ജമാമസ്ജിദിലെ നീലതലപ്പാവുകാരന്‍; ആരാണ് ചന്ദ്രശേഖര്‍ ആസാദ്?

ഫസീല മൊയ്തു

ഡല്‍ഹി ജമാമാസ്ജിദിലെ പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലില്‍ കഴിയുകയാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പൊലീസ് അനുമതി നിഷേധിച്ചും പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയില്‍ ചന്ദ്രശേഖര്‍ പങ്കെടുത്തു. ടെറസില്‍ നിന്ന് ടെറസിലേക്ക് ചാടി ചന്ദ്രശേഖര്‍ ആസാദ് ജമാമസ്ജിദിലേക്ക് എത്തിയതും ദളിത് രാഷ്ട്രീയത്തിന്റെ വക്താവായി ഉയര്‍ന്നുനിന്നതും പോയ വാരത്തിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട കാഴ്ച്ചയായിരുന്നു. ജമാമസ്ജിദില്‍ ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു നീലതലപ്പാവുകാരന്റെ പ്രതിഷേധം.

ജമാമസ്ജിദില്‍ നീലതലപ്പാവു വെച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധത്തിനെത്തുകയും ആളുകള്‍ക്കിടയില്‍ ഓടി മറയുകയും ചെയ്ത ചന്ദ്രശേഖര്‍ ആസാദ് രാജ്യമൊട്ടാകെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഈ വേളയില്‍ പതിനാലു ദിവസത്തെ റിമാന്റിലാണ്. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ‘രാവണന്‍’ എന്ന വിളിപ്പേരില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ യുവാവിന്റെ ഉദയം എവിടെ നിന്നാണെന്നാണ് ഏവരും തിരയുന്നത്. ‘രാവണന്‍’ എന്ന് പേരിനൊപ്പം ഉണ്ടായിട്ടും അത് മുറിച്ചുമാറ്റിയ ആസാദിനെ സാമൂഹ്യമാധ്യമങ്ങള്‍ ഇപ്പോഴും രാവണനായി തന്നെയാണ് ചിത്രീകരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ശരണ്‍പൂരില്‍ 1986ല്‍ ആണ് ചന്ദ്രശേഖര്‍ ആസാദ് ജനിച്ചത്. ശരണ്‍പൂരില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചന്ദ്രശേഖര്‍ ലക്‌നൗ സര്‍വ്വകലാശാലയില്‍ നിന്നും നിയമത്തില്‍ നിന്നും ബിരുദം നേടി. നിയമരംഗത്തും സാമൂഹിക രംഗത്തും പ്രവര്‍ത്തിച്ചു വരുമ്പോഴാണ് 2014ല്‍ ദളിത് ഉന്നമനം ലക്ഷ്യം വെച്ച് ഭീം ആര്‍മി രൂപീകരിക്കുന്നത്. ദളിതുകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെ ശരണ്‍പൂര്‍ കലാപത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടു. പിന്നീട് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചുവെങ്കിലും പിന്നീട് പല തവണകളിലായി ജയിലില്‍ അടക്കപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ദളിത് രാഷ്ട്രീയത്തില്‍ മായാവതിയുടെ ബിഎസ്പി നിറം മങ്ങിയ വേളയിലാണ് ചന്ദ്രശേഖറിന്റെ തിളക്കം എന്നത് ശ്രദ്ധേയമാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ ആദ്യഘട്ടത്തിലും പ്രതിഷേധവുമായി ഭീം ആര്‍മി രംഗത്തുണ്ടായിരുന്നു.

അതേസമയം, പൗരത്വ നിമയത്തില്‍ ഒരടി പിന്നോട്ടില്ലെന്നാണ് ഭീം ആര്‍മിയുടെ നിലപാട്. പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിട്ടും പ്രതിഷേധത്തിന് വീര്യം ചോര്‍ന്നിട്ടില്ല. ഡല്‍ഹിയിലെ ജോര്‍ബാഗിലും വിവിധ ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. അതിനിടെ, ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് വെളിപ്പെടുത്തി ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. ആസാദിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും മേവാനി ആവശ്യപ്പെട്ടു.

SHARE