കെ.മൊയ്തീന്‍കോയ
ബലിപെരുന്നാള്‍ ആഘോഷത്തിലേക്ക് നീങ്ങവെയാണ്, ഇറാഖി പ്രസിഡണ്ട് സദ്ദാം ഹുസയിന്‍ തൂക്കിലേറ്റപ്പെട്ട വിവരം ലോകം നടുക്കത്തോടെ കേള്‍ക്കുന്നത്. അവസാന കാലഘട്ടത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എതിരായ ധീരശബ്ദമായ സദ്ദാം ഹുസയിന്റെ രക്ഷസാക്ഷിത്വം 2006 ഡിസമ്പര്‍ 30 ആയിരുന്നു. അമേരിക്കയുടെ ഈ ധിക്കാര നടപടി പതിനാല് വര്‍ഷത്തിലെത്തുമ്പോഴും ഭരണസ്ഥിരത ഉറപ്പ് വരുത്താനോ ശക്തമായ ഭരണകൂടം തിരിച്ചു കൊണ്ടുവരാനോ അമേരിക്ക ഉള്‍പ്പെടെ പശ്ചാത്യശക്തികള്ക്ക് കഴിയുന്നില്ല. അതിലേറെ ലോകസമൂഹം വിശിഷ്യാ പാശ്ചാത്യ ലോകം ഭയക്കുന്നതാകട്ടെ, ഇറാഖില്‍ ‘ഇറാന് മോഡല്‍’ ഷിയാ ഭരണകൂടം നിലവില്‍ വന്നതിലാണ്.
സദ്ദാം ഹുസയിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മതേതര ഭരണകൂടത്തെ തകര്‍ക്കുന്നതിന് കാരണമായി പ്രചരിപ്പിച്ച പ്രശ്നങ്ങള്‍ വ്യാജമായിരുന്നുവെന്ന്, ഇതിന് നേതൃതം നല്കിയ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ജൂനിയറും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും പില്ക്കാലത്ത് കുറ്റസമ്മതം നടത്തുമ്പോഴേക്കും മഹത്തായ സംസ്കൃതിയുടെ വിളനിലമായൊരു രാജ്യം തകര്‍ന്നടിഞ്ഞു കഴിഞ്ഞിരുന്നു. ലോകത്തിന് ഭീഷണിയാണ് സദ്ദാം ഹുസയിന്‍ എന്നായിരുന്നു ആരോപണം. ലോകത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള കൂട്ടസംഹാരായുധം ഇറാഖ് തയാറാക്കിട്ടുണ്ടെന്നും ഭീകര ശക്തികളായ അല്‍ ഖാഇദയുമായി സദ്ദാമിന് ചങ്ങാത്തമുണ്ടെന്നും ബുഷും ബ്ലയറും നുണപ്രചാരണം നടത്തി.
ബ്രിട്ടീഷ് ഇന്റലിജന്റ്സ് കണ്ടെത്തിയ ഇറാഖിന്റെ ‘രഹസ്യ നീക്കം’ ബുഷ് ഭരണകൂടത്തിന് കൈമാറുകയായിരുന്നു ! സദ്ദാം ഭരണകൂടം തകര്‍ന്നപ്പോള്‍, ഇവയൊന്നും കണ്ടെത്താനോ അല്‍ ഖാഇദ ബന്ധമുള്ള രേഖകള്‍ ലോകം മുമ്പാകെ അവതരിപ്പിക്കാനോ ഈ അവിശുദ്ധ സഖ്യത്തിന് കഴിഞ്ഞില്ല. ബുഷ്-ബ്ലയര്‍ നുണയില്‍ വിശ്വസിച്ച് ഇറാഖില്‍ അധിനിവേശം നടത്തിയ നാറ്റോ സഖ്യരാഷ്ട്രങ്ങളും സദ്ദാം വിരുദ്ധരായ ഏതാനും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമടങ്ങുന്ന 27 രാഷ്ട്രങ്ങളുടെ സഖ്യം ലോകസമൂഹത്തിന് മുന്നില്‍ പരിഹാസ്യരായി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സംഘം നിരവധി തവണ അക്കാലത്ത് ഇറാഖ് പരിശോധിച്ചു. ഇതിന് പുറമെ അമേരിക്കന്‍ കോണ്‍ഗ്രസ്, പ്രമുഖ ആണവ ശാസ്ത്രജ്ഞന് ഡേവിഡ് കെയുടെ നേതൃത്വത്തില്‍ അയച്ച സംഘം ഇറാഖ് അരിച്ചുപൊറുക്കി അവരൊന്നും ഒരു സംഹാരായുധം പോലും കണ്ടെത്തിയില്ല.
കാല് നൂറ്റാണ്ടുകാലത്തോളം കാല്ക്കീഴില് ഒരു രാഷ്ട്രത്തെ അടിച്ചമര്‍ത്തി ഏകാധിപതിയായി വാണ സദ്ദാം ഹുസയിന്‍ കുറ്റമറ്റ ഭരണാധികാരിയായിരുന്നുവെന്ന് ആരും സര്‍ട്ടിഫിക്കറ്റ് നല്‍കില്ല . എന്നാല്‍ പലപ്പോഴും അമേരിക്കയും സുഹൃദ് രാഷ്ട്രങ്ങളും എതിരാളികളെ തകര്‍ക്കാന്‍ സദ്ദാമിനെ മുന്നില്‍ നിര്‍ത്തിയതിന്റെ തെളിവാണ് ഇറാന് എതിരായി നടത്തിയ യുദ്ധം.1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ പാശ്ചാത്യ പക്ഷപാതിയായിരുന്ന ഷാ പഹ് ലവി ഭരണകൂടത്തെ തൂത്തെറിഞ്ഞതിലുള്ള പാശ്ചാത്യ ശക്തികളുടെ പ്രതികാരമായിരുന്നു ഇറാഖിനെ മുന്നില്‍ നിന്ന് നടത്തിയ യുദ്ധം. ഇറാന് സൈനികരില്‍ ഷാ അനുകൂലികളെ പുറത്താക്കുന്ന സന്ദര്‍ഭം ഉപയോഗിക്കാമെന്ന് സദ്ദാം കണക്കുകൂട്ടി.
ഭരണമാറ്റത്തെതുടര്‍ന്ന് ഇറാന്റെ പുനസൃഷ്ടി നടക്കുന്നതിനിടെയുള്ള യുദ്ധത്തില്‍ ഇറാനെ നിലംപരിശാക്കാമെന്ന പാശ്ചാത്യശക്തികളും വ്യാമോഹിച്ചു. എന്നാല്‍ തിരിച്ചടിയായി യുദ്ധ ഫലം. 1980 മുതല്‍ എട്ട് വര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍ ഇരുപക്ഷത്തുമായി 10 ലക്ഷം പേര് മരണപ്പെട്ടു. വന്‍ നാശവുമുണ്ടായി. അപ്പോഴേക്കും മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയകാലാവസ്ഥ മാറിമറിഞ്ഞു. അമേരിക്കയും മറ്റും ആയുധമണിയിച്ച ഇറാഖ് 1990 ആഗസ്തില്‍ കുവൈത്തിനെ ആക്രമിച്ച് കീഴടക്കി. കുവൈത്ത് ശൈഖും രാജകുടുംബാംഗങ്ങളും സഊദി അറേബ്യയില്‍ അഭയം തേടി.സഊദിയും ഈജിപ്തും ഉള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ച് അമേരിക്കന്‍ സഖ്യസേന ഇറാഖി സൈന്യത്തെ തുരത്തി .സര്‍വ കഷ്ടനഷ്ടങ്ങളും ഇറാഖ് ബന്ധപ്പെട്ട എല്ലാ വര്‍ക്കും നല്കാന് ഇറാഖ് നിര്‍ബന്ധിതരായി. കുവൈത്ത് രാഷട്രത്തിന് മാത്രമല്ല, അവിടത്തെ പ്രവാസികളുടെയും നഷ്ടം ഇറാഖില്‍ നിന്ന് ഈടാക്കി. അറബ് ലോകത്ത് എണ്ണ ഉല്പാദനത്തില് അഞ്ചാം സ്ഥാനത്ത് നില്‍ക്കുകയായിരുന്ന ഇറാഖിന്റെ ഈ വരുമാനം യു.എന്‍ നിയന്ത്രണത്തിലാക്കി നഷ്ടപരിഹാരം പൂര്‍ണ്ണമായും നല്കി. ഇതിന്ന് വര്‍ഷങ്ങള്‍ സമയം എടുത്തു. ഈ ഉപരോധം ഇറാഖിന്റെ സമ്പദ്ഘടനയാകെ തരിപ്പണമാക്കി. കുവൈത്ത് യുദ്ധം സദ്ദാം ഹുസയിന്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയുടെ ആരംഭമായി തീര്‍ന്നു. മാത്രമല്ല, ഈ അവസരം അമേരിക്ക ശരിക്കും വിനിയോഗിച്ചു. യുദ്ധ ചെലവ് മുഴുവന്‍ അറബ് നാടുകളില്‍ നിന്ന് വാങ്ങുകയും ഗള്‍ഫ് ‘സുരക്ഷ ‘യുടെ പേരില്‍ കൂടുതല്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
സദ്ദാം ഹുസയിന്‍ ഭരണകൂടം തകര്‍ന്ന ശേഷം അധിനിവേശ ശക്തികളുടെ കാലഘട്ടത്തില്‍ 18 പ്രധാനമന്ത്രിമാര്‍ മാറി മാറി അധികാരം കയ്യാളിയെന്ന് കാണുമ്പോള്‍ ഭരണത്തിലെ അസ്ഥിരത പ്രകടമാവുന്നു. ഇവരില്‍ പന്ത്രണ്ട് പേര് സ്ഥാനത്തിരുന്നത് 15 മുതല്‍ 31 ദിവസം വരെയാണ്. 2003 ജൂലായ് ഒന്നിന് പ്രധാന മന്ത്രിയായ മുഹമ്മദ് ബഹര്‍ അല്‍ ഉലും 18 ദിവസം കഴിഞ്ഞ് പുറത്തായി. ആഗസ്ത് ഒന്നിന് സ്ഥാനം ഇബ്രാഹിം അല്‍ ജാഫരി ഏറ്റെടുത്തു. സപ്തംബര്‍ ഒന്നിന് അഹമ്മദ് ശലബി സ്ഥാനം കയ്യടക്കി. ഒരു മാസം കഴിഞ്ഞപ്പോള്‍ ഇയാദ് അലാവി.. ഈ കസേരക്കളി തുടര്‍ന്നു. എട്ട് പേര് പിന്നീടും പ്രധാനമന്ത്രിമാരായി. അതിന് ശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനം ഏറ്റെടുത്ത് ഇയാദ് അലാവി 336 ദിവസം തികച്ച് പുറത്തായി.
ഇബ്രാഹിം അല്‍ ജാഫരിയും രണ്ടാം ഊഴം ലഭിച്ചപ്പോള്‍ ഒരു വര്‍ഷവും 17 ദിവസവും സ്ഥാനത്തിരുന്നു. പിന്നീട് വന്ന ഭരണസഖ്യത്തില്‍ ആരി അല്‍ മാലികി എട്ട് വര്‍ഷം പൂര്‍ത്തിയാക്കി പുറത്തു പോയി. മറ്റൊരു സഖ്യമാണ് പിന്നീട് വന്നത്. ഹൈദര്‍ അല്‍ അബാദിക്കായിരുന്നു കസേര ലഭിച്ചത്. 4 വര്‍ഷവും 47 ദിവസവും. അദ്ദേഹം പുറത്തായപ്പോള്‍ അബ്ദില്‍ അബ്ദുല്‍ മഹ്ദി ഒരു വര്‍ഷവും 195 ദിവസവും പ്രധാനമന്ത്രി. അവസാനം 79 ദിവസമായി മുസ്തഫ അല്‍ ഖാദാമിയാണ് പ്രധാനമന്ത്രി .എത്ര നാള് മുസ്തഫ അധികാരത്തിലിരിക്കും എന്ന് നിര്‍ണയിക്കാന്‍ കഴിയില്ല. ജനാധിപത്യ സമ്പദായം നിലവില്‍ വന്നിരിക്കുകയാണ്. പലപ്പോഴും പ്രഹസനമാവും. അമേരിക്കയുടെ നിയന്ത്രണമാണ് സര്‍വ രംഗത്തും. 5000 സൈനികരെ വിന്യസിച്ചിട്ടുമുണ്ട്.
250 രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്തു.വിവിധ വംശീയതയെ പ്രതിനിധീകരിക്കുന്നവയാണ് മിക്ക പാര്‍ട്ടികളും. ഒരു കാലത്ത് ഇറാഖില്‍ വലിയ ശക്തിയായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ഇപ്പോള്‍ മൂന്ന് പാര്‍ട്ടികളായി.അബ്ദുല്‍ മഹദിയുടെ സ്റ്റേറ്റ് ലോ സഖ്യം, നൂരി മാലികിയുടെ ഇസ് ലാമിക് ദഅവ പാര്‍ട്ടി, മുഖ്ത ദ അല്‍ സദറിന്റെ സദറിസ്റ്റ് മൂവ്മെന്റ്, എട്ട് കുര്‍ദ് പാര്‍ട്ടികള്‍, അലാമിയുടെ നാഷനല്‍ അക്കോര്‍ഡ് തുടങ്ങിയവയാണ് പ്രബല പാര്‍ട്ടികള്‍. ഇറാനിലെ ഷിയാ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാമേനിയെ പോലെ ഇറാഖ് രാഷ്ട്രീയം നിയന്ത്രിക്കുന്നത് ആയത്തുല്ല അലി സിസ് താനിയാണ്. അദ്ദേഹത്തിന്റെ പിന്തുണയുള്ള സഖ്യമാണ് 48 ശതമാനം വോട്ട് നേടി മുന്നിലെത്തിയത്. വടക്കന്‍ ഇറാഖ് മേഖല കര്ദിസ്ഥാന് എന്നറിയപ്പെടുന്നു. അമേരിക്കന്‍ സഖ്യം കുര്‍ദു വംശജര്‍ക്ക് സ്വയം ഭരണാവകാശം അനുവദിച്ചിട്ടുണ്ട്. ഇറാഖ് ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനം കുര്‍ദു വംശജനും പാര്‍ലമെന്റ് സ്റ്റീക്കര്‍ സുന്നി വിഭാഗത്തിന്നും പ്രാധാന അധികാര കേന്ദ്രമായ പ്രധാനമന്ത്രി സ്ഥാനം ഷിയാക്കള്‍ക്കും നീക്കിവച്ചതാണ്. സദ്ദാം ഹുസയിന്റെ ബഅസ് പാര്‍ട്ടി നിരോധിക്കപ്പെട്ടിട്ടുണ്ട്. അറബ് ലോകത്തെ ശക്തനായൊരു ഭരണാധികാരിയായി അറിയപ്പെട്ട സദ്ദാമിന്റെ അഭാവം സൃഷ്ടിച്ച ശൂന്യത ഇറാഖിന് അടുത്തൊന്നും നികത്താനാവില്ല.