ഫാക്ട് ചെക്ക്, ട്രംപിനെ വെല്ലുവിളിച്ച് ട്വിറ്റര്‍ സിഇഒ; ശിക്ഷക്കല്‍ എന്നോട് മതി, ട്വിറ്ററിനോട് വേണ്ട

Chicku Irshad

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തെറ്റായ വിഷയങ്ങളോ വാര്‍ത്തകളോ നല്‍കിയാല്‍ അവ ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്ന് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാക്ക് ഡോര്‍സി. ട്വിറ്ററിന്റെ വസ്തുതാ പരിശോധന സംവിധാനത്തില്‍ ഫേസ്ബുക്ക് സിഇഒ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ജാക്ക് ഡോര്‍സിയുടെ വെല്ലുവിളി. സോഷ്യല്‍ മീഡിയ കമ്പനികള്‍ സത്യത്തിന്റെ മദ്ധ്യസ്ഥനാകരുതെന്നായിരുന്നു വിമര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയാണ്‌ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫെയസ്ബുക് മേധാവി സക്കര്‍ബര്‍ഗ് തന്റെ സോഷ്യല്‍ മീഡിയ എതിരാളിയായ ട്വിറ്ററിനെ വിമര്‍ശിച്ചത്.

എന്നാല്‍ വിമര്‍ശനത്തിന് പിന്നാലെ, ട്വിറ്റര്‍ സിഇഒ അത് തന്റെ എതിരാളിക്ക് തുടര്‍ച്ചയായ ട്വീറ്റുകളില്‍ മറുപടി നല്‍കുകയായിരുന്നു. സക്കര്‍ബര്‍ഗിനെതിരെ ആഞ്ഞടിച്ച ജാക്ക് ഡോര്‍സി, ഇത് നമ്മെ ”സത്യത്തിന്റെ മദ്ധ്യസ്ഥന്‍” ആക്കുന്നില്ലെന്ന് തുറന്നടിച്ചു. തര്‍ക്കങ്ങളിലുള്ള പരസ്പരവിരുദ്ധമായ പ്രസ്താവനകളെ ബന്ധപ്പെടുത്തി ആളുകള്‍ക്ക് സ്വയം തീരുമാനിക്കാന്‍ വിവരങ്ങള്‍ എത്തിക്കുക എന്നതാണ് തന്റെ കമ്പനികളുടെ ഉദ്ദേശ്യമെന്നും ട്വിറ്റര്‍ സിഇഒ വ്യക്തമാക്കി.

അതേസമയം, ട്വിറ്ററിന് വിലക്ക് വരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കും ജാക്ക് ഡോര്‍സി മറുപടി നല്‍കി. ഡൊണാള്‍ഡ് ട്രംപുമായുള്ള തര്‍ക്കം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ‘ഞങ്ങളുടെ ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കുക’ എന്ന് യുഎസ് പ്രസിഡന്റിനോട് പ്രതികരിച്ച ജാക്ക് ഡോര്‍സി അഭ്യര്‍ത്ഥിച്ചു. വസ്തുതാ പരിശോധന സംവിധാനത്തില്‍ ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്യന്തികമായി ഉത്തരവാദിത്തമുള്ള ഒരാള്‍ ഉണ്ട്, അത് സിഇഒ എന്ന നിലയില്‍ തനിക്കാണെന്ന് ജാക്ക് ഡോര്‍സി പറഞ്ഞു. ‘ഞങ്ങളുടെ നയങ്ങളിലോ സംവിധാനങ്ങളിലോ ട്വിറ്ററിലെ ആരും ഉത്തരവാദികളല്ല, കമ്പനി തീരുമാനങ്ങള്‍ക്കായി വ്യക്തിഗത ജീവനക്കാരെ ലക്ഷ്യമിടുന്നത് നിര്‍ഭാഗ്യകരമാണെന്നും ജാക്ക് ഡോര്‍സി ട്വിറ്റ് ചെയ്തു. തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളില്‍ ചൂണ്ടിക്കാണിക്കുന്ന ഫാക്ട് ചെക്കിങ് ഞങ്ങള്‍ തുടരുമെന്നും ജാക്ക് ഡോര്‍സി ട്വീറ്റ് ചെയ്തു. ഇതിന്റെ ശിക്ഷയില്‍ നിന്നും ദയവായി ഞങ്ങളുടെ ജീവനക്കാരെ ഒഴിവാക്കണമെന്നും ട്വിറ്റര്‍ മേധാവി പരിഹസിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്കു കഴിഞ്ഞ ദിവസമാണ് ട്വിറ്ററിന്റെ കുരുക്ക് വീണത്. യുഎസ് തെരഞ്ഞെടുപ്പിലെ മെയില്‍ഇന്‍ബാലറ്റുകള്‍ തെരഞ്ഞെടുപ്പു തട്ടിപ്പിനു കാരണമാകുമെന്ന് ആരോപിക്കുന്ന ട്രംപിന്റെ 2 ട്വീറ്റുകളിലാണ് ട്വിറ്റര്‍ ‘അടിസ്ഥാനരഹിതം’ എന്നു ലേബല്‍ ചെയ്ത് ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയത്. നീല ആശ്ചര്യചിഹ്നത്തോടൊപ്പമായിരുന്നു ട്വിറ്ററിന്റെ ഫാക്ട് ചെക്കിങ് മുന്നറിയിപ്പ്.

നടപടിയില്‍ പ്രകോപിതനായ ട്രംപ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ ‘ഇടപെടല്‍’ നടത്തുകയാണെന്ന് ആരോപിച്ചു. ട്വിറ്റര്‍ അഭിപ്രായസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയാണെന്നും പ്രസിഡന്റ് എന്ന നിലയ്ക്ക് താന്‍ അത് അനുവദിക്കില്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇന്നലെ നിലപാട് കൂടുതല്‍ കടുപ്പിച്ച ട്രംപ് സമൂഹമാധ്യമങ്ങളെ ശക്തമായി നിയന്ത്രിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നു ഭീഷണി മുഴക്കി. ട്വീറ്റുകളിലൂടെ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പങ്കുവച്ചതിലൂടെ നിരവധി തവണ വിവാദത്തില്‍ അകപ്പെട്ട നേതവാണ് ട്രംപ്.