ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍; ആന്ധ്രാപ്രദേശില്‍ പ്രതിസന്ധി രൂക്ഷം

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും അടക്കം നിരവധി ടി.ഡി.പി നേതാക്കള്‍ വീട്ടു തടങ്കലില്‍. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ടി.ഡി.പി ആസൂത്രണം ചെയ്ത വന്‍ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായിട്ടാണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭരണ കക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന ആക്രണങ്ങള്‍ക്കെതിരെ ടി.ഡി.പി. വലിയ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാവിലെ ആസൂത്രണം ചെയ്തിരുന്ന റാലിക്ക് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്.

ജഗന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടി.ഡി.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്.

ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണ്. ഇന്ന് രാത്രി എട്ട് മണിവരെ ഉപവാസമിരിക്കുമെന്നും നായിഡു പറഞ്ഞു. ടി.ഡി.പി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ എന്നീ ടി.ഡി.പി നേതാക്കളും വീട്ടു തടങ്കലിലാണ്.

ടി.ഡി.പിയാണ് അക്രമം അഴിച്ചുവിട്ടതെന്ന് ആരോപിച്ച് വൈ.എസ്.ആര്‍.കോണ്‍ഗ്രസും പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

SHARE