പ്രക്ഷോഭത്തിന്റെ ഏഴാംനാളില്‍ ജനങ്ങള്‍ക്ക് ഒരു ഇമാമുണ്ടായി, പേര് ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരുവുകളിലെമ്പാടും പ്രതിഷേധത്തിന്റെ ജ്വാല പടരുകയാണ്. പൗരത്വ ഭേദഗതി ബില്ല് നിയമമായിട്ട് ഏഴുനാള്‍ പിന്നിടുകയാണ്. തെരുവിലെ പ്രതിഷേധങ്ങള്‍ക്കും അത്രതന്നെ ആയുസ്സുണ്ട്. ഡിസംബര്‍ പത്തിന് ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നത് പിറ്റേന്നായിരുന്നു. രണ്ട് ദിവസങ്ങള്‍ക്കിപ്പുറം രാഷ്ട്രപതി ഒപ്പുവച്ചതോടെ പ്രതിഷേധങ്ങളും അണപൊട്ടുകയായിരുന്നു. ജാമിയ മില്ലിയ അടക്കമുള്ള സര്‍വ്വകലാശാലകളില്‍ മുളപൊട്ടിയ തെരുവിലെ പ്രതിഷേധം മണിക്കൂറുകള്‍ കഴിയുന്തോറും ശക്തമാകുകയായിരുന്നു.

കൃത്യമായൊരു സംഘടിത സ്വഭാവമില്ലാതെയായിരുന്നു ഏഴുനാളിലും പ്രതിഷേധം മുന്നോട്ടുപോയത്. രാജ്യത്തെ കലാലയങ്ങളായിരുന്നു പ്രതിഷേധങ്ങളുടെയെല്ലാം ശക്തി സ്രോതസ്. എന്നാല്‍ ഏഴാം നാള്‍ പ്രതിഷേധം തുടരുമ്പോള്‍ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നായകന്‍ ഉണ്ടായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സഹറാന്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു മുപ്പത്തിമൂന്നുകാരന്‍ പ്രതിഷേധക്കാരുടെ ഹിറോയായി മാറിക്കഴിഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരില്‍ ഏറിയപങ്കും സോഷ്യല്‍മീഡിയയിലടക്കം ആ ചെറുപ്പക്കാരന്റെ ചിത്രമാണ് പങ്കുവയ്ക്കുന്നത്. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് റാവണ്‍ എന്ന മീശ പിരിച്ച ചെറുപ്പക്കാരന് വേണ്ടി ഡല്‍ഹിയിലെ പള്ളിമുറ്റത്ത് അണിനിരത്ത പ്രതിഷേധക്കാര്‍ തന്നെ ആരാണ് അവരുടെ ഹീറോയെന്ന് വ്യക്തമാക്കുകയാണ്. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരടിക്കുന്ന ചെറുപ്പക്കാരന്‍ ഇന്ദ്രപ്രസ്ഥത്തിലെ പ്രതിഷേധങ്ങളുടെ നേതൃനിരയിലേക്കെത്തിയതിലും ഹീറോയിസം കാണുന്നവര്‍ കുറവല്ല.

ഡല്‍ഹിയില്‍ പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവെച്ച് പൊലീസ് പിടികൂടി. എന്നാല്‍ പ്രതിഷേധവുമായി ജനങ്ങള്‍ തമ്പടിച്ചതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് പ്രതിഷേധകേന്ദ്രത്തിലെത്തിയത്. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം. പിന്നീട് ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടഞ്ഞു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജുമാ മസ്ജിദില്‍ എത്തിയത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീം ആദ്മി സംഘടന രൂപീകരിച്ചുകൊണ്ടാണ് ആസാദ് ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയകളരിയില്‍ ശ്രദ്ധേയനായത്. അംബേദ്കറിന്റെയും കാന്‍ഷിറാമിന്റെയും ആശയങ്ങളായിരുന്നു ആസാദിന്റെ പാതയില്‍ ശക്തിപകര്‍ന്നത്. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഉറച്ച ശബ്ദത്തില്‍ വാദിച്ച ആസാദിന് ജയില്‍വാസമടക്കം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. 2017 ല്‍ സഹറാന്‍പൂരില്‍ ദളിതരും ഠാക്കൂറുമാരും തമ്മിലുണ്ടായ സംഘര്‍ഷമായിരുന്നു അതിന്റെ കാരണം. ഏകദേശം ഒന്നരവര്‍ഷക്കാലമാണ് ആസാദിന് ജയിലില്‍ കഴിയേണ്ടിവന്നത്. രാഷ്ട്രീയക്കാരന്റെ സ്ഥിരം ശൈലിയിലായിരുന്നില്ല ആസാദിന്റെ ഇടപെടലുകള്‍. കൂളിംഗ് ഗ്ലാസും പിരിച്ചുവച്ച മീശയും ആസാദിന് ആകര്‍ഷണീയത സമ്മാനിച്ചു. ഇടപെടലുകളിലെ വ്യത്യസ്തത കൂടിയായപ്പോള്‍ ആസാദ് പലര്‍ക്കും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

സഹറാന്‍പൂര്‍ സംഭവത്തെ തുടര്‍ന്ന് ജയില്‍വാസമനുഷ്ഠിച്ചതോടെയാണ് ആസാദ് ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. പുറത്തിറങ്ങിയ രാവണ്‍ പതിന്മടങ്ങ് കരുത്തനായിരുന്നു. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന രാവണ്‍, യോഗി സര്‍ക്കാരിനും വലിയ വെല്ലുവിളികള്‍ സമ്മാനിക്കുന്നുണ്ട്. ദലിതരുടെ രാഷ്ട്രീയത്തിനൊപ്പം മതേതരത്വത്തിന്റെ ശബ്ദം കൂടി ആ നാവുകളില്‍ മുഴങ്ങുന്നതാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ കാണുന്നത്. ഡല്‍ഹിയിലെ പള്ളിമുറ്റത്ത് ആയിരങ്ങളാണ് പൊലീസിന് ആസാദിനെ വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യവുമായി നിലയുറപ്പിച്ചത്. തെരുവിലെ പ്രതിഷേധം ഏഴുനാള്‍ പിന്നിടുമ്പോള്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒരു നായകന്‍ ഉണ്ടായിരിക്കുന്നു എന്നത് ഭരണകൂടത്തെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാകും. പ്രത്യേകിച്ചും ദലിത് വിഭാഗത്തില്‍ നിന്നുള്ള യുവ നേതാവ്.

SHARE