ഗാല്‍വാന്‍ താഴ്‌വരയില്‍ സംഭവിക്കുന്നതിന് പിന്നില്‍

കെ.വി തോമസ്
(അസിസ്റ്റന്റ് ഡയറക്ടര്‍ (റിട്ട), ഐ.ബി.
സീനിയര്‍ ഫെലോ, സിപിപിആര്‍, കൊച്ചി
)

കോവിഡ് 19 പകര്‍ച്ചവ്യാധി ഭീഷണിയില്‍ ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുമ്പോള്‍, കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ ഒരു ഏറ്റുമുട്ടലിലേക്ക് പോകുന്ന സാഹചര്യമാണ്. രണ്ട് സൈന്യങ്ങളിലെയും കോര്‍പ്‌സ് കമാന്‍ഡര്‍മാര്‍ ഗൗരവമേറിയ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ഒരു പശ്ചാത്തലത്തിലാണ് ഗാല്‍വാന്‍ താഴ്‌വരയില്‍ സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ വീര മൃത്യു വരിച്ചു. നാല്‍പതിലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടല്‍ പല ഭൗമതന്ത്രപരമായ (ജിയോസ്ട്രാറ്റജിക്) കാരണങ്ങള്‍ മൂലമാണ്. എന്നാല്‍ നിര്‍ണായക വിഷയം ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിന്റെ (എല്‍എസി) ഇപ്പോഴത്തെ നിലയും, സമീപപ്രദേശങ്ങളിലെ തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവുമായിരുന്നു. ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെ 3500 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന അതിര്‍ത്തിയാണ് ഇന്ത്യക്ക് ചൈനയുമായുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ ഒരു കരാറിലെത്താന്‍ 1950 മുതല്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും, ചൈനയുടെ നിസഹകരണം കാരണം അന്തിമ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. മാക് മോഹന്‍ ലൈനിനെ അതിര്‍ത്തിയായി നിര്‍ണയിക്കാന്‍ ചൈന വിസമ്മതിച്ചതിന്റെ ഫലമായിരുന്നു 1962 ലെ സംഘര്‍ഷം. 1962 ല്‍ അക്‌സായി ചിന്‍ലും, അരുണാചല്‍ പ്രദേശിലെ ചില പ്രദേശങ്ങളിലും ചൈനീസ് അധിനിവേശം നടത്തിയത് അതിര്‍ത്തി പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. പിന്നീട് പല ഘട്ട ചര്‍ച്ചകള്‍ക്കുശേഷം, അതിര്‍ത്തി (എല്‍എസി) യിലെ പിരിമുറുക്കം ഒഴിവാക്കാന്‍ ഇന്ത്യയും ചൈനയും 1993ല്‍ പീസ് ആന്‍ഡ് ട്രാന്‍ക്വിലിറ്റി കരാറില്‍ ഒപ്പിട്ടു. ഡെപ്‌സാങ് (2013), ചുമാര്‍ഡോഞ്ചുക് (2014), ഡോക്ലാം (2017) തുടങ്ങിയ മേഖലകളിലേക്ക് നുഴഞ്ഞുകയറി ചൈന ഇതും ലംഘിച്ചു. കാലക്രമേണ, ചൈന അവരുടെ അതിര്‍ത്തി ഭാഗത്ത് തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചു. ചൈനയുടെ സിന്‍ജിയാന്‍ പ്രവിശ്യയെ ബലൂചിസ്ഥാനിലെ പാകിസ്താന്റെ ഗ്വാഡാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന, സാമ്പത്തികമായും ഏറ്റവും പ്രയോജനകരമായും കണക്കാക്കപ്പെടുന്ന ചൈനയുടെ വലിയൊരു ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയായ ചൈന-പാകിസ്താന്‍ ഇക്കണോമിക് കോറിഡോര്‍ (സിപിഇസി) കടന്നുപോകുന്നത് പാകിസ്താന്‍ അധിനിവേശ കശ്മീരിലൂടെയാണ്.

ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍, നമ്മുടെ അതിര്‍ത്തി ഭാഗത്ത് തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ സമീപകാലത്ത് ഉത്ഭവിച്ചതാണ്, പ്രത്യേകിച്ച് കാര്‍ഗില്‍ പോരാട്ടത്തിന് ശേഷം. ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന യുദ്ധക്കളമായ ഹിമാലയത്തിന്റെ കിഴക്കന്‍ കാരക്കോറം നിരയില്‍ സ്ഥിതിചെയ്യുന്ന സിയാച്ചിന്‍ ഹിമപ്പരപ്പുകള്‍ ഇപ്പോള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. കാലക്രമേണ, വളരെ തന്ത്രപ്രധാനമായ ഈ പ്രദേശം ഹെലികോപ്റ്റര്‍ ലാന്‍ഡിങ് സൗകര്യങ്ങളോടെ നമ്മുടെ പ്രതിരോധ സേനയുടെ ബന്ധവും/ആശയവിനിമയവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപോലെ, കിഴക്കന്‍ ലഡാക്കില്‍ സിയാച്ചിന്‍ ഗ്ലേസിയര്‍, ഗാല്‍വാന്‍ താഴ്‌വര, പോങ്കോങ് തടാകം എന്നിവക്ക് സമീപം സ്ഥിതിചെയ്യുന്ന ദോലത് ബേഗ് ഓള്‍ഡി ജി17 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് സൗകര്യങ്ങളുള്ള ഒരു മിനി എയര്‍ബേസായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗാല്‍വാന്‍ താഴ്‌വരയില്‍ നിന്ന് സിയാച്ചിന്‍ ഹിമാനിയിലേക്കുള്ള ഒരു ലിങ്ക് റോഡും ഇന്ത്യ നിര്‍മിച്ചിട്ടുണ്ട്. ഈ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ (പിഎല്‍എ) സംബന്ധിച്ചിടത്തോളം ആശങ്കാജനകമായിരുന്നത് കൊണ്ട് ഇവിടെ ചൈനീസ് സേനയെ വിന്യസിക്കാന്‍ കാരണമായി.

അതിര്‍ത്തി പ്രശ്‌നം പോലെ, മറ്റ് ഭൗമരാഷ്ട്രീയ ഘടകങ്ങളും ഇന്ത്യയുമായി ഏറ്റുമുട്ടല്‍ പാത സ്വീകരിക്കാന്‍ ചൈനയെ നിര്‍ബന്ധിതരാക്കി. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആക്രമണത്തിലൂടെ ചൈന അന്താരാഷ്ട്ര സമൂഹത്തില്‍ ഫലത്തില്‍ ഒറ്റപ്പെട്ടു. മാത്രമല്ല, ഹോങ്കോങിനുമേല്‍ തങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണം വ്യാപിപ്പിക്കുന്നതിനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെയും ഹോങ്കോങിന്റെ സ്വയംഭരണാധികാരം സംരക്ഷിക്കുന്നതിനുമായി ട്രംപ് ആ രാജ്യത്തിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചു. ചൈനീസ് ചരക്കുകള്‍ക്കും ധനകാര്യ സേവനങ്ങള്‍ക്കും മേല്‍ യുഎസ് ഉള്‍പ്പെടെ പല രാജ്യങ്ങളും പ്രഖ്യാപിച്ച വെര്‍ച്വല്‍ ഉപരോധം ചൈനീസ് സമ്പദ്‌വ്യവസ്ഥയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചു. ഈ സംഭവവികാസങ്ങള്‍ എത്രയും വേഗം ഒരു സൂപ്പര്‍ പവര്‍ ആയി ഉയര്‍ന്നുവരാനുള്ള ചൈനീസ് സ്വപ്‌നം തകര്‍ത്തു.

വാസ്തവത്തില്‍, 2017 ഒക്ടോബര്‍ 18 മുതല്‍ 24 വരെ ബീജിങില്‍ നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാമത് ദേശീയ കോണ്‍ഗ്രസ് സി ജിന്‍പിങ്ങിനെ മാവോ സെദോങിന്റെ പദവിയിലേക്ക് ഉയര്‍ത്തുകയും രാജ്യത്തെ 2021 ഓടെ ഏക സൂപ്പര്‍ പവര്‍ ആയി ഉയര്‍ത്താന്‍ അദ്ദേഹത്തിന് സമ്പൂര്‍ണ അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. ഈ സ്വപ്‌നത്തെ പിന്തുടര്‍ന്ന്, പേള്‍ ഓഫ് സ്ട്രിങ്‌സ് എന്ന പദ്ധതിയുടെ ഭാഗമായി ചൈന നാവികസൗകര്യങ്ങള്‍, തുറമുഖങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) എന്നിവ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ പ്രത്യേകിച്ചും ജിബൂട്ടിയിലും ഗ്വാഡാര്‍ (പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യ), ഹംബെന്‍ടോട്ട (ശ്രീലങ്ക), ക്യൂക്പുപോര്‍ട്ട് (മ്യാന്‍മര്‍) എന്നിവിടങ്ങളിലും സ്ഥാപിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപരമായ താവളങ്ങളില്‍ നിന്ന് യുഎസ് പിന്മാറിയത് കിഴക്ക്, ദക്ഷിണ ചൈന സമുദ്രങ്ങളില്‍ താവളങ്ങള്‍ സ്ഥാപിക്കുന്നതില്‍ ചൈനയ്ക്ക് കൂടുതല്‍ നേട്ടം നല്‍കി. നിരവധി ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ചൈനയുടെ സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനായി ദി സില്‍ക്ക് റോഡ് ഇക്കണോമിക് ബെല്‍റ്റ്, 21ാമത് മാരിടൈം സില്‍ക്ക് റോഡ് തുടങ്ങിയ പദ്ധതികള്‍ ആരംഭിച്ചു. അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടലിന്റെയും യുഎസ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകളുടെയും ഇടയില്‍ എങ്ങനെ ഈ പദ്ധതികളുമായി വിജയകരമായി മുന്നോട്ട് പോകുമെന്നതില്‍ ചൈനീസ് നേതൃത്വത്തിന് ആശങ്കയുണ്ട്. തന്ത്രപ്രധാനമായ മേഖലകളില്‍ ചൈനയുടെ പല നീക്കങ്ങളെയും പരിശോധിക്കുന്നതിനും അവയെ ഇല്ലാതാക്കുന്നതിനും ഇന്ത്യ വഹിച്ച പ്രധാന പങ്കും ഇന്ത്യ-ചൈന ബന്ധങ്ങള്‍ വഷളാകുന്നതിന് ഒരു പ്രധാന ഘടകമായിട്ടുണ്ട്.

രാഷ്ട്രീയപാര്‍ട്ടിയിലെ അനഭിലഷണീയ വ്യക്തികളെ നീക്കം ചെയ്തതിലൂടെ പാര്‍ട്ടിക്കുള്ളിലെയും, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെയും ഭീഷണിയുടെ സ്വരങ്ങള്‍ ഇല്ലാതാക്കാന്‍ സി ജിന്‍പിങിന് കഴിഞ്ഞെങ്കിലും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സിന്‍ജിയാന്‍ പോലുള്ള പല പ്രവിശ്യകളില്‍ നിന്നും വിയോജിപ്പിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കോവിഡ്19ചൈനീസ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ദുര്‍ബലതയെയും തുറന്നുകാട്ടി. അങ്ങനെ നേതൃത്വം അതിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ പാടുപെടുകയായിരുന്ന അന്തരീക്ഷത്തിലാണ് പുതിയ നീക്കങ്ങള്‍. 1962 ല്‍ ഇന്ത്യയുമായുള്ള ചൈനയുടെ യുദ്ധം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറെ കൊട്ടിഘോഷിച്ച ഗ്രേറ്റ് ലീപ്പ് ഫോര്‍വേഡ്‌പ്രോഗ്രാമിന്റെ പരാജയത്തെ മറച്ചുവെക്കുവാന്‍ വേണ്ടിയായിരുന്നെന്ന് ബെര്‍ട്ടില്‍ ലിന്റനെര്‍ അഭിപ്രായപ്പെട്ടിരുന്നു. ഗാല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലും ആകെ കുഴഞ്ഞു മറിഞ്ഞ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തില്‍ നിന്നും കരകയറാനുള്ള ചൈനീസ് നേതൃത്വത്തിന്റെ മറ്റൊരു ശ്രമമായിരിക്കാം. ഇന്ത്യയുടെയും ചൈനയുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ ഒരു സംഘട്ടനത്തിലേക്ക് അത് വഴിമാറില്ലെന്ന് പ്രതീക്ഷിക്കാം.

SHARE