ഫസീഹ് കുണിയ
ഇന്ന് ജൂലൈ 17, രാജ്യാന്തര നീതിദിനം. തുല്യ നീതിയുടെ അനിവാര്യതയെക്കുറിച്ചും നീതി നിഷേധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക, നീതിനിഷേധത്തിന്റെ ഇരകളായി ജീവച്ഛവമായി കാരാഗൃഹങ്ങളില്‍ തളച്ചിടപ്പെട്ടവരുടെ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജസ്റ്റിസ് ഡേ ആചരിക്കപ്പെടുന്നത്. രാജ്യത്തെ എല്ലാ വിധ വിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പ് നല്കുന്ന ഭരണഘടനയാണ് ജനാധിപത്യ ഇന്ത്യയുടെ ആത്മാവ്.
ജാതിമത, വര്‍ഗ്ഗ വര്‍ണ്ണ വിത്യാസമില്ലാതെ എല്ലാവര്ക്കും തുല്യനീതി, തുല്യ നിയമം പ്രധാനം ചെയ്യുന്ന രാജ്യമായിരുന്നു രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സങ്കല്പത്തിലെ ഇന്ത്യ. എല്ലാ മനുഷ്യര്‍ക്കും നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ജുഡീഷ്യറിയില്‍ നിക്ഷിപ്തവുമാണ്. പക്ഷെ, രാജ്യത്തെ നീതി ന്യായ സംവിധാനങ്ങളുടെയും അന്വേഷണ ഏജന്‍സികളുടെയും നീക്കുപോക്കുകള്‍ ഈ വഴിക്കല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. സെലക്ടീവ് ജസ്റ്റിസിന്റെയും പ്രിവിലേജ്ഡ് കമ്മ്യൂണിറ്റിക്ക് മാത്രം ലഭ്യമായ നിയമപരിരക്ഷയുടെയും പേരില്‍ സംശയത്തിന്റെ നിഴലിലായിരുന്നു രാജ്യത്തെ നീതിന്യായ സംവിധാനങ്ങളും അന്വേഷണ ഏജന്‍സികളും. ആര്.എസ്.എസ് പ്രചാരക് നരേന്ദ്ര മോഡി അധികാരത്തിലേറിയതോടെ ഇതിന്റെ പ്രകടമായ ചിത്രങ്ങള്‍ കണ്ടു തുടങ്ങി. അടുത്ത കാലത്തായി പുറത്ത് വന്ന അന്വേഷണ ഏജന്‍സികളുടെ കേസന്വേഷണങ്ങളും കോടതി വിധികളും ഇതിനെ ശരിവെക്കുന്നുമുണ്ട്.
തുല്യനീതി വിഭാവനം ചെയ്യുന്ന മഹത്തായ രാഷ്ട്ര സങ്കല്പത്തെ വിവരിക്കുന്നതിനേക്കാള്‍ ഉചിതം, നീതി നിഷേധം ഉണ്ടാക്കിത്തീര്‍ത്ത ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നതാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മൂടിക്കെട്ടിയ കണ്ണുകള്‍ നോക്കുകുത്തിയാക്കി നീതിനിഷേധിക്കപ്പെട്ട പതിനായിരങ്ങളാണ് രാജ്യത്തുള്ളത്. തങ്ങള്‍ക്ക് പരിചിതരായവര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ നിയമത്തിന്റെ പഴുതുകളില്‍ അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ അധികാരി വര്‍ഗം ദാസ്യപ്പണി ചെയ്യുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ലാതായിരിക്കുന്നു.
ഇതേ സമയം തന്നെ നീതിന്യായ സംവിധാനങ്ങളുടെ കനിവും കാത്ത് തടവറകളില്‍ നരക തുല്യമായ ജീവിതം നയിച്ച് കൊണ്ടിരിക്കുന്ന നിരപരാധികളായ സാധാരണക്കാരും ന്യൂനപക്ഷ സമുദായംഗങ്ങളും ഏറെയാണ്. ഭരണകൂടങ്ങളുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ചൊല്പടിക്ക് നില്‍ക്കാത്തതിനാല്‍ അന്വേഷണ ഏജന്‍സികളെയും മറ്റു സംവിധാനങ്ങളെയും കൂട്ടുപിടിച്ച് ഇരുളറക്കുള്ളില്‍ തളച്ചിടപ്പെട്ടവരാണ് ഇവരിലധികവും. കേസന്വേഷണം മന്ദഗതിയിലാക്കിയും വിചാരണ കാലയളവ് അനന്തമായി നീട്ടിക്കൊണ്ടുമുള്ള നീതിനിഷേധം ഇന്ന് സര്‍വ്വ സാധാരണമായിക്കഴിഞ്ഞു.
കുറ്റവാളിയെന്ന സംശയത്തിന്റെ നിഴലില്‍ ആയുസ്സിന്റെ സുപ്രധാന ഭാഗങ്ങള്‍ തടവറകള്‍ക്കുള്ളില്‍ ഹോമിക്കേണ്ടി വന്ന അനേകായിരങ്ങള്‍ രാജ്യത്തുണ്ട്. ഏതൊരു കുറ്റവാളിക്കും മനുഷ്യാവകാശമുണ്ട് എന്നത് ലോകമംഗീകരിച്ച പൊതു തത്വമാണ്. നമ്മുടെ ഭരണഘടന അത് ഉറപ്പ് നല്‍കുന്നുമുണ്ട്.എന്നാല്‍ കൊടിയ മനുഷ്യാവകാശ ലംഘനമാണ് ഇത്തരം കേസുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ട കലാപങ്ങളും ആക്രമണങ്ങളും അനവധിയാണ്. പക്ഷെ ഈ സംഭവങ്ങളിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ഇതേ സാഹചര്യത്തില്‍ തന്നെയാണ് സംശയത്തിന്റെ പേരില്‍ മഅ്ദനി പോലെയുള്ള നിരപരാധികളെ വര്‍ഷങ്ങളോളം വിചാരണത്തടവുകാരായി അന്വേഷണ ഏജന്‍സികള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. വിചാരണ കൂടാതെ നീണ്ട എട്ടു വര്‍ഷങ്ങളാണ് തമിഴ്നാട് പോലീസ് അദ്ദേഹത്തെ ജയിലിലടച്ചത്. ഒമ്പതര വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനാക്കി വെറുതെ വിടുകയും ചെയ്തു. ഭരണകൂട ഭീകരതയുടെയും തുല്യതയില്ലാത്ത നീതി നിഷേധത്തിന്റെയും ഇരയായ മഅ്ദനി 2010ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. കഴിഞ്ഞ 3 വര്‍ഷത്തോളമായി കര്‍ശന ഉപാധികളോടെ ബാംഗ്ലൂരിലെ വാടക വീട്ടില്‍ കഴിയുകയാണദ്ദേഹം.
ജാമ്യം അനുവദിച്ച വേളയില്‍ ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ നാലു മാസങ്ങള്‍ കൊണ്ട് തീര്‍ക്കുമെന്ന് കര്‍ണ്ണാടക പ്രൊസിക്യൂഷന് സുപ്രീം കോടതിയില്‍ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അരപതിറ്റാണ്ടു പിന്നിട്ടിട്ടും വാക്ക് പാലിക്കപ്പെട്ടിട്ടില്ല. രാജ്യത്ത് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആയിരക്കണക്കിന് നിരപരാധികളെ വേട്ടയാടുമ്പോഴും, മറുഭാഗത്ത് കൊടും കുറ്റവാളികളെ പോലും തെളിവില്ല എന്ന ആനുകൂല്യത്തില്‍ വിട്ടയച്ചു കൊണ്ടിരിക്കുകയാണ്, ഹിന്ദുത്വ വലത് പക്ഷ തീവ്രവാദികളുടെ ആക്രമണങ്ങളിലെ പ്രതികളെ പ്രത്യേകിച്ചും. ഇരട്ടനീതിയും നിയമവും നടപ്പിലാക്കുന്നതിന്റെ പ്രകടമായ ചിത്രങ്ങളാണ് മോഡിക്കാലത്ത് കണ്ട് കൊണ്ടിരിക്കുന്നത്.
കേരളത്തിലെ അന്വേഷണ ഏജന്‍സികളുടെ കാര്യവും ഇതില്‍ നിന്ന് വിഭിന്നമല്ല. തലസ്ഥാന നഗരിയില്‍ മദ്യലഹരിയില്‍ മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കൊലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥന് വെങ്കിട്ടരാമന് ഇന്നെവിടെക്കിടക്കുന്നു എന്നന്വേഷിച്ചാല്‍ തന്നെ ഇതിന്നുത്തരം ലഭിക്കും. നീതി നടപ്പിലാക്കുന്നതിന് പകരം ഭരിക്കുന്നവരുടെ, ഉദ്യോഗസ്ഥ ലോബിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് അന്വേഷണ ഏജന്‍സികള്‍ പ്രാമുഖ്യം നല്‍കിയത്.
ഭരണവര്‍ഗത്തിന്റെ താത്പര്യങ്ങള്‍ക്കനുസൃതമായി സര്‍ക്കാര്‍ സര്‍വ്വീസില്‍ അദ്ദേഹത്തെ തിരിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പാലത്തായി പീഡന കേസ് ഇതിനോട് ചേര്‍ത്തി വായിക്കേണ്ടതുണ്ട്. തന്നെ അദ്ധ്യാപകന് പീഡിപ്പിച്ചിട്ടുണ്ടെന്ന് നാലാം ക്ലാസുകാരി മൊഴി നല്‍കുകയും മെഡിക്കല്‍ ടെസ്റ്റുകള്‍ പീഡനം നടന്നിട്ടുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ പ്രസ്ഥാനങ്ങളുടെ കടുത്ത പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.തുടരന്വേഷണംമന്ദഗതിയിലാക്കിയ അന്വേഷണ ഏജന്‍സി, കുട്ടിക്ക് മനോനില ശരിയല്ല എന്ന വാദമുയര്‍ത്തി പോക്സോ ചുമത്താതെ പ്രതിക്ക് രക്ഷാകവചമൊരുക്കാനാണ് തയ്യാറായത്.
സമീപ കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല കേസുകളിലും അധികാരവര്‍ഗത്തില്‍ നിന്നുള്ള സമീപനങ്ങള്‍ ഇതേ രീതിയിലുള്ളതാണ്. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പ്രത്യേക മതവിഭാഗങ്ങളിലുള്ളവര്ക്കെതിരെ മാത്രം ഉപയോഗിക്കാനുള്ളതാണ് എന്ന രൂപത്തിലാണ് അന്വേഷണ ഏജന്‍സികളുടെ ഇടപെടലുകള്‍. അതേ സമയം സംസ്ഥനത്ത് കള്ള നോട്ടടി പോലെയുള്ള രാജ്യദ്രോഹക്കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ പോലും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരല്ലെന്ന ആനൂകൂല്യം കൈപറ്റി ആഴ്ചകള്‍ക്കുള്ളില്‍ ജാമ്യം നേടി പുറത്തിറങ്ങുന്നു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായ ജുഡീഷ്യറി സംവിധാനം നിലനില്‍ക്കുന്നത് ഇന്ത്യയിലാണെന്ന് ചിലര്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. ഇരട്ടനീതിയും ഇരട്ട നിയമപരിരക്ഷയും നിലനില്‍ക്കുന്ന കാലമത്രയും ഒരു നിയമത്തെയും ഉള്‍ക്കൊള്ളാനാവാത്ത രാജ്യമായി ഇന്ത്യ തുടരുമെന്നത് തീര്‍ച്ചയാണ്.