രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ പങ്ക് പുറത്തുവന്നത് മുതല്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ന്യായമുണ്ട്. ശിവശങ്കരനും വിവാദ സ്ത്രീയായ സ്വപ്‌നയും തമ്മില്‍ വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. അതിനാണ് നടപടി എടുത്തത്. അതോടെ ആ വിഷയം തീര്‍ന്നു. തനിക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്വമും ഇല്ല എന്ന്. പ്രിന്‍സപ്പല്‍ സെക്രട്ടറിയെ പുറത്താക്കിയതോടെ ആ അധ്യായം അവസാനിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന, ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുഖ്യമന്ത്രയുടെ പങ്ക് സംശയാതീതമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
പാവപ്പെട്ട വീടില്ലാത്തവര്‍ക്ക് വീട് വെച്ച്‌കൊടുക്കുന്ന പദ്ധതിയാണ് ലൈഫ്. ആ പദ്ധതിയുടെ ചെയര്‍മാനാണ് മുഖ്യമന്ത്രി. പദ്ധതിയില്‍നിന്നും വീട് നിര്‍മാണത്തിന്റെ പേരില്‍ ഒരു കോടി രൂപ താന്‍ കമ്മീഷനായി വാങ്ങിയെന്നാണ് വിവാദ സ്ത്രീ എന്‍. ഐ.എ ക്ക്് മൊഴി നല്‍കിയിരിക്കുന്നത്. ഈ തുകയാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുടെ സഹായത്തോടെ ലോക്കറില്‍ വച്ചത് എന്ന് പറഞ്ഞത്. ലൈഫ് പദ്ധതിയില്‍ ശിവശങ്കറിന്റെയും തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെയും പങ്ക് എന്താണ്. പദ്ധതി മോണിറ്റര്‍ ചെയ്ത്‌കൊണ്ടിരുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെ ഇതില്‍ ഒന്നും നടക്കില്ലന്ന് വ്യക്തമായിരിക്കുകയാണ്. ദുബൈയിലെ ഒരു എന്‍.ജി.ഒ വഴിയാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. നിയമസഭയില്‍ വി.ഡി സതീശന്റെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി വളരെ വിശദമായിതന്നെ അത് പറഞ്ഞിട്ടുണ്ട്്.
എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്ന എന്‍.ജി.ഒ 20 കോടി രൂപയാണ് പദ്ധതിക്കായി നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി മുഖ്യമന്ത്രി ദുബൈയിലേക്ക് പോകുന്നു. അതിന് നാല് ദിവസം മുമ്പ് ശിവശങ്കരനും സ്വപ്‌നയും ഒരേ ഫൈറ്റില്‍ ദുബൈയിലേക്ക് പോവുകയുണ്ടായി. അവിടെ നടക്കുന്ന ചര്‍ച്ചയുടെ ഫലമായി ഈ പ്രൊജകട് വന്നത് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്്. പാവപ്പെട്ടന് വീട്‌വച്ച് നല്‍കാന്‍ ഏതെങ്കിലും എന്‍.ജി.ഒ വരുന്നതിന് എതിരല്ല. പക്ഷേ ഗൗരവതരമായ പ്രശ്‌നം ഉയരുന്നത് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് ക്രസന്റ് എന്ന സംഘടന റെഡ്‌ക്രോസ് എന്ന ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമാണ്. ആ സംഘടന അങ്ങിനെ പണം ചിലവഴിക്കാന്‍ തീരുമാനിച്ചാല്‍ സാധാരണായായി അത് ഇവിടെയുള്ള റെഡ്‌ക്രോസുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ റെഡ് ക്രോസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് അറിയില്ലന്ന് പറഞ്ഞു. മാത്രമല്ല ഇതു സംബന്ധിച്ചുള്ള പരാതി അവര്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.
സാധാരണ റെഡ്ക്രസന്റ് ഇത്തരത്തിലുള്ള പരിപാടിയുമായി ചെല്ലുമ്പോള്‍ മദര്‍ എന്‍.ജി.ഒ യുമായി ബന്ധപ്പെടും. മാത്രമല്ല കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായും ബന്ധപ്പെട്ടാണ് ഇത് ചെയ്യാറുള്ളത്. അതില്‍നിന്ന് വ്യത്യസ്തമായി എന്ത് നടപടിയാണ് ഇവിടെയുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇവിടെ എന്ത് നടന്നുവെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ലോ ഡിപ്പാര്‍ട്ട്്‌മെന്റ് ഇതിന് അനുമതി കൊടുക്കുംമുമ്പ്് വിദേശകാര്യമന്ത്രാലയവുമായി ഇത് കണ്‍സള്‍ട്ട് ചെയ്തിരുന്നോ എന്ന് വ്യക്തമാക്കണം.
ഈ സ്ഥാപനം വഴി വീടുകള്‍ വച്ച്‌കൊടുക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടതും സര്‍ക്കാരാണ്. ഉണ്ടായിട്ടില്ലങ്കില്‍ അത് എങ്ങിനെ എന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. റെഡ് ക്രസന്റും ലൈഫുമായി ധാരണാപത്രം ഒപ്പ്‌വച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം. ഉണ്ടെങ്കില്‍ ആരാണ്, എവിടെ വച്ചാണ് ഇതില്‍ ഒപ്പിട്ടത്്്. ആ മീറ്റിങില്‍ സ്വപ്‌നാസുരേഷ് പങ്കെടുത്തിരുന്നോ. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ സ്വപ്‌നാസുരേഷ് ഉണ്ടായിരുന്നോ. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. സാധാരണ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങളിലൂടെ പുറത്ത്‌വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതൊരു വലിയ അഴിമതിയാണ്. പാവങ്ങള്‍ക്ക് വീടുവച്ചുകൊടുക്കാനുള്ള പദ്ധതിയില്‍നിന്ന് ഒരു കോടി രൂപ കമ്മീഷന്‍ പറ്റാനുള്ള സാഹചര്യം ആര് ഉണ്ടാക്കിക്കൊടുത്തു.
ഇതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എന്ത് പങ്കാണുള്ളത്. മുഖ്യമന്ത്രി ചെയര്‍മാനായ പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റി അദ്ദേഹത്തിന് ഒന്നും അറിയില്ലേ. ഇതില്‍നിന്ന് ലഭിച്ച കമ്മീഷനായ ഒരു കോടി രൂപ ലോക്കറില്‍ വെക്കണമെന്ന് സ്ത്രീയോടാവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കരനാണ്. അപ്പോള്‍ മുഖ്യമന്ത്രിയുടെ അറിവും സമ്മതവും അഴിമതിക്ക് പിന്നിലുണ്ടായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. എല്ലാം എന്‍.ഐ.എ അന്വേഷിക്കട്ടെ എന്നാണ്് മുഖ്യമന്ത്രി പറയുന്നത്്.
എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ ലൈഫ് പ്രോജക്ടും കേരള സര്‍ക്കാറിലെ അഴിമതികളും വരില്ല എന്ന് നന്നായി അറിയാവുന്ന ആളാണ് മുഖ്യമന്ത്രി. നേരിട്ട് സ്വര്‍ണ്ണക്കടത്തും തീവ്രവാദവുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്ത എല്ലാ കുറ്റകൃത്യങ്ങളും കേരളത്തില്‍ അനുവദനീയമാണെന്നാണോ മുഖ്യമന്ത്രി പറയുന്നത്? അനധികൃത നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, നിയമന നടപടികള്‍, സ്പ്രിംഗ്ലളര്‍ കരാര്‍ ഉടമ്പടികള്‍ എന്നിവയും സി.ബി.ഐ അന്വേഷിക്കണം. ഇതിലൊക്കെ നിയമപരമായി അന്വേഷിക്കാനാവുന്ന സി.ബി.ഐയുടെ അന്വേഷണം ഏത് വിധേനയും അനുവദിക്കാതിരിക്കുന്നതിന്റെ സാംഗത്യവും ഇതാണ്. അന്താരാഷ്ട്ര കരാര്‍ ആയതിനാല്‍, കുറ്റക്കാരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണ്. മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് സി.ബി.ഐ അന്വേഷണത്തെ നേരിടണം.
രാജ്യദ്രോഹപരമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ കുരുങ്ങി നാണംകെട്ട മുഖ്യമന്ത്രി മാധ്യമങ്ങളുടെമേല്‍ കുതിരകയറി രോഷം തീര്‍ക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങളെ കണക്കറ്റ് ശകാരിക്കുകയാണ് മുഖ്യമന്ത്രി. മാധ്യമങ്ങള്‍ ഏതോ ഉപജാപക സംഘത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണെന്നാണ് പിണറായി പറയുന്നത്. ഏത് ഉപജാപക സംഘത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്ന് വ്യക്തമല്ല. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിപക്ഷമോ മാധ്യമങ്ങളോ കെട്ടി ഉയര്‍ത്തിയ കള്ളക്കഥയല്ല. രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസാണ്. അവരാണ് അന്വേഷിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. അല്ലാതെ ആരുടെയെങ്കിലും ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളല്ല. എന്‍.ഐ.എയെയാണോ ഉപജാപക സംഘമെന്ന് മുഖ്യമന്ത്രി പറയുന്നത്? മുഖ്യമന്ത്രി മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. എങ്ങിനെയാണ് അദ്ദേഹത്തിന്റെ ഓഫീസുമായി ഈ കേസ് ബന്ധപ്പെടുന്നത്. സാധാരണ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പോെലയാണോ ഇത്.
മാധ്യമങ്ങളോ പ്രതിപക്ഷമോ ഭാവനയിലൂടെ നെയ്‌തെടുത്ത കഥയാണോ ഇത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് കേസിന്റെ പ്രഭവ കേന്ദ്രമായി മാറിയപ്പോഴാണ് യഥാര്‍ഥത്തില്‍ കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നാല് വര്‍ഷം പ്രവര്‍ത്തിച്ച ശിവശങ്കരനും ഈ കേസിലെ പ്രതികളുമായുള്ള ബന്ധമാണ് മുഖ്യന്ത്രിയുടെ ഓഫീസിനെ കേസിലേക്ക് കൊണ്ടുവന്നത്. സ്വപ്‌നാസുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്നും പ്രതിപക്ഷമോ ഏതെങ്കിലും ഉപജാപക സംഘമോ അല്ല പറഞ്ഞത്. കോടതിയല്‍ എന്‍.ഐ.എ പറഞ്ഞതാണത്. കോടതില്‍ എന്‍.ഐ.എ ഇത് പറയുമ്പോള്‍ മാധ്യമങ്ങള്‍ അത് തമസ്‌ക്കരിക്കണമെന്നാണോ മുഖ്യമന്ത്രി പറയുന്നത്? മുഖ്യമന്ത്രി പറയുന്ന മാധ്യമ ധര്‍മ്മം അതാണോ? മുഖ്യമന്ത്രിയുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് പരിചയമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടെന്നും എന്‍.ഐ.എ വെറുതെ കോടതിയില്‍ പറഞ്ഞതല്ല.
ജാമ്യം നല്‍കിയാല്‍ ഈ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയോ കേസ് അട്ടിമറിക്കുകയോ ചെയ്യുമെന്നാണ് എന്‍.ഐ.എ പറഞ്ഞത്. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്ക് ഒത്താശ ചെയ്തിട്ടുണ്ടെന്നും ജാമ്യം കൊടുത്താല്‍ കേസ് തകിടം മറിക്കാന്‍ ഇനിയും ഒത്താശ ചെയ്യുമെന്നുമല്ലേ എന്‍.ഐ.എ പറഞ്ഞതിന്റെ അര്‍ത്ഥം? ഇനി പിണറായിയുമായുള്ള പരിചയത്തിന്റെ കാര്യമെടുക്കുക. പിണറായി പറയുന്നത്‌പോലെ മുഖ്യമന്ത്രിയാകുമ്പോള്‍ ആരെയെല്ലാം പരിചയം കാണും എന്ന ലളിതമായ കാര്യമല്ല ഇത്. സ്വപ്‌നക്ക് ജാമ്യം നിഷേധിക്കുന്നതിന് എന്‍.ഐ.എ നിരത്തിയ കാരണങ്ങളിലൊന്നാണ് മുഖ്യമന്ത്രിയുമായുള്ള പരിചയം. ജാമ്യം കൊടുത്താല്‍ ആ പരിചയം പ്രയോജനപ്പെടുത്തി സ്വപ്‌ന കേസിനെ സ്വാധീനിക്കും എന്ന് തന്നെയാണ് എന്‍.ഐ.എ ഭയപ്പെടുന്നത്. അതായത് മുഖ്യമന്ത്രിക്കെതിരെയാണ് ഇവിടെ എന്‍.ഐ.എ വിരല്‍ ചൂണ്ടുന്നത്.
കേരളത്തിന്റെ എന്നല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയോ, മുഖ്യമന്ത്രിക്ക് നേരെയോ ഇങ്ങനെയൊരു പരാമര്‍ശം ദേശീയ അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ നടത്തിയിട്ടുണ്ടോ?