സുഖത്തിന്റെ ഉറവിടം തേടി അലയുന്ന മനുഷ്യന്‍

പി. മുഹമ്മദ് കുട്ടശ്ശേരി

ഭാര്യയോട് പിണങ്ങി ഭര്‍ത്താവ് ഇങ്ങനെ ആക്രോശിച്ചു: ‘നിനക്ക് ജീവിതത്തില്‍ ഒരു സുഖവും ഞാന്‍ തരില്ല.’ അവള്‍ ശാന്തമായി തിരിച്ചടിച്ചതിങ്ങനെ: ‘നിങ്ങള്‍ക്ക് അതിന് കഴിയില്ല’. ‘എന്തുകൊണ്ട്?’ – ഭര്‍ത്താവിന്റെ പരിഹാസം. ഭാര്യ: ‘സുഖം ധനത്തിലാണെങ്കില്‍ നിങ്ങള്‍ക്കത് തടഞ്ഞുവെക്കാന്‍ കഴിയും. സ്വര്‍ണവും രത്‌നങ്ങളും വസ്ത്രങ്ങളും ഭൗതിക വസ്തുക്കളുമാണ് സുഖത്തിന്റെ മാനദണ്ഡമെങ്കില്‍ അതും നിങ്ങള്‍ക്ക് നിഷേധിക്കാം. പക്ഷേ എന്റെ സുഖം നിങ്ങളുടെയെന്നല്ല ഒരു മനുഷ്യന്റേയും കൈയെത്താത്ത സ്ഥലത്താണ്. എന്റെ സുഖം എന്റെ ഈമാനിലാണ്.

അത് എന്റെ ഹൃദയത്തിലാണ്. എന്റെ ഹൃദയത്തിനുമേല്‍ അധികാരം എന്റെ റബ്ബിന് മാത്രമാണ്.’
കൊട്ടാര സമാനമായ ഒരു ഭവനം, ധാരാളം സ്വത്തുക്കള്‍, ജനങ്ങളില്‍ ഉയര്‍ന്ന സാമൂഹ്യ സ്ഥാനം, അധികാര പദവി ഇവയെല്ലാം നേടിയ ഒരാളെയാണ് ഇന്ന് സുഖ സമ്പന്നനായി ഗണിക്കുന്നത്. ഇവയെല്ലാം ജീവിത സുഖത്തിന്റെ അവിഭാജ്യഘടകങ്ങള്‍ തന്നെ – പക്ഷേ, അന്തിമ വിശകലനത്തില്‍ ഇവയും അതിലപ്പുറവും കൈവശപ്പെടുത്തിയതുകൊണ്ട് മാത്രം ജീവിതം പൂര്‍ണമായി എന്ന് ധരിക്കാവതല്ല.
പ്രസിദ്ധ അറബി എഴുത്തുകാരനായ മന്‍ഫലൂത്തി പറയുന്നു: ‘മനുഷ്യന്‍ ശുദ്ധവും ശാന്തവും മാന്യവുമായ ഒരു മനസിന്റെ ഉടമയായാല്‍ അത് തന്നെ മതി സുഖത്തിന്’. മറ്റൊരു സാഹിത്യകാരനായ അഹ്മദ് അമീന്‍ ഉണര്‍ത്തുന്ന സത്യവും ഇത് തന്നെ. ഈമാനാണ് മനുഷ്യന്റെ സന്തോഷവും വിജയത്തിന്റെ മധുരമുള്ള ഉറവിടവും. കുടുംബത്തിന്റെ ഏറ്റവും വലിയ പരാജയം അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന മക്കളുടെ സാന്നിധ്യമാണ്. മനസിന്റെ സമാധാനമാണ് സുഖത്തിന്റെ ഏറ്റവും വലിയ ഉറവിടം. ദു:ഖിതന്റെ ആശ്വാസവും, ഭയപ്പെടുന്നവന്റെ സമാധാനവുമാണ് അത്. നോക്കൂ, പ്രവാചകന്റെ അവസ്ഥ. താഇഫില്‍ നിന്ന് ശത്രുക്കളുടെ ഏറുകൊണ്ട് അദ്ദേഹത്തിന്റെ കാലില്‍ മുറിവ് പറ്റി. മനസ്സിനും മുറിവേറ്റു. പക്ഷേ അദ്ദേഹം അപ്പോള്‍ പ്രാര്‍ത്ഥിച്ചതിങ്ങനെ. ”പടച്ചവനേ, നിന്റെ മുമ്പിലാണ് ഞാന്‍ എന്റെ സങ്കടം ബോധിപ്പിക്കുന്നത്.”

ഒരു മനുഷ്യന് കിട്ടിയതുകൊണ്ട് തൃപ്തിയടയാന്‍ കഴിയുക എന്നതാണ് ഏറ്റവും വലിയ സമ്പാദ്യം. ഈ ഗുണം നഷ്ടപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ മനസ് നീറികഴിയേണ്ടി വരും. സഅദുബ്‌നു അബീവഖാസ് മകനെ ഇങ്ങനെ ഉപദേശിച്ചു: നീ സമ്പാദിക്കുന്നുണ്ടെങ്കില്‍ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുന്ന ഒരു മനസ് തരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.
അതേ അവസരം നിയമാനുസൃത മാര്‍ഗത്തിലൂടെ മനുഷ്യന് എത്രയും സമ്പാദിക്കാം. പക്ഷേ കിട്ടാതെ പോയതില്‍ മനസ് നീറി കഴിയാന്‍ പാടില്ല. ദുരാഗ്രഹവും പാടില്ല. ശക്തമായ വിശ്വാസവും ക്ഷമയുമുള്ളവന്‍ സദാ സന്തുഷ്ടനായിരിക്കും. പ്രതിസന്ധികളില്‍ ഒരിക്കലും അവന്‍ പതറുകയില്ല. പോരാ പോരാ എന്ന വിചാരവുമായി കഴിയുന്നവര്‍ക്ക് ഒരിക്കലും ജീവിതത്തിന്റെ രൂചി ആസ്വദിക്കാന്‍ കഴിയുകയില്ല.

തന്റെ കഴിവില്‍ പെട്ടതെല്ലാം ചെയ്ത് ബാക്കി അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് എന്നും ജീവിതം സന്തോഷപ്രദമായിരിക്കും. അവര്‍ക്ക് വിചാരിക്കാത്ത മാര്‍ഗത്തിലൂടെ അല്ലാഹു നല്‍കുമെന്ന് ഖുര്‍ആന്‍ ഉറപ്പ് നല്‍കുന്നു. ഹാതിമുല്‍ അസമ്മ് ഹജ്ജിന് പോകാന്‍ തീരുമാനിച്ചപ്പോള്‍ മക്കളെയെല്ലാം വിളിച്ചു വരുത്തി യാത്ര പറഞ്ഞു. ഞങ്ങളെ ഇനി ആര്‍ നോക്കും എന്ന് പറഞ്ഞ് അവര്‍ കരയാന്‍ തുടങ്ങി – ഒരു പെണ്‍കുട്ടി ഒഴികെ. അവള്‍ പറഞ്ഞു: ‘ബാപ്പ പോയി വരട്ടെ. അദ്ദേഹമല്ലല്ലോ നമുക്ക് ഭക്ഷണം തരുന്നത്. ‘ പിന്നെ അവര്‍ക്ക് വിശക്കാന്‍ തുടങ്ങി. എല്ലാവരും ആ പെണ്‍കുട്ടിയുടെ നേരെ തിരിയുകയായി. അവള്‍ അല്ലാഹുവിനോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ‘പടച്ചവനേ, നീ ഇവര്‍ക്കിടയില്‍ എന്നെ നാണം കെടുത്തരുതേ.’ പിന്നെ നാട്ടിലെ ഭരണാധികാരിയും പരിവാരങ്ങളും ആ വീടിന്റെ മുമ്പിലൂടെ കടന്നു പോകുമ്പോള്‍ ആ വീട്ടില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചു. അവിടെ താസമിക്കുന്നവരുടെ സ്ഥിതിഗതികള്‍ മനസിലാക്കി. അദ്ദേഹം അവര്‍ക്ക് ഒരു സ്വര്‍ണമാല സമ്മാനിച്ചു. കൂടെയുള്ളവരും അവര്‍ക്ക് ഓരോ സമ്മാനങ്ങള്‍ നല്‍കി. വിചാരിക്കാത്ത വഴിയിലൂടെ ദൈവം തരുന്നതിന് ഒരു ഉദാഹരണം.

കോവിഡ് പത്തൊമ്പതിന്റെ വ്യാപനം ജീവിതത്തിന്റെ എല്ലാ രംഗത്തും – വിശേഷിച്ചും സാമ്പത്തിക സാമൂഹ്യ കുടുംബ രംഗങ്ങളില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. ഇവയെല്ലാം തരണം ചെയ്ത് പൂര്‍വ്വ സ്ഥിതി പുനസ്ഥാപിക്കാനുള്ള മാനസികമായ കരുത്തും തയ്യാറെടുപ്പും വിശ്വാസികള്‍ക്ക് അനിവാര്യമാണ്. ദൈവത്തിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഠിനാധ്വാനം അനിവാര്യമാണ്.

SHARE