നാലാം തൂണിനെ ഒച്ചയിട്ട് പേടിപ്പിക്കുന്നവര്‍

നാലാം തൂണിനെ ഒച്ചയിട്ട് പേടിപ്പിക്കുന്നവര്‍

അഹമ്മദ് ഷരീഫ് പി.വി

ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ലെജിസ്ലേച്ചര്‍ (നിയമനിര്‍മ്മാണ സഭകള്‍), എക്‌സിക്യൂട്ടീവ് (ഭരണ നിര്‍വഹണ സംവിധാനം), ജുഡീഷ്യറി (നീതിനിര്‍വഹണ സംവിധാനം), മാധ്യമങ്ങള്‍ എന്നിങ്ങനെയാണ് ജനാധിപത്യത്തിന്റെ നാലു തൂണുകള്‍. ഈ തൂണുകളെല്ലാം ശക്തവും ഒരേപോലെ കര്‍മ്മ നിരതമാവുകയും ചെയ്യുമ്പോള്‍ ജനാധിപത്യവും ശക്തമാകും. തൂണുകളിലൊന്നെങ്കിലും ദുര്‍ബ്ബലമാകുമ്പോള്‍ ജനാധിപത്യ ശ്രീകോവിലും ദുര്‍ബ്ബലവും അസ്ഥിരവുമാകും. നാലാംതൂണിന്റെ സ്ഥാനം കുറച്ചു വ്യത്യസ്തമാണ്. ആദ്യകാലത്ത് പത്രസ്വാതന്ത്ര്യമെന്നും ഇന്ന് മാധ്യമ സ്വാതന്ത്ര്യമെന്നും പറയുന്ന നാലാം തൂണിന്റെ അടിത്തറ ജനമനസുകള്‍ തന്നെയാണ്.

ശബ്ദിക്കാന്‍ കഴിയാത്തവരുടെ ശബ്ദമെന്നു മാധ്യമങ്ങളെ വിശേഷിപ്പിക്കപ്പെടുന്നത് അതുകൊണ്ടാണ്. ആദ്യത്തെ മൂന്ന് തൂണുകളുടെ പ്രവര്‍ത്തനം നോക്കിക്കണ്ടും പരിശോധിച്ചും വിമര്‍ശിച്ചും നേര്‍വഴിക്ക് നടത്തുന്നത് അല്ലെങ്കില്‍ നടത്തേണ്ടത് മാധ്യമങ്ങളാണ്. എന്നാല്‍ ഭരണാധികാരികള്‍ക്ക് അപ്രിയമായ സത്യങ്ങള്‍ ഈ മാധ്യമങ്ങളിലൂടെ പുറത്ത്‌പോകുന്നതിന് കൂച്ചു വിലങ്ങിടുക എന്നതിന് എന്ത് വഴി എന്നാണ് ഏകാധിപത്യ സ്വഭാവമുള്ള ഭരണാണാധികാരികള്‍ ആലോചിക്കുന്നത്. ഇതിനായി പ്രലോഭനം, ഭീഷണി, സൈബര്‍ ബുള്ളിയിങ് തുടങ്ങി പല മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ജനങ്ങള്‍ക്കുവേണ്ടി നില കൊള്ളേണ്ട മാധ്യമങ്ങള്‍ ഭരണാധികാരികളുടെ ഹുങ്കിനുമുന്നില്‍ മുട്ടുകുത്തി സാഷ്ടാംഗം പ്രണമിക്കണമെന്ന വാദമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്. സര്‍ക്കാറിനെ ഗുണപരമായി വിമര്‍ശിക്കാന്‍ പാടില്ല, പകരം സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള സങ്കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടേ ഇരിക്കണമെന്നാണ് ഇവര്‍ക്ക് ഉപദേശം നല്‍കുന്നവരുടേയും ആവശ്യം.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ എതിരാളികളെ ദേശീയ തലത്തില്‍ പലപ്പോഴും നേരിടുന്നത് സര്‍ക്കാറുമായി ഒട്ടിനില്‍ക്കുന്ന മാധ്യമങ്ങളാണ്. അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ചു പറയുക എന്നത് കുറ്റകരവും രാജ്യദ്രോഹവുമൊക്കെയായി കാണുന്നതാണ് ഇപ്പോഴത്തെ രീതി. പൊതുജനങ്ങളുടെ കണ്ണും കാതുമാണ് മാധ്യമങ്ങള്‍ എന്ന് മനസിലാക്കിയ ഇത്തരം ഭരണാധികാരികള്‍ മാധ്യമ പരിലാളനകൊണ്ട് ഏത് വിധേനയും ദുര്‍ചെയ്തികള്‍ ന്യായീകരിക്കാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നു. എന്നാല്‍ ഇതിന് വശംവദരാവാതെ അപ്രിയ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാധ്യമങ്ങള്‍ തയാറാകുന്നത് നവോത്ഥാനം മതില്‍ കെട്ടി സ്ഥാപിച്ചെന്ന് നാഴികക്ക് നാല്‍പത് വട്ടം വിളിച്ചുപറയുന്ന കേരളത്തില്‍ പോലും പലര്‍ക്കും സഹിക്കുന്നില്ല.

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചോദ്യങ്ങളോട് അലര്‍ജിയാണ്. അപ്രിയ ചോദ്യങ്ങളുടെ പേരില്‍ നേരത്തെ പാര്‍ട്ടി ചില മാധ്യമങ്ങളെ ബഹിഷ്‌കരിച്ചിരുന്നു. ഇതിനുപിന്നാലെ മാധ്യമങ്ങളുടെമേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുകയാണ്. ഇതിനെ ന്യായീകരിക്കാന്‍ ഉപദേശകരുടെ സംഘവും ഉണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുന്നതാണോ മാധ്യമ ധര്‍മ്മം? അല്ലേ, അല്ല. നിര്‍ഭയവും സ്വതന്ത്രവുമായി സത്യങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ. ഭരണ സിരാകേന്ദ്രത്തില്‍ കള്ളക്കടത്തു ലോബികളുടെ ഇടനിലക്കാര്‍ എത്തിയത്, പിന്‍വാതില്‍ നിയമനങ്ങള്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി നടത്തിയ യാത്രകള്‍, കള്ളക്കടത്തു പ്രതികളുമായുള്ള ബന്ധം, കണ്‍സള്‍ട്ടന്‍സി രാജ് തുടങ്ങി ജനം അറിയേണ്ട ചില കാര്യങ്ങളില്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നത് വലിയ അതിക്രമമായാണ് പാര്‍ട്ടി അണികളും സൈബര്‍ സഖാക്കളും കാണുന്നത്.

ഇത്തരം ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും സൈബര്‍ സഖാക്കളും മാറിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറുകള്‍ നീളുന്ന വാര്‍ത്താ വായനക്കിടെ വരുന്ന കേവലമായ അക്ഷരത്തെറ്റു പോലും വലിയ ക്രിമിനല്‍ ചെയ്തിയായി ചിത്രീകരിക്കുന്നു. മാധ്യമ വിമര്‍ശനമെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകരെ അറഞ്ചം പുറഞ്ചം തെറി പറയുക എന്നതാണ് സൈബര്‍ പോരാളികള്‍ അവലംബിച്ചിരിക്കുന്ന പുതിയ രീതി. സ്വന്തമായി ചാനലും പത്രവുമുള്ള ഒരു സംഘടനയുടെ പ്രവര്‍ത്തകരില്‍നിന്നാണ് ഇത്തരം ചെയ്തികളെന്നതാണ് ഏറെ അത്ഭുതം. മാധ്യമങ്ങളോട് ഇടതുപക്ഷത്തോളം നിഷേധാത്മകവും ക്രൂരവുമായ നിലപാട് സ്വീകരിക്കുന്ന മറ്റൊരു പ്രസ്ഥാനവുമില്ലെന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.

പാര്‍ട്ടിക്കോ പിണറായിക്കോ എതിരെ എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പരിഹസിച്ചും അപമാനിച്ചും കൊലവിളിച്ചും ബഹിഷ്‌കരിച്ചും സൈബര്‍ സഖാക്കള്‍ കലി തീര്‍ക്കുന്ന വഴികളേതൊക്കെയായിരിക്കുമെന്നത് ഇപ്പോഴും അപ്രവചനീയമാണ്. എന്നാല്‍ ഇതില്‍ കൗതുകകരമായ കാര്യം കേരളത്തിലെ മീഡിയ സ്പേസിലെ ഏറ്റവും ശക്തമായ സാന്നിധ്യം ഇടതുപക്ഷത്തിന്റേത് തന്നെയാണെന്നതാണ്. കേരളത്തില്‍ വ്യക്തിഗത മാനേജ്‌മെന്റുകളും സംഘടനകളും പാര്‍ട്ടികളും നടത്തുന്ന മാധ്യമ സ്ഥാപനങ്ങളിലൊക്കെയും ഇടത് അനുഭാവികളായ ജേര്‍ണലിസ്റ്റുകളാണ് ഏറിയ പങ്കും ജോലി ചെയ്യുന്നത്.

സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനകക്ക്‌വേണ്ടി മുദ്രാവാക്യം വിളിച്ചവരോ നേതാക്കളൊ ഒക്കെ തന്നെയാണ് ഇന്നത്തെ പ്രമുഖരായ പല മാധ്യമപ്രവര്‍ത്തകരും. ഇതിനുപുറമെ നിഷ്പക്ഷരെന്ന് സ്വയം നടിച്ച് വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും വലിയൊരളവോളം ഇടത്തോട്ട് ചാഞ്ഞവര്‍ തന്നെയാണ്. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണേലും മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോള്‍ ഇപ്പോള്‍ ഒരു വിറളിയാണ്. താന്‍ മാത്രം വേട്ടയാടപ്പെടുന്നു എന്നൊരു നരേറ്റീവ് എല്ലാ കാലത്തും സൃഷ്ടിക്കാന്‍ അദ്ദേഹം തന്നെ ശ്രമിക്കാറുണ്ടെന്നത് മറ്റൊരു കാര്യം.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചനകളും ഉപജാപങ്ങളും മാധ്യമ സിന്‍ഡിക്കേറ്റുകളും നടക്കുന്നുണ്ടെന്ന് എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ആവര്‍ത്തിച്ചു പറയുകയെന്നത് അദ്ദേഹത്തിന്റെ ശീലവുമാണ്. സ്വര്‍ണക്കടത്ത്, ബെവ്‌കോ, സ്പ്രിംഗ്ലര്‍, മൊബിലിറ്റി ഹബ് തുടങ്ങി വിടാതെ പിന്തുടരുന്ന അഴിമതി, വിവാദങ്ങളൊക്കെയും മായ്ച്ചുകളയാന്‍ പി.ആര്‍ ഏജന്റുമാര്‍ തലങ്ങും വിലങ്ങും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ മലയാളികള്‍ക്കിടയില്‍ ഒന്നും ഏശുന്നില്ല. ഇതാണ് പി.ആര്‍ ഉത്തരങ്ങള്‍ക്കപ്പുറമുള്ള ചോദ്യങ്ങള്‍ക്ക്മുന്നില്‍ ക്ഷുഭിതനാകാനുള്ള കാരണം. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ പിഴവു സംഭവിച്ചുവെന്ന് സ്വയം വിളിച്ചുപറയേണ്ടി വന്നിടത്തേക്ക്‌വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. പഴയപോലെ ആറു മണിത്തള്ളിന് മുന്നില്‍ ജനം ഇപ്പോള്‍ ഇരിക്കുന്നില്ല. ഒരേ കാര്യം ആവര്‍ത്തിച്ച് ഒട്ടു മുക്കാല്‍ സമയവും തള്ളിനീക്കി സമയത്തിന്റെ മൂല്യത്തെക്കുറിച്ച് പെടുന്നനെ ബോധാവാനായി മൈക്കോഫാക്കി, ലൈറ്റണച്ച് വീട്ടില്‍ പോകാന്‍ പത്രക്കാരോട് ഉപദേശിക്കുന്നതാണ് ഇപ്പോഴത്തെ ഒരു രീതി. നേരത്തെ മിണ്ടാതെ കേട്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായി. അവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. എഴുതി തയാറാക്കിയ കുറിപ്പിലൊതുങ്ങാത്ത അവസ്ഥയിലേക്ക് പത്രസമ്മേളനങ്ങള്‍ വഴി മാറി. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്യാദയില്ലാതെ ചോദ്യം ചോദിക്കുകയാണെന്നാണ് ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന പ്രസ് സെക്രട്ടറി പോലും സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിക്കുന്നത്. ഒരു മാധ്യമ സ്ഥാപനത്തില്‍ നിന്നും ഒന്നിലേറെ പേര്‍ വരാന്‍ പാടില്ല, ചോദ്യം പാടില്ല എന്നൊക്കെ പറയാതെ പറഞ്ഞുവെക്കുന്നു. ഉത്തര കൊറിയയിലും ചൈനയിലും നടക്കുന്നതുപോലെയാവണം മാധ്യമ പ്രവര്‍ത്തനമെന്ന ഒരു തരം വാശി. നാലേകാല്‍ വര്‍ഷത്തിനിടയില്‍ രണ്ടേരണ്ടു പേര്‍ രണ്ടേ രണ്ടു ദിവസം അനായാസം കൈകാര്യം ചെയ്യാവുന്ന രണ്ടോ മൂന്നോ ചോദ്യം ചോദിച്ചപ്പോഴേക്കും ഇത്രയും നാള്‍ ഊതിയുണ്ടാക്കിയ പി.ആര്‍ ബലൂണ്‍ പൊട്ടിയതിന്റെ വിഷമമാണ് ഇപ്പോള്‍ കാണുന്ന പൊട്ടിത്തെറികളെല്ലാം. ഒരു കാര്‍ട്ടൂണ്‍ പോലും ഉള്‍ക്കൊള്ളാന്‍ അസഹിഷ്ണുത കാണിക്കുന്ന തരത്തിലേക്ക് ഭരണാധികാരി മാറുക എന്നത് എന്തുകൊണ്ടും ജനാധിപത്യത്തിനും നാടിനും ഭൂഷണമല്ല. തന്നെ ഉമ്മന്‍ചാണ്ടിയുമായി താരത്മ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു പരാതി.

ഇക്കാര്യത്തില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണ്‍ പറഞ്ഞ അഭിപ്രായമാണ് ശരി. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഉമ്മന്‍ചാണ്ടിയെന്ന ജനകീയ നേതാവിനോട് ചെയ്യുന്ന അനീതിയാണ്. പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ജനകീയ നേതാവാണ് ഉമ്മന്‍ചാണ്ടിയെങ്കില്‍ ജനങ്ങളില്‍ നിന്നും അകന്നുകഴിയുന്ന ഒറ്റപ്പെട്ട തുരുത്താണ് പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തനം പി.ആര്‍ വര്‍ക്കും സ്തുതി പാടലുമാണെന്നു കരുതുന്നവരോട് തല്‍ക്കാലം സഹതപിക്കുക മാത്രമേ വഴിയുള്ളൂ. ഒച്ചയിട്ട് മാധ്യമ പ്രവര്‍ത്തകരെ പേടിപ്പിക്കാമെന്നും ജനങ്ങളെ മാധ്യമങ്ങള്‍ക്ക് എതിരാക്കി മാറ്റാമെന്നും കരുതുന്നവര്‍ക്ക് ചരിത്രത്തിന്റെ ചവറ്റു കുട്ടയിലായിരിക്കും സ്ഥാനം.

NO COMMENTS

LEAVE A REPLY