സുഫ്യാന് അബ്ദുസ്സലാം
സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ജോസ് കെ മാണിയെ മുന്നണിയില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന കാര്യത്തിലുണ്ടായ അഭിപ്രായ ഭിന്നത ഇരു കൂട്ടരെയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഭജനകാലംവരെ കൊണ്ടുപോയി. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും തമ്മിലുണ്ടായ തര്‍ക്കം ഒടുവില്‍ പിണറായി വിജയന് പതിവു വാര്‍ത്താസമ്മേളനത്തില്‍ 15 മിനിറ്റിലേറെ വിശദീകരിച്ചിട്ടും എവിടെയും എത്തിയതുമില്ല. ജോസ് കെ മാണിയുടെ വിഭാഗം അത്ര വലിയ ശക്തിയല്ലെന്നു കാനം രാജേന്ദ്രന് പറഞ്ഞപ്പോള്‍ ഒറ്റക്ക് നിന്നാല്‍ ആരും ശക്തിയല്ലെന്നായിരുന്നു കോടിയേരി തിരിച്ചടിച്ചത്.
അതിനു തെളിവായി കോടിയേരി ഉദ്ധരിച്ചത് 1965 ലെ തെരഞ്ഞെടുപ്പാണ്. 1965 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് മൂന്നു സീറ്റ് കൊണ്ട് തൃപ്തിയടയേണ്ടിവന്ന സി.പി.ഐക്ക് പിന്നീട് ഒറ്റക്ക് മത്സരിക്കാന്‍ തോന്നിയിട്ടില്ലെന്നായിരുന്നു കോടിയേരി സൂചിപ്പിച്ചത്. സ്വാഭാവികമായും കാനം കൊടിയേരിക്കെതിരെയും കടന്നാക്രമിച്ചു. 1965 ല്‍ സി.പി.എമ്മും ഒറ്റക്കല്ല മത്സരിച്ചത്; മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചത് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. മുസ്ലിംലീഗ് ഇല്ലായിരുന്നുവെങ്കില്‍ സി. പി.എമ്മും അന്നത്തെ തെരഞ്ഞെടുപ്പില്‍ അപ്രസക്തമാകുമായിരുന്നുവെന്നര്ത്ഥം. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഇ.എം.എസിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടിയേരിക്ക് കാനം വായടപ്പന്‍ മറുപടി നല്‍കിയത്.
കാനത്തിന്റെ ഈ പരാമര്‍ശം മുസ്ലിംലീഗിന്റെ നിത്യപ്രസക്തിയെയാണ് സൂചിപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ മുസ്ലിംലീഗ് നേടിയെടുത്ത സ്വാധീനം എന്തുമാത്രമായിരുന്നുവെന്നു അത് വ്യക്തമാക്കുന്നു. മുസ്ലിംലീഗിന്റെ രാഷ്ട്രീയ പ്രസക്തിയെ തള്ളിപ്പറഞ്ഞവരെല്ലാം പല സന്ദര്‍ഭങ്ങളിലായി മുസ്ലിംലീഗിന്റെ പിന്തുണ തേടിയിരുന്ന ഭൂതകാല ചരിത്രത്തെയാണ് സി.പി.ഐ നേതാവ് വ്യക്തമാക്കിയത്. ഇ.എം.എസിന്റെ നേതൃത്വത്തില്‍ സി.പി.എമ്മും അച്യുതമേനോന്റെ നേതൃത്വത്തില്‍ സി.പി. ഐയും നേതൃത്വം നല്‍കിയിരുന്ന സര്‍ക്കാരുകള്‍ രൂപപ്പെട്ടത് മുസ്ലിംലീഗിന്റെ പിന്തുണകൊണ്ടു മാത്രമായിരുന്നുവെന്ന കാര്യങ്ങള്‍ ഇടയ്ക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്.
1965 ലെ തെരഞ്ഞെടുപ്പിന് ഒട്ടനവധി സവിശേഷതകളുണ്ട്.
1925 ല്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) യില്‍ പിളര്‍പ്പുണ്ടായത് 1964 ല്‍ ആയിരുന്നു. പിളര്‍പ്പിന് പല കാരണങ്ങള്‍ പറയാമെങ്കിലും എ.കെ ഗോപാലനും എസ്.എ ഡാങ്കെയും തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളായിരുന്നു ഭിന്നിപ്പില്‍ കലാശിച്ചത്. കോണ്‍ഗ്രസുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണോ വേണ്ടയോ എന്ന കാര്യത്തിലുള്ള തര്‍ക്കം ഡാങ്കെയും എ.കെ.ജിയും തമ്മിലുള്ള വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിലേക്ക് നയിച്ചു. 1929 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന മീററ്റ് ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായിരുന്ന എസ്.എ ഡാങ്കെ ബ്രിട്ടീഷ് അധികാരികള്‍ക്ക് മാപ്പപേക്ഷ നല്‍കിക്കൊണ്ട് കത്തയച്ചിരുന്നുവെന്ന എ.കെ ഗോപാലന്റെ പരാമര്‍ശമാണ് ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കിയത്.
ദേശീയ രേഖാ സൂക്ഷിപ്പുകേന്ദ്രത്തിലുള്ള കത്ത് താന്‍ കണ്ടിട്ടുണ്ടെന്ന് എ.കെ.ജിയും എന്നാല്‍ എ.കെ.ജിയുടേത് കെട്ടുകഥയാണെന്ന് ഡാങ്കെയും. ജനസംഘം തുടങ്ങിയ ഇന്ത്യന്‍ ദേശീയതക്ക് അപകടമായിട്ടുള്ള പ്രസ്ഥാനങ്ങളെ മുഖ്യശത്രുക്കളായി കണ്ടുകൊണ്ടും കോണ്‍ഗ്രസിനെയും ഇതര സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെയും വലിയ ശത്രുക്കളായി കാണാതെയുമുള്ള ‘ദേശീയ ജനാധിപത്യം’ എന്ന ആശയം സി.പി.ഐ മുന്നോട്ടു വെച്ചപ്പോള്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള ‘ജനകീയ ജനാധിപത്യം’ എന്ന ആശയമാണ് സി.പി.എം മുന്നോട്ടുവെച്ചത്. കമ്യൂണിസ്റ്റുകളല്ലാത്ത എല്ലാവരും ബൂര്‍ഷ്വാസികളാണെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ മുഖ്യശത്രുവായിക്കണ്ടുകൊണ്ടുള്ള ബൂര്‍ഷ്വാജനാധിപത്യ വിപ്ലവമാണ് ഇന്ത്യയില്‍ ആവശ്യമെന്നുമാണ് അവര്‍ സിദ്ധാന്തിച്ചത്.
1957 ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 55 സീറ്റുകള്‍ നേടിയ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു. മുസ്ലിംലീഗ് ഒറ്റക്ക് മത്സരിച്ച് 8 സീറ്റുകള്‍ നേടി. പി.എസ്.പിക്ക് 8 സീറ്റും ലഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ (19511952) മലബാര്‍ ജില്ലയിലെ 30 സീറ്റുകളില്‍ മുസ്ലിംലീഗ് 5 സീറ്റ് നേടിയപ്പോള്‍ 4 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മുസ്ലിംലീഗ് മത്സരിച്ച 5 സീറ്റിലും എതിരില്‍ കോണ്‍ഗ്രസ് മത്സരിച്ചു പരാജയപ്പെടുകയായിരുന്നു.
ഈ തെരഞ്ഞെടുപ്പും 1957 ലെ തെരഞ്ഞെടുപ്പും നല്കിയ അനുഭവങ്ങളില്‍നിന്നു പാഠം പഠിച്ച കോണ്‍ഗ്രസ് 1960 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗുമായി സഖ്യത്തിന് തയ്യാറായി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഐക്യമുന്നണിയായി മത്സരിച്ച കോണ്‍ഗ്രസ്-പി.എസ്.പി-മുസ്ലിംലീഗ് സഖ്യം വന്‍ വിജയം നേടി. മുസ്ലിംലീഗ് അംഗങ്ങളുടെ എണ്ണം 8 ല്‍ നിന്നും 11 ആയി ഉയര്‍ന്നു. 63 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ വലിയ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് മുസ്ലിംലീഗായിരുന്നു. മുസ്ലിംലീഗിന്റെ സഹായത്തോടുകൂടി മാത്രമേ കേരളത്തില്‍ ഒരുറച്ച ഗവണ്മെന്റ് ഉണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് എന്ന നിലക്ക് ‘വലത്’ കമ്യൂണിസ്റ്റുകളും ‘ഇടതു’ കമ്മ്യൂണിസ്റ്റുകളും തമ്മില്‍ ആദ്യമായി കൊമ്പുകോര്‍ക്കുന്ന സാഹചര്യമായിരുന്നു 1965 ല്‍. കോണ്‍ഗ്രസില്‍ നിന്നും ഭിന്നിച്ച് കേരള കോണ്‍ഗ്രസ് രൂപീകരിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. സോഷ്യലിസ്റ്റ് പാര്‍ട്ടിയും പി.എസ്.പിയിലെ ഒരു വിഭാഗവും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്.എസ്.പി) ഉണ്ടാക്കി മത്സരിക്കുന്നു. കോണ്‍ഗ്രസിന് ഒറ്റക്ക് മത്സരിക്കേണ്ടി വന്നു. സി.പി.എമ്മും ആര്.എസ്.പിയും എസ്. എസ്.പിയും കൂട്ടാളികളായി. ആ മുന്നണിയില്‍ മുസ്ലിംലീഗ് ഉണ്ടായിരുന്നില്ലെങ്കിലും സി.പി. എം മുസ്ലിംലീഗിന്റെ പിന്തുണ ആവശ്യപ്പെട്ടിരുന്നു.
മുന്നണിയില്‍ ഉണ്ടായിരുന്ന എസ്.എസ.് പിയും മുസ്ലിംലീഗും ചില നീക്കുപോക്കുകളുണ്ടാക്കി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് 2, ഗുരുവായൂര്‍, മട്ടാഞ്ചേരി എന്നീ മണ്ഡലങ്ങളില്‍ സ്വതന്ത്രരായി മത്സരിച്ചത്. ഇ അബ്ദുല്‍ഖാദര്‍, കെ.എം അബൂബക്കര്‍, പി.എം അബൂബക്കര്‍, പി.കെ അബ്ദുല്‍മജീദ്, എം.പി.എം ജാഫര്‍ഖാന്‍ എന്നിവരായിരുന്നു സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ചത്. പ്രസ്തുത തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വന്നപ്പോള്‍ ഗവര്‍ണര്‍ നിയമസഭ വിളിച്ചുചേര്‍ത്തില്ല. പിന്നീട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് 1967 ഫിബ്രവരിയിലാണ്. 1965 ലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സി.പി.എം നേതൃത്വം നല്കുന്ന മുന്നണിയില്‍ മുസ്ലിംലീഗും അംഗമായി. ഇ.എം.എസ്, അഴീക്കോടന്‍ രാഘവന് തുടങ്ങിയ പ്രമുഖ സി.പി.എം നേതാക്കള്‍ മുസ്ലിംലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയയുടെ വസതിയില്‍ വന്ന് ബാഫഖിതങ്ങളുടെയും സി.എച്ചിന്റെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ കൃത്യമായ ധാരണകള്‍ ഉറപ്പാക്കിയ ശേഷമാണ് മുസ്ലിംലീഗ് മുന്നണിയില്‍ ചേര്‍ന്നത്.