കഞ്ചാവ്-ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ പീഡന സംരക്ഷണം വരെ

കെ.എ മുരളീധരന്‍

പാവങ്ങളുടെ പാര്‍ട്ടി, പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജിയുടെ പാര്‍ട്ടിയൊന്നൊക്കെ ഇപ്പോഴും പൊതുയോഗങ്ങളില്‍ സി.പി.എം നേതാക്കള്‍ ഏറെ ഉച്ചത്തില്‍ പറയുമെങ്കിലും കാലം കഴിയുന്തോറും പാര്‍ട്ടി മുതലാളിത്ത പാര്‍ട്ടിയായി മാറി കൊണ്ടിരിക്കുന്ന അനുഭവമാണ് സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലേത്. പണ്ട് വഴി തര്‍ക്കങ്ങളിലും ഭൂമി തര്‍ക്കങ്ങളിലും ന്യായമെന്ന നിലക്ക് പാവങ്ങളുടെ കൂടെ നിലകൊണ്ട പാര്‍ട്ടി ഇന്നത്തെ തര്‍ക്കങ്ങളിലെല്ലാം മടിയില്‍ കനമുള്ളവരുടെ കൂടെയാണ് നിലകൊള്ളുന്നതെന്ന് പരസ്യമായ രഹസ്യമാണ്.

ഒരിടവേളക്കുശേഷം കഞ്ചാവ്-ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് തൃശൂര്‍ ജില്ല. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ രണ്ട് യുവാക്കളുടെ ജീവനുകളാണ് കൊലക്കത്തിക്കിരയായത്. പെരിങ്ങോട്ടുകര താന്ന്യം ഭാഗത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറിയുടെ മകനും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ആദര്‍ശാണ്(32)കൊല്ലപ്പെട്ടത്. നിരവധി ഗുണ്ടാ ആക്രമണത്തില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട യുവാവ്. നേരത്തെയും ഇയാള്‍ക്കുനേരെ വധശ്രമം നടന്നിരുന്നു. അതിന്റെ പരിക്കുകള്‍ ഉണങ്ങും മുന്‍പെയാണ് വീണ്ടും പട്ടാപകല്‍ ഇയാളെ എതിര്‍സംഘം വീടിനുമുന്നിലെ ചായക്കടുത്ത് വെച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍പ്പെട്ടയാളും കൂടിയാണ് ഇയാളെന്ന് അറിയുമ്പോഴാണ് കൊല്ലാനും കൊല്ലപ്പെടാനും നിരവധി ചാവേറുകളെ വളര്‍ത്തുന്ന പാര്‍ട്ടിയുടെ യഥാര്‍ത്ഥ മാഫിയാ രൂപം പുറത്തുവരിക.

വര്‍ഷങ്ങളായി ഈ പ്രദേശത്ത് കഞ്ചാവ്-ഗുണ്ടാ മാഫിയകള്‍ പരസ്പരം ഏറ്റുമുട്ടുക പതിവാണ്. ഇതിന്റെ തുടര്‍ച്ചയായി സി.പി.എം നേതൃത്വത്തിലുള്ള ഗുണ്ടാസംഘം സി.പി.ഐയുടെ ലോക്കല്‍കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു. സി.പി.ഐയുടെ പ്രദേശിക സമുന്നത നേതാവായ എന്‍.സി ശങ്കരന്‍ സ്മാരകമായ ലോക്കല്‍ കമ്മിറ്റി ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആക്രമണത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.ഐ അന്തിക്കാട് പൊലീസ് സ്റ്റേഷനിലേക്കും ഐ.ജി ഓഫീസിലേക്കും വലിയ പ്രതിഷേധ മാര്‍ച്ച് നടത്തിയെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം നേതൃത്വം കൈകൊണ്ടത്.

ഇത് ജില്ലയില്‍ സി.പി.എം- സി.പി.ഐ തര്‍ക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐ പ്രവര്‍ത്തകരെപോലും അക്രമിച്ചിട്ട് അക്രമികളെ കയ്യൊഴിയുകയോ തള്ളിപറയുകയോ ചെയ്യാത്ത സി.പി.എം നിലപാട് ജില്ലയിലാകെ ചര്‍ച്ചയായി കഴിഞ്ഞു. സി.പി.ഐ ഓഫീസ് ആക്രമിച്ച സംഘത്തില്‍പ്പെട്ട പ്രതികള്‍ മാസങ്ങള്‍ക്കുശേഷം പെരിങ്ങോട്ടുകരയില്‍ റോഡ് സൈഡില്‍ നിന്ന യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ആ യുവാവിനെ നിഷ്ഠൂരം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് ജില്ല കേട്ടത്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടന്ന ഇരട്ടകൊലപാതകത്തിലെ പ്രതി ജ്യാമ്യത്തില്‍ പുറത്തിറങ്ങിയതോടെ നടുറോഡില്‍ വെട്ടിക്കൊല്ലുകയായിരുന്നു. വരടിയം സ്വദേശി സിജോ(28) ആണ് കൊലചെയ്യപ്പെട്ടത്. കഞ്ചാവ് വില്‍പ്പന എക്‌സൈസിന് ഒറ്റിക്കൊടുത്ത എതിര്‍സംഘത്തിലെ രണ്ടുപേരെ പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിജോ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. 2019 ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസില്‍ ജയിലിലായിരുന്ന സിജോക്കും മറ്റു പ്രതികള്‍ക്കും കോവിഡ് കാലത്താണ് ജാമ്യം ലഭിച്ചത്.

എല്‍.ഡി.എഫ് ഭരണത്തില്‍ ജില്ലയില്‍ ഗുണ്ടാ സംഘങ്ങളുടെയും കഞ്ചാവ് മാഫിയാ സംഘങ്ങളുടെയും തേര്‍വാഴ്ചയാണ് നടക്കുന്നത്. കോവിഡ് കാലത്തുപോലും നടന്ന കൊലപാതകങ്ങളുടെ ഞെട്ടലില്‍ നിന്ന് ഇതുവരെ സാംസ്‌കാരിക നഗരി മുക്തമായിട്ടില്ല. ജനങ്ങളാണെങ്കില്‍ ഇനിയും അക്രമങ്ങളുണ്ടാകുമെന്ന ഭീതിയിലാണ്.
കണ്ണൂര്‍ ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന ജില്ലയാണ് തൃശൂര്‍. സി.പി.എം മുന്‍ കുന്നംകുളം ഏരിയാ സെക്രട്ടറിയും കുന്നംകുളം മുന്‍ എം.എല്‍.എ ബാബു എം. പാലിശേരിയുടെ സഹോദരന്‍ കൂടിയായ ബാലാജി എം.പാലിശേരി രാഷ്ട്രീയ എതിരാളികളെ വകവരുത്തിയ കേസില്‍ ഇപ്പോള്‍ ജയിലില്‍ ശിക്ഷയനുഭവിച്ച് വരികയാണ്. കൊടുങ്ങല്ലൂരില്‍ ഇപ്പോള്‍ അല്‍പ്പം ശാന്തമാണെങ്കിലും എപ്പോള്‍ വേണമെങ്കിലും രാഷ്ട്രീയ ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള പ്രദേശമാണ്.

പ്രമുഖ നേതാക്കള്‍ തന്നെയാണ് അക്രമത്തിന് ഇവിടെ ചുക്കാന്‍ പിടിക്കുന്നതെന്നാണ് ഏറെ രസകരം.ഭൂമാഫിയകളായുള്ള നേതാക്കളുടെ ആഴത്തിലുള്ള ബന്ധവും സി.പി.എമ്മിന് ഏറെ തലവേദനയായിരിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിന്റെ മകന്‍ വാങ്ങിച്ച ഭൂമിക്ക് തളിക്കുളം ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടിനിടയിലൂടെ റോഡനുവദിച്ച നടപടി ഏറെ വിവാദമായിരുന്നു. സി.പി.എമ്മിന്റെ പോഷക സംഘടനയായ ഡി.വൈ.എഫ്.ഐ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. പഞ്ചായത്തിന്റെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ഗ്രൗണ്ടില്‍ കളിക്കുന്നവരും പരിസരവാസികളുമായ ജനങ്ങള്‍ മനുഷ്യചങ്ങല തീര്‍ത്താണ് പ്രതിഷേധിച്ചത്. ജില്ലയില്‍ പലയിടത്തും ലോക്കല്‍ സെക്രട്ടറിമാരടക്കം ഭൂമാഫിയകളുടെ ആളുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

പല ഭൂമികച്ചവടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഇവരെ കാണാം. അല്ലെങ്കില്‍ തര്‍ക്കങ്ങളില്‍ ഗുണമുള്ള മധ്യസ്ഥമാരുടെ റോളുകളിലും ജനം സി.പി.എം നേതാക്കളെ കണ്ടുകൊണ്ടിരിക്കുകയാണ്. 2018ലെ അതിശക്തമായ വെള്ളപ്പൊക്കത്തിലും കോവിഡ് കാലത്തും ജനങ്ങളെ സഹായിക്കുന്നതിന് പകരം സി.പി.എമ്മിന്റെ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനുള്ള തിടുക്കമാണ് എവിടെയും കണ്ടത്. വെള്ളപ്പൊക്കത്തില്‍ അര്‍ഹരായ പലര്‍ക്കും ഇപ്പോഴും സര്‍ക്കാര്‍ സഹായം ലഭിക്കാത്ത സ്ഥിതിയുണ്ട്.

സി.പി.എം ഭരണത്തിലിരിക്കുന്ന വാടാനപ്പള്ളിയിലും തളിക്കുളത്തും പല പഞ്ചായത്തിലും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരവധി അഴിമതികളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വടക്കാഞ്ചേരിയില്‍ സി.പി.എം നഗരസഭാ കൗണ്‍സിലര്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് ഒരു വീട്ടമ്മ പരസ്യമായി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തി. ഒടുവില്‍ കൗണ്‍സിലറെ സഹായിക്കാനും വാദിക്കാനുമായി പ്രമുഖ സി.പി.എം നേതാക്കള്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി പരിഹാസ്യരായതും ചരിത്രം. ഒരുകാലത്ത് എന്തെങ്കിലും കുഴപ്പത്തില്‍പ്പെടുന്നവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതാണ് പതിവെങ്കില്‍ ഇന്ന് അത്തരം ആളുകളെ സംരക്ഷിച്ചുകൊണ്ട് തെറ്റായ സന്ദേശമാണ് അണികള്‍ക്ക് നല്‍കുന്നത്. പുതുക്കാട്, കൊടകര, നന്തിക്കര, പറപ്പൂക്കര ഭാഗങ്ങളില്‍ പാടം കുഴിച്ചും കുന്നിടിച്ചും മണ്ണ്മാഫിയ കൊഴുക്കുമ്പോള്‍ അതിന്റെ അരിക് പറ്റുന്നവരില്‍ സി.പി.എം നേതാക്കളുമുണ്ടെന്നത് അങ്ങാടിപ്പാട്ടാണ്. പണ്ട് നിലം നികത്തുമ്പോള്‍ കൊടികുത്തി അതു തടഞ്ഞിരുന്നവര്‍ ഇന്ന് നിലം നികത്തുന്നതിന് എല്ലാ ഒത്താശകളും ചെയ്യുന്നവരായി മാറുമ്പോള്‍ കാലം മാറിയ കമ്മ്യൂണിസം കണ്ട് അന്തിച്ചുനില്‍ക്കുകയാണ് തൃശൂര്‍ക്കാര്‍. നിരവധി സമരങ്ങളിലൂടെ നിസ്വാര്‍ത്ഥരും ത്യാഗസന്നദ്ധരുമായ ഒരുപാട് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉയര്‍ന്നുവരികയും ചെയ്ത ജില്ലയാണ് തൃശൂര്‍. എന്നാല്‍ ഇന്ന് ഗുണ്ടാ മാഫിയകളുടെ തണലുകളില്‍ തിന്നുകൊഴുക്കുന്ന പാവപ്പെട്ടവരെ അവഗണിക്കുന്ന പുച്ഛത്തോടെ മാത്രം നോക്കി കാണുന്ന ഒരു പറ്റം നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടിയായി ഇടതുരാഷ്ട്രീയം മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. (അവസാനിച്ചു)

SHARE