സമുദായത്തിന്റെ സോഷ്യല്‍ എഞ്ചിനീയര്‍

സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഹജ്ജ് കഴിഞ്ഞ് ബോംബെ വഴിയാണ് മടങ്ങുന്നത്. സ്വന്തം കാര്യത്തെക്കാള്‍ സമുദായത്തിന്റെയും സമൂഹത്തിന്റെയും കാര്യങ്ങള്‍ എണ്ണിയെണ്ണി നാഥനോട് പറഞ്ഞ്, മസ്ജിദുല്‍ ഹറമില്‍ നിന്നുള്ള മടക്കമാണ്. യുവ മുസ്‌ലിംലീഗ് നേതാവായ ജി.എം ബനാത്ത് വാല, സി.എച്ചിനെ കാണാനെത്തുന്നു. ദൈവ നിയോഗം പോലെ, സി.എച്ചിന്റെ ചോദ്യം; കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചുകൂടെ. തന്റെ പകരക്കാരനായി ബനാത്ത് വാലയുടെ പേര് നേതൃത്വത്തെ ധരിപ്പിച്ച സി.എച്ചിന്റെ തീരുമാനത്തിന്റെ പത്തരമാറ്റ് തിരിച്ചറിയാന്‍ അധികമൊന്നും വൈകിയില്ലെന്നത് ചരിത്രം. പാണക്കാട്ടേക്ക് ആദ്യമായി കടന്നു വന്ന ബനാത്തുവാല സാഹിബ് എന്റെ മനസ്സിലുണ്ട്. എടുപ്പിലും നടപ്പിലും തോന്നിയ കുലീനത മാത്രമല്ല, അദ്ദേഹത്തോടുള്ള ബഹുമാനത്തിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം വിയോഗത്തിന്റെ മാസങ്ങള്‍ക്ക് മുമ്പ് അവസാനമായി അദ്ദേഹം പാണക്കാട്ടെത്തിയപ്പോഴും ഒരു കുറവും ഉണ്ടായിരുന്നില്ല.

മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ വലുപ്പം അടുത്തറിഞ്ഞ എത്രയോ മുഹൂര്‍ത്തങ്ങളുണ്ട്. സമുദായ സ്‌നേഹവും സാമൂഹ്യ പ്രതിബദ്ധതയും മേളിച്ച ആത്മാര്‍ത്ഥയുടെ ആള്‍രൂപം എന്നാണ് ഒറ്റവാക്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനാവുക.
ബോംബെക്കാരനായ ബനാത്ത്‌വാല 1977 ല്‍ പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കാനെത്തുമ്പോള്‍ 1967 ലും 72 ലും മുസ്‌ലിംലീഗ് പ്രതിനിധിയായി മഹാരാഷ്ട്ര നിയമസഭായിലേക്ക് വിജയിച്ച ഉജ്വല പ്രഭാഷകനെ കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍, ഭാഷ പോലും അറിയത്ത ആയിരങ്ങള്‍ ആവേശത്തോടെ ആത്മാര്‍ത്ഥതയുടെ വാക്‌ധോരണിയില്‍ ലയിച്ചിരുന്നു. ഏഴു തവണ (1977, 80, 84, 89, 96, 98, 99) പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു. മൂന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ, 1984ല്‍ ഇന്ത്യാ ടുഡെ രാജ്യത്തെ മികച്ച പത്തു പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് ജി.എം ബനാത്ത് വാലയായിരുന്നുവെന്നതിന് എത്രയോ അര്‍ത്ഥ തലങ്ങള്‍ ഉണ്ടായിരുന്നു.

സമുദായത്തിന്റെ ഇസ്സത്തിനായി പോരാടുമ്പോഴും അതൊരു സാമൂഹ്യ നീതിയുടെ വിഷയമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനായി എന്നതാണ് അദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകത. അടിയന്തിരാവസ്ഥക്കാലത്ത് മഹാരാഷ്ട്ര നിയമസഭാംഗമായിരുന്ന ബനാത്ത് വാല നിര്‍ബന്ധിത വന്ധ്യംകരണ ബില്ലിനെതിരെ രാഷ്ട്രീയമായും നിയമപരമായും നടത്തിയ തന്ത്രപരമായ പോരാട്ടം ന്യൂനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ദിശാസൂചികയാണ്. രണ്ടു മക്കളുണ്ടായിക്കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാകണമെന്നായിരുന്നു ബില്ല്. സഭക്കകത്ത് അദ്ദേഹത്തിന്റെ വിയോജിപ്പോടെയാണ് ബില്ല് പാസായത്. ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചതോടെ ജനകീയ കോടതിയിലേക്ക് ഇറങ്ങിയ ബനാത്ത്‌വാല ലക്ഷക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിച്ചു രാഷ്ട്രപതി വി.വി ഗിരി അയച്ചു. കുറിക്കു കൊണ്ട ആ നീക്കത്തോടെ ജനഹിതം മാനിച്ച്, രാഷ്ട്രപതി ബില്ല് തിരിച്ചയപ്പോള്‍ ബനാത്തുവാലയിലെ രാഷ്ട്രീയ തന്ത്രജ്ഞനെ പലരും തിരിച്ചറിഞ്ഞു.

എന്നാല്‍, ബോംബെയില്‍ മറാഠാവാദം അരങ്ങു തകര്‍ത്ത് ദക്ഷിണേന്ത്യക്കാരെ വേട്ടയാടിയപ്പോള്‍ നിയമസഭാംഗം എന്നി നിലക്ക് നടത്തിയ ഇടപെടലുകളാണ് മുംബൈ മലയാളികള്‍ക്ക് അദ്ദേഹത്തെ കൂടുതല്‍ പ്രിയങ്കരനാക്കിയത്. 1967 ജൂണ്‍ 23ന് മഹാരാഷ്ട്ര നിയമസഭയില്‍ ജി.എം ബനാത്ത്‌വാല ഗോവധനിരോധവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗം വൈകാരികതയെ സമചിത്തതയോടെ എങ്ങിനെ നേരിടാമെന്നതിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് പ്രതിഫലിക്കുന്നതായിരുന്നു. പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റിലും ആ മെയ്‌വഴക്കവും ആത്മാര്‍ത്ഥതയുടെ ഗര്‍ജനവും മുഴങ്ങി. 1977 മുതല്‍ ലോക്‌സഭാ പ്രവേശനം നേടിയതു മുതലുള്ള ബനാത്തുവാലയുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തില്‍ എതിരാളികള്‍ പോലും വലിയ മതിപ്പാണ് രേഖപ്പെടുത്തിയത്. അദ്ദേഹം സംസാരിക്കുന്ന ദിവസം സഭയില്‍ ഹാജറാകാനും പ്രസംഗം ശ്രദ്ധിക്കാനും ഇന്ദിരാഗാന്ധി നിര്‍ബന്ധ ബുദ്ധികാണിക്കാറുണ്ടായിരുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ സാക്ഷ്യം പറച്ചില്‍ എല്ലാവര്‍ക്കും ലഭിക്കുന്നതല്ല. ഗാന്ധി കുടുംബത്തോട് മാത്രമല്ല, എ.ബി വാജ്‌പെയ് അടക്കമുളള എതിര്‍ ചേരിയിലെ നേതാക്കള്‍ വരെ വ്യക്തിബന്ധം കാത്തുസൂക്ഷിച്ചതു തലയിലെ തൊപ്പിയും ചുണ്ടിലെ പുഞ്ചിരിയും വാക്കിലെ തീയും എത്ര പരിശുദ്ധമായാണ് അവരൊക്കെ സ്വീകരിച്ചതെന്നതിന്റെ ദൃഷ്ടാന്തമാണ്.

ഗോ സ്‌നേഹത്തിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന വര്‍ത്തമാനകാലത്ത്, ഗോവധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും ബനാത്തുവാല ഉയര്‍ത്തിയ വാദമുഖങ്ങളുടെ സുതാര്യതയും നാനാവശങ്ങളും തീര്‍ത്ത പ്രതിരോധം കാലികമാണ്. ഭരണഘടനയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ വിലയിരുത്തി, സാമൂഹികവും സാമ്പത്തികവുമായ മാനങ്ങള്‍ നല്‍കി പ്രശ്‌നങ്ങളുടെ കുരുക്കുകള്‍ എങ്ങനെ അഴിക്കണമെന്നും മതവും ജാതിയും മേമ്പൊടി ചേര്‍ത്ത് ഹിഡന്‍ അജണ്ട നടപ്പാക്കുവരെ പ്രതിരോധിക്കണമെന്നതും ബനാത്തുവാല പലപ്പോഴും കാണിച്ചു തന്നു. പ്രധാനമന്ത്രി നിയമിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്‍ റിപ്പോട്ടില്‍ പോലും ബനാത്ത് വാലയുടെ പാര്‍ലമെന്റ് ഉദ്ധരണികള്‍ ഇടം നേടിയത് അകക്കാമ്പിന്റെയും ദൂരക്കാഴ്ചയയുടെയും പ്രതിഫലനമാണ്.

ശാബാനു ബീഗം കേസും അതിന്റെ പശ്ചാതലത്തില്‍ ഉയര്‍ന്ന ശരീഅത്ത് സംരക്ഷണവുമെല്ലാം സമുദായം പരിക്കില്ലാതെ മറികടന്നതിന് പിന്നിലെ അതികായകനെ പൗരത്വ ഭേദഗതി ഭീഷണിയുടെ കാലത്ത് ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ. ശരീഅത്ത് സരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ബനാത്ത്‌വാല അതോടൊപ്പം വിവാഹ മുക്തയായ മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങള്‍ നല്‍കുന്ന സ്വകാര്യ ബില്ല് അവതരിപ്പിച്ചപ്പോള്‍ പാഴ് വേലയാണെന്ന് പലരും എഴുതിത്തളളി. എന്നാല്‍, ആധികാരിക വിവരങ്ങളോടെ കൃത്യമായ അവതരണത്തോടെയുളള അദ്ദേഹത്തിന്റെ ബില്ലിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഇടപെട്ടാണ് അതപ്പടി ഔദ്യോഗികമായെടുക്കാമെന്നും ബനാത്ത്‌വാല തന്റെ ബില്ല് പിന്‍വലിക്കണമെന്നും നിര്‍ദേശിച്ചത്. ശരീഅത്ത് സംരക്ഷണത്തിന്റെ ഈ ഐതിഹാസിക ഇടപെടല്‍ ന്യൂനപക്ഷങ്ങള്‍ക്ക് എങ്ങിനെ മറക്കാനാവും.

ബാബരി മസ്ജിദ് വിവാദം കൊടുമ്പിരികൊണ്ട കാലത്ത് (1987 മെയ് 8) പാര്‍ലമെന്റില്‍ ബനാത്ത്‌വാല അവതരിപ്പിച്ച ബില്ലും നിയമമായപ്പോള്‍, അവകാശത്തര്‍ക്കങ്ങളുടെ പേരില്‍ ആരാധാനാലയങ്ങള്‍ തകര്‍ക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു. ഈ ബില്‍ പ്രകാരമാണ് ആരാധാരാനലയങ്ങളുടെ കട്ട് ഓഫ് ഡേറ്റ് 1947 ഓഗസ്റ്റ് 15 ആയി നിശ്ചയിക്കാനായതെന്നത് എത്രപേര്‍ ഓര്‍ക്കുന്നുണ്ട്. ആരാധനാലയങ്ങളില്‍ അവകാശതര്‍ക്കം സൃഷ്ടിക്കുന്ന പ്രവണതക്ക് നിയമപരമായ തടയിട്ടത് ബനാത്ത് വാലയുടെ ഈ ചരിത്ര ഇടപെടലാണ്. ഈ നിയമത്തിന് മുമ്പെ തുടങ്ങിയ വ്യവഹാരമായതിനാലാണ് ബാബരിക്കേസില്‍ ഇതു പ്രതിഫലിക്കാതെ പോയതെങ്കിലും എത്രയോ ആരാധനാലയങ്ങള്‍ ശാന്തിയോടെ നിലനില്‍ക്കാന്‍ ഇതാണ് നിമിത്തമെന്നത് മറക്കരുത്. ന്യൂനപക്ഷ വേട്ടയുടെ പുതിയ പരീക്ഷണമായ സി.എ.എയും എന്‍.ആര്‍.സിയും രാഷ്ട്രീയമായും നിയമപരമായും ചെറുക്കാന്‍ മുസ്‌ലിംലീഗ് നേതൃത്വത്തിന് ചടുല ഇടപെടലുകള്‍ക്കു അത്തരം മുന്‍മാതൃകകള്‍ കുറച്ചൊന്നുമല്ല സഹായകമായത്.

പാര്‍ലമെന്റിലെയും പുറത്തെയും പ്രസംഗങ്ങള്‍ പോലെ ഘനഗംഭീരമാണ് അദ്ദേഹത്തിന്റെ രചനകളും. മുസ്‌ലം പേഴ്‌സണല്‍ ലോ, ആസാം കുടിയേറ്റ പ്രശ്‌നം, ബാബരി മസ്ജിദ്, അലിഗഡ് ജാമിഅ മില്ലിയ്യ സര്‍വകലാശാലകളുടെ ന്യൂനപക്ഷപദവി എന്നിയെക്കുറിച്ചെല്ലാമുള്ള നിയമ നിര്‍മ്മാണങ്ങളുടെ നാള്‍വഴിയും ആഴവും പരപ്പും ആധികാരികമായി പഠിക്കാന്‍ അദ്ദേഹത്തിന്റെ കൃതികളെ ആശ്രയിച്ചാല്‍ മതി. റിലീജിയന്‍ ആന്റ് പൊലിറ്റിക്‌സ് ഇന്‍ ഇന്ത്യ, മുസ്്‌ലിം ലീഗ് ആസാദീ കോ ബാദ് എന്നീ പുസ്തകങ്ങള്‍ക്ക് പുറമെ സെലക്ടഡ് പാര്‍കിയാമെന്റ് സ്പീച്ചസ് ഓഫ് ജി.എം ബനാത്‌വാല എന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ സമാഹാരവും സര്‍വ്വകലാശാലയാണ്. ഏക സിവില്‍ കോഡിനെതിരെയുള്ള ഇടപെടല്‍, അലിഗഡ് മുസ്്‌ലിം സര്‍വകലാശാല- ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി എന്നിവയുടെ ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള ബില്ല്, ശാബാനു ബീഗം കേസിന്റെ പശ്ചാത്തലത്തിലെ 1986 ലെ മുസ്‌ലിം വനിതാ സംരക്ഷണ ബില്ല്, ആരാധനാലയങ്ങളുടെ അവകാശത്തീയതി 1947 ഓഗസ്റ്റ് 15 ആക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്ന 1987 ലെ ബില്ല് എന്നിവയെല്ലാം കടപ്പാടിന്റെ പ്രാര്‍ത്ഥനാ പുഷ്പങ്ങളായി അദ്ദേഹത്തിന്റെ പരലോക ജിവിതത്തിലേക്കു അനര്‍ഗളം ഒഴുകുന്നതാണ്. 1933 ആഗസ്റ്റ് 15 ന് മുംബൈയില്‍ ജനിച്ച അദ്ദേഹം 2008 ജൂണ്‍ 25ന് നമ്മെ വിട്ടുപിരിഞ്ഞതുവരെയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ അംബാസിഡറായി പതിറ്റാണ്ടുകള്‍ നമ്മെ നയിച്ച ബനാത്ത് വാല ബഹുസ്വര സമൂഹത്തിലെ സോഷ്യല്‍ എഞ്ചിനീയറായാണ് ഇന്ത്യന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക. രാഷ്ട്രീയത്തിലെ മര്‍മ്മം ഉള്‍കൊള്ളുന്ന സല്‍ക്കര്‍മ്മങ്ങളിലൂടെ സദാ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നുവെന്നതാണ് ബനാത്ത് വാലയെ വേറിട്ടു നിര്‍ത്തുന്നത്. ആ കര്‍മ്മ യോഗിയുടെ വിയോഗത്തിന്റെ പതിമൂന്നാം ഓര്‍മ്മ ദിനത്തില്‍ പ്രാര്‍ത്ഥനകള്‍.