പ്രതിസന്ധികള്‍ അതിജയിച്ച് ചന്ദ്രിക പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിറവേറ്റും: ഹൈദരലി തങ്ങള്‍

കോഴിക്കോട്ട് മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്ത് മാനേജിംഗ് ഡയരക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു. ഉമ്മര്‍ പാണ്ടികശാല, പി.കെ.കെ ബാവ, സി.പി സൈതലവി, കമാല്‍ വരദൂര്‍, പി.എം സമീര്‍ തുടങ്ങിയവര്‍ സമീപം

കോഴിക്കോട്: പത്രമാധ്യമ ലോകം വലിയ പ്രതിസന്ധി നേരിടുമ്പോഴും ചന്ദ്രിക നിര്‍വഹിക്കുന്ന ദൗത്യം അഭംഗുരം തുടരുമെന്ന് മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയരക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. തുടര്‍ച്ചയായി വന്ന രണ്ട് പ്രളയങ്ങളും നോട്ട് നിരോധനവും ജി.എസ്.ടിയും ലോകത്താകമാനം ബാധിച്ച സാമ്പത്തിക മാന്ദ്യവുമെല്ലാം പത്ര മാധ്യമ ലോകത്ത് നിലനില്‍പ്പ് തന്നെ അസാധ്യമാക്കിയ സാഹചര്യമാണ്. പല പത്രങ്ങളും പൂട്ടി. പക്ഷേ ചന്ദ്രികയുടെ വലിയ ദൗത്യം ഏത് പ്രതിസന്ധി ഘട്ടത്തിലും ശക്തമായി തുടരാന്‍ അതിന്റെ നടത്തിപ്പുകാരായ മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് കഴിയുമെന്നും മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ തങ്ങള്‍ വ്യക്തമാക്കി. ചന്ദ്രികയുടെ വികസന പദ്ധതികള്‍ സമയബന്ധിതം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക ഡയരക്ടര്‍ പി.കെ.കെ ബാവ അധ്യക്ഷനായിരുന്നു. ഫൈനാന്‍സ് ഡയരക്ടര്‍ പി.എം സമീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചന്ദ്രിക കോഴിക്കോട് ഗവേണിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല, പത്രാധിപര്‍ സി.പി സൈതലവി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ് ആലിങ്കല്‍ സംസാരിച്ചു. ചന്ദ്രിക ഫൈനാന്‍സ് ഡയരക്ടര്‍ സമീര്‍ സ്വാഗതവും ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ നന്ദിയും പറഞ്ഞു.
ഷെയര്‍ഹോള്‍ഡര്‍മാരായ അബ്ദുള്‍ ലത്തീഫ് ടി.പി, മുഹമ്മദലി ഹാജി, ഹാജി എന്‍.എ.എം സാലി, സുബൈദ കെ.പി, സാദിഖ് ഇ, അബ്ദുള്‍ നാസര്‍ മണിമ, കുഞ്ഞഹമ്മദ് ചെറുവാലിയില്‍, സലീം, ഏ.കെ കുഞ്ഞബ്ദുല്ല, സുഹൈല്‍ ടി.കെ, മുഹമ്മദ് അഷ്ഫാഖ് ബി.പി, ഔസ് കെ.വി, അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

SHARE