ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര വൈദ്യസഹായം നല്‍കണമെന്ന് കോടതി

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി. ദില്ലി തീസ് ഹസാരി കോടതിയാണ് ഇടക്കാല നിര്‍ദ്ദേശം നല്‍കിയത്. ആവശ്യമെങ്കില്‍ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കാന്‍ തീഹാര്‍ ജയില്‍ അധികൃതരോടാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വൈദ്യപരിശോധന ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഡിസംബര്‍ 21നാണ് പൊലീസ് ആസാദിനെ അറസ്റ്റ് ചെയ്തത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ അക്രമമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

ആസാദിന് പൊളക്തീമിയ എന്ന രോഗാവസ്ഥയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. രക്തം കട്ടപിടിക്കുന്ന അവസ്ഥയാണത്. നിരന്തരം വൈദ്യപരിശോധന ആവശ്യമാണ്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ആസാദിന്റെ രക്തം മാറ്റണം എന്നാണ് എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എയിംസിലെ ഡോക്ടര്‍മാരാണ് ദീര്‍ഘകാലമായി അദ്ദേഹത്തെ ചികിത്സിക്കുന്നത്.തീഹാര്‍ ജയിലില്‍ കഴിയുന്ന ആസാദിന് മതിയായ ചികിത്സ ലഭ്യമാകുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ജയിലില്‍ അദ്ദേഹം ക്രൂരപീഡനമാണ് നേരിടുന്നതെന്നും ഭീം ആര്‍മി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

SHARE