സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ഓരോ വേര്‍പാടുകളും നമുക്ക് നല്‍കുന്നത് തീരാത്ത ശൂന്യതയാണ്. കാലത്തിന്റെ തിരശ്ശീലക്ക് പിറകിലേക്ക് മറഞ്ഞ് പോകുന്നവര്‍ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ വരികയേ ഇല്ല. ആ ശൂന്യത എന്നും ശൂന്യതയായി തന്നെ തുടരും. മുസ്്ലിംലീഗിന്റെ നിസ്വാര്‍ത്ഥരായ നേതാക്കളുടെ കാര്യത്തില്‍ ഇത് വളരെ പ്രസക്തവുമാണ്.
ആഗസ്ത് ഒന്ന്, രണ്ടു വേര്‍പാടുകളുടെ ദു:ഖസാന്ദ്രമായ ദിനമാണ്. ഒന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ. കൃത്യം ഒരു വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങളും നമ്മെ വിട്ടുപിരിഞ്ഞത്. രണ്ട് നേതാക്കളും മുസ്്ലിംലീഗിന്റെ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്കിയവരാണ്. മുസ്്ലിംലീഗിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനെ തുടര്‍ന്ന് രണ്ട് പക്ഷത്ത് നില്‍ക്കേണ്ടി വന്നപ്പോഴും, പിന്നീട് ഒരുമിച്ച് സംഘടനയെ ഐക്യത്തോടെ നയിച്ചപ്പോഴും ആ നേതാക്കള്‍ നല്കിയ പാഠം ഏറെ മഹത്തരമായിരുന്നു.
സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ മൂത്തമകളെയാണ് സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ വിവാഹം കഴിച്ചത്. ബാഫഖി തങ്ങളുടെ രാഷ്ട്രീയ ജീവിതത്തില്‍ ശക്തമായി കൂടെ നിന്ന നേതാവായിരുന്നു അദ്ദേഹം. തീരുമാനങ്ങളെടുക്കുന്നതിലെ ദൃഢതയും നേതൃസിദ്ധിയും സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങളുടെ സവിശേഷതയായിരുന്നു. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അദ്ദേഹം അകമഴിഞ്ഞ പിന്തുണ നല്കി. എഴുത്തുകാരെയും പ്രഭാഷകരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. നിയമസഭാ സമാജികനായും വഖഫ് ബോര്‍ഡ് ചെയര്‍മാനായും അദ്ദേഹം മികവ് തെളിയിച്ചു. സല്‍ക്കാരപ്രിയനായിരുന്ന ഉമ്മര്‍ ബാഫഖി തങ്ങളുടെ കൊയിലാണ്ടിയിലെ വീട് എന്നും നേതാക്കളാലും പ്രവര്‍ത്തകരാലും നിറഞ്ഞു നിന്നു. ശരീഅത്ത് വിഷയം ആളിക്കത്തിയപ്പോള്‍ നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് മുസ്്ലിംലീഗിന്റെ ഐക്യത്തിന് അദ്ദേഹം കൈകൊണ്ട ശക്തമായ നിലപാട് പ്രസക്തവുമാണ്.
സമുദായത്തിനകത്തുനിന്നുണ്ടായ പിളര്‍പ്പില്‍ വിങ്ങിക്കഴിഞ്ഞിരുന്ന നേതാക്കള്‍ക്ക് ഐക്യം നല്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. പിന്നീട് ഒരുമിച്ചുള്ള പ്രയാണത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവനകള്‍ അദ്ദേഹം നല്കി. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലും നിസ്തുലമായ സേവനം അദ്ദേഹം നല്‍കിയിട്ടുണ്ട്. വ്യക്തിപരമായി ഏറെ ആദരവും സ്നേഹവും പുലര്‍ത്തിയ ഒരു നേതാവായിരുന്നു സയ്യിദ് ഉമ്മര്‍ തങ്ങള്‍. ഒട്ടേറെ വ്യക്തിപരമായ അനുഭവങ്ങളുണ്ട്. തീഷ്ണമായ അനുഭവ സമ്പത്തുള്ള ഒരു നേതാവെന്ന നിലയില്‍ പലതും അദ്ദേഹം പങ്കുവെച്ചു.
പ്രത്യേകിച്ചും അടിയന്തരാവസ്ഥക്കാലത്തെ ജയിലനുഭവങ്ങള്‍. എന്റെ പിതാവ് അന്തരിക്കുമ്പോള്‍ അദ്ദേഹം വന്നത് ജയില്വാസത്തിനിടയിലായിരുന്നുവെന്നാണോര്മ്മ. ഓരോ നേതാക്കളുടെയും വിയോഗം നമുക്ക് നല്‍കുന്നത് വലിയ നഷ്ടങ്ങളാണ്. സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങളുടെ നിര്യാണം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ പ്രിയപ്പെട്ട ജ്യേഷ്ഠന് ശിഹാബ് തങ്ങളും വിടവാങ്ങി. രണ്ട് പേരുടെയും ഖബറിടം അല്ലാഹു വിശാലമാക്കിക്കൊടുക്കട്ടെ.