ബെന്നി ബഹനാന്റെ ആരോഗ്യനില തൃപ്തികരം, ഒരാഴ്ച്ച വിശ്രമം

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാന്‍ അപകട നില തരണം ചെയ്തു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൃത്യസമയത്ത് തന്നെ അദ്ദേഹത്തെ ആസ്പത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും ഉടന്‍ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാക്ക് കഴിഞ്ഞതും ഫലപ്രദമായെന്ന് കാക്കനാട് സണ്‍റൈസ് ആസ്പത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രതാപ് കുമാര്‍ പറഞ്ഞു. ആസ്പത്രിയിലെത്തിച്ച് 90 മിനിറ്റുള്ളില്‍ തന്നെ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിച്ചു. കൃത്യ സമയത്ത് ആസ്പത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് സണ്‍റൈസ് ആസ്പത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ മുന്നു മണിയോടെയാണ് ബെന്നി ബഹനാന് നെഞ്ചു വേദന അനുഭവപ്പെട്ടത്. പ്രചരണ പരിപാടികള്‍ കഴിഞ്ഞ് 12 മണിയോടെയാണ് വീട്ടിലെത്തിയത്.മൂന്നു മണിയോടെ കൈ വേദനയാണ് ആദ്യം ആരംഭിച്ചത്. തുടര്‍ന്ന് ഇത് നെഞ്ചിലേക്ക് വ്യാപിക്കുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചു. ഭാര്യ ഷേര്‍ളിയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഹൃദ്രോഗ വിദഗ്ദരായ ഡോ.ബാലകൃഷ്ണന്‍, ഡോ,ബ്ലെസന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ആന്‍ജിയോ പ്ലാസ്റ്റിയിലൂടെ ഹൃദയ ധമനികളിലെ രക്തയോട്ടം പൂര്‍വ സ്ഥിതിയിലാക്കി. ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 48 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമാണ് ഡോക്ടര്‍മാര്‍ ബെന്നി ബഹനാന് നിര്‍ദേശിച്ചിരിക്കുന്നത്. ഒരാഴ്ചയെങ്കിലും വിശ്രമിച്ച ശേഷമേ പ്രചാരണത്തിനിറങ്ങാന്‍ കഴിയൂ എന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്നും മെഡിക്കല്‍ സംഘം പറഞ്ഞു.

ബെന്നി ബെഹന്നാന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ നാലു എംഎല്‍എമാര്‍

കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എംഎല്‍എമാരായ വി.പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവരെ ചുമതലപ്പെടുത്തി. തുറന്ന വാഹനത്തിലുള്ള മണ്ഡല പര്യടന പരിപാടിയില്‍ സ്ഥാനാര്‍ഥിക്ക് പകരം എംഎല്‍എമാര്‍ പങ്കെടുക്കും. കൊടുങ്ങല്ലൂരില്‍ വി.ഡി സതീശനും കൈപ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളില്‍ ഇതേ എംഎല്‍എമാരും സംസ്ഥാന നേതാക്കളും പര്യടനം നടത്തും. സ്ഥാനാര്‍ഥി പര്യടന പരിപാടി എന്നത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കി മാറ്റാനും അങ്കമാലിയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥി പ്രചാരണ രംഗത്തേക്ക് തിരിച്ചു വരുന്നത് വരെ ഈ സംവിധാനം തുടരും. ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന റോഡ്‌ഷോയും വിവിധ കേന്ദ്രങ്ങളില്‍ നടക്കും.