ഇളവുകള്‍ പ്രതിഫലത്തെ ബാധിക്കില്ല

ടി.എച്ച് ദാരിമി

മഹാമാരിയുടെ കാലത്ത് എല്ലാം വെട്ടിച്ചുരുക്കുവാന്‍ മനുഷ്യകുലം ബാധ്യസ്ഥരായിരിക്കുകയാണ്. അതില്‍ ആരാധനകളും കര്‍മ്മങ്ങളുമെല്ലാം പെടുന്നു. പള്ളികളില്‍ ഒരുമിച്ചുകൂടാനേ പറ്റാത്ത മാസങ്ങള്‍ കടന്നുപോയി. ഇപ്പോള്‍ ഒരുമിച്ചുകൂടാമെന്നായി എങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. അതോടെ ചില വിശ്വാസികളുടെ മനസ്സില്‍ തെല്ലൊരു ആശ്വാസമായി എങ്കിലും കര്‍മ്മങ്ങള്‍ അതിവേഗത്തില്‍ അത്യാവശ്യ ഘടകങ്ങളില്‍ മാത്രം ഒതുക്കി ചെയ്യേണ്ടിവരുന്നു എന്നതില്‍ ഒരുതരം മനോവ്യഥ അവശേഷിക്കുന്നുണ്ട്. ഈ മനോവ്യഥയുടെ പ്രഭവകേന്ദ്രം മതത്തെ കുറിച്ചും മതം നിഷ്‌കര്‍ഷിക്കുന്ന ഓരോ കാര്യങ്ങളുടെയും പിന്നിലുള്ള ഉദ്ദേശലക്ഷ്യത്തെ കുറിച്ചുമുള്ള അജ്ഞതയാണ്. മതത്തെ താത്വികമായി ഗ്രഹിക്കുന്നതോടെ ഇത് ഇല്ലാതെയാകും. ചുരുക്കേണ്ടിവരുന്നത് സ്വാഭാവിക കാരണങ്ങളാലായാലും അസ്വാഭാവിക കാരണങ്ങളാലായാലും ഒരുപേലെയാണ്. ഒന്നാമത്തേതിന് ഉദാഹരണം യാത്രികന്റെ നിസ്‌കാരങ്ങളാണ്. യാത്രികന് ഫര്‍ള് നിസ്‌കാരങ്ങള്‍ ചുരുക്കിയും ഒന്ന് മറ്റൊന്നോടൊപ്പം മുന്നോട്ടോ പിന്നോട്ടോ ചേര്‍ത്തും നിസ്‌കാരിക്കാം എന്ന ഇളവുണ്ട്. ഈ ഇളവിനെ കുറിച്ച് പണ്ഡിതന്‍മാര്‍ പറയുന്നത് യാത്രികന് ഇളവ് ഉപയോഗപ്പെടുത്തുന്നതു തന്നെയാണ് ഏറ്റവും നല്ലത് എന്നാണ്. ആരാധനയുടെ മൗലികമായ പ്രാധാന്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം മതം ഏതു സാഹചര്യത്തെയും ഉള്‍ക്കൊള്ളാവുന്ന അത്ര ഒരേ സമയം വിശാലവും സരളവുമാണ് എന്ന ഒരു സന്ദേശം ഈ നിലപാട് വഴി വിശ്വാസിയിലേക്ക് ഇസ്‌ലാം പകരുന്നുണ്ട്.

ഇളവുകളും വിട്ടുവീഴ്ചകളും വേണ്ടിവരുന്നത് മനുഷ്യജീവനെ സംരക്ഷിക്കുവാനാണ് എന്നും നമ്മുടെ പരമാവധിയില്‍ നിന്നുകൊണ്ട് അതു പാലിക്കുവാന്‍ മനുഷ്യന് കടമയുണ്ട് എന്നും മനസ്സിലാക്കുന്നതില്‍ വീഴ്ചകള്‍ വരുമ്പോഴാണ് കൈപ്പിഴകള്‍ സംഭവിക്കുന്നത്. കോവിഡ് കാലം ഇതും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മുന്‍കരുതലുകളും നിയന്ത്രണങ്ങളും പാലിക്കേണ്ടത് കുലത്തിന്റെ പിടിച്ചുനില്‍ക്കലിന് അനുപേക്ഷണീയമാണ്. ഈ നിയന്ത്രണങ്ങള്‍ ഇതുകൊണ്ടുതന്നെ ഗുണമാണ് ലക്ഷ്യമിടുന്നത്. ഭീതിയെ ഉള്‍കൊണ്ടുകൊണ്ടും പരമാവധി ഒതുക്കിപ്പിടിച്ചുകൊണ്ടും ആരാധനകളും കര്‍മ്മങ്ങളും ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ ഈ പേരും പറഞ്ഞ് ആരാധനകള്‍ മറന്നുപോകുന്നത് ഒരിക്കലും ശരിയും ന്യായീകരിക്കാവുന്നതുമല്ല. ഇതു രണ്ടിന്റെയും ഇടയില്‍ കൃത്യമായ ഒരു ബാലന്‍സിംഗിനാണ് ഇസ്‌ലാം ശ്രമിക്കുന്നത്.

ഭീതികാലത്ത് ആരാധനകള്‍ നിര്‍വ്വഹിക്കപ്പെടുമ്പോള്‍ അതിന് പ്രതിഫലവും സ്വീകാര്യതയും കൂടുകയാണ് ചെയ്യുക എന്ന് നബി(സ)യുടെ മൊഴിയില്‍ നമുക്കു കാണാം. നബി(സ) പറഞ്ഞു: ‘ഭീതികാലത്തെ ആരാധന എന്നിലേക്കുള്ള പലായനം പോലെയാണ്’ ( മുസ്‌ലിം). ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ഈ ഹദീസിനെ വ്യാഖ്യാനിച്ച പണ്ഡിതമാര്‍ വിശദമാക്കിയിട്ടുണ്ട്. അവയിലൊന്ന്, ഭീതിക്കു വശംവദരായി ജനങ്ങള്‍ പൊതുവെ അശ്രദ്ധയില്‍ ആപതിച്ചുപോകും. ആ അശ്രദ്ധയില്‍ നിന്നും രക്ഷപ്പെടുന്ന മനസ്സുണര്‍വ്വുള്ളവരാണ് ഭീതി കാലത്ത് ആരാധനകള്‍ക്കായി തയ്യാറാവുക. അപ്പോള്‍ അതിന് പ്രത്യേക പരിഗണയുണ്ടാകുന്നു. മറ്റൊന്ന്, ഭീതി പടരുന്നതോടെ ജനങ്ങള്‍ സ്വന്തം കാര്യങ്ങള്‍ക്ക് പരിഗണ നല്‍കും എന്നാണ്. ദൈവ കാര്യങ്ങള്‍ക്കു പരിഗണ നല്‍കുകയാണല്ലോ ഭീതി കാലത്ത് ആരാധന ചെയ്യുന്നവര്‍. അപ്പോള്‍ അതിനു പ്രത്യേക പരിഗണന ലഭിക്കും. മറ്റൊന്ന്, ഭീതി കാലത്തും ആരാധനകളില്‍ നിമഗ്‌നരാകുന്നവര്‍ ഭൗതികതയില്‍ നിന്നും ആത്മീയതയിലേക്കു പലായനം ചെയ്യുന്നതു പോലുള്ള ഒരു ശ്രമത്തിലാണ്, അതുകൊണ്ട് അതിനു കൂടുതല്‍ പരിഗണന ലഭിക്കുന്നു എന്നാണ്. ഏതായാലും ഭീതി കാലത്ത് മുടക്കം വരാതെ, വരുത്താതെ ആരാധനകളില്‍ തുടരുന്ന ആള്‍ക്ക് പ്രത്യേക പരിഗണനയും സ്വീകാര്യതയും ലഭിക്കുന്നു എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

‘നിങ്ങള്‍ കഴിയുന്ന അത്ര അല്ലാഹുവിനെ തഖ്‌വാ ചെയ്യുക’ എന്നാണ് അല്ലാഹു പറയുന്നത് (തഗാബുന്‍ 16). ഓരോ കര്‍മ്മവും ചെയ്യുവാന്‍ നിയതമായ രൂപവും ഭാവവും രീതിയും ശൈലിയുമെല്ലാമുണ്ട്. അവ പ്രവാചകനാല്‍ വിശദമായി പഠിപ്പിക്കപ്പെട്ടതാണുതാനും. പണ്ഡിതന്‍മാര്‍ അത് യഥാവിഥം വിശദീകരിച്ചിട്ടുമുണ്ട്. എന്നാല്‍ അവ്വിധം പരിപൂര്‍ണ്ണമായി ചെയ്യുവാന്‍ തന്റേതല്ലാത്ത കാരണത്താല്‍ കഴിയാതെ വരുമ്പോള്‍ വിശ്വാസിക്ക് അല്ലാഹു അനുവദിക്കുന്ന ഇളവുകളാണ് ഈ ആയത്തിന്റെ ഉള്ളടക്കം. ‘നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട വിധമെല്ലാം സൂക്ഷിക്കുക തന്നെ വേണം’ എന്ന കല്‍പന വന്നതോടെ പല വിശ്വാസികളും ആശങ്കകളുമായി നബി(സ) തിരുമേനിയെ സമീപിച്ചു. മാനുഷികമായ ദൗര്‍ബല്യങ്ങളില്‍ പെട്ടോ അവിചാരിതമായ സാഹചര്യങ്ങള്‍ സംജാതമായോ സമ്പൂര്‍ണ്ണമായി ചെയ്യാന്‍ കഴിയാതെ വന്നാല്‍ -അതു സ്വാഭാവികമാണു താനും, തങ്ങള്‍ക്കു മുത്തഖീങ്ങളാകുവാന്‍ കഴിയാതെ വരില്ലേ എന്നായിരുന്നു അവരുടെ ആശങ്ക. ആ ചോദ്യത്തിനു മറുപടിയായാണ് പ്രസ്തുത ആയത്ത് അവതീര്‍ണ്ണമായത്. അതിനാല്‍ ഇസ്‌ലാമിന്റെ നയം ഓരോ കര്‍മ്മവും ആരാധനയും അതിന്റെ പരിപൂര്‍ണ്ണമായ ഭാവത്തില്‍ തന്നെ ചെയ്യണമെന്നും വല്ല കാരണവശാലും അതിനു കഴിയാതെ വന്നാല്‍ ഒഴിഞ്ഞുമാറുകയല്ല, കഴിയുന്ന അത്ര ചെയ്യുകയാണ് വേണ്ടത് എന്നുമാണ്.

തങ്ങളുടേതല്ലാത്ത കാരണത്താല്‍ വീട്ടകങ്ങളില്‍ വെച്ച് ആരാധനകള്‍ നടത്തുമ്പോള്‍ അവര്‍ക്കതിനു പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും. പള്ളിയില്‍ ജമാഅത്തിനെത്തുന്നവര്‍ക്ക് ചേര്‍ന്നുനില്‍ക്കുവാന്‍ വിലക്കുണ്ട്. അതൊഴിവാക്കുന്നതോടെ വരുന്ന കുറവുകള്‍ക്കെല്ലാം നിയന്ത്രണം ഒരു ന്യായമാണ്. ജുമുഅ വളരെ പെട്ടെന്ന് നിസ്‌കരിക്കേണ്ടത് അനിവാര്യമാണ്. രോഗവ്യാപനം ധ്രുതഗതിയിലാണ് നടക്കുന്നത്. അതിനിടെ ചെയ്യുന്നത് ഒരു വ്യഥയുമില്ലാതെ നിര്‍വ്വഹിക്കുക. അതിനൊക്കെ സമ്പൂര്‍ണ്ണമായ പ്രതിഫലം തന്നെ കരുണാവാരിധിയായ അല്ലാഹു നല്‍കും.

SHARE