ഇന്ന് സി.എച്ച് സെന്റര്‍ ദിനം; ലോകത്തിന് സമാശ്വാസ മാതൃക

പി.എം മൊയ്തീന്‍ കോയ

കോഴിക്കോട്: സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം അനുസരിച്ച് ഇന്ന് സി.എച്ച് സെന്റര്‍ ദിനമായി ആചരിക്കുന്നു. സംസ്ഥാനത്ത് ആതുരാലയം കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ സ്ഥാപിതമായത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. 2001 സെപ്തംബര്‍ 6ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വാടക റൂമില്‍ തുടക്കം കുറിച്ച ഈ സന്നദ്ധസംഘടന ആയിരക്കണക്കിന് രോഗികള്‍ക്കാണ് കഴിഞ്ഞ 17 വര്‍ഷക്കാലം കൊണ്ട് ആശ്രയമായത്. നിര്‍ധന രോഗികളെ സഹായിക്കുന്നതില്‍ അതുല്യമാതൃകയാണ് സി.എച്ച് സെന്റര്‍ സൃഷ്ടിച്ചിട്ടുള്ളത്.

പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമരുന്ന്, ഭക്ഷണം, ചികിത്സാ സഹായങ്ങള്‍, വളണ്ടിയര്‍ സേവനം, ആംബുലന്‍സ് സര്‍വീസ്, രക്തദാനം, മയ്യിത്ത് പരിപാലനം, സൗജന്യമായി ഡയാലിസിസ്,അള്‍ട്രാ സൗണ്ട് സ്‌കാന്‍, ലാബ് ടെസ്റ്റുകള്‍, മെഡിക്കല്‍ കോളജ് ആസ്പത്രി വാര്‍ഡ് നവീകരണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ചെയ്തുവരുന്നത്. 2010ല്‍ ആരംഭിച്ച ഡയാലിസിസ് സെന്ററില്‍ ദിനംപ്രതി മൂന്ന് ഷിഫ്റ്റുകളിലായി 48 രോഗികള്‍ക്ക് സൗജന്യമായി അവരുടെ ജീവിതാന്ത്യം വരെ ഡയാലിസിസ് ചെയ്തു കൊടുക്കുകയെന്നത് ഏഷ്യയിലെ തന്നെ തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ്. ഒന്നേകാല്‍ കോടിയോളം രൂപ ഒരു വര്‍ഷത്തില്‍ ഇതിനായി ചെലവഴിക്കുന്നുണ്ട്.

മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഡോര്‍മെറ്ററി നിര്‍മാണം ആരംഭിച്ചു. അത്യാസന്ന നിലയിലുള്ള രോഗികളെ മറ്റു ഹോസ്പിറ്റലിലേക്കും മറ്റും കൊണ്ടുപോകുന്നതിന് ഐ.സി.യു സൗകര്യത്തോടു കൂടിയുള്ള ആംബുലന്‍സ് ഉടനെ പുറത്തിറങ്ങും.
മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു വേണ്ടി കോഴിക്കോട്-വയനാട് നാഷണല്‍ ഹൈവേയില്‍ താമരശ്ശേരിക്ക് സമീപം മലോറത്ത് ആവശ്യമായ സ്ഥലം വാങ്ങുകയും ബില്‍ഡിങ് നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് സി.എച്ച് സെന്ററിനു വേണ്ടിയുള്ള മുഖ്യപിരിവ് നടക്കുന്നത്. പള്ളികള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരിക്കും. ലഭ്യമായ തുക ജൂണ്‍ 10ന് മുമ്പായി സി.എച്ച്. സെന്ററില്‍ ഏല്‍പ്പിക്കുവാനും എല്ലാ പ്രവര്‍ത്തകരും അകമഴിഞ്ഞ പരിശ്രമിക്കണമെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.