ചാലിയാര്‍ കരകവിഞ്ഞു; നിലമ്പൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

കോഴിക്കോട്: മലബാര്‍ മേഖലയിലെ കനത്ത മഴയില്‍ ചാലിയാര്‍ നദിയും അതിന്റെ നിരവധി പോഷകനദികളും കരകവിഞ്ഞതിനെ തുടര്‍ന്ന് നിലമ്പൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. 
ആദിവാസി മേഖയിലടക്കം പ്രദേശത്തെ നൂറോളം കുടുംബങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം 410 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മുണ്ടക്കയം, നെടുങ്കയം എന്നിവിടങ്ങളിലെ കോളനികളില്‍ നിന്നുള്ള 153 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കരുമലങ്കോഡ് ഗ്രാമത്തിലെ എറാമണ്ട് നിര്‍മ്മല എച്ച്എസ്എസ്, പുള്‍പദം ജിഎല്‍പിഎസ്, ഭദ്രണം ജിഎല്‍പിഎസ് എന്നിവിടങ്ങളിലാണ് പുതുതായി ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. 24 മണിക്കൂര്‍ അടിയന്തര സഹായത്തിനുള്ള ഒരു കണ്‍ട്രോള്‍ റൂം പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു ഫോണ്‍: 04931221471.

അതേസമയം, പ്രദേശത്ത് ഇന്ന് മഴ അല്‍പ്പം ശക്തി കുറഞ്ഞെങ്കിലും വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ കഴിഞ്ഞ വര്‍ഷത്തിലെന്ന പൊലെ മലബാര്‍ മേഖലയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ശക്തമായ കാറ്റും ഒപ്പം മഴയും ഉണ്ടാകുമെന്ന മുന്നയിപ്പുണ്ട്. വയനാട് ഭാഗത്ത് രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇതിന്റെ ഭാഗമായി ഇരുവഴഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പുതുപ്പാടി, കോടഞ്ചേരി പുഴകളിലും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടായിട്ടുണ്ട്. മലമ്പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നത് ചാലിയാറില്‍ ജലനിരപ്പ് ഉയരാനും കാരണമായി.

കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. മഴ ഇനിയും കനത്താല്‍ മലയോര മേഖലകള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. മുക്കം ചേന്ദമംഗല്ലൂര്‍ റോഡില്‍ ഗതാഗത തടസ്സം ഉണ്ട്. ഇവിടെ കടകളിലും വെള്ളം കയറി. നേരത്തെ സൂചന കിട്ടിയതിനാല്‍ കടകളിലെ സാധനങ്ങള്‍ മാറ്റാനും മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കിയതിനാല്‍ വന്‍ നാശ നഷ്ടം ഒഴിവായി. കൊടിയത്തൂര്‍ കോട്ടമ്മല്‍ കാരാട്ട് റോഡ്, ചെറുവാടി എന്നിവിടങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി തടസ്സം ഉണ്ട്.

താമരശ്ശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളില്‍ മലവെള്ളപ്പാച്ചില്‍ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങള്‍ മുങ്ങി. മുക്കം, തിരുവമ്പാടി, കാരശ്ശേരി, ഭാഗത്തുള്ള നദീ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയത്തെ അപേക്ഷിച്ചു മഴ കുറവുണ്ടെങ്കിലും ജനങ്ങള്‍ ആശങ്കയിലും ജാഗ്രതയിലുമാണ്.

കരുളായി, ചുങ്കത്തറ, മൂത്തേടം, പഞ്ചായത്തുകളില്‍ കരിമ്പുഴ തീരത്ത് താമസിക്കുന്നവരും നിലമ്പൂര്‍ മുനിസിപ്പാലിറ്റി, പോത്തുക്കല്ല്, ചുങ്കത്തറ, ചാലിയാര്‍ ,മാമ്പാട്, പഞ്ചായത്തുകളില്‍ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരും അടിയന്തരമായി ബന്ധുവീടുകളിലോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. കനത്ത മഴ തുടരുന്നതും അതിതീവ്ര മഴ ലഭിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കും.

അതേസമയം, വയനാട്ടിലും മലപ്പുറത്തുമായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. വനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാ് തോണേക്കര കോളനിയിലെ ബാബുവിന്റെ മകള്‍ ജ്യോതിക (6) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ കടപുഴകിയ മരം ബാബുവിന്റെയും മകളുടെയും ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുറിച്വര്‍മല വേങ്ങത്തോട് ഉണ്ണിമായ (5) തോട്ടില്‍ വീണാണ് മരിച്ചത്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.

SHARE