ഡല്‍ഹി ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: ഡല്‍ഹി വിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കടുത്ത ഉപാധികളോടെയാണ് വ്യാഴാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നാണ് ഒരു പ്രധാനപ്പെട്ട ജാമ്യവ്യവസ്ഥ. ഡല്‍ഹി വിടാന്‍ അനുവദിച്ച സമയം അവസാനിക്കുന്നതിന് മുമ്പാണ് അദ്ദേഹം ജുമാ മസ്ജിദിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തത്.

സമാധാനപരമായ പ്രതിഷേധം ജനങ്ങളുടെ അവകാശമാണ്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രതിഷേധത്തിന്റെ ശക്തി തെളിയിക്കാന്‍ അണിനിരന്ന് മുസ്‌ലിംകള്‍ മാത്രമല്ല പ്രതിഷേധത്തിന് ഉള്ളതെന്ന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഇന്ന് രാജ്യത്ത് ഭരണഘടന പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമാണോ നിലവിലുള്ളത്. പോരാട്ടം തുടരും. ഏത് തരത്തിലുള്ള നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരാനാണ് തീരുമാനം’ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.