വാസുദേവന്‍ കുപ്പാട്ട്
കോവിഡ്19 എന്ന മഹാമാരി സര്‍വ്വ അതിരുകളും കടന്ന് സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്ന അത്യന്തം ആപല്‍ക്കരമായ സാഹചര്യം ഒരു വശത്ത്. വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ ഒത്താശ ചെയ്തതിന്റെ നാണക്കേടും രാഷ്ട്രീയ പ്രത്യാഘാതവും മറുവശത്ത്. ഇപ്രകാരം ചെകുത്താനും കടലിനും ഇടക്ക് എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്ന നിലയിലാണ് പിണറായി സര്‍ക്കാര്‍. രണ്ടു വിഷയങ്ങളും സര്‍ക്കാറിന് കൈവിട്ടു പോയിരിക്കുകയാണ്. രണ്ടിലും നിയന്ത്രണം അനിവാര്യവുമാണ്. കോവിഡ് ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവനാണ് വെല്ലുവിളിയാകുന്നത്. സ്വര്‍ണക്കടത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ യഥാസമയം എത്തിക്കുന്നതില്‍ കൃത്യവിലോപം സംഭവിച്ചാല്‍ രാജ്യരക്ഷക്കു തന്നെ ഭീഷണിയാണ്. ഈ രണ്ടു വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്.
അമിതമായ ആത്മവിശ്വാസവും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതില്‍ ഉണ്ടായ വീഴ്ചയുമാണ് കോവിഡിന്റെ കാര്യത്തില്‍ തിരിച്ചടിയായത്. ആരോഗ്യസംരക്ഷണത്തില്‍ ലോകരാജ്യങ്ങള്‍ക്ക് തന്നെ കേരളം മാതൃകയാണ് എന്നാണ് പറഞ്ഞുനടന്നിരുന്നത്. യു.എന്‍ രക്ഷാസമിതിയുടെ വെബ്്നാറില് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പ്രസംഗിച്ചു. ബി.ബി.സിയുടെ പ്രതിനിധി ടീച്ചറുടെ ഇന്റര്‍വ്യൂ എടുത്തു. കേരളം കോവിഡിനെ പിടിച്ചുകെട്ടി എന്നാണ് ഇതൊക്കെ കണ്ടപ്പോള്‍ ജനങ്ങള്‍ വിചാരിച്ചത്.
എന്നാല്‍ പവനായി ശവമായി എന്നു പറഞ്ഞതുപോലെയായി ഒടുവില്‍ കാര്യങ്ങള്‍. സാമൂഹിക വ്യാപനത്തിന്റെ ഖ്യാതി കൂടി കൊച്ചു കേരളത്തിന് ഇപ്പോള്‍ സ്വന്തമായിരിക്കുകയാണ്. തിരുവനന്തപുരത്തെ പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയത് എന്തുകൊണ്ട് എന്ന് അന്വേഷിക്കുമ്പോള്‍ ആരോഗ്യവകുപ്പ് തന്നെയാണ് പ്രതിക്കൂട്ടില്‍. തുടക്കത്തില്‍ ഉണ്ടായിരുന്ന ജാഗ്രത പിന്നീട് ഇല്ലാതെ പോയി. ചെറിയ നിയന്ത്രണങ്ങളും ബോധവല്‍ക്കരണവും ആവശ്യമായ സന്ദര്‍ഭത്തില്‍ നാം ലോക്്ഡൗണ്‍ എന്ന അടച്ചുപൂട്ടലിന്റെ സാധ്യതയാണ് പ്രയോജനപ്പെടുത്തിയത്. പിന്നീട് ലോക്്ഡൗണില് ഘട്ടം ഘട്ടമായി ഇളവ് പ്രഖ്യാപിച്ചു. പ്രാദേശികതലത്തില്‍ ഇളവുകള്‍ ജനങ്ങള്‍ സ്വാഭാവികമായും ആഘോഷമാക്കി.
ഗള്‍ഫില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ വഴി രോഗം പകര്‍ന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, സമ്പര്‍ക്കം വഴി രോഗം പകരുന്നത് ക്രമാതീതമായി വര്‍ധിക്കുന്നുവെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച വരെ 532 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത കേസുകളാകട്ടെ നാല്പത് കടന്നു. കണ്ടെയ്ന്മെന്റ് സോണില്‍ ജനങ്ങള്‍ പുറത്തിറങ്ങരുത് എന്നാണ് പറയുന്നത്. ഇത് എല്ലായ്പോഴും പാലിക്കാന്‍ പറ്റി എന്നു വരില്ല. ജോലിക്ക് പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാവും എന്ന അവസ്ഥയിലുള്ളവരോട് നിയന്ത്രണത്തിന്റെ കാര്യം പറയുന്നതില്‍ അര്‍ത്ഥമില്ല.
മാര്‍ക്കറ്റുകളും ഗതാഗത സംവിധാനങ്ങളും യഥേഷ്ടം തുറന്നുകൊടുത്തപ്പോള്‍ വരാനിരിക്കുന്ന വിപത്തിനെപ്പറ്റി സര്‍ക്കാര്‍ ആലോചിച്ചില്ല. മത്സ്യമാര്‍ക്കറ്റുകളിലും മറ്റും ആളുകള്‍ കൂട്ടം കൂടിയപ്പോള്‍ സാമൂഹിക അകലം എന്ന സങ്കല്പം തന്നെ ഇല്ലാതായി. സ്വകാര്യബസുകളില്‍ യാത്രക്കാരെ ഇഷ്ടംപോലെ കയറ്റാവുന്ന അവസ്ഥയായിരുന്നു. നേരത്തെ ഒരു സീറ്റില്‍ ഒരാള്‍ എന്നായിരുന്നു നിബന്ധന. പിന്നീട് മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കയറ്റാമെന്നായി. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്ന് പറഞ്ഞുവെങ്കിലും അക്കാര്യത്തില്‍ കര്‍ശനനിയന്ത്രണം ഉണ്ടായില്ല. ഏതായാലും ബസിലെ യാത്ര സുരക്ഷിതമല്ല എന്ന അവസ്ഥ വന്നു. ട്രെയിനുകള്‍ ചിലത് ഓടിത്തുടങ്ങിയപ്പോള്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനത്തിന് ഒരു കാരണം കൂടിയായി.
തിരുവനന്തപുരത്തിന് പുറമെ മലപ്പുറത്തെ പൊന്നാനിയും രോഗബാധയുടെ കാര്യത്തില്‍ തീവ്രതയുള്ള ഒരു കേന്ദ്രമാണ്. ഒരുഘട്ടത്തില്‍ രോഗികള്‍ ഇല്ലാതായ കാസര്‍കോട് ജില്ലയും ഇപ്പോള്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന പ്രദേശമായി മാറി. കോഴിക്കോട് ഉള്‍പ്പെടെ കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്.
വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരെ സ്ഥാപന ക്വാറന്റീന് ചെയ്യുന്നതിന് പകരം വീടുകളിലേക്ക് വിട്ടതാണ് സമ്പര്‍ക്കം വഴി കേസുകള്‍ വര്‍ധിക്കാന്‍ കാരണമായത്. രോഗം സ്ഥിരീകരിക്കുന്നതിനുള്ള ആന്റിജന്‍ ടെസ്റ്റുകള്‍ പരമാവധി കുറച്ചതും രോഗവ്യാപനത്തിന്റെ തോത് പുറത്തറിയാതിരിക്കാന്‍ കാരണമായി. ടെസ്റ്റുകളുടെ എണ്ണം കൂടിയപ്പോള്‍ സ്വാഭാവികമായും രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുള്ളതായി കാണപ്പെട്ടു.
ഇതിനെല്ലാം കാരണം സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്തുനിന്നുവന്ന വീഴ്ചയാണ്. പൊലീസിനും ബി.എസ്.എഫ് ജവാന്മാര്ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്ന സാഹചര്യമാണുള്ളത്. രണ്ടര ലക്ഷം പേര്‍ക്ക് ക്വാറന്റീന് ഒരുക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ 25,000 പേര് എത്തിയപ്പോള്‍ തന്നെ മുട്ടുമടക്കി എന്നാണ് അവസ്ഥ. എന്നാല്‍ കോവിഡിന്റെ കാര്യം നോക്കണോ, സ്വര്‍ണക്കടത്തിന്റെ ആരോപണങ്ങളില്‍ നിന്ന് തലയൂരണോ എന്ന ചിന്തയാണ് മുഖ്യമന്ത്രിയെ അലട്ടുന്നത്. തലയില്‍ കത്തുമ്പോള്‍ മലയില്‍ കത്തുന്നത് ശ്രദ്ധിക്കാനാവില്ല. അതുകൊണ്ട് സ്വര്‍ണം തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രധാന വിഷയം.
സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്ന് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുകയാണ്. സ്വപ്ന യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന കാലത്തായിരുന്നു ശിപാര്‍ശ. ഇതോടെ സ്വപ്നയുടെ ജോലിക്കാര്യം സര്‍ക്കാര്‍ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. പാര്‍ട്ടി പോലും മുഖ്യമന്ത്രിയെ തള്ളിപ്പറയുന്ന അവസ്ഥയുണ്ടായി. മുഖ്യമന്ത്രിക്ക് ജാഗ്രതാകുറവ് ഉണ്ടായി എന്നാണ് സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തിയത്. തീക്കനലില്‍ ഉറുമ്പരിച്ച അവസ്ഥ.
പാര്‍ട്ടിക്കാര്‍ക്ക് പോലും മുഖ്യമന്ത്രിയെ അങ്ങനെ നേരിട്ട് കാണാന്‍ ആവില്ല. അത്ര നിയന്ത്രണമാണ്. അതിനിടെയാണ് സ്വപ്നയും കൂട്ടരും മുഖ്യമന്ത്രിയുടെ ഓഫീസ് കൈയിലെടുത്ത് അമ്മാനമാടിയത്. ഗൂഢാലോചനക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഫഌറ്റിന്റെ അകത്തളം ഉപയോഗപ്പെടുത്താനും രണ്ടാമതൊന്ന് ആലോചിച്ചില്ല. സി.പി.എം ഭരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് ആരും കരുതിയതല്ല. സംഭവിക്കാനുള്ളത് സംഭവിച്ചു. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് ഇപ്പോള്‍ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും വ്യക്തമായിരിക്കുകയാണ്. എന്നാലും മുഖ്യമന്ത്രിയെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി ബ്രാഞ്ച് മുതല്‍ മുകളിലേക്ക് വിശദീകരണം ഉണ്ടാവും. അതുകേട്ട് സഖാക്കള്‍ തലയില്‍ മുണ്ടിട്ട് മുഖത്ത് മാസ്ക് കെട്ടി മിണ്ടാതെ വീട്ടില്‍ പോയ്ക്കോളണം എന്നാണ് കോടിയേരി പറഞ്ഞിട്ടുള്ളത്. കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ടുപോയിട്ടുണ്ടെങ്കിലും ഭരണത്തുടര്‍ച്ചക്ക് കടത്തിയ സ്വര്‍ണമൊന്നും വിലങ്ങു തടിയാവില്ല എന്ന കോടിയേരിയുടെ കണ്ടുപിടിത്തം അണികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസമായത്. അതിനിടയില്‍ വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിനെപ്പറ്റി പിന്നെ പറയാനുമില്ല എന്നാണ് കോടിയേരിയുടെ ആത്മഗതം.