വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ബി.ജെ.പിക്ക് എന്തിനീ വിഭ്രാന്തി

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയുള്ള പ്രിഥ്വിരാജിന്റെ സിനിമയുടെ അറിയിപ്പ് വന്നത് മുതല്‍ ബി.ജെ.പി നേതാക്കളില്‍ ചിലര്‍ വിഭ്രാന്തി കാണിക്കുകയാണ്. ചരിത്രത്തെ വക്രീകരിക്കുന്നതില്‍ എക്കാലത്തും കുബുദ്ധി കാണിച്ചവരാണവര്‍. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും നമ്മുടെ പൂര്‍വികരുടെ സിരകളിലൊഴുകിയ രാജ്യ സ്‌നേഹത്തിന്റെയും ഈ നാട്ടിലുണ്ടായിരുന്ന സമുദായ സൗഹാര്‍ദത്തിന്റെയും ഊഷ്മളതയും പുനര്‍വായനക്കും വിശകലനത്തിനും വിധേയമാക്കുന്നതിന് അവരെന്നും പേടിച്ചിരുന്നു.

സ്വന്തമായൊരു സൈന്യം രൂപീകരിച്ച് ബ്രിട്ടീഷ്‌കാരുടെ പട്ടാളത്തെ കിടു കിടാ വിറപ്പിച്ച സമര യോദ്ധാവായിരുന്നു അദ്ദേഹം ബ്രിട്ടീഷ്‌കാരുടെ കുതന്ത്രത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥന്മാരെയും നാട്ട് പ്രമാണിമാരെയും നേരിടുന്നതിന് അദ്ദേഹം കാണിച്ച വിപ്ലവാകരമായ മുന്നേറ്റം ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ ചോര കൊണ്ട് തീര്‍ത്ത ഇതിഹാസമാണ്. ബ്രിട്ടീഷ്‌കാരുടെ കൂടെ നിന്നവരെയും ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ബ്രിട്ടീഷ്‌കാര്‍ ചെയ്ത കുതന്ത്രങ്ങളെ അദ്ദേഹം തകര്‍ത്തു തരിപ്പണമാക്കി. ബ്രിട്ടീഷ് അനുകൂലിയായ ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയെ കൊന്ന് തലയറുത്തു പ്രദര്‍ശിപ്പിച്ചു കൊണ്ട് മഞ്ചേരിയില്‍ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇപ്രകാരം

‘ഏറനാട്ടുകാരെ നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി ത്തീര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം. ആയുധമെടുത്ത് പോരാടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു.(വധശിക്ഷ നടപ്പിലാക്കപ്പെട്ട ചേക്കുട്ടി സാഹിബിന്റെ തല ചൂണ്ടിക്കൊണ്ട്) ആനക്കയത്തെ പൊലീസ്, ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധി ചേക്കുട്ടിയുടെ തലയാണിത്. ബ്രിട്ടീഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്നും മറ്റും പറഞ്ഞ് ഇവര്‍ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങള്‍ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ എന്നെ ഇവിടെയിട്ട് കൊല്ലണം.

(ഇല്ല നിങ്ങള്‍ ചെയ്തത് ശരിയാണ് ജനക്കൂട്ടം ആര്‍ത്തു വിളിച്ചു)
ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സില്‍ബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേര്‍ന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും നിര്‍ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും.ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മള്‍ ദ്രോഹിച്ചാല്‍ അവര്‍ ഈ ഗവണ്‍മെന്റിന്റെ ഭാഗം ചേരും അതു നമ്മുടെ തോല്‍വിക്ക് കാരണമാവും. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍ ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്‍കണം. അവര്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയാറാണ്.

‘ ചതിയില്‍ പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ വാരിയം കുന്നനെ പിടിക്കാന്‍ പറ്റുമായിരുന്നില്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത ദിവസം ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ ചെണ്ട വാദ്യം മുഴക്കിയും നൃത്തം ചെയ്തും പൊതു ദര്‍ശനത്തോടെ മഞ്ചേരിയിലേക്ക് കൊണ്ട് പോയി ചങ്ങലയില്‍ ബന്ധിച്ചും മീശ രോമങ്ങള്‍ പറിച്ചെടുത്തും ബാനെറ്റ് കൊണ്ട് കുത്തിയും രോഷം തിളപ്പിച്ചും കൊണ്ടായിരുന്നു ആ യാത്ര. അദ്ദേഹത്തേയും കൊണ്ട് അവര്‍ മഞ്ചേരിയിലെത്തിയപ്പോള്‍ബ്രിട്ടന്റെ തലതൊട്ടപ്പന്മാരെയും ശിങ്കടികളായ ഉദ്യോഗസ്ഥരുടെയും മുഖത്തു നോക്കി അദ്ദേഹം പറഞ്ഞു. ‘വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. മാപ്പുതന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനാം ചെയ്ത് താങ്കളെഴുതിയ കത്ത് എന്നെ അത്ഭുതപ്പെടുത്തി.

വഞ്ചനക്കു വേണ്ടി പുണ്യഭൂമിയെ കരുവാക്കിയ നിങ്ങളുടെ സ്വാര്‍ത്ഥത. എന്നെ പ്രലോഭിപ്പിക്കാന്‍ മക്കയെ ഉപയോഗിച്ച തരംതാണ പ്രവര്‍ത്തിക്കിടെ അങ്ങൊരു കാര്യം മറന്നു. ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാന്‍ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ ദേശത്തേയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. ഈ മണ്ണില്‍ മരിച്ചു ഈ മണ്ണില്‍ അടങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അടിമത്തത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ച് വീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് മാസങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ സ്വതന്ത്രമാണ് ഈ മണ്ണ്.

1922 ജനുവരി 20ന് ഹാജിയുടെ വധശിക്ഷ നടപ്പിലാക്കി. വധശിക്ഷക്ക് തോട്ടു മുമ്പ് അദ്ദേഹം പറഞ്ഞത് ഇപ്രകാരം’നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവെക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം’വാരിയം കുന്നനെ പോലെ ദേശീയ പ്രസ്ഥാനത്തില്‍ സൂര്യ തേജസ്സോടെ ജ്വലിച്ചു നിന്ന അതുല്യ ധീര ശൂരന്മാരെയും ചരിത്രം വിസ്മരിച്ചു അല്ലെങ്കില്‍ ആ സ്മരണകള്‍ മണ്ണിട്ട് മൂടി.നഷ്ടപ്പെട്ട ചരിത്ര താളുകള്‍ പുതിയ തലമുറ അറിയട്ടെ അതിനു നേരെ കോപിക്കുന്നതെന്തിന്? മുടക്കുന്നതെന്തിന്?നന്മയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും ചിരകാല സ്മാരകങ്ങളെ അഭ്രപാളികളിലെങ്കിലും മനുഷ്യര്‍ കാണട്ടെ..