സര്‍ക്കാരിനെയും വില്‍ക്കുന്നവര്‍

കെ.ബി.എ. കരീം

പിന്‍വാതിലിലൂടെ ഉന്നതങ്ങളില്‍ കടന്നുകൂടിയവര്‍ സര്‍ക്കാരിനെ മൊത്തമായും ചില്ലറയായും വില്‍ക്കുന്നു എന്ന സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഏറ്റവും വലിയ ഞെട്ടിക്കുന്ന അവസ്ഥയിലാണ് സംസ്ഥാനം എത്തിനില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലൊ, ബുദ്ധി ഉപദേശക ഫെലൊ, രാഷ്ട്രീയ ഉപദേശക ഫെലൊ എന്നിങ്ങനെ ഖജനാവ് കട്ടു മുടിക്കുന്ന ഫെലോകള്‍ സര്‍ക്കാരിനെ തന്നെ വില്‍ക്കുകയാണെന്ന യാഥാര്‍ത്ഥ്യം മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന പൊന്നുതമ്പുരാനും പരിവാരങ്ങളും കണ്ട മട്ട് നടിക്കുന്നുമില്ല. സര്‍ക്കാരിന്റെ മുദ്രയും തിരിച്ചറിയല്‍ കാര്‍ഡും ഈ ഫെലോകള്‍ക്ക് യഥേഷ്ടം അടിച്ച് കച്ചവടം ചെയ്യാം.

അത് സ്വദേശത്തും വിദേശത്തും നന്നായി വില്‍പനച്ചരക്കാക്കുകയും ചെയ്യുന്നു. വിറ്റ് വിറ്റ് വന്നവരും പോയവരും കോടികള്‍ കുന്നുകൂട്ടിയപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയായി നിലകൊള്ളുകയും ചെയ്യുന്നു. ഗത്യന്തരമില്ലാതെ പാര്‍ട്ടി ഇടപെട്ട് മുഴുവന്‍ മന്ത്രിമാരുടേയും മുഖ്യമന്ത്രിയുടേയും പരിവാരങ്ങളെ വിളിച്ചുചേര്‍ക്കാനും പരിശോധിക്കാനും അഴിച്ചുപണി നടത്താനും തീരുമാനിച്ചപ്പോഴാകട്ടെ വെള്ളം മുഴുവന്‍ ഒഴുകിപ്പോയിരുന്നു. അല്ലെങ്കില്‍ തന്നെ കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ഈ മുഖ്യന്റെ ഭരണത്തണലില്‍ സംസ്ഥാനത്തുടനീളം മാഫിയകള്‍ പടര്‍ന്നു പന്തലിച്ച് പൊതുജീവിതം ദുസ്സഹമാക്കിയപ്പോള്‍ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയായിരുന്നു. സ്വര്‍ണക്കടത്ത് ബന്ധമുള്ള സ്പീക്കറും മുഖ്യമന്ത്രിയും എന്ന നിലയിലാണ് ഇന്ന് വിപ്ലവ പാര്‍ട്ടി എത്തിനില്‍ക്കുന്നത്.

വിപ്ലവ പാര്‍ട്ടി ജന്മിത്ത, മുതലാളിത്ത ആഗോളവല്‍ക്കരണാനുകൂല പാര്‍ട്ടിയായി മാറുന്ന അത്ഭുത കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ആഗോളവല്‍ക്കരണത്തെ തുടക്കം മുതലേ എതിര്‍ക്കുന്ന പാര്‍ട്ടി അതിനെ ഹൃദയത്തില്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ വ്യാപകമാക്കിയ നടപടിയെ കാണാന്‍ കഴിയുകയുള്ളൂ. കണ്‍സള്‍ട്ടന്‍സി മാഫിയ പിടിമുറുക്കിയതിന്റെ പിന്നാമ്പുറ കഥകളാണ് സ്വര്‍ണക്കള്ളക്കടത്ത് കഥകള്‍ വഴി പുറംലോകം അറിഞ്ഞുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് തൊട്ടതിനും പിടിച്ചതിനുമെല്ലാം കണ്‍സള്‍ട്ടന്‍സി വേണമെന്നായിരിക്കുന്നു. അതും ബഹുരാഷ്ട്ര ഭീമന്മാര്‍ തന്നെയാകണം. ഖജനാവിലെ കോടികളാണ് ഇതുവഴി ചോര്‍ത്തുന്നത്. പി.എസ്.സി റാങ്ക് പട്ടികയെ പൂര്‍ണമായും അട്ടിമറിക്കുകയാണ് ഈ കണ്‍സള്‍ട്ടന്‍സിയും പുറംവാതില്‍ നിയമനങ്ങളും. സെക്രട്ടേറിയറ്റ് നിയമനങ്ങള്‍ വരെ സിപിഎം മാഫിയയുടെ പിടിയിലമര്‍ന്നിരിക്കയാണ്. പ്രമോഷന്‍, സ്ഥലംമാറ്റം തുടങ്ങി എന്തിനും ഏതിനും ഈ മാഫിയയാണ് തീരുമാനമെടുക്കുന്നത്. ലക്ഷങ്ങളും കോടികളുമാണ് ഇവര്‍ ഇതുവഴി സമ്പാദിക്കുന്നത്.

മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്നു പറയുന്നതുപോലെയായിരിക്കുന്നു സംസ്ഥാനത്തെ ഇടതുപക്ഷ ഭരണം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും രാജ്യദ്രോഹ കുറ്റം ആരോപിക്കുന്ന നയതന്ത്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ താഴേത്തട്ടില്‍ വരെയുള്ള സിപിഎം നേതാക്കള്‍ ഗുണ്ടാരാജുമായി ജനജീവിതം ദുസ്സഹമാക്കുന്ന അതിദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു സംസ്ഥാനത്തേയും മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തിലൊരു കള്ളക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ ആയിട്ടില്ല. യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര കാര്‍ഗൊയുടെ മറവില്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ അന്വേഷണം എന്‍.ഐ.എ യുടേയും കസ്റ്റംസിന്റേയും നേതൃത്വത്തില്‍ പുരോഗമിക്കുമ്പോള്‍ ഓരോ ദിവസവും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ വ്യക്തിയുടേതടക്കം ഉന്നതരുടെ പങ്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്.

ഏറെ പ്രതീക്ഷയായിരുന്നു 2016 മെയ് 25 ന് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ജനത്തിനുണ്ടായിരുന്നത്. എന്നാല്‍ ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്തുടനീളം സിപിഎം മാഫിയ അഴിഞ്ഞാടുകയായിരുന്നു. ഇതിന്റെ നേര്‍ചിത്രമാണ് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ’ എന്ന പരമ്പരയിലൂടെ 14 ജില്ലകളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ചന്ദ്രിക പുറത്തുകൊണ്ടുവന്നത്. 2015-ല്‍ പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്ലീനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മദ്യ-റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് സിപിഎം ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഈ അവസ്ഥക്ക് അറുതി വരുത്തണമെന്ന് അന്ന് കരട് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ 2016-ല്‍ സിപിഎം വീണ്ടും അധികാരത്തിലെത്തിയതോടെ പണാധിപത്യവും ആഡംബരവും പാര്‍ട്ടിയെ വല്ലാത്തൊരു ഉന്മാദാവസ്ഥയിലെത്തിക്കുകയായിരുന്നു.

എന്തിലും ഏതിലും കയ്യിട്ട് വാരാന്‍ സഖാക്കള്‍ക്ക് ഉളുപ്പില്ലാത്തത്ര ആഴത്തിലേക്ക് സിപിഎം അധഃപ്പതിച്ചിരിക്കുന്നു. ഇതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണം മാത്രമാണ് കൊച്ചിയിലെ പ്രളയ ഫണ്ട് തട്ടിപ്പ്. പാര്‍ട്ടി ഏരിയാ സെക്രട്ടറിയടക്കം പരുങ്ങലിലായിരിക്കുന്ന പ്രളയ ഫണ്ട് തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും കര്‍ശന നിലപാടുകള്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടു കോടിയോളം രൂപയുടെ തിരിമറിയാണ് എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ ഫണ്ട് തട്ടിപ്പില്‍ കണ്ടെത്തിയിരിക്കുന്നത്. കളക്ടറേറ്റിലെ ഭരണാനുകൂല സംഘടനയില്‍പെട്ട ജീവനക്കാരും ലോക്കല്‍ സിപിഎം നേതാക്കളുമാണ് ഇപ്പോള്‍ ഈ തട്ടിപ്പില്‍ കുടുങ്ങിയിരിക്കുന്നതെങ്കിലും ജില്ലയിലെ വന്‍ സ്രാവുകള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പിടിപ്പുകേട് കൂടുതല്‍ പുറംലോകം അറിഞ്ഞുതുടങ്ങിയതോടെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുക എന്ന കാടത്ത നിലപാടിലേക്കാണ് സി.പി.എം പോകുന്നത്. സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ നിലപാടെടുക്കുന്ന ചാനലുകളില്‍ ചര്‍ച്ചക്ക് പ്രതിനിധികളെ അയക്കാതിരിക്കുന്ന തലത്തില്‍ ഇവരുടെ അസഹിഷ്ണുത വളര്‍ന്നിരിക്കയാണ്. ഇതേ ചാനല്‍ സര്‍വെ നടത്തി മുഖ്യമന്ത്രിക്ക് മേല്‍ക്കൈ കൊടുത്തപ്പോള്‍ അതും പൊക്കി നടന്നവരാണ് വിമര്‍ശനത്തിന്റെ പേരില്‍ നേരെ തിരിഞ്ഞിരിക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ക്ക് നേരെ മാത്രമല്ല പത്രങ്ങള്‍ക്ക് നേരെയും ഈ അസഹിഷ്ണുത സഖാക്കള്‍ വ്യാപിപ്പിക്കുകയാണ്. മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും സി.പി.എമ്മിനെ വെള്ളപൂശുകയും ചെയ്യുന്നതിന് പ്രത്യേക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപീകരിക്കുക വരെ ചെയ്തിട്ടുണ്ട്. സൈബര്‍ സഖാക്കളുടെ പ്രവര്‍ത്തനത്തിന് പുറമെയാണിത്. അവിടെയും മാഫിയയായി മാറി എതിര്‍ക്കുന്നവരെ ഇല്ലാതാക്കലാണ് ഈ ഭരണക്കാരുടെ ലക്ഷ്യം. കോവിഡ് 19 അനുഗ്രഹമായി കണ്ട് പിന്‍വാതില്‍ ഏര്‍പ്പാടുകള്‍ നടത്തുന്ന മുഖ്യമന്ത്രിയും ഇടതുപക്ഷവും ഒരു കാര്യം മനസിലാക്കുന്നില്ല; രാജ്യത്തെ ഏറ്റവും ഒടുവിലത്തെ സിപിഎം ഭരണമായി പിണറായിയുടെ ഭരണം മാറുകയാണെന്ന്.

SHARE