം ന്യായീകരണ തൊഴിലിലുമായി ഇടത് നേതാക്കള്‍ വരുമ്പോള്‍ പിന്നെ പറയുകയും വേണ്ട.

ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരന്‍ വരെ പത്തിവിടര്‍ത്തി രാജവെമ്പാലയാവുന്ന ഭരണ സിരാകേന്ദ്രത്തിലെ മുഖ്യ ചുമതലക്കാരില്‍ ഒരാള്‍ കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായതോടെ ഇവരില്‍ ആരാണ് കൂടുതല്‍ ബഹളം വെക്കുന്നതെന്നതിനെ ആശ്രയിച്ചാണ് പാര്‍ട്ടി ഓഫീസില്‍ നിന്നും അടുത്ത ദിവസം ചാനലുകളിലേക്ക് വിടുക. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുമൊക്കെ ഇപ്പോള്‍ വെറും സിനിമകളില്‍ മാത്രം കണ്ടു വരുന്ന ഒരു സാധനമായതിനാല്‍ ഈ സംഘടനയിലെ നേതാക്കളെയും ഇടക്കൊന്ന് പൊടി തട്ടിവിട്ട് ചാനലുകളില്‍ തേയാന്‍ വിടും. കടലും കടലാഴിയും തമ്മിലുള്ള വ്യത്യാസമായിരിക്കും പലപ്പോഴും ഇവര്‍ എടുത്തിടുന്ന ന്യായമെന്നത് മറ്റൊരു വശം. റഹീം, എം.ബി രാജേഷ്, ജെയ്ക്, കൃഷ്ണദാസ്, സ്വരാജ് തുടങ്ങിയവരാണ് ഇപ്പോള്‍ സ്ഥിരം പരിചയുമായി ഇറങ്ങുന്നത്.

ഇവര്‍ ഈയിടെയായി പയറ്റുന്ന തന്ത്രങ്ങളാണ് ഏറ്റവും രസകരം. തന്ത്രമറിയാത്തവനുള്ളതാണ് കുതന്ത്രമെന്നത് ആരു പറഞ്ഞതാണേലും ഇപ്പോള്‍ അത് ഉപകാരത്തില്‍ കൊണ്ടത് സി.പി.എമ്മുകാര്‍ക്കാണ്. ചോദ്യം ചോദിച്ചാല്‍ ഉത്തരമില്ലെങ്കില്‍ എം.എം മണിയുടെ ഗ്രാമീണ ശൈലിയില്‍ പറഞ്ഞാല്‍ വണ്‍, ടൂ, ത്രീ എന്ന് തന്ത്രമിടും. തന്ത്രം ഒന്ന് ഉത്തരം കിട്ടിയില്ലേല്‍ ചോദ്യ കര്‍ത്താവിനെ എതിര്‍ പാര്‍ട്ടി ആക്കുക. തന്ത്രം രണ്ട് മാധ്യമ സ്ഥാപനത്തിന്റെ ഉടമയുടെ രാഷ്ട്രീയം എടുത്തിട്ട് അറഞ്ചം പുറഞ്ചം അഞ്ചു മിനിറ്റ് വാചക കസര്‍ത്ത് നടത്തുക.

തന്ത്രം മൂന്ന് പഴയ ഇരട്ടച്ചങ്കന്‍ തന്ത്രം തന്നെ- മാധ്യമ സിന്‍ഡിക്കേറ്റ്, തന്ത്രം നാല് ഏത് മാധ്യമമാണേലും ബൂര്‍ഷ്വാ മാധ്യമമായി മുദ്ര കുത്തുക. പോരാത്തതിന് മാധ്യമ പ്രവര്‍ത്തനത്തിന്റെ നൈതികത, സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി ചര്‍ച്ചകള്‍ മസാലയാക്കി തുടങ്ങി ഏതാനും അച്ചടിച്ച പോലുള്ള വാക്കുകള്‍ നേതാക്കള്‍ മാറി മാറി മാധ്യമങ്ങളില്‍ പ്രയോഗിക്കുക. എങ്ങാനും മാധ്യമ പ്രവര്‍ത്തകരുടെ വല്ല ഫോട്ടോയും പൊടിതട്ടി എടുക്കാന്‍ പറ്റിയാല്‍ ഹാവൂ… ആര്‍ക്കിമിഡീസിന്റെ യുറേക്ക യുറേക്ക വിളിയോടെയുള്ള ഓട്ടത്തെ അനുസ്മരിച്ച് ഉടന്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പോരാളി ഷാജികളെ വിട്ട് പോസ്റ്റുക, എന്നിത്യാധി പണികളിലൂടെയാണ് ഇപ്പോള്‍ ന്യായീകരണ തിലക പട്ടത്തിനായി മത്സരം.

ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ട്യൂഷന്‍ എടുക്കുന്നവര്‍ സോളാര്‍ കാലത്ത് മുഖ്യന്റെ ഇപ്പോഴത്തെ മാധ്യമ ഉപദേഷ്ടാവ് പാര്‍ട്ടി പത്രത്തില്‍ എഴുതിയതെങ്കിലും ഒരാവര്‍ത്തി വായിക്കാവുന്നതാണ്. ചെങ്ങറ സമരകാലത്ത് ചെങ്ങറയിലേയും തിരുവനന്തപുരത്തേയും സമരങ്ങളെ എതിര്‍ക്കാനായി ദേശാഭിമാനി എഴുതിയ റിപ്പോര്‍ട്ടുകള്‍ ഒന്ന് കണ്ണോടിച്ചാല്‍ മതി പുരോഗമന മതില്‍ അവിടെ കാണാം. രാത്രി സമരം മസാലമയം, അവരുടെ രാവുകള്‍ തുടങ്ങി പത്രത്തില്‍ വന്ന സാഹിത്യ കൃതികള്‍ കേരള ചരിത്രമാണ്. തേഞ്ഞ് തേഞ്ഞ് ഒരു വഴിക്കായ പുരോഗമന വാദിയായ യുവ നേതാവ് കഴിഞ്ഞ ദിവസം ഒരു അവതാരകനെ കൊതുക് എന്ന് വിളിക്കുന്നത് കേട്ടു. മറ്റൊരു പഴയ താരം ഒരു അവതാരകനോട് ഭീഷണി സ്വരത്തില്‍ പറയുന്നത് കേട്ടു, അവതാരകന്‍ അവതാരകന്റെ പണി എടുത്താല്‍ മതിയെന്ന്.

ശ്രീരാമന്റെയും സീതയുടെയും കഥപറഞ്ഞ മുന്‍ എം.പി ഒരു അന്വേഷണത്തെയും നേരിടാന്‍ ധൈര്യം ഇല്ലാത്ത ഒരു സര്‍ക്കാര്‍ ആണ് കേരളത്തില്‍ ഉള്ളതെന്ന അവതാരകന്റെ വാദത്തോട് പ്രതികരിച്ചത് നിങ്ങള്‍ രാജ്യദ്രോഹികളുടെ വക്കീലാണെന്നു പറഞ്ഞു കൊണ്ടായിരുന്നു. ഉത്തരം മുട്ടിയാല്‍ രാജ്യദ്രോഹി ആക്കുന്ന അതേ സംഘി സ്റ്റൈല്‍. ഇനി ഈ നേതാക്കളൊന്നും ന്യായീകരിച്ചത് പോരെന്ന് തോന്നുമ്പോഴാണ് ചില മാധ്യമ നിരൂപകര്‍ അവതരിക്കാറുള്ളത്. ഇവരും നിരത്തും ചില വാദങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസോ, ശിവശങ്കരന്‍ ഐ.എ.എസ് ഒന്നുമല്ല വിഷയം കള്ളക്കടത്താണ് തുടങ്ങി അണ്ണാറക്കണ്ണനും തന്നാല്‍ ആയതെന്ന മട്ടില്‍ തങ്ങളുടേതായ ന്യായ വിഹിതം. എല്ലാ തീരുമാനങ്ങളുടെയും അവസാന തീരുമാനമായ മുഖ്യമന്ത്രിയുടെ ഓഫിസില്‍ (സിഎംഒ) എത്തിനില്‍ക്കുന്ന തരികിടയാണ് ഏത് കള്ളക്കടത്തിനേക്കാളും പ്രധാനപ്പെട്ടതെന്ന് ഇവര്‍ ജന്മമുണ്ടേല്‍ അംഗീകരിക്കില്ല.

മറ്റു ചിലരുണ്ട് അടുത്ത തവണ ചുരുങ്ങിയത് ഒരു നിയമസഭാ സീറ്റെങ്കിലും മോഹിച്ച് ഇടത്തോട്ട് ചാഞ്ഞു കിടക്കുന്നവര്‍. പ്ലസ് ടുകാരിയെ സ്‌പേസ് പാര്‍ക്കിന്റെ മാനേജറാക്കി പത്മശ്രീ ലഭിച്ച രാജ്യത്തെ ഏറ്റവും വലിയ ബഹിരാകാശ ശാസ്ത്രജ്ഞരിലൊരാള്‍ക്ക് പുരസ്‌കാരം കൊടുക്കാന്‍ ഒരുക്കി നിര്‍ത്തിയതൊന്നും ഇവര്‍ക്ക് പ്രശ്‌നമില്ല. ഇവരുടെ മുന്നില്‍ കോവിഡ് പടര്‍ത്തുന്നത് സമരക്കാര്‍ മാത്രമാണ്. യോഗി ആദിത്യനാഥ് തബ്‌ലീഗുകാരാണ് കോവിഡ് പടര്‍ത്തിയതെന്ന് ന്യായമുന്നയിച്ചതിന് സമാനം.

മറ്റൊരു കൂട്ടരുണ്ട് തേഞ്ഞ് തേഞ്ഞ് ഒരു വഴിക്കായെങ്കിലും അംഗീകരിക്കാതെ വല്ലഭന് പുല്ലും ആയുധമെന്ന ന്യായവാദവുമായി ഇറങ്ങിയവര്‍. സൈബര്‍ സഖാക്കള്‍. ഇപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നതില്‍ മത്സരിക്കുകയാണിവര്‍. കൊന്നപ്പൂവിന്റെ വിശുദ്ധിയോടെ രാജ്യദ്രോഹ കേസില്‍ ഉള്‍പ്പെട്ട ഒരു സ്വര്‍ണക്കടത്തുകാരിയില്‍ നിന്നും പെരുന്നാളും പള്ളിപ്പെരുന്നാളും കഴിഞ്ഞ ശേഷം റംസാന്‍ കിറ്റ് കിട്ടുമോ എന്ന് ചോദിച്ച മന്ത്രിയടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരും പ്രതികളുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് സ്ഥാപിക്കുക. അതുവഴി ചോദ്യം അവസാനിപ്പിക്കുക എന്ന വിശാല ലക്ഷ്യമാണിവര്‍ക്ക്. ബിന്‍ലാദനൊപ്പം നിന്ന് ഫോട്ടോ എടുത്ത പുലിറ്റ്‌സര്‍ ജേതാവ് ന്യൂസിലന്‍ഡുകാരനായ പീറ്റര്‍ ആര്‍നെറ്റിനെയൊക്കെ കണ്ടാല്‍ ഇവര്‍ അപ്പോള്‍ എന്തു പറയും. അദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത വിയറ്റ്‌നാം യുദ്ധവും, ഗള്‍ഫ് യുദ്ധവുമൊക്കെ സ്വയം ഉണ്ടാക്കിയതാണെന്നോ?.

SHARE