ആസാദിന് പോളിസൈത്തീമിയ രോഗം; എയിംസില്‍ ചികിത്സ വേണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തീസ് ഹസാരി കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.രക്തം കട്ട പിടിക്കുന്ന പോളിസൈത്തീമിയ രോഗമാണ് ആസാദിന്. നേരത്തെ, ആസാദിന്റെ രോഗം വെളിപ്പെടുത്തി ചികിത്സിക്കുന്ന ഡോക്ടര്‍ രംഗത്തെത്തിയിരുന്നു.

ഒരു വര്‍ഷമായി എയിംസിലാണ് ആസാദിന് ചികിത്സ ലഭിക്കുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ രക്തം മാറ്റണം. ഇത് ജയില്‍ അധികൃതര്‍ നിഷേധിക്കുകയാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു. ആസാദിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി അവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാകും തീരുമാനം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഡല്‍ഹി ജമാമസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ആസാദ് പ്രതിഷേധ പരിപാടിക്ക് എത്തിയത്. തുടര്‍ന്ന് മസ്ജിദില്‍ തങ്ങിയ ആസാദ് പുലര്‍ച്ചെയാണ് അറസ്റ്റിലാവുന്നത്. ജിയിലില്‍ ആസാദ് മര്‍ദ്ദനമേല്‍ക്കുകയാണെന്ന് വെളിപ്പെടുത്തി ദളിത് നേതാവ് ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു.

SHARE