ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച്ച

ചെന്നൈ: ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ജൂലായ് 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം നടക്കുക. ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക തകരാറുമൂലം ജൂലായ് 15ന് മാറ്റിവച്ചിരുന്നു.

പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് 56 മിനിറ്റും 24 സെക്കന്റും ബാക്കി നില്‍ക്കെ നിറുത്തിവച്ചത്. അവസാന നിമിഷം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൗണ്ട്ഡൗണ്‍ നിറുത്തിവച്ചതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു.

ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റിന്റെ ക്രയോജനിക് സ്‌റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതാണ് തകരാര്‍. ചെറിയ തകരാറാണെന്നു പരിശോധനയില്‍ വ്യക്തമായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ തകരാര്‍ പൂര്‍ണമായി പരിഹരിച്ചു. ഇന്നലെ മണിക്കൂറുകള്‍ നീണ്ട സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി. ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിച്ച് ഈ പിഴവ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് പുതിയ വിക്ഷേപണ തീയതി കണ്ടെത്തിയത്.

SHARE