ന്യൂഡല്‍ഹി: ജയില്‍ മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇന്ന് ഉച്ചയ്ക്കു ഡല്‍ഹി ജുമാമസ്ജിദില്‍ വെള്ളിയാഴ്ച നമസ്കാരത്തില്‍ പങ്കെടുക്കും. രാമദാസ് ക്ഷേത്രത്തിലും ഗുരുദ്വാരയിലും ക്രിസ്ത്യന്‍ പള്ളിയിലും പ്രാര്‍ഥന നടത്തിയ ശേഷം കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറന്‍പുരിലേക്കു മടങ്ങും.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ജയില്‍മോചിതനായ ശേഷം ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. മോചിതനായ ആസാദിന് നൂറുകണക്കിനാളുകള്‍ വന്‍ വരവേല്പാണ് നല്‍കിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിധേഷധത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ ആസാദ് വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണു തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ആസാദിനു വന്‍ വരവേല്‍പ്പാണ് അണികള്‍ ഒരുക്കിയത്. കരിനിയമം പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് ആസാദ് പറഞ്ഞു. ഒരുമാസത്തേക്കു ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവില്‍ ഇളവ് ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാമ്യം ലഭിച്ച് 24 മണിക്കൂര്‍ കഴിഞ്ഞാണു നടപടികള്‍ പൂര്‍ത്തിയാക്കി ആസാദിനു തിഹാറിന്റെ മതില്കെട്ടിനു പുറത്തേക്ക് വരാനായത്. രാത്രി വൈകിയിട്ടും നൂറുകണക്കിനു പ്രവര്‍ത്തകര്‍ ജയിലിനു പുറത്തു തടിച്ചുകൂടി. അവിടെ നിന്ന് ജോര്‍ബാഗിലെ 200 വര്‍ഷം പഴക്കമുള്ള ഇമാം ബാര മസ്ജിദിലേക്ക്. രാത്രി പതിനൊന്ന് മണിക്ക് പടക്കം പൊട്ടിച്ച് സ്വീകരണം.
ഭരണഘടന നെഞ്ചോട് ചേര്‍ത്ത് അണികളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത ശേഷം മസ്ജിദില്‍ പ്രാര്‍ഥന. പൗരത്വനിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം റാലികള്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കില്‍ നിയമത്തിനെതിരെ താന്‍ 1500 റാലികള്‍ നടത്തുമെന്ന് ആസാദ് പറഞ്ഞു.