
ഡോ. പി പി മുഹമ്മദ്
വര്‍ണ്ണ വെറിയന്‍ പൊലീസുകാരന് കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്രോയിഡിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവവും അതിന്റെ പേരില്‍ ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭവും ലോക ശ്രദ്ധ പിടിച്ചു പറ്റിയ താണ്. അമേരിക്കന്‍ ഭരണകൂടം ഈ പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞു. എന്നാല്‍ ഇതിലും ക്രൂരമായ പൊലീസ് മര്‍ദ്ദനത്തിന് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും ഒരു പുതിയ കഥ കഥ രചിക്കപ്പെട്ടു. ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചു കച്ചവടം നടത്തി എന്ന പേരില്‍ 58 വയസ്സുകാരനായ ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ മകനെയും അറസ്റ്റ് ചെയ്യുകയും രണ്ട് ദിവസം നീണ്ടുനിന്ന ക്രൂരമായ പൊലീസ് പീഡനത്തിന് ഒടുവില്‍ ഇവര്‍ രണ്ടുപേരും കൊല്ലപ്പെടുകയും ചെയ്തു.
സാധാരണ നിയമം അനുസരിച്ച് മൂന്നു മാസം തടവ് ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തിന് രണ്ട് മനുഷ്യജീവികള്‍ നഷ്ടപ്പെടുന്ന വിധം ക്രൂരമായ പൊലീസ് മര്‍ദ്ദനം തൂത്തുക്കുടിയില്‍ നടന്നു. പൊലീസിന്റെ ഈ നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന് തൂത്തുക്കുടി മജിസ്ട്രേറ്റ് കോടതിയും കൂട്ടുനിന്നു എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. റിമാന്‍ഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചപ്പോള്‍ കുറ്റാരോപിതരെ ഒന്ന് കാണാന്‍ പോലും താല്പര്യം കാണിക്കാതെ മജിസ്ട്രേറ്റ് റിമാന്‍ഡ് കാലാവധി നീട്ടുകയും രണ്ടു ദിവസത്തെ പീഡനത്തെത്തുടര്‍ന്ന് ഈ രണ്ട് വ്യക്തികളും മരണപ്പെടുകയും ചെയ്തു. നമ്മുടെ നീതിന്യായ വ്യവസ്ഥയും ക്രമസമാധാനപാലനവും എത്രമാത്രം മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവും ആണെന്ന് വിളിച്ചോതുന്നതായിരുന്നു ഈ സംഭവം.
പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമവിധേയമായി പ്രതിഷേധിച്ചവരോട് ഡല്‍ഹിയില്‍ പൊലീസ് കാണിച്ച മനുഷ്യത്വഹീനമായ നടപടി ഇതില്‍ നിന്നും വിഭിന്നമല്ല. സ്വാതന്ത്ര്യം ലഭിച്ചിട്ട് മുക്കാല്‍ നൂറ്റാണ്ട് ആയെങ്കിലും നമ്മുടെ പൊലീസിന്റെ രീതിശാസ്ത്രം കോളനി വാഴ്ച കാലത്തെ, സാംസ്കാരിക വിരുദ്ധവും മനുഷ്യത്വരഹിതവുമായ രീതിയില്‍ നിന്നും ഒട്ടും പരിഷ്കൃതം ആയിട്ടില്ല എന്നതാണ് ഇതൊക്കെ വിളിച്ചോതുന്നത് . ഒരു ദിവസം ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഇന്ത്യയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നു. 2003 നും 2008 നും ഇടയില്‍ 1500 കസ്റ്റഡി മരണങ്ങള് നടന്നതില്‍ വളരെ കുറച്ച് മാത്രമാണ് പരിമിതമായെങ്കിലും ശിക്ഷിക്കപ്പെട്ടത്. അറിയപ്പെടാതെ പോയ കേസുകള്‍ എത്രയോ ഇരട്ടിയാവും. പൊലീസ് സേന നവീകരിക്കുന്നതിന്നായി അനവധി കമ്മീഷനുകള്‍ നിയമിക്കപ്പെട്ടെങ്കിലും എല്ലാ റിപ്പോര്‍ട്ടുകളും കടലാസ് പുലിയായി മാറി .
ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഈ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടുകയും കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
മദ്രാസ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ച ജസ്റ്റിസ് അജിത് പ്രസാദിന്റെ അഭിപ്രായത്തില്‍ പൊലീസ് നരനായാട്ടില്‍ തമിഴ്നാട് പോലീസ് വളരെ കുപ്രസിദ്ധ മാണെന്നും അക്കാര്യത്തില്‍ ഒരുപക്ഷെ യുപിയിലെയും മുംബൈയിലെയും പൊലീസ് മാത്രമായിരിക്കും അവരുടെ മുന്നിലുണ്ടാവുകയെന്നും അദ്ദേഹം ജൂണ്‍ മൂന്നിന് ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുകയുണ്ടായി. പല സംഘടനകളും ഏജന്‍സികളും സ്വതന്ത്രമായി നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ഭീകരമായ ചിത്രമാണ്. ഏഷ്യാ മനുഷ്യാവകാശ കേന്ദ്രം, ആംനസ്റ്റി ഇന്റര്‍നാഷണല്‍, പീപ്പിള്‍സ് യൂണിയന് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ് എന്നീ സംഘടനകളുടെ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് യഥാര്‍ത്ഥമായ പൊലീസ് പീഡനങ്ങളുടെ ചെറിയൊരംശം മാത്രമാണ് പുറത്തുവരുന്നത് എന്നാണ്.
ഈ മര്‍ദനങ്ങള്‍ക്ക് നിദാനമാകുന്നത് പൊലീസിന്റെ അപരിഷ്കൃത സ്വഭാവവിശേഷങ്ങള്‍ മാത്രമല്ല കുറ്റാന്വേഷണ മേഖലയില്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന അശാസ്ത്രീയതകളും സാങ്കേതികവിദ്യകള്‍ പുരോഗമിച്ചിട്ടും അത് സ്വീകരിക്കുന്നതില്‍ സേന കാണിക്കുന്ന വൈമുഖ്യവുമാണ്. ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടാനെന്ന പേരില്‍ അതാത്കാലഘട്ടങ്ങളില് സര്‍ക്കാറുകള്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ കുറ്റാരോപിതരുടെ മേല്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് പൊലീസിന് അനുമതി നല്കുന്ന വിധമാണ്. കുറ്റാന്വേഷണ രംഗത്ത് ഡിഎന്‍എ അനാലിസിസ്, നാര്‍ക്കോ അനാലിസിസ് പോലെയുള്ള ആധുനിക സാങ്കേതിക വിദ്യ സ്വീകരിക്കുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇന്നും പിന്നിലാണ്. 2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ തോടെ പൊലീസ് ക്രൂരത പതിന്മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
തൂത്തുക്കുടിയിലെ പൊലീസ് മര്‍ദനത്തില്‍ മരിച്ച അച്ഛന്റെയും മകന്റെയും കാര്യത്തില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്താല്‍ ഇടപെടലുകളുണ്ടായേക്കാം. എന്നാല്‍ രാജ്യത്താകമാനം പൊലീസ് മര്‍ദ്ദനത്തില്‍ മരിക്കുന്ന ഇരകളുടെ കാര്യത്തില്‍ ഇത്തരം നടപടികള്‍ ശാശ്വതമായ ഒരു പരിഹാരം ആകുന്നില്ല. പൊലീസ്പീഡനവും അതുപോലെയുള്ള സര്‍ക്കാര്‍വക പീഡനങ്ങളും നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര പീഡന വിരുദ്ധ കണ്വെന്ഷന് ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളുടെ ചട്ടക്കൂടില്‍ നിയമനിര്‍മ്മാണം നടത്തി സമൂഹത്തെ രക്ഷിക്കാന്‍ നടപടികള്‍ ഉണ്ടാവണം. ഐക്യരാഷ്ട്രസഭ പീഡന വിരുദ്ധ കണ്വെന്ഷന് യു എന്‍ സി എ ടി വിഭാവനം ചെയ്യുന്ന മനുഷ്യാവകാശ ഉടമ്പടിയില്‍ ഇന്ത്യയും തുല്യം ചാര്‍ത്തി ഒപ്പുവച്ചതാണ്.
എന്നാല്‍ ഈ അന്താരാഷ്ട്ര ഉടമ്പടി നിലവില്‍ വരുന്നതിന് മുമ്പ് തന്നെ സുപ്രീംകോടതി ജുഡീഷ്യറിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പീഡന നിരോധന നിയമം നിര്‍മ്മാണങ്ങള്‍ക്ക് ഹേതുവാകുന്ന അനവധി കോടതിവിധികള്‍ പ്രസ്താവിച്ചതായി കാണാം. ഭരണഘടനയുടെ, ഇവിടെ ജീവിക്കാനുള്ള അവകാശമായ ആര്‍ട്ടിക്കിള്‍21 അനുസൃതമായ നിയമ നടപടി ആയിരുന്നു അത്. ഇതേ രീതിയില്‍ ഒട്ടനവധി വിധി പ്രസ്താവങ്ങള്‍ സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 21 അനുശാസിക്കുന്ന ജീവിക്കുവാനുള്ള അവകാശം അംഗീകരിക്കുന്ന വിധമാണ് അന്താരാഷ്ട്ര പീഡന വിരുദ്ധ നിയമം ഐക്യരാഷ്ട്രസഭ സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ടത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ പാര്‍ലമെന്റില്‍ ഇരുസഭകളിലും നിയമം കൊണ്ടുവന്ന് പാസ്സാക്കി ഉടമ്പടിയെ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടു. 2010 വര്‍ഷം വളരെ ദുര്‍ബലമായ ഒരു നിയമം ഉണ്ടാക്കി ലോകസഭയില്‍ അവതരിപ്പിച്ചുവെങ്കിലും രാജ്യസഭയില്‍ വെച്ചതിനുശേഷം സെലക്ട് കമ്മിറ്റിക്ക് പഠിക്കാന്‍ വിടുകയും 2012 ല്‍ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
2014 യുപിഎ സര്‍ക്കാര്‍ ഈ നിയമം ലാബ് ആക്കി എന്ന് പറയാതെ വയ്യ . സര്‍വീസില്‍ നിന്ന് പിരിഞ്ഞശേഷം സെലക്ട് കമ്മിറ്റിയില്‍ തെളിവ് നല്കി എന്ന് ജസ്റ്റിസ് പറയുന്നു 2016 മുന്‍മന്ത്രി ആയിരുന്ന പ്രമുഖ സുപ്രീംകോടതി അഭിഭാഷകന് അശ്വിന് കുമാര്‍ ഈ നിയമം നടപ്പില്‍ വരുത്തുന്നതിനു വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്ക. 2017 ഈ വിഷയകമായി നിയമ കമ്മീഷന് അവരുടെ 273ാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . തുടര്‍ന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ച വിധി സര്‍ക്കാറിനോട് നിയമനിര്‍മാണത്തിന് നിര്‍ദ്ദേശിക്കാന്‍ ഒരു റിട്ടുകളുടെ ഇവിടെ സാധ്യമല്ല എന്നും ഇതൊരു പോളിസി ആയതിനാല്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ടാവേണ്ടതാണ് എന്ന് വിധി പ്രസ്താവത്തില്‍ വെളിപ്പെടുത്തി. 2017ല്‍ അശ്വിന് കുമാര്‍ ഹരജി സുപ്രീംകോടതിയില്‍ നല്‍കിയെങ്കിലും പ്രസ്തുത ഹരജിയും പരാജയപ്പെട്ടു. മനുഷ്യാവകാശ രംഗത്ത് പുരോഗമനപരമായ ഒട്ടനവധി നിയമനിര്‍മാണങ്ങള്‍ നടത്തുന്ന, അതിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന വിധം കോടതിവിധി മുന്‍കാലങ്ങളില്‍ ധാരാളമായി വന്നിട്ടുണ്ട.്
പീഡന വിരുദ്ധ നിയമം സംസ്ഥാനങ്ങളിലേക്ക് അഭിപ്രായ രൂപീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ അയച്ചപ്പോള്‍ സംസ്ഥാന ഗവണ്മെന്റ് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. പീഡന ഉപാധിയായി പൊലീസിനെ ഉപയോഗിക്കുന്ന കാര്യത്തില്‍ അതില്‍ രാഷ്ട്രീയമായി എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാ സര്‍ക്കാരുകളും ഒരുപോലെയാണെന്ന് തെളിയിക്കുന്നു. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പീഡന വിരുദ്ധ നിയമം പാര്‍ലമെന്റ് കൊണ്ടുവന്നു അംഗീകരിക്കുമെന്ന് വിശ്വസിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. ഐക്യരാഷ്ട്രസഭ അംഗീകരിച്ച് 23 വര്‍ഷമായിട്ടും ഈ നിയമം വെളിച്ചം കണ്ടില്ല എന്നത് പൊലീസ് മുറയിലൂടെ പൗരാവകാശം ഹനിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ കക്ഷികളും ഒരുപോലെയാണ് എന്ന് സൂചിപ്പിക്കുന്നു. സര്‍ക്കാരുകളുടെ അക്ഷന്തവ്യമായ അവഗണനയും മനുഷ്യാവകാശ സംരക്ഷണത്തില്‍ ജുഡീഷ്യറിയുടെ ഉദാസീനനിലപാടുകളും മനസ്സ് മടുപ്പിക്കുന്നതാണെങ്കിലും ജനാധിപത്യസംവിധാനത്തില്‍ പൗരസമൂഹത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടുകൂടാ.
അമേരിക്കന്‍ പൊലീസിന്റെ വര്‍ണ്ണവെറി അന്താരാഷ്ട്രതലത്തില്‍ വളരെ രൂക്ഷമായി ചര്‍ച്ചചെയ്യപ്പെടുകയും ബ്ലാക്ക് ലൈവ് മാറ്റര്‍ മുന്നേറ്റം ലോകത്താകമാനം ശക്തിയാര്‍ജ്ജിക്കുകയും ഇന്ത്യയില്‍ നിന്ന് പോലും യുവാക്കള്‍ ഈ പ്രസ്ഥാനത്തില്‍ അണി ചേരുകയും ചെയ്തു. ജാതി മത ലിംഗ വര്‍ണ്ണ ഭേദമന്യേ അമേരിക്കന്‍ ജനത പ്രക്ഷോഭ രംഗത്തുവരികയും തുടക്കത്തില്‍ നിസ്സാര വല്‍ക്കരിച്ച പ്രസിഡണ്ട് ട്രംപിന് പോലും ഗുഹകളില്‍ അഭയം തേടേണ്ടി വരികയുമുണ്ടായി. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ പൊലീസ് പരിഷ്കരണത്തിന് നടപടി സ്വീകരിക്കുവാന്‍ മുന്നോട്ടു വന്നു. നിയമനിര്‍മാണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്ന വിധം കാര്യങ്ങള്‍ എത്തിച്ചു എന്നതും നാം കണ്ടതാണ്.
ഇതേ രീതിയില്‍ ഇന്ത്യയിലും ലോ കമ്മീഷന് നിര്‍ദ്ദേശിക്കും വിധമുള്ള പീഡന വിരുദ്ധ നിയമ നിര്‍മ്മാണം നടത്തുന്നത് സാധ്യമാകണം. അതിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിക്കും വിധം ശക്തമായ ജനകീയ പ്രസ്ഥാനം വളര്‍ന്നു വരേണ്ടതുണ്ട് എന്നും പ്രസ്തുത ലേഖനത്തില്‍ ജസ്റ്റിസ് അഭിപ്രായപ്പെടുന്നു. ഈ പീഡനം അവസാനിപ്പിക്കുക എന്ന പേരില്‍ ഒരു ജനകീയ മുന്നേറ്റം ഇന്ത്യയിലും രൂപപ്പെടാന്‍ ഇന്ത്യന്‍ പൗര സമൂഹം ഹം മുന്നോട്ടു വരേണ്ടതുണ്ട്. ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ ദൃശ്യമാകുന്നത് പോലെ ഈ ദൗത്യത്തില്‍ വിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും അവകാശ സംരക്ഷണ പ്രവര്‍ത്തകരും പൗര സമൂഹത്തോടൊപ്പം ഒറ്റക്കെട്ടായി മുന്നോട്ടു വരികയും അന്യായമായ പൊലീസ് മര്‍ദ്ദനത്തില്‍ ഇനിയും ഒരു ഇന്ത്യക്കാരനും ജീവന് ഹോമിക്കപ്പെട്ടുകൂടാ എന്ന് നിശ്ചയദാര്‍ഢ്യത്തോടെ ഒറ്റക്കെട്ടായി മുന്നേറിയാല്‍ വിജയം സുനിശ്ചിതം. പൂച്ചക്കാര് മണികെട്ടും എന്നതാണ് കാലം ഇന്ത്യന്‍ ജനതയോട് ചോദിക്കുന്നത്.