ബലിപെരുന്നാളും അനുബന്ധ കര്‍മ്മങ്ങളും

മാണിയൂര്‍ അഹമ്മദ് മൗലവി

മനുഷ്യര്‍, ജിന്നുകള്‍ എന്നീ രണ്ട് വന്‍ ശക്തികളിലെ ഒരു മഹാശക്തിയാണ് മാനവസമുദായം. പ്രസ്തുത രണ്ട് ശക്തികളുടെ തുടക്കം മുതലുളള ചരിത്രം പരിശോധിച്ചാല്‍ അവരുടെ തെറ്റ് കുറ്റങ്ങള്‍ വര്‍ധിക്കുമ്പോഴെല്ലാം പടച്ച തമ്പുരാന്റെ മഹാശിക്ഷകള്‍ അവര്‍ക്ക് ബാധിച്ചതായും മഹാനാശം സംഭവിച്ചതായും കാണാം. അത് ഇതിഹാസമോ കെട്ടുകഥകളോ അല്ല. യഥാര്‍ത്ഥ ചരിത്രമാണ്.
അതില്‍പ്പെട്ട ഒരു മഹാമാരിയുടെ ബാധയിലാണ് ഇന്ന് ഭൂലോകം മുഴുവനും. ലോകാരോഗ്യ സംഘടനയുടെ ഭാഷയില്‍ കോവിഡ് എന്നും നബി വചനങ്ങളില്‍ വബാഅ്, ഥാഊന്‍, റീഹുല്‍ അഹ്മര്‍ തുടങ്ങിയ പേരുകളുമാണ് ഈ മഹാമാരിക്ക് നല്‍കപ്പെട്ടിട്ടുള്ളത്. അങ്ങനെയുള്ള ഒരു മഹാമാരിക്കിടയിലൂടെയാണ് ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ കടന്നു പോകുന്നത്. മാനവരാശിയുടെ തെറ്റുകുറ്റങ്ങള്‍ മാപ്പ് ചെയ്ത് തരാനും ഈ മഹാമാരിയുടെ പിടുത്തത്തില്‍ നിന്ന് മാനവകുലത്തിന് മോചനം നല്‍കാനും പടച്ച തമ്പുരാനോട് മനമുരുകി പ്രാര്‍ത്ഥിക്കാനുമാണ് ഈ വര്‍ഷത്തെ ബലിപെരുന്നാളില്‍ നാം പ്രാധാന്യം നല്‍കേണ്ടത്.

അതുപോലെ തന്നെ മാനവകുലത്തിന്റെ ഗുണത്തിന് വേണ്ടി ഉത്ഭവിക്കപ്പെട്ട ഉത്തമ സമുദായമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിക്കപ്പെട്ട മുസ്‌ലിം സമുദായം എല്ലാ തെറ്റ് കുറ്റങ്ങളെ തൊട്ടും പശ്ചാത്തപിച്ച് മടങ്ങുകയും പടച്ചവനോടും അവന്റെ യഥാര്‍ത്ഥ ദീനിനോടും കൂടുതല്‍ അടുക്കുകയും വേണം.
എന്നാല്‍ ഓരോ നിമിഷവും തെറ്റു കുറ്റങ്ങള്‍ കൂടി വരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രത്യേകിച്ച് വ്യഭിചാരം, മദ്യപാനം, മയക്കുമരുന്നുകളുടെയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും ഉപയോഗം തുടങ്ങിയവ അനുദിനം വര്‍ധിച്ച് വരികയാണ്. ഈ നില തുടര്‍ന്നാല്‍ അത് മാനവരാശിയുടെ ഉന്മൂല നാശത്തിന്റെ കാരണമായേക്കും. പടച്ചവന്‍ രക്ഷിക്കട്ടെ !

ഇസ്‌ലാമിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ബലിപെരുന്നാള്‍. ഉള്ഹിയ്യത്ത്് അറുക്കുക എന്ന ബലികര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നതിനാലാണ് ഈ സുദിനത്തിന് ബലിപെരുന്നാള്‍ എന്നു പറയപ്പെടുന്നത്. ഇസ്ലാമിലെ പ്രധാന കര്‍മ്മങ്ങളില്‍പ്പെട്ട ഹജ്ജ് കര്‍മ്മത്തോടനുബന്ധിച്ചുള്ള പെരുന്നാളായതിനാല്‍ ഇതിനെ ഹജ്ജ് പെരുന്നാള്‍ എന്നും പറയപ്പെടുന്നു. ദുല്‍ഹിജ്ജ മാസം 10,11,12,13 എന്നീ നാല് ദിവസങ്ങളിലായി ആഘോഷിക്കപ്പെടുന്നതിനാല്‍ വലിയപെരുന്നാള്‍ എന്നും പറയപ്പെടുന്നു.

ഏതാണ്ട് നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖിലെ ബാബിലോണിയയില്‍ ജീവിച്ചിരുന്ന ഖലീലുല്ലാഹി ഇബ്രാഹീം നബി(അ)യുടെ മകന്‍ ഇസ്മാഈല്‍ നബി(അ)ന്റെയും സംഭവ ബഹുലായ ജീവചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ സുദിനത്തോടനുബന്ധിച്ചുള്ള മിക്ക കര്‍മ്മങ്ങളും. ലോക സ്രഷ്ടാവും പ്രപഞ്ചനാഥനുമായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചക ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ഹസ്‌റത്ത് ഇബ്രാഹീം നബി(അ). ആ പുണ്യ പ്രവാചകന് പരീക്ഷണങ്ങളുടെ തീച്ചൂളകളാണ് തരണം ചെയ്യേണ്ടി വന്നത്. തൗഹീദിലേക്ക് അഥവാ ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചു എന്ന കാരണത്താല്‍ സ്വന്തം കുടില്‍ മുതല്‍ രാജകൊട്ടാരം വരെ അദ്ദേഹം കല്ലെറിയപ്പെട്ടു. അവര്‍ ആരാധിക്കുന്ന കല്ലുകള്‍ക്കും പ്രതിമകള്‍ക്കും മറ്റ് വസ്തുക്കള്‍ക്കും കേള്‍ക്കാനോ കാണാനോ സംസാരിക്കാനോ രക്ഷിക്കാനോ സഹായിക്കാനോ കഴിയില്ല എന്നും യഥാര്‍ത്ഥ സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്നും അദ്ദേഹം ജനങ്ങളെ ബുദ്ധിപൂര്‍വ്വം ഉപദേശിച്ചു. ഉത്തരം മുട്ടിയ ജനത അദ്ദേഹത്തിനെതിരെ അക്രമങ്ങള്‍ അഴിച്ചു വിട്ടു.

ഇറാഖിലെ നിരീശ്വര നിര്‍മ്മിത പ്രസ്ഥാനത്തിന്റെ കൂറ്റന്‍ നേതാവായ നംറൂദിന്റെ അഗ്നികുണ്ഠത്തിലേക്ക് അദ്ദേഹം വലിച്ചെറിയപ്പെട്ടു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ആളിക്കത്തുന്ന അഗ്നികുണ്ഠം ആ വന്ദ്യ പ്രവാചകന് ഉല്ലാസപ്രദമായ ഉദ്യാനമായി മാറി. ഒരു രോമത്തിനു പോലും പോറലേല്‍ക്കാതെ അത്ഭുതമായി രക്ഷപ്പെട്ടു. തുടര്‍ന്ന് സ്വദേശമായ ഇറാഖില്‍ നിന്നും ശാമിലേക്ക് പലായനം ചെയ്തു. സന്താനസൗഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഈ വന്ദ്യ പ്രവാചകന്‍ വാര്‍ധക്യകാലത്ത്, 128 വയസ് പ്രായമുള്ള സന്ദര്‍ഭത്തില്‍ സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അല്ലാഹു പ്രാര്‍ത്ഥന സ്വീകരിച്ചു. സന്താനസൗഭാഗ്യമുണ്ടായി. ആ ഓമന മകനാണ് ഇസ്മാഈല്‍ (അ). മകന്‍ പിതാവോടൊപ്പം ഓടിച്ചാടി നടക്കാനുള്ള പ്രായമായപ്പോള്‍ മറ്റൊരു കടുത്ത പരീക്ഷണം നേരിടേണ്ടി വന്നു. ഓമനപുത്രനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയര്‍പ്പിക്കണമെന്ന സന്ദേശമായിരുന്നു അത്.

കല്‍പന നിറവേറ്റാന്‍ അദ്ദേഹം തയ്യാറായി. മകനെ കമഴ്ത്തിക്കിടത്തി കഴുത്തില്‍ കത്തിവെക്കുന്നതോടെ ആ കല്‍പന മാറി. മകനെ അറുക്കേണ്ടതില്ലെന്നും പകരം മലക്ക് ജിബ്രീല്‍ (അ) സ്വര്‍ഗ്ഗത്തില്‍ നിന്നു കൊണ്ടുവന്ന ആടിനെ ബലിയര്‍പ്പിച്ചാല്‍ മതിയെന്നുമുള്ള കല്‍പ്പനയുണ്ടായി. അതോടെ ആ കടുത്ത പരീക്ഷണത്തിലും അദേഹം വിജയശ്രീലാളിതനായി. ഈ സംഭവം നടന്നത് ഒരു ബലിപെരുന്നാള്‍ സുദിനത്തില്‍ അഥവാ ദുല്‍ഹിജ്ജ 10നാണ്.

ഇതിന്റെ ശരിയായ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയാണ് ദുല്‍ഹിജ്ജ ഒന്ന്് മുതല്‍ 10 ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളില്‍ വല്ലതിനെയും കാണുകയോ അവയില്‍ വല്ലതിന്റെയും ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് ഒരു പ്രാവശ്യം ചൊല്ലല്‍ സുന്നത്താക്കപ്പെട്ടത്. അത് പോലെ തന്നെ ദുല്‍ഹിജ്ജ ഒമ്പതാം തീയതി സുബഹ് മുതല്‍ ദുല്‍ഹിജ്ജയുടെ 13ാം തീയതി അസര്‍ ഉള്‍പ്പെടെയുള്ള ഫര്‍ളും സുന്നത്തുമായ എല്ലാ നിസ്‌കാരങ്ങളുടെയും ശേഷം തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. മയ്യത്ത് നിസ്‌കാരവും ഇതില്‍ നിന്ന് ഒഴിവല്ല. എന്നാല്‍ അധികമാളുകളും ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷം മാത്രമേ ഈ തക്ബീര്‍ ചൊല്ലുന്നത് കാണാറുള്ളു. അത് തന്നെ പലപ്പോഴും പള്ളികളില്‍ വെച്ചുള്ള ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് ശേഷം മാത്രമായി ചുരുങ്ങിപ്പോകുന്നു.

ദുല്‍ഹിജ്ജ മാസം ഒമ്പതിനാണ് അറഫാ ദിനം. ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കുന്ന ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ അറഫാ മരുഭൂമിയില്‍ ഒരുമിച്ച് കൂടുന്ന മഹത്തായ ദിനമാണ് അറഫാ ദിനം. ദേശ-ഭാഷാ-വര്‍ണ വ്യത്യാസമന്യേ വിശ്വാസികള്‍ ഒരുമിക്കുന്ന അറഫാ സംഗമം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തിന് നല്‍കുന്നു.
അറഫാ ദിനത്തില്‍ നോമ്പ് അനുഷ്ഠിക്കല്‍ ശക്തിയായ സുന്നത്താണ്. സൂക്ഷ്മതക്ക് വേണ്ടി ദുല്‍ഹജ്ജ് എട്ടിനും നോമ്പ് സുന്നത്തുണ്ട്. ദുല്‍ഹജ്ജ് ഒമ്പതിലെ നോമ്പിന് പ്രത്യേക പ്രാധാന്യമുണ്ട്. അന്ന് നോമ്പ് അനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ദോഷങ്ങള്‍ പൊറുക്കപ്പെടുമെന്ന് സ്വഹീയായ ഹദീസില്‍ വന്നിട്ടുണ്ട്.

പെരുന്നാള്‍ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബലി കര്‍മ്മത്തിന്റെ സമയം പെരുന്നാള്‍ ദിവസം സൂര്യന്‍ ഉദിച്ചശേഷം ചുരുങ്ങിയ വിധത്തിലുള്ള രണ്ട് റക്അത്ത് നിസ്‌കാരവും രണ്ട് ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞത് മുതല്‍ ദുല്‍ഹജ്ജ് 13ന് സൂര്യന്‍ അസ്തമിക്കുന്നത് വരെ നീണ്ടു നില്‍ക്കുന്നതാണ്. എന്നാല്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞയുടനെ നിര്‍വഹിക്കലാണ് ഏറ്റവും ശ്രേഷ്ഠം. പെരുന്നാള്‍ സുദിനത്തില്‍ ആദ്യം കഴിക്കുന്ന ഭക്ഷണം ഉള്ഹിയ്യത്തിന്റെ കരളായിരിക്കല്‍ പ്രബലമായ സുന്നത്താണ്.
ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളില്‍ ഏതെങ്കിലും മാത്രമേ ഉള്ഹിയ്യത്തായി മതിയാകുകയുള്ളൂ. മാട് എന്നതില്‍ കാള, പശു, പോത്ത്, എരുമ എന്നിവയുള്‍പ്പെടും. ഒട്ടകത്തിന് അഞ്ച് വയസും, മാടിനും കോലാടിനും രണ്ട് വയസും പൂര്‍ത്തിയാകേണ്ടതാണ്. നെയ്യാടിന് ഒരു വയസ് പൂര്‍ത്തിയായാല്‍ മതി. നമ്മുടെ നാടുകളില്‍ കാണുന്ന ആടുകള്‍ കോലാടില്‍പ്പെട്ടതാണ്. ഒരാട് ഒരാള്‍ക്ക് മാത്രമെ മതിയാവുകയുള്ളു. എന്നാല്‍ മാട്, ഒട്ടകം എന്നിവയില്‍ ഒരു മൃഗത്തിന് ഏഴ് പേര്‍ക്ക് വരെ ഷെയര്‍ ചേര്‍ന്ന് അറുക്കാവുന്നതാണ്. ബലിയറക്കുന്നവര്‍ അറവ് സ്ഥലത്ത് ഹാജരാകേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷം കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം.

പെരുന്നാള്‍ ദിനത്തിലെ മറ്റൊരു പ്രധാന കര്‍മ്മമാണ് പെരുന്നാള്‍ നിസ്‌കാരം. അത് ജുമുഅ മസ്ജിദുകളില്‍ വെച്ചായിരിക്കലാണ് ഉത്തമം. എവിടെ വെച്ചും നിസ്‌കരിക്കാം. ഒരു പള്ളിയില്‍ വെച്ച് തന്നെ പല പ്രാവശ്യം നിസ്‌കരിക്കാം. ഇവിടെയും ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാറുകളുടെയും തീരുമാനങ്ങളും അത് അംഗീകരിച്ചു കൊണ്ടുള്ള നമ്മുടെ നേതാക്കളുടെ നിര്‍ദേശങ്ങളും സ്വീകരിച്ചുകൊണ്ട് മാത്രമേ ഇന്നത്തെ സാഹചര്യത്തില്‍ നാം ചെയ്യാവൂ. പള്ളികളില്‍ പോകാന്‍ അനുമതിയില്ലാത്തവര്‍ക്ക് അവരുടെ വീടുകളില്‍ വെച്ച് നിര്‍വഹിക്കുന്നതിന് യാതൊരു വിലക്കും ഇല്ല. എവിടെ വെച്ച് നിര്‍വഹിച്ചാലും പുരുഷന്മാരുടെ ജമാഅത്ത് നിസ്‌കാരത്തിന് രണ്ട് ഖുത്തുബ സുന്നത്താണ്. ശര്‍ത്വല്ല. സത്രീകള്‍ മാത്രമുള്ള ജമാഅത്തിന് ഖുത്തുബ സുന്നത്തില്ല. സൂര്യോദയത്തിന്റെയും ഉച്ചയുടെയും ഇടവേളയിലാണ് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കേണ്ടത്.

പെരുന്നാള്‍ ദിനം പ്രത്യേകം കുളിക്കലും നല്ല വസ്ത്രങ്ങള്‍ അണിയലും സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കലും സുന്നത്തുണ്ട്. പള്ളിയിലേക്ക് പോയതല്ലാത്ത മറ്റൊരു വഴിയില്‍ കൂടി വീട്ടിലേക്ക് തിരിച്ച് വരലും സുന്നത്താണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അത്തരം കര്‍മ്മങ്ങള്‍ക്ക് പുറത്തിറങ്ങരുത്. ഒഴിഞ്ഞിരുന്ന് ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ അവര്‍ക്ക് സന്തോഷം സാധ്യമാകും. എല്ലാ നിബന്ധനകളും പാലിച്ച് കൊണ്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രയാസമകറ്റാന്‍ സാധ്യമാകുന്നത് ചെയ്യണം.
പെരുന്നാള്‍ രാത്രി സൂര്യാസ്തമനം മുതല്‍ ഇമാം, തക്ബീറത്തുല്‍ ഇഹ്റാമില്‍ പ്രവേശിക്കുന്നത് വരെ പുരുഷന്മാര്‍ ഉച്ചത്തിലും സ്ത്രീകള്‍ പതുക്കെയും തക്ബീര്‍ ചൊല്ലല്‍ ശക്തിയായ സുന്നത്താണ്. ഒറ്റയ്ക്ക് നിസ്‌കരിക്കുന്നവര്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നതോടു കൂടി അവരുടെ തക്ബീറിന്റെ സമയം കഴിയുന്നതാണ്.

വലിയ പെരുന്നാളിന്റെ സുന്നത്ത് നിസ്‌കാരം രണ്ട് റഖ്അത്ത് അല്ലാഹു തആലാക്ക് ഇമാമോടു കൂടി ഞാന്‍ നിസ്‌കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് നിസ്‌കാരത്തില്‍ പ്രവേശിച്ചാല്‍ വജ്ജഹതു ഓതിയ ശേഷം അഊദു ഓതുന്നതിന് മുമ്പ് ഏഴും രണ്ടാം റഖ്അത്തില്‍ നിര്‍ത്തത്തിന് ശേഷം അഞ്ചും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. ഈ തക്ബീറുകള്‍ ഇമാമും മഅ്മൂമുകളുമെല്ലാം ഉച്ചത്തില്‍ തന്നെയാണ് ചൊല്ലേണ്ടത്. ഈ തക്ബീറുകളുടെ ഇടയില്‍ സുബ്ഹാനല്ലാഹി വല്‍ ഹംദുല്ലിലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്ന് എല്ലാവരും പതുക്കെ ചൊല്ലേണ്ടതാണ്. ഈ തസ്ബീഹും തക്ബീറുമെല്ലാം സുന്നത്താണ്. മനപൂര്‍വ്വം ഉപേക്ഷിച്ചാലും നിസ്‌കാരത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല. ഇമാം മറന്നോ മനപൂര്‍വ്വമോ ഉപേക്ഷിച്ചാലും നിസ്‌കാരത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല. മഅ്മൂം ഇമാമോടൊപ്പം ലഭിച്ചത് മാത്രം ചൊല്ലിയാല്‍ മതി.

SHARE