‘ജുറാസിക് കാലത്തെ പഴം, പന്നിയിറച്ചിയുടെ രുചി’ – ചക്ക കണ്ട് കണ്ണു തള്ളി സായിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. ദക്ഷിണേന്ത്യയുടെ സ്വന്തം ഫലമാണിതെന്നാണ് വിക്കിപീഡിയ പറയുന്നതെങ്കിലും Jack fruit എന്ന പേരില്‍ ഇന്ത്യക്കു പുറത്തും പ്രസിദ്ധനാണ് കക്ഷി. പക്ഷേ, വലിപ്പം കുറഞ്ഞ പഴങ്ങള്‍ മാത്രം കണ്ടു ശീലിച്ച സായിപ്പ് ചക്ക കണ്ടപ്പോള്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ദി ഇന്റിപെന്റന്റ് ആണ് നമ്മുടെ സ്വന്തം ചക്കയെപ്പറ്റി അതിശയോക്തി നിറഞ്ഞ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ‘ജുറാസിക് കാലഘട്ടത്തിലെ’ പഴങ്ങളോടാണ് ഇന്റിപെന്റന്റ് ചക്കയെ ഉപമിക്കുന്നത്. പന്നിയിറച്ചിയുടെ രുചിയാണ് ചക്കയ്‌ക്കെന്നും ഇന്റിപെന്റന്റ് ‘കണ്ടെത്തി’യിട്ടുണ്ട്.

രണ്ടു വര്‍ഷം മുമ്പ് അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റ് ആയ ബിസിനസ് ഇന്‍സൈഡറിനു വേണ്ടി ജെസ്സിക്ക ഒര്‍വിഗ് തയാറാക്കിയ ചക്ക ലേഖനമാണ് ഇന്റിപെന്റന്റ് കൂടുതല്‍ അതിശയോക്തിപരമായ തലക്കെട്ടില്‍ ഇപ്പോള്‍ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘പന്നിയിറച്ചിയുടെ രുചിയുള്ള ഈ വിചിത്ര പഴത്തിന് ലോകത്തിലെ കോടിക്കണക്കിനാളുകളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാനാവും’ എന്നാണ് ഇന്റിപെന്റന്റ് ലേഖനത്തിന്റെ തലവാചകം. ചക്കയെപ്പറ്റിയുള്ള അടിസ്ഥാന കാര്യങ്ങളൊക്കെയും വള്ളിപുള്ളി വിടാതെ എഴുതി വെച്ചിട്ടുമുണ്ട്.

കട്ടിയുള്ള പുറന്തോടുള്ള ചക്ക കഷ്ണങ്ങളാക്കിയാണ് കഴിക്കാറുള്ളത്, പ്ലാവിന്റെ ഇല ആടുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും കൊടുക്കാം, തൊലിക്ക് ഓറഞ്ച് നിറമാണുള്ളത്, ബംഗ്ലാദേശിന്റെ ദേശീയ പഴമാണ്, പ്ലാവിന്റെ തടിയില്‍ നിന്ന് പശ ലഭിക്കുന്നു, ഫര്‍ണിച്ചര്‍ ഉണ്ടാക്കാന്‍ ഈ തടി ഉപയോഗിക്കുന്നു, ഒരു ചക്കയില്‍ മഞ്ഞനിറത്തിലുള്ള നൂറു കണക്കിന് ചുളയുണ്ടാകും തുടങ്ങിയവയാണ് ചക്കയെ കുറിച്ചുള്ള ലേഖനത്തിലെ വിശേഷങ്ങള്‍. കലോറിയും വിറ്റാമിനും യഥേഷ്ടം അടങ്ങിയിട്ടുണ്ടെന്നും പന്ത്രണ്ടോ ചുള തിന്നാല്‍ അരദിവസത്തേക്ക് പിന്നെ ഒന്നും കഴിക്കേണ്ടി വരില്ലെന്നും ലേഖനം പറയുന്നു.

വിയറ്റ്‌നാം, ബംഗ്ലാദേശ്, മലേഷ്യ തുടങ്ങി ദക്ഷിണേഷ്യയിലെ രാജ്യങ്ങളെല്ലാം ചക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് അതിനു മടിയാണെന്നാണ് മറ്റൊരു വിശേഷം. ഇന്ത്യയില്‍ വളരുന്ന 75 ശതമാനം ചക്കകളും വെറുതെ നാശമായി പോകുന്നു എന്ന് ലേഖിക പരിതപിക്കുന്നു.

നമ്മുടെ ചക്കയെ സായിപ്പ് നോക്കിക്കാണുന്നതെങ്ങനെയെന്നറിയാന്‍ ഇന്റിപെന്റന്റിലെ ഈ ലേഖനം വായിക്കാം.