ശിഹാബ് തങ്ങള്‍ എന്ന അപൂര്‍വ്വ ജീനിയസ്

പ്രൊഫ. കെ.എം ഖാദര്‍മൊയ്തീന്‍

നമ്മുടെ മഹാനായ നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പത്താമത് വിയോഗവാര്‍ഷികം ഇന്ന് ആചരിക്കുകയാണ്. നമ്മില്‍ നിന്ന് എന്നന്നേക്കുമായി വേര്‍പിരിഞ്ഞ ആ ആത്മാവിന് അല്ലാഹു അവന്റെ ഏറ്റവും ഉന്നതമായ അനുഗ്രഹാശിസ്സുകള്‍ ചൊരിയുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ശരിക്കും അപൂര്‍വമായൊരു ജീനിയസായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. ആത്മീയമായ പരിപൂര്‍ണതയോടൊപ്പം തന്നെ അസാധാരണമായ സാമൂഹിക രാഷ്ട്രീയജ്ഞാനവും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു തങ്ങളുടേത്. ജനാധിപത്യം, മതേതരത്വം, മതസൗഹാര്‍ദം എന്നീ മൂല്യങ്ങള്‍ക്ക് ഒന്നാംതരം മാതൃകയായിരുന്നു അദ്ദേഹം. 1992ലെ ബാബരി മസ്ജിദ് ധ്വംസനത്തിന്റെ കാലത്താണ് ഇതരജനവിഭാഗങ്ങള്‍ തങ്ങളിലെ മികച്ച നേതാവിലെ വൈശിഷ്്ട്യത്തെ കുറച്ചുകൂടി അടുത്തറിഞ്ഞത്. ആ സന്ദര്‍ഭത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും മുസ്്‌ലിംസമുദായത്തിനും ഇതരസമുദായങ്ങള്‍ക്കും വലിയ പ്രതീക്ഷകള്‍ സമ്മാനിച്ചു. വലിയൊരു വിസ്‌ഫോടനാത്മകാത്്മക അന്തരീക്ഷത്തില്‍ ജനങ്ങളൊന്നടങ്കം സമാധാനത്തിന്റെയും മതമൈത്രിയുടെയും സഹവര്‍ത്തിത്വത്തിന്റെയും മികച്ചമാതൃകയായി അദ്ദേഹത്തെ വാഴ്ത്തി. ശിഹാബ്തങ്ങളുടെ മാനുഷികതയിലധിഷ്ഠിതവും സുചിന്തിതവുമായ തീരുമാനങ്ങളും ആഹ്വാനങ്ങളും കാരണം ഇതരസമുദായങ്ങളുടെയും വലിയ തോതിലുള്ള പ്രശംസ അദ്ദേഹത്തിനുമേല്‍ ചൊരിയപ്പെടുകയുണ്ടായി.

അരുതാത്തതൊന്നും അദ്ദേഹത്തിന്റെ നാവില്‍നിന്ന് പുറത്തുവന്നില്ല. മറിച്ച് എല്ലായ്‌പോഴും സമാധാനത്തിന്റെയും ശാന്തിയുടെയും സൗഹാര്‍ദത്തിന്റെയും മൈത്രിയുടെയും പ്രതീക്ഷയുടെയും ആത്മാഭിമാനത്തിന്റെയും വാക്കുകളാണ് തങ്ങളില്‍നിന്നുയര്‍ന്നുകേട്ടത്. ശരിക്കും വലിയൊരു മനുഷ്യസ്‌നേഹിയായിരുന്ന തങ്ങളില്‍ മുസ്്‌ലിംകള്‍ മഹാനായ ഒരു ആത്മീയ നേതാവിനെയാണ് ദര്‍ശിച്ചത്. പലവിധമായ ഉപദേശ നിര്‍ദേശങ്ങള്‍ക്കും പ്രശ്‌നങ്ങളുടെയും തര്‍ക്കങ്ങളുടെയും പരിഹാരത്തിനും സമാശ്വാസത്തിനും മനസ്സുകള്‍ ശുദ്ധീകരിക്കുന്നതിനും ആളുകള്‍ അദ്ദേഹത്തെ രാപ്പകലില്ലാതെ തേടിയെത്തി.

അദ്ദേഹംകാരണം പാണക്കാട് വലിയൊരു തീര്‍ത്ഥാടനകേന്ദ്രമായി മാറുകയായിരുന്നു. കേരളത്തില്‍നിന്ന ്മാത്രമല്ല, രാജ്യത്തിന്റെയും ലോകത്തിന്റെയും പലഭാഗങ്ങളില്‍നിന്ന് പലപ്രവര്‍ത്തനതുറകളില്‍പെട്ട വ്യക്തികള്‍ അദ്ദേഹത്തെ തേടിയെത്തി. ആയിരക്കണക്കിന് വിവാഹകര്‍മങ്ങള്‍ക്ക് അദ്ദേഹം കാര്‍മികത്വം വഹിച്ചു. പുതിയ സംരംഭങ്ങളുടെ ഉദ്ഘാടത്തിനും സാമൂഹികവും മതപരവുമായ ചടങ്ങുകള്‍ക്കും അദ്ദേഹം ഒഴിച്ചുകുടാനാകാത്ത വ്യക്തിത്വമായിരുന്നു. നൂറുകണക്കിന് രാഷ്ട്രീയമഹാസമ്മേളനങ്ങളില്‍ തങ്ങള്‍ അനിവാര്യമായ ശ്രദ്ധാകേന്ദ്രമായി. ഏതോ തേജോഗോളത്തെയെന്ന പോലെയാണ് ജനസഹസ്രങ്ങള്‍ തങ്ങളെ അനുഗമിച്ചത്. മനുഷ്യമനസ്സുകളിലെ ഉറങ്ങിക്കിടക്കുന്ന നന്മകളെ അദ്ദേഹം തട്ടിയുണര്‍ത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഓരോവാക്കും വിജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും ബഹിര്‍സ്ഫുരണങ്ങളായിരുന്നു. ലളിതവും കുറഞ്ഞതുമായ വാചകങ്ങളിലൂടെ വിശദമായതും നാനാവിധമായ അര്‍ഥങ്ങളും മാനങ്ങളും നിറഞ്ഞതുമായ ആശയങ്ങള്‍ അദ്ദേഹത്തിലൂടെ ജനം കേട്ടും അനുഭവിച്ചുമറിഞ്ഞു. ഒരിക്കല്‍പോലും ആര്‍ക്കെതിരെയും അദ്ദേഹം കുറ്റംപറഞ്ഞതായി കേട്ടിട്ടില്ല.

ഞാനുമായുള്ള കൂടിച്ചേരലുകളിലെല്ലാം എനിക്കുവേണ്ടി തങ്ങള്‍ പ്രാര്‍ഥിച്ചിരുന്നത് ഞാനിന്നും തെളിമയോടെ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് മുസ്്‌ലിംലീഗിന്റെ ദേശീയജനറല്‍ സെക്രട്ടറിപദവി എന്നില്‍ ഭാരമേല്‍പ്പിക്കപ്പെട്ടത്, ബഹുമാന്യനായ അധ്യക്ഷന്‍ ഇ.അഹമ്മദ് സാഹിബിന്റെ കീഴില്‍. ദേശീയതലത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴെല്ലാം അഹമ്മദ്‌സാഹിബ് തങ്ങളില്‍ നിന്ന് ഉപദേശംതേടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വളരെയധികം ആലോചനാമൃതവും പ്രായോഗികത നിറഞ്ഞതുമായ പരിഹാരനിര്‍ദേശങ്ങളാണ് തങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. എല്ലാം പറഞ്ഞുകഴിഞ്ഞശേഷം തങ്ങള്‍ ഇതുകൂടി കൂട്ടിച്ചേര്‍ക്കും ‘ഇതെന്റെ അഭിപ്രായമാണ്. ബാക്കിയെല്ലാം ദേശീയകമ്മിറ്റി കൂടി ചര്‍ച്ചചെയ്ത് നിങ്ങള്‍ക്ക് തീരുമാനിക്കാം.’ അതായിരുന്നു മഹാനായ മുഹമ്മദലിശിഹാബ്തങ്ങള്‍.

കേരളത്തില്‍നിന്നാണ് മുസ്്‌ലിംലീഗിന്റെ പേരുംപ്രശസ്തിയും ഇന്നുകാണുന്നത്രയും പടര്‍ന്നുപന്തലിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. പാര്‍ട്ടിയുടെ ഉയര്‍ച്ചയില്‍ കേരളത്തിലെ നേതാക്കള്‍ നിര്‍ണായകമായ സംഭാവന നല്‍കിയവരാണ്. ശിഹാബ് തങ്ങളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും ആ സ്റ്റേറ്റ്‌സ്മാന്‍ഷിപ്പും മുസ്്‌ലിംലീഗിനെ ദേശീയതലത്തില്‍ വളര്‍ത്തുന്നതിന് വളരെയധികം സഹായകരമായിട്ടുണ്ട്. ദേശീയതലത്തിലുണ്ടാകുന്ന വിവിധരാഷ്ട്രീയപ്രതിസന്ധികളില്‍ ശിഹാബ് തങ്ങളുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിക്ക് വലിയ ഇന്ധനമായിരുന്നു. തങ്ങളുടെ തുറന്നസമീപനവും സുചിന്തിതമായ നീക്കങ്ങളും കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയില്‍ മുസ്്‌ലിംലീഗിന് ആദ്യമായി കേന്ദ്രമന്ത്രിപദം ലഭിക്കാനിടയായത്. ബഹുമാന്യനായ തങ്ങളുടെയും അഹമ്മദ് സാഹിബിന്റെയും കാലഘട്ടത്തിലാണ് രാജ്യത്ത്, പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ ഇന്ത്യന്‍യൂണിയന്‍ മുസ്്‌ലിംലീഗിന് വലിയപ്രചാരം ലഭിക്കുന്നത്. അദ്ദേഹം രാജ്യത്തിനകത്തും വിദേശത്തും ധാരാളമായി സഞ്ചരിക്കുകയും വിദേശരാഷ്ട്രങ്ങളിലെ നേതാക്കളിലും ജനങ്ങളിലും ഇന്ത്യയുടെയും മുസ്്‌ലിംലീഗിന്റെയും ആശയങ്ങളും നയങ്ങളും വലിയതോതില്‍ എത്തിക്കുകയുംചെയ്തു. അക്കാലത്ത് ചെന്നൈയിലെ പാര്‍ട്ടിആസ്ഥാനത്തുവരെ വിദേശരാജ്യങ്ങളില്‍നിന്ന് ക്ഷണം എത്തിയത് ഞാന്‍ ഇന്നും അത്ഭുതത്തോടെയും ഞെട്ടലോടെയും സ്മരിക്കുന്നു. ബഹുമാന്യനായ തങ്ങളുടെ നേതൃത്വത്തിലാണ് ഇതെല്ലാം സാധ്യമായിരുന്നത്.

നമ്മുടെയെല്ലാം വഴികാട്ടിയും രാഷ്ട്രീയ ജീനിയസ്സുമായിരുന്ന തങ്ങളുടെ അപ്രതീക്ഷിത വിയോഗം മുസ്്‌ലിംകളില്‍ മാത്രമല്ല, രാജ്യത്താകമാനമുള്ള ബഹുജനങ്ങളില്‍ കടുത്ത ദു:ഖം ഉളവാക്കി. മത,ജാതി,വര്‍ണ,വര്‍ഗ, കക്ഷിഭേദമെന്യേ കേരളത്തിലെയുള്‍പ്പെടെ സമൂഹത്തിന്റെ വിവിധതുറകളിലുള്ളയാളുകള്‍ അദ്ദേഹത്തിന്റെ ജനാസ ഒരുനോക്കുകാണാന്‍ തടിച്ചുകൂടി. എല്ലാവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കളും മതസൗഹാര്‍ദത്തിന്റെ പ്രചോദകനായ മനുഷ്യസ്‌നേഹിയെ നഷ്ടപ്പെട്ടുവെന്നാണ് അഭിപ്രായപ്പെട്ടത്.

ബഹുമാനപ്പെട്ട മുഹമ്മദലി ശിഹാബ് തങ്ങളുടെ കാല്‍പാടുകളാണ് മുസ്്‌ലിം ലീഗ് പിന്തുടരുന്നത്. തങ്ങള്‍ക്കുപകരം ഹൈദരലി ശിഹാബ് തങ്ങള്‍ ആ പദവിയേറ്റിരിക്കുന്നു. ഇ.അഹമ്മദ് സാഹിബിന്റെ തിരഞ്ഞെടുപ്പാണ് പി.കെ.കുഞ്ഞാലിക്കുട്ടി എന്ന ദേശീയനേതാവ്. മഹാന്മാരായ നേതാക്കളുടെ പ്രതീക്ഷകള്‍ ഉള്‍ക്കൊണ്ടും സത്യസന്ധവും അര്‍പ്പിത മനസ്സുമായി പാര്‍ട്ടി ശക്തിയില്‍നിന്ന് ശക്തിയിലേക്ക് കുതിക്കുകയാണ്. വിശ്വാസികളേ, മനുഷ്യത്വത്തിനും മാനവസ്‌നേഹത്തിനും അഭിവൃദ്ധിക്കും വേണ്ടി നമുക്ക് ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുകയും സേവിക്കുകയും ചെയ്യാം. തങ്ങളുടെ സുവര്‍ണിമയാര്‍ന്ന വാക്കുകളാകട്ടെ നമ്മുടെ വഴികാട്ടികളായ നക്ഷത്രങ്ങള്‍.
(മുസ്്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനാണ് ലേഖകന്‍)

SHARE