അമിത്ഷായെ പിന്തുണച്ച ഡല്‍ഹി ഇമാമിനെ തള്ളി ജനങ്ങള്‍; അവര്‍ പറഞ്ഞു ഞങ്ങളുടെ ഇമാം ചന്ദ്രശേഖറാണെന്ന്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ അമിത്ഷായെ പിന്തുണച്ച ഡല്‍ഹി ഇമാമിനെ തള്ളി ജനങ്ങള്‍ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനൊപ്പം തെരുവില്‍. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ സമാധാന പരമായി വന്‍ പ്രതിഷേധമാണ് ഇന്ന് ജുമുഅ നമസ്‌കാരാനന്തരം അരങ്ങേറിയത്.

പൗരത്വ നിയമത്തിനെതിരായി ജുമാ മസ്ജിദ് പരിസരത്തുവെച്ചുള്ള പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ മസ്ജിദ് പരിസരത്ത് കനത്ത സുരക്ഷ തന്നെ പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വളരെ തന്ത്രപരമായാണ് ചന്ദ്രശേഖര്‍ ആസാദ് മസ്ജിദ് പരിസരത്തെത്തിയത്. പൊലീസിന്റെ കൈയില്‍ പെടാതിരിക്കാന്‍ ഒരു ടെറസില്‍ നിന്ന് മറ്റൊരു ടെറസിലേക്ക് അവിടെ നിന്ന് മറ്റൊന്നിലേക്ക് എന്ന വിധത്തില്‍ ചാടിക്കടന്നാണ് ആസാദ് പ്രക്ഷോഭ പ്രദേശത്ത് എത്തിയത്.

തുടര്‍ന്ന് അവിടെ നിന്ന് അദ്ദേഹം ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. ജനക്കൂട്ടം അതേറ്റുചൊല്ലി. നിമിഷ നേരം കൊണ്ട് ദേശീയ പതാക കൈയിലേന്തിയ പ്ലക്കാര്‍ഡുകളേന്തിയ ജനക്കൂട്ടം തെരുവിന്റെ ആ വഴികളില്‍ നിറഞ്ഞുനിന്നു. അവസാനം പൊലീസ് ആസാദിനെ പിടികൂടുക തന്നെ ചെയ്തു. പക്ഷേ, പൊലീസിനെ വെട്ടിച്ച് ആസാദ് ജനക്കൂട്ടത്തില്‍ മറഞ്ഞു.

SHARE